വഴിപിണക്കി
19 May 2023
റവ. ഡോ. സുനിൽ ജോസ് cmi
സെന്റ് ജോസഫ്സ് കോളജ്, ദേവഗിരി, കോഴിക്കോട്
കളത്തറ ഗോപന്റെ 'വഴി പിണക്കി' എന്ന കവിതയുടെ ആസ്വാദനം
മാധ്യമം, 2023 മാർച്ച് 13
കളത്തറ ഗോപൻ തന്റെ കവിതകളിലൂടെ കവിതയിലെ ലീലാംശത്തെ സവിശേഷമാക്കുന്നു. സഹജമായ ലാഘവവും നർമവും കവിതയിൽ നിലനിർത്തുന്നു. 'പറന്ന് നിന്ന് മീൻ പിടിക്കുന്നവ', 'ഇരുട്ടെന്നോ വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ' തുടങ്ങിയവയാണ് സമാഹാരങ്ങൾ. 'കുട്ടിക്കാലത്ത് കടയിലോ മുടിപ്പുരയിലോ കല്യാണത്തിനോ പോയിട്ടു വരുമ്പോഴൊക്കെ വഴിപിണക്കിയെന്നെ വഴിതെറ്റിക്കും' എന്ന അനുഭവത്തിന്റെ ആഖ്യാനത്തോടെയാണ് കളത്തറ ഗോപൻ തന്റെ 'വഴി പിണക്കി' എന്ന കവിത ആരംഭിക്കുന്നത്. കവിതയിലെ വഴിപിണക്കിയാരെന്നറിയാൻ സ്വാഭാവികമായ കൗതുകമുണർത്തിക്കൊണ്ട് കവിത മുന്നേറുന്നു. റബർതോട്ടം മുഴുവൻ കയറിയും ഇറങ്ങിയും വഴിതെറ്റി താമസിച്ചു വീട്ടിലെത്തുമ്പോൾ 'വഴി പിണക്കിക്കഥ' യൊന്നും അച്ഛൻ വിശ്വസിക്കില്ല അടി കിട്ടുകയും ചെയ്യും. ഉച്ചയ്ക്കും രാത്രിയുമാണ് വഴിതെറ്റിക്കൽ.
ഒരിക്കൽ സ്കൂളിൽനിന്ന് വന്നപ്പോൾ വഴിതെറ്റി ഒരു ഉച്ചനേരത്ത് ഒരു പെൺകുട്ടിയുടെ അടുത്താണ് ചെന്നുപെട്ടത്. അടികിട്ടുമെന്നുറപ്പുള്ളതിനാൽ വടി താൻ തന്നെ എടുത്തു കൊടുത്തു (വീട്ടിലെത്തുമ്പോൾ). ഉപ്പിനുപകരം മുളകുവാങ്ങിയതിനാണ് പിന്നീട് വീട്ടിൽനിന്നും അടികിട്ടിയത്. അതും വഴിപിണക്കിയുടെ പണിയായിരുന്നു.
വഴി പിണക്കി വസിക്കുന്നത് ഇടതൂർന്ന മരങ്ങളിലും ആളൊഴിഞ്ഞ വഴികളിലും ആളില്ലാത്ത വീട്ടിലും ആറ്റിൻകരയിലെ കരിമ്പനയിലുമൊക്കെയാണ്. ആളുകളെ പ്രത്യേകിച്ചും കുട്ടികളെ വഴിതെറ്റിച്ചു രസിക്കലാണ് ഇവന്റെയൊരു ജോലി.
മുതിർന്നപ്പോൾ വഴിതെറ്റാതിരിക്കാൻ ഗൂഗിൾ മാപ്പിനെക്കാൾ കൃത്യതയുള്ള കൂട്ടുകാരനോടാണ് വഴി ചോദിക്കുക. എന്നിട്ടും വഴി പിണക്കി പണിപറ്റിക്കും. ആലപ്പുഴ ഇറങ്ങേണ്ടയാൾ തൃശൂരിൽ ചെന്നിറങ്ങും. കത്തിമേടിക്കേണ്ടയാൾ പേന മേടിക്കും.
''ഒരു വഴിതെറ്റുമ്പോൾ പല വഴിതുറക്കുമെന്നു കാണിച്ച് അവനെന്നിൽത്തന്നെ വസിച്ച് നിരന്തരമെന്നെ വഴിതെറ്റിച്ചു രസിക്കുന്നു'' എന്ന കവി വാക്യത്തിൽ വായന കുരുങ്ങുന്നു. വഴിപിണക്കി കുട്ടിക്കാലത്തിന്റെ പേടിസ്വപ്നമായി അപരനായി അകലെയെവിടെയോ അല്ല എന്നും അവൻ ഉള്ളിൽത്തന്നെയാണെന്നുമുള്ള അറിവ് കവിതയിലെ താക്കോലാകുന്നു. ''ദാ ഇപ്പൊഴും വഴിതെറ്റി ഞാനൊരു തുരങ്കത്തിലൂടെ നടക്കുന്നു. അകലെ അതിന്റെ കവാടം ചന്ദ്രവളയത്തിൽ പ്രകാശിക്കുന്നു.'' എന്നെഴുതി കവിത പൂർത്തിയാക്കി. ഇനിയും പൂർണമാകാത്ത വഴിതെറ്റുകളിലൂടെ കവിതയും കവിയും ഒരേപോലെ സഞ്ചരിക്കുന്നു.
ബാല്യകാലത്തെ അരക്ഷിതത്വവും കൂതുഹലങ്ങളും ഫാറ്റസികളും കൂടികലർന്ന വഴികളിലൂടെ നടന്നു തുടങ്ങുന്ന കവിത മുതിർന്നവരുടെ തലത്തിലെത്തുമ്പോൾ 'വഴിപിണക്കി' ഉള്ളിൽത്തന്നെയുണ്ടെന്ന പുതുബോധത്തിന്റെ സൂചനകൾ നൽകുന്നു. ഇപ്പോഴും തുടരുന്ന വഴിപിണക്കിയുടെ സ്വാധീനത്തിൽത്തന്നെ അകലെ കാണുന്ന ചന്ദ്രവെളിച്ചത്തിന്റെ പ്രകാശ കവാടം ലക്ഷ്യമാക്കി കവിയോടൊപ്പം വായനക്കാരും സഞ്ചരിക്കുന്നു. ഇരുട്ട് വീണുകിടക്കുന്ന വർത്തമാനകാലത്തിന്റെ ഇടവഴികളിൽ കവിതകൂടെ ഇത്തിരി നിലാവെട്ടമാണ് വഴിതെറ്റാതെ നടക്കാൻ ചിലരെങ്കിലും പ്രേരിപ്പിക്കുന്നതെന്ന് കളത്തറഗോപൻ എന്ന കവി പറയാതെ പറയുന്നു 'വഴി പിണക്കി' എന്ന കവിതയിൽ.