'അമൃതവർഷിണി'

22 Feb 2023

കവി ബിനു എം. പള്ളിപ്പാടിന്റെ ഓർമയ്ക്ക് രാജേഷ് നാഥ് എഴുതിയ 'അമൃതവർഷിണി' എന്ന കവിതയുടെ ആസ്വാദനം സമകാലിക മലയാളം, 2022 ഡിസംബർ 12 അടിത്തട്ട് ജീവിതങ്ങളുടെ പല കരകളാണ് ബിനു എം. പള്ളിപ്പാടിന്റെ കവിതകൾ. കവിതയുടെ വരേണ്യ ഇടങ്ങൾക്ക് പുറത്ത് കാലങ്ങളോളം നിശ്ശബ്ദമായി നിന്ന മനുഷ്യരും ജീവിതങ്ങളും അനുഭവ ങ്ങളും അവിടെ തല ഉയർത്തി വന്നുനില്ക്കുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും മലയാള കവി തയിൽ അധികമൊന്നും കണ്ടുപരിചയിക്കാത്ത നൈസർഗികതയോടെ, ജൈവികതയോടെ ആ കവി തകളിൽ നിറയുന്നു. ദേശം, അവിടെ 'കീഴാളവും ജൈവികവുമായ ആവാസവ്യവസ്ഥയെക്കൂടി രേഖപ്പെ ടുത്തുന്നു'. പ്രകൃതി അവിടെ, ജീവിതത്തിനു പുറത്തുനിൽക്കുന്ന അപരിചിത ഇടമല്ല. നിരൂപകയായ കലാചന്ദ്രൻ, ബിനുവിന്റെ കവിതകളെ ഇങ്ങനെ നിരീക്ഷിക്കുന്നു: 'കറുത്ത മനുഷ്യർ ഉഴുതും കൊയ്തും മെതിച്ചും അളന്നും ജീവിച്ചു മണ്ണടിഞ്ഞ പശച്ചേറിലും വെള്ളത്തിലും ബിനുവിന്റെ ദേശം രൂപം കൊള്ളുന്നു. വിയർപ്പിലും കണ്ണീരിലും ചോരയിലും നിന്ന് വാറ്റിയെടുത്ത ആനന്ദത്തിന്റെ തുള്ളികൾ ദേശത്തിന്റെ തന്നെ ജലരൂപകമായി. തൊട്ടും രുചിച്ചും അനുഭവിച്ചറിയുന്ന ഈ ദേശസ്വരൂപം ഹിംസാത്മകവും ഏകശിലാത്മകവുമായ ദേശീയതയ്ക്ക് കീഴിലമരുന്നതിന്റെ ശ്വാസംമുട്ടലും പൊറുതികേടുകളും കൂടി എഴുതുന്നതിലൂടെയാണ് ബിനുവിന്റെ കവിത അതിജീവിക്കുന്നത്.' എന്നാൽ, ഒരു മുൻവിധിക്കും പിടികൊടുക്കാത്ത ഭാഷയുടെ, ആഖ്യാനത്തിന്റെ കുതറൽ ബിനുവിന്റെ കവിതകളെ സവിശേഷമായ വായനാനുഭവമാക്കുന്നു. ഒരേ വഴിയിലൂടെയുള്ള സഞ്ചാരമല്ല അത്. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാരീതികളിലുമെല്ലാം ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തം. സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം സവിശേഷമായ പ്രതലങ്ങൾ അതിനുണ്ട്. ഒരു മായാജാലക്കാരനെപ്പോലെയാണ്, കവി ഇവിടെ അനുഭവങ്ങൾ കൊരുക്കുന്നത്. അതിനാലാവണം, കവിതയുടെ അകത്തളങ്ങളിൽ പ്രവേശിക്കുമ്പോൾ, നമ്മൾ വിചിത്രമായ സ്ഥലജലവിഭ്രമങ്ങളിൽ പെടുന്ന ത്. സൂക്ഷ്മരാഷ്ട്രീയ വിതാനങ്ങളിൽ കവി തീർക്കുന്ന മുനമ്പുകളിൽ അന്തംവിട്ടുനിന്നുപോവുന്നു. പുറമേയ്ക്ക് ലളിതമെന്നു തോന്നിക്കുന്ന കവിതകൾപോലും ആഴങ്ങളിൽ കടലിളക്കങ്ങൾ സൂക്ഷിക്കുന്നു. സംഗീതവും ചിത്രകലയും കവിതയും ചേർന്നു സൃഷ്ടിക്കുന്ന മായാജാലമെന്ന്, ഒറ്റക്കാഴ്ചയിൽ ബിനുവി ന്റെ കവിതയെ വിശേഷിപ്പിക്കാം. എന്നാൽ, സൂക്ഷ്മമായ കീഴാള രാഷ്ട്രീയ ബോധ്യങ്ങളാൽ മാറ്റിവ രയ്ക്കപ്പെട്ടതാണ് ഈ കവിതയിലെ ചിത്രഭാഷയും സംഗീതവും. കാഴ്ചയുടെ സാമ്പ്രദായിക പരിധികളെ അത് ഉല്ലംഘിക്കുന്നു. വരേണ്യധാരണകളെ തിരുത്തുന്നു. മലയാള കവിതയിലേക്ക് ബിനു കൊണ്ടുവരുന്ന, അടിമുടി ജീവത്തായ ലോകങ്ങൾ വരും കാലത്തിന്റെ കാവ്യഭാവുകത്വത്തെയാണ് സ്പർശിക്കുന്നത്. ബിനുവിന്റെ കവിതയുടെ ആത്മാവിനെ രാകേഷ് അക്ഷരങ്ങളിലേയ്ക്ക് ആവാഹിക്കുന്നു. അമൃതവർഷിണി ആരംഭിക്കുന്നത് ബിനുവിന്റെ അകാലചരമത്തിന്റെ ഓർമകൾ ഉണർത്തിയാണ്. ഇല്ല ആകാശം കറുത്തില്ല ഇരുൾമൂടിയിട്ടില്ല കറുത്ത അക്ഷരങ്ങൾ വെളുത്ത പായയിൽ ശയനത്തിലായിട്ടില്ല എന്നാണ് തുടക്കം. ഇല്ല എന്ന വാക്കോടെ ആരംഭിക്കുന്ന ഏഴ് ഖണ്ഡങ്ങളാണ് കവിത. സമയവും സാഹചര്യങ്ങളും കവിയുടെ വേർപാടിനെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടില്ല. ഒന്നും മതിയാക്കിയിട്ടില്ല അപൂർണമായ ഒരു സമയക്രമം മൺഭിത്തികളിൽ വിരലുകളിലൂടെ നിലവിളി. ഏക്താരയുടെ പരാമർശം കവിതയിലുണ്ട്. അത് ബിനുവിന്റെ ബാവുൽ കാലത്തെ അടയാളപ്പെടുത്തുന്നു. ഇല്ല മേഘങ്ങൾ മണ്ണിൽ പൂഴ്ത്തിട്ടില്ല നെഞ്ചിൻകൂട് കെട്ടുകാഴ്ച്ചയായിട്ടില്ല. ഇല്ല ഉണർന്നിട്ടില്ല. അമാവാസിരാത്രി ആയിട്ടില്ല. മഴയുടെ കറുത്ത മഷി പടർന്നിട്ടില്ല ഈ രാത്രി; ഈ കാറ്റ്; എല്ലാം ഉറങ്ങുകയാണ്. വേദനയില്ലാത്ത ഒരു രാഗം പോലെ നീയും.