നാലരയുടെ 'തീ'വണ്ടി

20 Dec 2023

നിബുലാൽ വെട്ടൂരിന്റെ നാലരയുടെ 'തീ'വണ്ടി (സമകാലിക മലയാളം 2023 ഒക്‌ടോബർ 2) എന്ന കവിതയുടെ ആസ്വാദനം ഡോ. സുനിൽ ജോസ് cmi സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട് 'തീ' വണ്ടി മലയാളകവിതകളിൽ ധാരാളം ആവർത്തിക്കപ്പെടാറുണ്ട്. അതിന്റെ കൂവിപ്പായലും അതിലേറുന്ന ജീവിതത്തിന്റെ വൈചിത്ര്യങ്ങളുമൊക്കെ പലതരം കവികളും ആവിഷ്‌കരിച്ചിട്ടുണ്ട്. തീവണ്ടിയേറി അസമിലേക്ക് പണിക്കുപോകുന്നവരെ 'കുതിച്ചു തീവണ്ടി കിതച്ചുപോകുന്നു, കുതുകാൽച്ചിന്തകൾ കുതിക്കുന്നു മുമ്പേ' എന്നാണ് വൈലോപ്പിള്ളി വിശേഷിപ്പിക്കുന്നത്. തീവണ്ടിയുടെ ഇരമ്പം അകലെനിന്നേ കേൾക്കാമെന്നതിനെ ''അതിപ്പുകവണ്ടി വരും വിരാമമ- ല്ലറിക, ഞങ്ങൾതൻകുതൂഹലോദ്‌ഘോഷം' എന്നാണ് കവി അടയാളപ്പെടുത്തുന്നത്. നിബുലാൽ വെട്ടൂരിന്റെ 'നാലരയുടെ തീവണ്ടി' എന്ന കവിതയിലും പ്രധാന കഥാപാത്രം തീവണ്ടിയാണ്. കവിതയിൽ രണ്ടു വണ്ടികൾ. രണ്ടും 'തീ'വണ്ടികൾ തന്നെ. ഒന്ന് 'തേവരുനടയിലെ പൂജാമണികൾക്കൊപ്പം കണ്ണുതുറന്ന്, നെറ്റിയിൽ പന്തംകൊളുത്തി പാളത്തിൽ നീളത്തിൽ താളമിട്ടു, ചൂളമടിച്ചു വിളിച്ചുണർത്തിപ്പോകും നാലരയുടെ വണ്ടിയാണ്. മറ്റൊന്ന് അടുക്കളയിൽ ആവിയന്ത്രമായിപ്പായുന്ന 'അമ്മവണ്ടി.' ഓരോരുത്തർക്കും ആവശ്യങ്ങളൊരുക്കി അമ്മവണ്ടി സജീവമാകുകയാണ്. പുകയൂതിക്കത്തിച്ച്, ചായയും കാപ്പിയും വിളമ്പി, ചാണകംവാരി, പയ്യിനെ കറന്ന്, പുല്ലുകൊടുത്ത് മാറ്റികെട്ടി അമ്മവണ്ടി ട്രാക്ക് മാറുകയാണ്. 'വേഗത്തിൽ' എന്ന അച്ഛന്റെ വാക്കു കേൾക്കുമ്പോഴേ വാഴയില വെട്ടി, വാട്ടിക്കെട്ടി, പൊതിഞ്ഞ് പുളിയിഞ്ചി മണവുമായി സഞ്ചിയിലെത്തുന്നു അന്നം. കാറ്റത്തു തൂകിപറക്കുന്ന ഇലകളും മുറ്റത്ത് ചെത്തിനടക്കും കറുകയും കൊറ്റികൾ വരഞ്ഞിടും ചിത്രങ്ങളും ചൂലുകൾകൊണ്ട് അടിച്ചുവൃത്തിയാക്കുന്നു. ഒൻപതരയുടെ വണ്ടിപോകുന്നു- ആളുകൾ ഓരോരുത്തരും ഓരോയിടങ്ങളിലേക്ക് പോകുമ്പോഴും വെള്ളം കോരി പാത്രം കഴുകി, വസ്ത്രങ്ങൾ അലക്കി അമ്മവണ്ടി സജീവമായിത്തന്നെ ഓടുന്നുണ്ട്. ഒന്നരയുടെ വണ്ടിപാഞ്ഞുപോകുമ്പോൾ വയറുകാഞ്ഞ് ഉപ്പിട്ട കഞ്ഞികുടിക്കാനാരിക്കെ നിർത്താതെ അമറുന്ന പയ്യിനടുത്തേക്ക് പോകുന്നു അമ്മവണ്ടി. അഴിച്ചുകെട്ടി, കാടികൊടുത്ത്, താടി തടവിക്കൊടുത്ത് ആലയിലെത്തിച്ച് കറന്നെടുത്ത് ശങ്കരേട്ടന്റെ കടയിൽ കൊടുക്കും. അഞ്ചരയുടെ വണ്ടി വന്നുപോകുമ്പോൾ- ആളുകൾ കാലുകളുടെ എണ്ണമായി ഉമ്മറത്ത് തിരികെയെത്തുന്നു. പിന്നെയും പാത്രങ്ങൾ തീ കായുന്നു. ആവിയൂതിപ്പറക്കുന്നു ശ്വാസങ്ങൾ. ചൂടുവെള്ളം, തോർത്ത്, സോപ്പ് എന്നിങ്ങനെ വിളികൾ മുഴങ്ങുന്നു. പിന്നെ അത്താഴത്തിനുള്ള ശ്രമങ്ങളാണ്. കെട്ടവിറകിൽ പൊലിപ്പിച്ചെടുക്കുന്നു ചുട്ടപപ്പടവും കല്ലുരഞ്ഞ ചമ്മന്തിയും പൊടിയരിക്കഞ്ഞിയും. ചിത്രപേടകത്തിൽ വിചിത്രശബ്ദങ്ങൾ. എന്നും പാഞ്ഞുപോകുന്ന ടെലിവിഷൻസെറ്റിലെ കാഴ്ചകളെമാത്രം കേട്ട് കാണാൻ സമയമില്ലാത്ത ഗാന്ധാരിയായി മാറുന്നു. രാത്രിയിൽ പാത്രങ്ങൾ എല്ലാം കഴുകി തൂത്തുതുടച്ചുവാരി കുളികഴിയുമ്പോൾ പന്ത്രണ്ടരയുടെ വണ്ടി ഉറക്കം വിളിക്കും. ചാഞ്ഞു നിവരേ ചൂളമടിച്ചു വെളിച്ചം കാട്ടിവിളിക്കും നാലരയുടെ തീവണ്ടി. പാളത്തിലൂടെ പാഞ്ഞുപോകുന്ന തീവണ്ടിയേക്കാൾ 'തീ' ഉള്ള വണ്ടിയാണ് അടുക്കളയിൽ പലതിലേക്കും ട്രാക്ക് മാറി ചിതറിയോടുന്ന അമ്മവണ്ടി എന്ന് സൂക്ഷ്മതയോടെ കവിതയിൽ ആവിഷ്‌കരിക്കുകയാണ് കവി.