ബിജോയ് ചന്ദ്രന്റെ 'ലൂർ കാസ്റ്റിംഗ്' എന്ന കവിതയുടെ ആസ്വാദനം
21 Mar 2023
മലയാള പുതുകവിതയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്, ബിജോയ് ചന്ദ്രൻ. 1995 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നുണ്ട്. കാവൽ (1996), വിലാസമില്ലാത്ത ഒരു കത്ത് (1997), പോസ്റ്റുമാൻ വരാത്ത ദിവസങ്ങൾ (2000), നിലപ്പന (2010), തുമ്പിപിടുത്തം (2014) എന്നീ കവിതാസമാഹാരങ്ങളും 'പകൽ നടക്കാനിറങ്ങുന്ന ഇരുട്ട്' (2019) എന്ന ഓർമപുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'തോർച്ച' എന്ന സമാന്തര മാസികയുടെ പത്രാധിപരായും പ്രവർത്തിക്കുന്നു.
ഇപ്പോഴില്ലാത്ത ഇടങ്ങളും നനവുകളും മണങ്ങളും രുചികളും അനുഭവങ്ങളുംകൊണ്ട് നിറഞ്ഞ് വാക്കുകൾക്ക് പുതിയ അർഥങ്ങൾ നൽകുന്ന കവിതകളാണ് ബിജോയ് ചന്ദ്രന്റേത്. സവിശേഷമായ ദേശകാലങ്ങളിലും ഓർമകളിലും കുരുങ്ങിപ്പോയൊരാൾ നിന്നനിൽപ്പിൽ നടത്തുന്ന ജീവിതസഞ്ചാരങ്ങളാണ് ആ കവിതകൾ. തിരക്കിട്ട പാച്ചിലുകൾക്കിടയിൽ നമ്മുടെ കണ്ണിൽപ്പെടാതെപോകുന്ന കാഴ്ചകളും അനുഭവങ്ങളും ഗന്ധങ്ങളും കേൾവികളുമെല്ലാം ആ കവിതകൾ കാട്ടിത്തരുന്നുണ്ട്. ബിജോയ് ചന്ദ്രന്റെ കവിതകളിൽ പുഴയുടെ വലിയ സാന്നിധ്യമുണ്ട്. പുഴമീൻ, കടത്ത്, ചൂണ്ടക്കാരൻ, മണൽപ്പുഴ ഇങ്ങനെ പല കവിതകളിലും പുഴ നിറയുന്നു. ബിജോയ് ചന്ദ്രന്റെ പുഴക്കവിതകളിൽപ്പെടുന്ന മറ്റൊരു കവിതയാണ് 'ലൂർ കാസ്റ്റിംഗ്.'
'ലൂർ കാസ്റ്റിംഗ്' എന്ന കവിത ആരംഭിക്കുന്നത്
''മീൻ പിടിക്കാൻ ഞാൻ പുഴയിൽ ചെന്നപ്പോൾ
പുഴയിവിടെ പതുക്കെ ഒറ്റപ്പെടുന്നു'' എന്ന തിരിച്ചറിവാണ്.
പുഴ നോക്കുമ്പോൾ ഞാനും
അടുത്തുവരുന്തോറും തനിച്ചാവുകയാണ്! എന്നാണ് തുടർന്ന് വരുന്ന വരികൾ. ഈ ഒറ്റപ്പെടൽ/ തനിച്ചാകലാണ് പുഴയെയും കവിയെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.
'എന്തുപറ്റി ഇത്ര തനിച്ചെന്ന് പുഴ' ചോദിക്കുമ്പോൾ ആണ്ടാതായ് 'ഒറ്റയ്ക്കല്ലല്ലോ ഞാൻ' എന്നു പറഞ്ഞുതുടങ്ങുന്നു.
