ഞാറ്റുവേലായുധം

14 Jul 2023

റവ. ഡോ. സുനില്‍ ജോസ് cmi സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട് വിനു ജോസഫിന്റെ 'ഞാറ്റു വേലായുധം' എന്ന കവിതയുടെ ആസ്വാദനം സമകാലിക മലയാളം, 2023 ജൂണ്‍ 12 ലാപ്‌ടോപ്പിലെ ആകാശം, മുറ്റമടിക്കുന്ന വെള്ളമയില്‍ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ കവിതയില്‍ സജീവമായ കവിയുടെ കവിതയാണ് 'ഞാറ്റുവേലായുധം.' പേരിലെ പുതുമയിലൂടെയാണ് വായനക്കാര്‍ കവിതയിലേക്ക് പ്രവേശിക്കുന്നത്. 'ഞാറ്റുവേല', 'വേലായുധന്‍' എന്നീ രണ്ട് വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് കവി സവിശേഷമായ അര്‍ഥമുള്ള മറ്റൊരു വാക്കുണ്ടാക്കുകയാണ്. ജീവിതത്തിന്റെ ശക്തമായ നിരീക്ഷണങ്ങളാലും പകര്‍പ്പുകളാലും നാടന്‍ ജീവിതത്തിന്റെ രസം പകരുന്ന ഓര്‍മകളാലും സമ്പന്നമാണ് വിനുവിന്റെ കവിതകള്‍. ഗ്രാമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ശാന്തമായ ഹാസ്യത്തിന്റെ തെളിമയുള്ള കവിതകളാണ് വിനുവിന്റെ കവിതകള്‍. ഈ കവിതകളില്‍ നിന്ന് നമുക്ക് സമൂഹത്തെ കണ്ടുമുട്ടാനുള്ള സന്ദര്‍ഭങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. 'ഞാറ്റുവേലായുധം' വര്‍ത്തമാന കേരളത്തിന്റെ നേര്‍വായനയാണ്. 'അതിഥി തൊഴിലാളി' കളെന്ന് നാം പേരിട്ടുവിളിക്കുന്നവര്‍ നിറഞ്ഞുകവിഞ്ഞ പലതരം ഭാഷകള്‍കൂടി കലരുന്ന വര്‍ത്തമാന കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍നിന്നാണ് കവിതയുടെ തുടക്കം. 'ചുമരു പണിയാന്‍ വന്ന ബംഗാളിയോട് മുറി ഹിന്ദിയില്‍ വിശേഷം തിരക്കി: തെളി മലയാളത്തില്‍ മറുപടി കിട്ടി'. എന്ന കവിതയുടെ ആദ്യവരിതന്നെ - 'മുറി ഹിന്ദി- തെളിമലയാളം' എന്ന ഭാഷാ ഭേദങ്ങള്‍ക്കപ്പുറം വര്‍ത്തമാനത്തിന്റെ നേരിനെ പരിഹസിച്ചിരുത്തുന്നു. അത് ഒരേസമയം നിവൃത്തിയും നിവൃത്തികേടുമാകുന്നു. ഇനിയങ്ങോട്ട് ബംഗാളിയായ തൊഴിലാളി- സ്വായത്തമാക്കിയ തെളിമലയാളത്തിന്റെ നേരുകളിലൂടെയുള്ള യാത്രയാണ്. മലയാളിയാകട്ടെ മുറിഹിന്ദിയില്‍ മുറിഞ്ഞും നീറിയും നീങ്ങുന്നു. സിമന്റ് കൊത്താന്‍വന്ന കോഴിയെക്കണ്ട് ബംഗാളി സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' ചൊല്ലി, കടമ്മനിട്ടയുടെ 'കോഴി' യും കൊക്കി ചിനക്കി അവന്റെ നാവില്‍. എന്തോ വാഴത്തോട്ടത്തില്‍ മൂത്രിക്കാന്‍ പോയപ്പോള്‍ അവന്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല' യുടെ ഈരടി പാടി. കിണറ്റില്‍ തൊട്ടി മുക്കുമ്പോള്‍ തേട്ടിവന്നത് ആശാന്റെ 'ചണ്ഡാലഭിക്ഷുകി' യാണ്. കിളിക്കൂവല്‍ കേട്ടപ്പോള്‍ അവന്‍ ഓര്‍മിച്ചത് 'ലളിതം' എന്ന പി.പി രാമചന്ദ്രന്‍ കവിതയിലെ 'ഇവിടെയുണ്ട് ഞാനെന്നറിയിക്കാന്‍ ലളിതമായൊരു കൂവല്‍മാത്രം മതി' എന്ന വരികളായിരുന്നു. വെറ്റില തെറുക്കുമ്പോള്‍ 'ഊഞ്ഞാലി' ലെ വരികളായി വൈലോപ്പിള്ളിയെത്തി. ബീഡി കൊളുത്തിയപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുറ്റത്തേയ്ക്ക് പാളി വീണ കളിപന്തില്‍- മോഹനകൃഷ്ണന്‍ കാലടിയുടെ 'പന്ത്' എന്ന കവിതയും ഓര്‍ത്തു. ഇത്രയുമായപ്പോള്‍ അടക്കി നിര്‍ത്തിയ ചോദ്യം ബംഗാളിയോട് ചോദിച്ചുപോയി. ''നിന്റെ വേരുകള്‍ എങ്ങ് ബംഗാളീ- പത്മനയിലോ, കാരശ്ശേരിവഴി കല്‍പ്പറ്റയിലോ, സാക്ഷാല്‍ രാജരാജവര്‍മ കളരിയിലോ?'' ഉത്തരമൊന്നും കിട്ടിയില്ല. 'പണിതീര്‍ത്തു കാലുരച്ച് തേച്ചു കഴുകുമ്പോളവന്‍ ഒരു കവിള്‍ ചണ്ടി ചവച്ചുതുപ്പി- ഒരു പടല അസ്സല്‍ ഞാറ്റുവേല' എന്ന കവിത അവസാനിക്കുന്നു. ഞാറ്റുവേല ഞായറിന്റെ നിലയാണ്. സൂര്യന്റെ നിലയൊത്ത് കേരളീയര്‍ കാര്‍ഷികചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. മാറുന്ന കാലാവസ്ഥയും കൃഷിരീതിയും മലയാളിക്ക് അന്യമാകുന്നതോടൊപ്പം അതിസമര്‍ഥമായി അതിനെ അജീവനത്തിന്റെ ഭാഗമാകുന്ന തൊഴിലാളിയുടെ മലയാള സംസ്‌കാരത്തെയും കവിത ഉള്ളടക്കിയിരിക്കുന്നു.