മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ @2023

14 Jul 2023

റവ. ഡോ. സുനില്‍ ജോസ് cmi സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട് പി.എ നാസിമുദ്ദീന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ @2023' എന്ന കവിതയുടെ ആസ്വാദനം മാധ്യമ ആഴ്ചപ്പതിപ്പ്, 2023 മെയ് 15-23 പ്രസിദ്ധ ഇറ്റാലിയന്‍ നാടകകൃത്ത് ലൂയിജി പിരാന്തെല്ലോയുടെ നാടകമാണ് 'ആറ് കഥാപാത്രങ്ങള്‍ എഴുത്തുകാരനെ തേടുന്നു' (Six Characters in Search of an Author) എന്നത്. എഴുത്തുകാരനും അയാള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു ഈ അനുബന്ധ നാടക (Absurdist Drama) ത്തിന്റെ മുഖ്യപ്രമേയം. 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍@2023' എന്ന കവിതയും സമാനമായ ഒരു ബന്ധത്തിന്റെ ആഖ്യാനമാണ്. കവി ഓഫിസിലേക്ക് ബസില്‍ പോകുകയാണ്. ടൗണ്‍ ജംഗ്ഷന്‍ കഴിഞ്ഞതും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്‍ റോഡിലൂടെ പോകുന്നത് കണ്ടു. അതെ ആ പഴയ നോവലിലെ അതേ കഥാപാത്രം തന്നെ! തന്റെ കട്ടമാരത്തിന് തീ കൊളുത്തിയ ആ കഥാപാത്രത്തെ അയാള്‍ ബസിലിരുന്ന് ഉറക്കെ വിളിക്കുന്നു. ബസില്‍നിന്ന് ചാടിയിറങ്ങി പിന്തുടര്‍ന്ന് വിളിക്കുന്നു. ദാസനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട് ആഖ്യാതാവ്. ''നീ അപ്പോള്‍ വെള്ളിയാങ്കല്ലിലെ തുമ്പിയായില്ലേ'' (അങ്ങനെയാണല്ലോ നോവല്‍ അവസാനിക്കുന്നത്). അടങ്ങാന്‍ പറഞ്ഞ് കഥാപാത്രം ദാസന്‍ കവിയോട് തന്റെ കൂടെ നടക്കാന്‍ ക്ഷണിച്ച് തന്റെ കഥപറയുന്നു. ''ഞാന്‍ പരേതാത്മാവായ തുമ്പിയായെന്ന് മുകുന്ദേട്ടന്‍ പറഞ്ഞത് പൊളിയായിരുന്നു. ഏവരും ഗള്‍ഫില്‍പ്പെടുന്ന കാലത്ത് ഒരു കാരണവുമില്ലാതെ ആത്മഹൂതി ചെയ്യാന്‍ എനിക്കെന്താ വട്ടുണ്ടോ? ഞാന്‍ മയ്യഴി കടപ്പുറത്തുനിന്ന് കള്ളലോറി കയറി. പക്ഷേ, സര്‍ട്ടിഫിക്കറ്റ് പണ്ടേ കീറിക്കളഞ്ഞതിനാല്‍ പണികിട്ടാതെ തിരിച്ചു മയ്യഴിയിലെത്തി. വീട് അന്യാധീനപ്പെട്ടിരുന്നു. അച്ചുവും ഗിരിജയും പരലോകം പൂകിയിരുന്നു'' സി.ഐ ചാരനായ അസ്തിത്വവാദിയെന്ന് പേരുള്ളതിനാല്‍ പുരോഗമനപക്ഷക്കാര്‍ കാച്ചിക്കളയുമോ എന്ന പേടിയോടെ അലഞ്ഞുതിരിഞ്ഞു. മുകുന്ദേട്ടന്‍ അക്കാദമി പ്രസിഡന്റായപ്പോള്‍ പോയി കണ്ടു. ''നിങ്ങളെ പ്രശസ്തനാക്കിയത് ഞാനാണ്. എനിക്ക് ജീവിക്കാന്‍ വകയില്ല.'' ''എന്നെ പ്രശസ്തനാക്കിയത് ഞാനാണെന്ന്'' മുകുന്ദനും തിരിച്ചടിച്ചു. പിന്നെ പലയിടത്തും ഹോട്ടല്‍പണിചെയ്തു. അവര്‍ രണ്ടുപേരും നടന്നുനടന്ന് ആര്‍ട്ട് ഗാലറിയിലെത്തി. അവിടെ ഒരു ഛായാചിത്രപ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു. എഴുപതുകളിലെ നോവല്‍ നായകരായിരുന്നു ചിത്രങ്ങളില്‍. ഖസാക്കിലെ രവി, ഉഷ്ണമേഖലയിലെ ശിവന്‍, ആള്‍ക്കൂട്ടത്തിലെ ജോസഫ്, സ്മാരകശിലയിലെ പൂക്കോയതങ്ങള്‍. 'എല്ലാവരും വമ്പന്‍ ചിത്രങ്ങളായി എഴുന്നേറ്റുനിന്നു.' കണ്ണടവച്ച കുടവയറുള്ള ഒരു ബുദ്ധിജീവി ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരുന്നു. 'പെട്ടെന്ന് ദാസന്‍ ഛായാചിത്രങ്ങളിലൊന്നായി ഗാലറിയില്‍ ഉള്‍ച്ചേര്‍ന്നു.' എന്നെഴുതി കവിത പൂര്‍ത്തിയാവുന്നു. ജീവിതത്തില്‍നിന്ന് നോവലില്‍ കയറിപ്പറ്റി ജീവിച്ച് മരിച്ച് പിന്നീട് മയ്യഴിയുടെ തെരുവില്‍ ഇറങ്ങിനടക്കുന്ന ദാസന്‍ എന്ന കഥാപാത്രത്തെ കുറച്ചുനേരത്തേക്കു കൂടെ കൂട്ടാന്‍ കഴിഞ്ഞ വായനക്കാരനായ കവികള്‍ വീണ്ടും ചിത്രശാലയില്‍ 'ചിത്രപ്പെട്ടുപോയ (നഷ്ടപ്പെട്ടുപോയ) കഥാപാത്രങ്ങളിലൊന്നായി ദാസനെ കൈവിട്ടുപോകുന്നിടത്താണ് ഈ കവിതയുടെ കാതല്‍. എഴുതപ്പെട്ടതിനെ തിരുത്തുന്ന ആ നാടന്‍ നടത്തമാണ് കവിതയെ സജീവമാകുന്നത്.