'ഇപ്പോഴില്ലാത്ത ഭാഷയിൽ' കവിത
20 Dec 2023
റവ. ഡോ. സുനിൽ ജോസ് cmi
സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്
വീരാൻകുട്ടിയുടെ 'ഇപ്പോഴില്ലാത്ത ഭാഷയിൽ' എന്ന കവിതയുടെ ആസ്വാദനം
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ആഗസ്റ്റ് 27-സെപ്തംബർ 02)
ഉത്തരാധുനിക മലയാള കവികളിൽ ശ്രദ്ധേയനാണ് വീരാൻകുട്ടി. ജലഭൂപടം, മാന്ത്രികൻ, ഓട്ടോഗ്രഫ്, തൊട്ടു തൊട്ടുനടക്കുമ്പോൾ, മൺവീറ്, വീരാൻകുട്ടിയുടെ കവിതകൾ, മിണ്ടാപ്രാണി, നിശബ്ദതയുടെ റിപ്പബ്ലിക്ക്, ഇനിയുള്ള ദിവസങ്ങൾ, ലോക-കവിത (വിവർത്തനം), അലയുന്ന പറവകൾ (വിവർത്തനം) തുടങ്ങിയ കൃതികളിലൂടെ ഏറെ ജനശ്രദ്ധ നേടിയ കവിയാണ് വീരാൻകുട്ടി. കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് (2017) നേടിയ കവി അലങ്കാരങ്ങളും ആഢംബരങ്ങളും ഉപേക്ഷിച്ച കവിതയെ ഭാഷാപരമായ ലാളിത്യത്തിന്റെ വഴികളിലൂടെ മുന്നോട്ടുകൊണ്ടുപോകുന്നു. ആ കവിതകളുടെ പ്രമേയത്തിലും കാവ്യബിംബങ്ങളുടെ തെരഞ്ഞെടുപ്പിലും രൂപത്തിലും ഭാവത്തിലും ഈ സവിശേഷ ലാളിത്യം കാണാം. തീരെ ചെറിയ ഒച്ചകളെക്കുറിച്ചും ചെറുചലനങ്ങളെയുംകുറിച്ചും ചെറുവസ്തുക്കളെക്കുറിച്ചും പറയുന്ന കവിതകൾ ചെറുതുകൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ നിലപാടുകൂടെയാണ്.
തീരെ ചെറിയതരം ഒച്ചകൾ കേൾപ്പിച്ചുകൊണ്ടാണ് ഈ കവി മലയാള കവിതയിലെത്തിയത്. പൂക്കൈത പോളവിണ്ടുണരുന്നതിന്റെയും പുന്നെല്ലു കിളിരിട്ടു മലരുന്നതിന്റെയും മീൻകുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നതിന്റെയും മറ്റാർക്കും പിടികിട്ടാത്ത ഒച്ചകൾ ഈ കവിതയിലുണ്ട്.
ഏതനുഭവവും കാവ്യാനുഭവമാക്കാം. ഏത് ഭാരമില്ലായ്മയെയും ചുമലിലേറ്റി നടക്കാം. ഏതിടവും കവിതയുടെ ഇടമാക്കി മാറ്റാം. എന്നിങ്ങനെയുള്ള പുതുകവിതയുടെ സാധ്യതകൾ ഈ കവിതകളിലുണ്ട്.
ഇതുവരെ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളും കേൾക്കാത്ത ശബ്ദങ്ങളും കാണാത്ത കാഴ്ചകളും തേടുന്ന കവിയാണിദ്ദേഹം. അതിനാൽ സൂക്ഷ്മ ജീവികളും നിസ്സാരമെന്നുതോന്നി അവഗണിക്കപ്പെടുന്നവരും നേർക്കാഴ്ചയിൽ അശ്രദ്ധമായി ഉപേക്ഷിക്കപ്പെടുന്നവയും ആ കവിതകളിൽ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്.
'ഇപ്പോഴില്ലാത്ത ഭാഷയിൽ' എന്ന കവിത ഭാഷയുടെയും അക്ഷരങ്ങളുടെയും ഭാവിയിലേക്ക് കണ്ണെറിയുന്ന ഒരു കവിയുടെ സവിശേഷ നോട്ടങ്ങളാണ്. 'ഉപേക്ഷിക്കപ്പെട്ട ഭാഷയുടെ ആക്രിക്കടയിൽ വരുംകാലത്തൊരാൾ ചെല്ലാനിടവന്നാൽ അക്ഷരങ്ങളുടെ ചളുങ്ങിയ രൂപങ്ങളെ എങ്ങനെയാവും ഓർത്തെടുക്കുക?' എന്ന ചോദ്യത്തോടെയാണ് കവിത ആരംഭിക്കുന്നത്. അയാൾ ലിപികളെ പലതരം വസ്തുക്കളായി (മൃഗങ്ങളായും) വായിക്കാം. 'അ' യെ ആനയായിട്ടേ കാണൂ. അളമുട്ടിയ പാമ്പിന്റെ ശൗര്യമായി 'ഉ'. ഞണ്ടാകാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച 'ഋ'. ഞ്ഞ- ഇത്രയും കാലുകൾ വച്ച് എങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിൽ യാത്ര നിലച്ചുപോയ തേരട്ട. തേർചക്രം കയറി ഉടൽ രണ്ടായ് മുറിഞ്ഞ ഞാഞ്ഞൂൾ തന്നെയാണ് അയാൾക്ക് 'ട'.
