'വാളമീൻ കല്പിക്കുന്നു'

22 Feb 2023

ഷീജ വക്കത്തിന്റെ 'വാളമീൻ കല്പിക്കുന്നു' എന്ന കവിതയുടെ ആസ്വാദനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2022 നവംബർ 13-19) മലയാളകവിതയിൽ പുതിയ കാലത്തിന്റെ കവയിത്രിയാണ് ഷീജ വക്കം. 'അന്തിക്കള്ളും പ്രണയഷാപ്പും' 'ശിഖണ്ഡിനി' തുടങ്ങിയ സമാഹാരങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഷീജയുടെ കവിതകൾ. സമകാലിക വിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്ന കവിതകൾ കവിയുടെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രങ്ങളാകുന്നു. ഇവ കാവ്യവിഷയമാകുമ്പോൾ കവിത കൈമോശംവരാതെ ആവിഷ്‌കരിക്കാനുള്ള സവിശേഷമായ കരവിരുത് ഈ കവിക്കുണ്ട്. ഗദ്യവും പദ്യവുമല്ല കവിതയെഴുതുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കവയിത്രിയാണ് ഷീജ വക്കം. തന്നിൽത്തന്നെ പുതിയൊരു ലോകം കണ്ടെത്താൻ ശ്രമിക്കുന്ന അകം കവിതകളുടെ പുറംലോകത്തേക്ക് തുറന്നുവച്ചിരിക്കുന്ന കണ്ണുകളുള്ള പുറംകവിതകളും ഈ കവി എഴുതിയിട്ടുണ്ട്. 'ഗ്ലൂമി സൺഡേ', 'ആഴച്ചെടിയിലെ നനഞ്ഞ പൂന്തണ്ട്', 'ഒരു ദിവസം ഒരു വളവിൽ', 'പുഷ്‌ക്കരൻ കൊടുങ്കാറ്റ് തുടങ്ങിയ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. അഹന്തയും അക്രമവാസനയും അലങ്കാരമായി കരുതുന്ന മനുഷ്യന്റെ ദുരന്തമാണ് 'അന്തിക്കള്ളും പ്രണയഷാപ്പും' 'രക്തദാഹിയായ ഒരു ഡ്രാക്കൂളക്കവിത' എന്നീ രചനകളിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 'വാളമീൻ കല്പിക്കുന്നു' എന്ന കവിത ഒരു സോവിയറ്റ് നാടോടിക്കഥയെ വിഷയമാക്കുന്നു. മടിയനായ യെമേല്യയ്ക്ക് ഒരു വാളമീനിനെ കിട്ടി. തന്നെ വിട്ടയയ്ക്കുന്നതിനു പകരമായി അത് ഒരു മന്ത്രം നൽകി 'വാളമീൻ കല്പിക്കുന്നു. ഞാൻ ഇച്ഛിക്കുന്നു' എന്ന് പറഞ്ഞാൽ ഏതാഗ്രഹവും സാധിക്കും. ഈ മന്ത്രം ചൊല്ലിയാൽ എന്തും സാധിക്കുമെന്ന് വിശ്വസിച്ച ഒരു കുട്ടിത്തലമുറ കേരളത്തിലും ഉണ്ടായിരുന്നു. 