'അനാഥം' - ഓർമ്മയുടെ അടരുകൾ
22 Feb 2023
ടി.പി രാജീവന്റെ 'അനാഥം' എന്ന കവിതയുടെ ആസ്വാദനം.
മാതൃഭൂമി ആഴ്ചപതിപ്പ്, 2022 ജൂലൈ 03
സാമൂഹികവും വ്യക്തിപരവുമായ ഒറ്റപ്പെടൽ കാലത്തിനുശേഷം കവിതയുടെ സാന്ത്വനശക്തിയിൽ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന പുതിയ മനുഷ്യരാണ് ടി.പി രാജീവന്റെ പുതിയകാല കവിതകളിൽ നിറയുന്നത്. കവിതയിൽനിന്ന് ഏകാഗ്രതയും ധ്യാനവും നഷ്ടപ്പെടുന്ന പുതിയകാലത്ത് തന്റെതന്നെ പഴയകാലകവിതകളുടെ അതിർത്തി ലംഘനത്തിന്റെ കവിതക്കാലത്തിൽനിന്നുള്ള വഴിമാറി നടപ്പായി കവി ഇതിനെ കാണുന്നുമുണ്ട്. മലയാള കവിതയുടെ ജീവചരിത്രത്തിൽ പല കാലങ്ങളിൽ ഇടപെട്ട കവിതയാണ് ടി.പി രാജീവന്റേത്. ആഖ്യാനപരമായും പ്രമേയപരമായും ആധുനികതയിൽനിന്ന് ഉത്തരാധുനിക കാലത്തിന്റെ കവിതയിലേക്കുള്ള ദിശാവ്യതിയാനത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കവിതകൾ ടി.പി രാജീവന്റേതായുണ്ട്. 'രാഷ്ട്രതന്ത്രം' എന്ന കവിത മലയാളകവിതയിൽ ഭാഷാപരമായും ആഖ്യാനപരമായും പുതിയൊരു അനുഭവലോകം ആവിഷ്‌ക്കരിക്കുകയായിരുന്നു.
വായനക്കാരുടെ ഹൃദയത്തിൽ അതിർത്തികളില്ലാതെ കടന്നു കയറുന്ന കവിതകളാണ് എന്നതാണ് രാജീവന്റെ രചനയുടെ വൈഭവം. വാതിൽ, കോരിത്തരിച്ചനാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, വിരുന്ന്, ഭൂതം, കണ്ണകി തുടങ്ങിയ പ്രശസ്ത കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. അനേകഭാഷകളിൽ അവ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ദേശീയവും സാർവ്വദേശീയവുമായ നിരവധി കാവ്യോത്സവങ്ങളിലും സാഹിത്യപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാജീവൻ നോവലിസ്റ്റും സിനിമാപ്രവർത്തകനുമാണ്.
അംഗീകൃതമായ കാവ്യരചനാരീതിയോടും ആധുനികതയുടെ കാവ്യപാരമ്പര്യത്തോടും കലഹിച്ചുകൊണ്ട് പുതിയ കാവ്യരചനാ തന്ത്രവുമായി വന്ന കവിയാണ് രാജീവൻ. എഴുപതുകളിലെ വിപ്ലവ രാഷ്ട്രീയത്തിന്റെ കാവ്യഭാഷയോടും ഭാവുകത്വത്തോടുമുള്ള വിയോജിപ്പ് അദ്ദേഹത്തിന്റെ കവിതകളിലെല്ലാം കാണാം. ആധുനിക കവിത ഉൾപ്പടെ പാർശ്വവൽക്കരിച്ചിരുന്ന എല്ലാ വിഭാഗങ്ങളും അപരിചിതാനുഭവങ്ങളും പുതുകവിതയിലെ നിത്യസാന്നിധ്യമാകുന്നതിൽ ടി.പി രാജീവന്റെ കവിതകളുടെ പങ്ക് വളരെ വലുതാണ്.
കവിതയിലൂടെ മാത്രം ആവിഷ്‌ക്കരിക്കാവുന്ന നിശബ്ദതകളെയും കവിതയില്ലെങ്കിൽ വേണ്ടവിധം പ്രത്യ ക്ഷപ്പെടാനാവാത്ത ചില മൂകതകളെയും പുതിയ കവിത ആവിഷ്‌ക്കരിക്കുന്നുണ്ട്. 'മനുഷ്യൻ തന്റെ അപൂർണതയെ ഭാഷയിൽ പരിഹരിക്കുന്ന ഒരിടമാണ് കവിത' എന്നും 'മനുഷ്യനെ പ്രബുദ്ധനാക്കുന്ന വാക്യമാണ് ക വിത' എന്നുമൊക്കെയുള്ള പുതുകാല കവിതാനിർവചനങ്ങൾ സമകാല കവിതയുടെ അധിക സാധ്യതകളിലേക്കുകൂടി വിരൽ ചൂണ്ടുന്നുണ്ട്.
'ഒരിടത്തും ഒരിക്കലും ഓർമ്മയെ കൊണ്ടുപോകരുത്' എന്നാരംഭിക്കുന്ന 'അനാഥം' എന്ന കവിത ഓ ർമ്മ നഷ്ടപ്പെട്ട (നഷ്ടപ്പെടുത്തിയ) ഒരു സമൂഹത്തിന്റെ കൈമലർത്തലിലാണ് അവസാനിക്കുന്നത്. ''അച്ഛനമ്മമാർ മരിച്ചോ, ഉപേക്ഷിച്ചോ അച്ചടക്കമോ അനുസരണയോയില്ലാതെ തോന്നിയപോലെ വളർന്ന ഒരു തെറിച്ച കുട്ടി''യായാണ് കവിതയിൽ 'ഓർമ്മ' യെ നാം പരിചയപ്പെടുന്നത്. പെരുമാറ്റ മര്യാദകളോ, മാന്യതകളോ അതിനില്ല. കരയേണ്ടിടത്ത് ചിരിയും ചിരിക്കേണ്ടിടത്ത് കരഞ്ഞും മാനിക്കേണ്ടവരെ നിന്ദിച്ചും നിന്ദിക്കേണ്ടവരെ ആദരിച്ചും മൗനത്തിന്റെ ഇടങ്ങളിൽ ഒച്ചവച്ചും ബഹളം വയ്‌ക്കേണ്ടിടത്ത് നിശബ്ദതമായും സ്‌നേഹിക്കേണ്ടവരോട് ക്ഷോഭിച്ചും ദേഷ്യപ്പെടുന്നവരോട് പ്രിയം കൂടിയും 'ഓർമ്മ' സമൂഹമര്യാദയുടെ എതിർവഴിയിലാണ് യാത്ര ചെയ്യുന്നത്. അതിനെ കൂടെ കൂട്ടിയാൽ 'പറയാത്തവാക്കിന്' മറുപടി പറയേണ്ടിവരും. ചെയ്യാത്ത തെറ്റിന് കുറ്റക്കാരനാകും' എന്ന് കവിത കാര്യകാരണ സഹിതം നമുക്ക് മുന്നറിയിപ്പ് നൽകുന്നു.
'നിങ്ങളുടെകൂടെ വരുന്ന ഓർമ്മ
നിങ്ങളുടേത് മാത്രമാണെന്ന് കരുതേണ്ട' എന്ന വാക്യത്തിലെത്തുമ്പോൾ ഓർമ്മകളുടെ ജൈവികവും സാമൂഹികവുമായ വേരുകളിലേക്ക് കവിത സഞ്ചരിക്കുന്നു. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും അടരുകൾക്കുള്ളിലാണ് കവിത സംഭവിക്കുന്നത്. ഓർമ്മ ആയുധമായും അധികാരമായും ചെറുത്തുനിൽപ്പായും തിരിച്ചറിവായും മാറുന്ന അനേകാനുഭവങ്ങളിലേക്ക് കവിതയുടെ അർത്ഥതലം വികസിക്കുന്നു. കേവലമൊ രു മനുഷ്യന്റെ നഷ്ടമാകുന്ന 'ഓർമ്മ' യിൽനിന്ന് സമൂഹത്തിന്റെ സജീവമായ 'മറവി'യിലേക്ക് അത് വായനക്കാരെ നയിക്കുന്നു. തിരികെ വീടെത്തുമ്പോൾ നിങ്ങളുടേതെന്ന് മാത്രം കരുതിയ 'ഓർമ്മ'യുമായി 'ഒരാ ൾകൂട്ടം' കാത്തുനിൽക്കുന്നു. അത് ക്രിസ്തുവിനെ പത്രോസെന്നപോലെ 'ഇയാളെ ഞങ്ങൾക്കറിയില്ല' എ ന്ന് കൈമലർത്തുന്നിടത്ത് പലതരം വായനാസാധ്യതകളും അടരടയാളങ്ങളും ശേഷിപ്പിച്ചുകൊണ്ട് കവിത അവസാനിക്കുന്നു.
കവിതയിലെ 'ഓർമ്മ' യ്ക്കുമാത്രമല്ല കവിതയ്ക്കും ഈ സാമൂഹികതലമുണ്ട്. എല്ലാവർക്കും അവകാശപ്പെട്ട വാക്കുകൾ ഉപയോഗിച്ചാണ് ഓരോ കവിയും കവിതയെഴുതുന്നത്. അനേകമനേകം തലമുറകളിലെ മനുഷ്യർ സൃഷ്ടിച്ചെടുത്ത വാക്കുകൾ. കവിയുടെ വികാരങ്ങൾക്കും അനുഭൂതികൾക്കുമെല്ലാം സമൂഹവുമായി ബന്ധമുണ്ട്. രചന പൂർത്തിയായിക്കഴിഞ്ഞ് കവി ലോകത്തിനു നൽകുന്ന ഓരോ കവിതയെയും ഓരോ കവിതയുടെ ഓരോ സവിശേഷ ഗുണത്തെയും സാമൂഹ്യാനുഭവങ്ങളുമായി, ആ അനുഭവങ്ങളുടെ പരിസരങ്ങളിൽ സജീവശേഷി നിലനിൽക്കുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്തിത്തന്നെയാണ് പരിശോധിക്കേണ്ടത്. അത്തരത്തിലുള്ള പരിശോധനയിൽ തുടങ്ങുന്ന വായനയാണ് കവിതയെ ഉന്നതമൂല്യമുള്ള ഒരു സാംസ്‌കാരികാനുഭവമാക്കി മാറ്റുന്നത്.
റവ. ഡോ. സുനിൽ ജോസ് CMI
സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്