'എ' രഹസ്യമുറികൾ തുറന്ന ചാവി. 'ഒ' എന്ന ഒറ്റച്ചക്രവണ്ടിയിൽ അയാൾ കുട്ടിക്കാലത്തേക്കു കുതിക്കുമോ? എന്ന് കവി കവിതയിൽ സന്ദേഹിയാകുന്നു. 'ക'യുടെ ചളുക്ക് നിവർത്തി അയാൾ ഒരുപക്ഷേ, കിളിക്കൂടിനു വാതിലാക്കുമോ? 'ച' കേടായ കലപ്പ. 'പ'- പ്രണയിനികളുടെ കട്ടിൽ. 'ഹ' ശവമഞ്ചം. ആരെഴുന്നുള്ളിയ മഞ്ചലാണ് 'ഫ'? ഏറ്റിയവരുടെ മുതുകിലെ പാട് ആ കഥ പറയും എന്നെഴുതുമ്പോൾ ലിപിയുടെ രൂപ കൗതുകങ്ങളിൽനിന്ന് സമകാലിക ജീവിതത്തിന്റെയും ചരിത്രത്തിന്റെയും നൊമ്പരപ്പാടുകളെ അടയാളമിട്ടുവയ്ക്കുന്ന രാഷ്ട്രീയ ജാഗ്രതയുടെ പക്ഷത്താകുന്നു കവിത.
ടൈലറിങ് മെഷീനു മുന്നിൽ തലകുനിച്ചിരുന്ന് തയ്ക്കുന്ന പെൺകുട്ടിയുടെ ഓർമയാണ് 'ഇ' യെ കാണുമ്പോൾ. 'ര' സൂചി തിരയുന്ന അമ്മൂമ്മ. 'ജ' ലോകത്തിനെതിരെ കണ്ണടച്ചിരിക്കുന്ന ധ്യാനഗുരു. 'റ' കളർ പെൻസിൽ ഇല്ലാത്ത കുട്ടിയുടെ മഴവില്ല്. കവിയുടെ ഭാവന കവിതയെ നെഞ്ചേറ്റുന്നുണ്ട് ഈ വരികളിൽ. വാക്കില്ലാത്തവന്റെ വാക്കും അക്ഷരങ്ങളുമായി കവിത മരുന്നും നിറമില്ലാത്ത ജീവിതങ്ങളുടെ നിറമായും നിറവായും മാറുന്നു. ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിലേക്കുള്ള സൂക്ഷനോട്ടങ്ങൾ കവിതക്ക് നക്ഷത്രത്തിളക്കം നല്കുന്നത് നാം കാണുന്നു. ഉപേക്ഷിക്കപ്പെട്ട ഭാഷയുടെ ആക്രിക്കടയിൽ കടന്നുചെല്ലുന്ന ഒരാൾക്ക് പാൽകുഴമ്പപോലൊരു ഭാഷയിവിടെ ഉണ്ടായിരുന്നുവെന്നും അതിന് കുനുകുനുങ്ങനെയുള്ള അക്ഷരങ്ങളായിരുന്നെന്നു വിശ്വസിപ്പിക്കാനാണോ കടയിലെ സൂക്ഷിപ്പുകാരൻ ചുണ്ടനക്കുന്നത്?
അതുപറയാൻ അയാൾക്ക് ഭാഷയില്ല; ഇപ്പോൾ ഇല്ലാത്ത ഭാഷയിൽ അത് പറയാനാവാത്തതിന്റെ വിമ്മിട്ടം അയാളുടെ ഉള്ളിൽ തിളയ്ക്കുന്നുണ്ടാവണം എന്നെഴുതി കവിത അവസാനിക്കുന്നു.
കവികൾ പദ ധ്യാനത്തിൽ കേൾവി കേട്ടവരാണല്ലോ. ഇവിടെയിതാ ആധുനികനായ ഒരു കവി കവിതയിൽ അക്ഷരങ്ങളെ ധ്യാനിക്കുന്നു. അക്ഷരങ്ങളുടെ രൂപത്തിൽനിന്ന് പല ജീവിതങ്ങളെ ചെറുതുകളെ, മറവികളെ, തേറ്റിയുണർത്തുന്നു. ഒച്ചയില്ലാത്തവരുടെയും വർണങ്ങളില്ലാത്തവരുടെയും ജീവിതങ്ങളിലേക്ക് കവിത കൂട്ടുപോകുന്നു. നാളെ ഉപേക്ഷിക്കപ്പെട്ടുപോയേക്കാവുന്ന ഒരു ഭാഷക്കായി കവിതകൊണ്ട് ഇന്നേ ജാഗ്രതയുടെ അക്ഷരമതിൽ പണിയുന്നു. സചേതനവും അചേതനവുമായ ചെറുതുകളെ നെഞ്ചേറ്റി പുതിയ കാലത്തിന് യോജിച്ച ജാഗ്രതയുടെ കാവ്യരാഷ്ട്രീയം മെനയുന്നു. അങ്ങനെ കവിത വരുംകാലത്തേക്കുള്ള കരുതലിന്റെ ദർശനം കരുത്തോടെ ആവിഷ്‌ക്കരിക്കുന്നു.