'സോവിയറ്റ് നാട്' എന്ന മാസിക (പുസ്തകം പൊതിയാനുപയോഗിക്കുന്ന മിനുത്ത മേനിക്കടലാസിൽ) മലയാളിക്കുഞ്ഞുങ്ങളുടെ മനസ്സിൽ ഇടം നേടിയിരുന്നു. വായനശാലകളിൽ 'ചുക്കും ഗെക്കും' മുതലായ ധാരാളം റഷ്യൻ കഥകളും ഉണ്ടായിരുന്നു. മോസ്‌ക്കോയിലെ പ്രോഗ്രസ് പബ്ലിക്കേഷൻസിന്റെപേരിൽ ഓമന ഗോപാലകൃഷ്ണന്റെ തർജമകളിൽ മേനിക്കടലാസിൽ തിളങ്ങിയ ആ മനോഹരലോകം മലയാളികൾക്ക് ഗൃഹാതുരത്വമുള്ള ഓർമകളാണ്. 'വാളമീൻ കല്പിക്കുന്നു' എന്ന റഷ്യൻ നാടോടിക്കഥയെ മുൻനിർത്തി മലയാളികളുടെ സോവിയറ്റ് സാഹിത്യാനുഭവമായിരുന്ന കഥാപ്രപഞ്ചത്തെ മുഴുവൻ മാറ്റിയെഴുതാൻ ഷീജ വക്കത്തിനു കഴിയുന്നു. 'കൊച്ചിലേ തലച്ചോറിൻ ചുറ്റുഗോപുരത്തിൽ നി- ന്നെത്തിനോക്കുമ്പോൾ കണ്ടൂ റഷ്യ തന്നയൽപ്പക്കം' എന്ന് കവിതയിൽ വായിക്കുമ്പോൾ 'വാളമീൻ കഥ' യിലെ യെമേല്യയും 'ശിശിരത്തിലെ ഓക്കുമര' ത്തിലെ അധ്യാപികയും കുസൃതിക്കാരായ 'ചുക്കും ഗെക്കും', 'നീലക്കപ്പി' ലെ മകളും തുടങ്ങി ഓരോ മലയാളി കണ്ടത്. മനസ്സിൽ നിലനിന്ന മായാത്ത റഷ്യൻ ചിത്രങ്ങൾ തെളിഞ്ഞുവരും. ആ ചിത്രങ്ങളെ വീണ്ടും അതേ ചായത്തിൽ ചാലിച്ചെടുത്ത് വരച്ചുവയ്ക്കുകയാണ് ഷീജ വക്കം. റഷ്യൻ സ്വപ്നങ്ങൾക്കുവന്ന ക്ഷതങ്ങളെയും വർത്തമാനകാലത്തെ ഹിംസാത്മക സ്വരൂപമായി റഷ്യൻഭരണകൂടം മാറിയതിലുള്ള വിഷാദത്തെ ചിത്രീകരിക്കുന്നതുകൊണ്ടുകൂടിയാണ് ഗൃഹാതുരതയ്ക്കപ്പുറം ഈ കവിത ശ്രദ്ധേയമാകുന്നത്. മറ്റാർക്കും നിർമിക്കാൻ കഴിയാത്ത സമ്മോഹനമായ പദച്ചേരുവകളും വിമോഹനമായ ബിംബങ്ങളുംകൊണ്ട് നിബിഡമാണ് ഈ കവിത. 'പുൽമേടിന്റെ വക്കിലെ കുളം', 'മേട്ടിലെ കുളം വന്നെൻ വീട്ടുവാതിലിൽ മുട്ടി', 'മീൻ പിട വയലറ്റുസാരിവാൽ ഞൊറിയുന്നു', 'നൂൽത്തലപ്പുല്ലിൻ മീതെയൂഞ്ഞാലയാടും വണ്ട്', 'അത്യഗാധത തുള്ളിയിളകും ജലത്തുള' എന്നിങ്ങനെ നവീനമായ ബിംബങ്ങൾ കവിതയെ ലളിതമനോഹരമാക്കുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശാക്രമണം സോവിയറ്റ് ബാലസാഹിത്യം വായിച്ച ഓർമകളും ചേർത്തുവച്ച് അപലപിക്കുകയാണ് കവിതയിൽ കവി ചെയ്യുന്നത്. 