നിലീനം

22 Feb 2023

പദ്മദാസിന്റെ 'നിലീനം' എന്ന കവിതയുടെ ആസ്വാദനം എഴുത്ത് മാസിക, ഓഗസ്റ്റ് 2022 കവിതയെ ജീവിതംകൊണ്ട് നിർണയിക്കാനും ജീവിതത്തെ കവിതകൊണ്ട് നിർവചിക്കാനുമുള്ള വിനീതോദ്യമമാണ് തന്റെ കവിതയെന്ന് വിലയിരുത്തുന്ന കവിയാണ് പദ്മദാസ്. ദേവീവിലാസം സ്‌കൂൾ, നഗരയക്ഷി, പന്ത്രണ്ടു സോദരരും ഒരു പെങ്ങളും, ആൽബട്രോസ് തുടങ്ങിയ കവിതാസമാഹാരങ്ങളിൽ ശ്രദ്ധേയമാ യ കവിതകളെഴുതിയ കവിയാണ് പദ്മദാസ്. റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിലെ അഡീഷണൽ രജിസ് ട്രാർ ജോലിക്കിടയിലും ആനുകാലികങ്ങളിൽ കവിതകളും പഠനങ്ങളും എഴുതിവരുന്നു. 'ആൽബട്രോസ്' എന്ന സമഹാരത്തിൽ തന്റെ കവിതകളെ കവി സ്വയം വിലയിരുത്തുന്നത് ശ്രദ്ധിക്കുക: ''കാവ്യാസ്വാദനത്തിൽ നിരൂപകപക്ഷവും ആസ്വാദനപക്ഷവുമുണ്ടല്ലോ. പ്രതിബദ്ധത, നൂതനാവിഷ്‌കാരമാർഗം, കവിതയുടെ രാഷ്ട്രീയം, അതിന്റെ സൗന്ദര്യശാസ്ത്രം തുടങ്ങി ഒട്ടേറെ ഘടകങ്ങളാൽ ഒരു കവിത നിരൂപകനാൽ വിലയിരുത്തപ്പെടുമ്പോൾ മേല്പ്പറഞ്ഞ സവിശേഷതകളാൽ വിശ്ലേഷണം ചെയ്യപ്പെടാതെതന്നെ മറ്റേതോ ഒരു സവിശേഷഘടകംകൊണ്ട് ചില കവിതകൾ വായനക്കാരുടെ മനസ്സിൽ കയറി ഇരിപ്പുറപ്പിച്ചേക്കാം. കാവ്യസിദ്ധാന്തങ്ങളെ തിരസ്‌കരിക്കുന്ന വായനക്കാരും കവിയും തമ്മിലുള്ള സ്വരചേർച്ചയിലെ ഈയൊരു അനിർവചനീയമായ ഘടകമാണ് എന്നെപ്പോലെയുള്ളവരെ വീണ്ടും വീണ്ടും കവിതയെഴുതാൻ പ്രേരിപ്പിക്കുന്നത്.'' 'അത്യുന്നതങ്ങളായ ചിന്തകളോ, മഹത്തരങ്ങളോ ഉദാത്തങ്ങളോ ആയ ആശയങ്ങളോ ആഹ്വാനങ്ങളോ ഒന്നും മുന്നോട്ടുവയ്ക്കാതെ, മനുഷ്യനോടും ഭൂമിയോടും ചേർന്നുനടക്കുന്ന കവിതകളാണ് തന്റേതെന്നും 'ഒറ്റടേക്കു' മാത്രമുള്ള മനുഷ്യജീവിതത്തിനോട് സമരസപ്പെട്ടു നിൽക്കുന്നവയാണ് അവ' എന്നും കവി വിലയിരുത്തുന്നുണ്ട്. പ്രത്യക്ഷജീവിത സത്യങ്ങളെ അതീന്ദ്രിയസത്യങ്ങളും അതീത ജ്ഞാനങ്ങളുമാക്കി പരിവർത്തനം ചെയ്യാനുള്ള കവിതയുടെ കഴിവിനെ കവി തിരിച്ചറിയുന്നു. സംസാരവിനിമയങ്ങളെയും ജൈവകർമങ്ങളെയും ഉദ്ഗ്രഥനം ചെയ്യുന്ന കർമമണ്ഡലം കൂടിയാകുന്നുണ്ട് കവിത. ആധുനികതയും ഉത്തരാധുനികതയും എത്രമേൽ കുറ്റാരോപിതമാക്കിയാലും കാൽപനികതയും ഗൃഹാതുരതയും കവിതയുടെ ഭാവമണ്ഡലത്തെ പ്രകാശമാനമാക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. പദ്മദാസിന്റെ 'നിലീനം' എന്ന കവിത ഒരാളുടെ തിരിച്ചുനടപ്പിന്റെ ആഖ്യാനമാണ്. ചില വ്യക്തിഗാഥകൾക്കുപോലും സാമൂഹികതയിലേക്ക് കാലൂന്നി നില്ക്കാനായേക്കുമെന്നതാണ് ഈ കവിതയുടെ സാമൂഹിക സാധ്യത. കവിതയിലെ ഈ തിരിച്ചുനടപ്പ് ഉള്ളിലെ നഷ്ടമായ ആർദ്രതകളിലേയ്ക്കാണ്. ഈ ആന്തരികയാത്രയ്ക്കു പ്രചോദനമായത് 'എത്രനാളായി ഇതുവഴികണ്ടിട്ട്' എന്ന് വഴിവക്കിലെ കാക്കപ്പൂക്കളും തോട്ടുവക്കിലെ മൈനയും അമ്പലമൈതാനത്തെ ഏഴിലംപാലയും ചോദിക്കുന്നതാണ്. ചിരപരിചിതമായ ആ മുഖത്തെ നഷ്ടമായ കളിമ്പങ്ങളും നിഷ്‌കളങ്കതയും നെറ്റിയിലെ മാലേയവും തലമുടിയിലെ കാച്ചെണ്ണ വാസനയും അവർ ഓർത്തെടുക്കുന്നുണ്ട്. കവിൾചോപ്പ് നിറംമാറി കൃഷ്ണവർണമായതും മുടി നരകേറിയതും കാലടികൾ വരണ്ടതും കരങ്ങൾ കഠിനമായതും മുഖംമൂടിയണിഞ്ഞ മുഖത്തുനിന്നുവരുന്ന വാക്കിൽ മുള്ളുകൾ നിറയുന്നതും നിരാദ്രവും മാധുര്യരഹിതവുമായി ജീവിതം മാറിയതും എങ്ങനെയാണെന്ന് അവർ അതിശയത്തോടെ ആരായുന്നു. തന്റെ ജീവിതവേഗം തനിക്ക് പണിക്കുറ തീർത്ത് നൽകിയതാണ് ഈ തൊങ്ങലും പൊടിപ്പുമെന്ന് ആ ഗ്രാമവിശുദ്ധിയുടെ കാവൽക്കാരോട് എങ്ങനെ പറയുമെന്ന് കവി സന്ദേഹിയാകുന്നു. നഗരതിരക്കിൽ ചെന്നുപെട്ടതിൽപ്പിന്നെ കളഞ്ഞുപോയതും ബലിനല്കിയതുമായ പൂർവപുണ്യപുരത്തെ വസന്തർത്തുവിനെ കവി ഓർമിക്കുന്നു. അങ്ങനെ തിരിച്ചുനടപ്പ് ഓർമകളിലൂടെയാകുന്നു. എങ്കിലും പുതുമഴയേൽക്കുമ്പോൾ മുളപൊട്ടി വളരുന്ന വിത്തുകൾപോലെ അവ തന്റെ ഹൃദയത്തിൽ ഇലപൊടിച്ച് പൂക്കളായി വിടരാറുണ്ടെന്ന് സൃഷ്ടിയുടെ മുഹൂർത്തങ്ങളിൽ കവി കണ്ടെത്തുന്നുണ്ട്. പൂക്കളെയും മൈനക്കുഞ്ഞിനെയും ഇളംകാറ്റിനെയും നിലാവിനെയും കവി അഭിസംബോധന ചെയ്യുന്നു. അവയൊക്കെ സമ്മാനിച്ച ബാല്യത്തിന്റെ കളിമ്പങ്ങളും സ്‌നിഗ്ധസുഗന്ധങ്ങളും ഒരിക്കലും മറക്കാനാവില്ലല്ലോ. 'നിങ്ങൾ നല്കിയതിന്റെ തുടർച്ചയും പടർച്ചയുമായി' ജീവിതത്തെ കാണുന്നതോടെ കവിത വായനക്കാരോട് സംവദിച്ചുതുടങ്ങുന്നു. കവിതയുടെ വായനാനുഭവം 'ഉള്ളിലേക്കുള്ള ദർശന' വഴി തുറക്കുന്നു. ആ സന്ദർശനത്തിന്റെ ഊഷ്മളതയിൽ, ആർദ്രതയിൽ സമഷ്ടിഭാവം കൈവരിക്കുന്ന മാനവികതയാണ് പദ്മദാസിന്റെ കവിതകളുടെ കൈയൊപ്പ്. ഭൂതകാലത്തിന്റെ സ്മൃതിശാദ്വലങ്ങളിൽനിന്ന് വിട്ടുപോരാൻ മടിക്കുന്ന സർഗാത്മകതയെ പുതുകാലത്തിന്റെ സമസ്യകളിൽ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ സദ്ഫലങ്ങളാണ് പദ്മദാസിന്റെ കവിതകൾ എന്ന നിരീക്ഷണത്തോട് ചേർന്നുപോകുന്നുണ്ട് 'നിലീനം' എന്ന കവിത. വിട്ടുവീഴ്ചകളും ഒത്തുതീർപ്പുകളും വീർപ്പുമുട്ടിക്കുന്ന ജീവിതത്തിന് പൂർണമാക്കാൻ കഴിയാത്ത പലതും കവിതയിലൂടെ പൂരിപ്പിക്കപ്പെടുന്നുണ്ട്. മർത്ത്യജീവിതത്തെക്കാൾ കാവ്യജീവിതം ഒരല്പം ശ്രേഷ്ഠമാകുന്നതും ഈ പൂരണത്തിലൂടെയാണ്. റവ. ഡോ. സുനിൽ ജോസ് CMI സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്