ഇന്നലെ കൂടെ വന്ന കൂട്ടുകാരന്റെ ശ്വാസവും പിടിച്ച കൂരൽ മീനിന്റെ കണ്ണുകളും വെയിലിന്റെ ഷർട്ടും തലക്കെട്ടിന്റെ തോർത്തുവട്ടവും തിരിച്ചുപോയ മഴയും തന്റെ കൂടെയുണ്ടെന്ന്, അതുകൊണ്ട് താൻ ഒറ്റയ്ക്കല്ലെന്ന് ഉത്തരം പറയുന്നു. ആകട്ടെ ഇന്ന് നിനക്കെന്തുപറ്റി എന്ന് തിരികെ പുഴയോട് മറുചോദ്യം കൂടി ചോദിക്കുന്നുണ്ട് അയാൾ. പുഴ പറഞ്ഞു തുടങ്ങുന്നു
'ഞാനും തനിച്ചല്ലല്ലോ.'
'എന്നെ വട്ടം പിടിക്കുന്ന ഈ പൊന്ത, പതുപ്പിൽ മേയുംപശു, പശുപ്പുറത്തെ കാക്ക, കൊക്ക്, വെള്ളം കുടിക്കാൻ വന്ന നാടൻപട്ടി, തോണി തുമ്പേലിരുന്ന് പാട്ട്, ചൂളം കുത്തിയ ഒരാൾ, ചിറകിൽ ആകാശത്തെ ഇരുത്തിപ്പറക്കും പരുന്ത്, വെള്ളത്തിൽ പലവഴി കുതിക്കും ആയിരത്തൊന്ന് മീനുകൾ' ഇതൊക്കെയാണ് പുഴയുടെ കൂട്ടുകാർ. പുഴയും ഒറ്റക്കല്ല.
'അപ്പോൾ നമുക്കിടയിൽ ഒരു മിന്നായംപോലെ കാണപ്പെട്ട ആ ഏകാന്തത എവിടെപ്പോയ്? സൂക്ഷ്മ നോട്ടത്തിൽ ഇല്ലായ്മയിൽ പരസ്പരം ഉണ്ടെന്ന് തോന്നിപ്പിക്കുന്നവയുടെ നീണ്ടനിര പുറപ്പെടുകയായി: പരലുകൾ, തവള, പുൽച്ചാടി, മീൻ ചാട്ടങ്ങൾ, മനുഷ്യർ, ചെമ്മീൻകുത്ത്, ചെറുകാറ്റ്, പൊൻവെയിൽ, മഴച്ചാറൽ, പൊന്തക്കാട്, ചതുപ്പിൽനിൽക്കും പശു, കൊമ്പുകൾ മാത്രം മേലെകാണിക്കും പോത്തിൻകൂട്ടം, പക്ഷികൾ, തോണിപ്പാട്ട്.
ഇല്ലായ്മയിൽ ഉണ്ടെന്ന് തോന്നിപ്പിച്ചാണ് ജീവിതത്തിൽ നമ്മൾ പരസ്പരം എന്തൊക്കെയോ വാഗ്ദാനം ചെയ്യുന്നത് എന്ന തിരിച്ചറിവിൽ കവിത നിറയുന്നു. ഈ തോന്നിപ്പിക്കൽ കവിതയിൽ മൂർത്തമിടുന്നത്. കവി ചൂണ്ടയിൽ റബർ തവളയുടെ പച്ച ലൂർ കാസ്റ്റ് ചെയ്ത് തന്നെ സ്ഥിരം കബളിപ്പിക്കാറുള്ള ആ വലിയ മീനിനുവേണ്ടി 'ഇല്ലാത്ത ഒരു തവള നീന്തൽ വെള്ളത്തിൽ ശ്രദ്ധയോടെ വരയ്ക്കാൻ തുടങ്ങുന്ന'തോടെയാണ്. 'ചതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ എന്ന അവസാനവരി കവിതയ്ക്ക് ജീവിതത്തിന്റെ നിറം നൽകുന്നു.
സമകാലിക മലയാളം, 2023 ഫെബ്രുവരി 6
റവ. ഡോ. സുനിൽ ജോസ് cmi
സെന്റ് ജോസഫ്‌സ് കോളജ്
ദേവഗിരി, കോഴിക്കോട്