'വാളമീൻ കല്പിക്കുന്നു. ഞാനിതാ ഇച്ഛിക്കുന്നു' എന്നാരംഭിക്കുന്ന കവിത ബാല്യത്തിന്റെ സ്വപ്നലോകത്തിലേക്ക് (പോയകാലത്തിന്റെ നല്ല ലോകത്തേയ്ക്കും) വാതിൽ തുറന്നിടുന്നു. 'കുളം വാതിലിൽ വന്ന് മുട്ടി നിൽക്കുന്നു, കലപ്നയനുസരിച്ച്, അതിൽ ഒരു വയലറ്റു മീൻപിടസാരിവാൽ ഞൊറിയുന്നതും ഊഞ്ഞാലകെട്ടുന്ന വണ്ടിന്റെ ഉടുപ്പിലെ കാക്കപ്പുള്ളിയും കൂൺകുടക്കീഴിൽ മഴകണ്ടിരിക്കുന്ന ഉറുമ്പും എല്ലാം വന്ന് നിറയുന്നു. കുഞ്ഞുഷൂ, രോമത്തൊപ്പി, കമ്പിളിക്കുപ്പായം എല്ലാം ധരിച്ച് റഷ്യയിൽ തുള്ളിച്ചാടിയോടുന്ന ഹിമകുട്ടിയായി കവയിത്രി സ്വയം സങ്കല്പിക്കുന്നു. റഷ്യൻ കഥകളിലെ 'മഴവിൽ പൂവും' 'നീലക്കപ്പും' 'കുസൃതികളായ ചക്കും ഗെക്കും' എല്ലാം കവിതയിൽ ഓടിയെത്തുന്നു. റൊട്ടിപോലെ, പാൽകട്ടിപോലെ അക്ഷരം കൊതിപ്പിച്ച ആ പഴയകാലം സജീവമാകുന്നു. 'എത്ര ജീവിതംകൊണ്ടു വീട്ടിയാൽത്തീരും ബാല- ഭിക്ഷുവിന്നൂട്ടിത്തന്ന ഭാവമാധുര്യക്കടം' എന്ന് കവി ആ റഷ്യൻ ഭാവന നൽകിയ അനുഭവത്തെ ഹൃദയപൂർവം അനുസ്മരിക്കുന്നു. റഷ്യ എന്ന തറവാട് നൂറായി വിഭജിക്കപ്പെട്ടപ്പോൾ ഒപ്പം വിഭജിതമായത് കുട്ടിക്കാലത്തെ ഭാവനാ സാമ്രാജ്യം കൂടെയായിരുന്നു. ചിത്രത്താളുകളിലെ ഉറുമ്പും ചെമ്പടയും ചുക്കും ഗെക്കും ശത്രുക്കളായി ഇ ന്ന് പരസ്പരം പോരടിക്കുന്നു. ചുവന്ന പൂക്കൾ നിറഞ്ഞ സ്വർഗപച്ച മഞ്ഞിൽ വീഞ്ഞൊഴുകുന്ന ചോരകൂ ടെ ശാപംമാത്രം ശേഷിക്കുന്നു. ഇപ്പോൾ വാളമീൻ ഒന്നും കല്പിക്കുന്നില്ല. വ്യാകുല റഷ്യൻ ശിശു കണ്ണുനീർ പൊഴിക്കുന്നുണ്ട്. ഈ വെറും നീർത്തുള്ളിയാൽ ദീനയാം യുക്രൈനിന്റെ തീ കെടാൻ അതിതീവ്ര- മായി ഞാനിച്ഛിക്കുന്നു. പഴയ മന്ത്രത്തിന്റെ സർവശക്തിയും തോറ്റിയെടുത്ത് ഒന്നും കല്പിക്കാത്ത വാളമീനിനെ മനസ്സിൽ ഓർത്ത് കവി ശാന്തിപുലരുന്ന നല്ല കാലത്തെ തീവ്രമായി ഇച്ഛിക്കുന്നിടത്താണ് കവിതയ്ക്ക് സാകല്യഭംഗിയും സാമൂഹിക പ്രതിബദ്ധതയും തിളങ്ങിനിൽക്കുന്നത്.