കടലിന്റെ കത്ത്
22 Feb 2023
കുരീപ്പുഴ ശ്രീകുമാറിന്റെ 'കടലിന്റെ കത്ത്' എന്ന കവിതയുടെ ആസ്വാദനം.
മാതൃഭൂമി ആഴ്ചപ്പതിപ്പ് 2022 ഒക്‌ടോബർ 18.
ആധുനിക മലയാളകവിതയെ ശക്തിപ്പെടുത്തുന്നതിൽ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജീവിതത്തോടും കാലത്തോടും സത്യസന്ധത പുലർത്തി സങ്കടങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നാടിന്റെ നഷ്ടസ്വപ്നങ്ങളും മോചനപ്രതീക്ഷകളും കവിതകളാക്കി കാപട്യമില്ലാത്ത ഒരു വിസ്മയലോകം തുറന്നുവയ്ക്കുകയാണ് കുരീപ്പുഴക്കവിതകൾ.
അമ്മ മലയാളം, ഉപ്പ്, പെണങ്ങുണ്ണി, രാഹുലൻ ഉറങ്ങുന്നില്ല, ശ്രീകുമാറിന്റെ ദുഃഖങ്ങൾ, ചാർവാകൻ, കീഴാളൻ, ഇഷ്ടമുടിക്കായൽ, ജെസി, നടിയുടെ രാത്രി, മുതലായവയാണ് പ്രസിദ്ധ രചനകൾ. യക്ഷിയുടെ ചുരിദാർ, നരകത്തിലേക്ക് ഒരു ടിക്കറ്റ് (നഗ്നകവിതകൾ), 'ഇത്തിരി സ്‌നേഹമുണ്ടോ സിറിഞ്ചിൽ', 'കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങൾ' എന്നീ ഉപന്യാസ സമാഹാരങ്ങളും പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലാളിത്യത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന രചനാരീതിയും പ്രതിപാദ്യവിഷയങ്ങളുടെ പ്രസക്തിയും ആകർഷണീയതയും സംഗീതത്തോടുള്ള ഇഴയടുപ്പവും കവിതാലാപന വേദികളിൽ കുരീപ്പുഴ ശ്രീകുമാറിനെ ജനകീയനാക്കിമാറ്റി. 'ജെസി' കോളജ് കാമ്പസുകളിലെ പ്രിയകവിതയായി മാറി. 'അമ്മ മലയാളം' ജീവിത ഭാഷയെ വിറ്റുതുലക്കാനിറങ്ങിയ ഒരു തലമുറയോടുള്ള കവിയുടെ ചോദ്യശരങ്ങളുടെ ഒരു കൂമ്പാരമാണ്. അപ്രിയമായവ വിളിച്ചുപറയാനുള്ള ചങ്കൂറ്റത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കവിത. മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമാണ് ഭാഷ. ആശയ സംവേദനമാണ് ഭാഷയുടെ മൗലിക ധർമം. ഭാഷ എന്ന വ്യവസ്ഥയുടെ ലംഘനത്താൽ മൗലികമായ ധർമമാണ് നഷ്ടപ്പെടുന്നത്. അമ്മമൊഴിയായ മലയാളത്തെയോർത്തുള്ള നൈതിക ജാഗ്രതയാണ് 'അമ്മ മലയാളം.' ഒരു സംസ്‌കാരത്തിന്റെ വസന്തമോ ജീർണിക്കലോ ആദ്യം വെളിപ്പെടുന്നത് ഭാഷയിലാണ്. സമകാലിക ജീവിതത്തിലെ പ്രത്യക്ഷയാഥാർഥ്യങ്ങളോടുള്ള പ്രതികരണമാണ് കുരീപ്പുഴ കവിതകൾ. ഊർദ്വൻ വലിക്കുന്ന മാതൃഭാഷയുടെയും പാർശ്വവല്കരിക്കപ്പെട്ടവരുടെയും ചൂഷിതരുടെയും പക്ഷത്തുനിന്ന് എല്ലാവിധ ആധിപത്യ ശക്തികളോടും സാമൂഹിക ജീർണതകളോടും അടരാടുകയാണ് ആ കവിതകൾ.
തന്റെ കവിതകളെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് കുരീപ്പുഴ ശ്രീകുമാർ. ഇത്തിരി വരികളിൽ ഒത്തിരി അർഥങ്ങളുമായി ചിരിയുടെയും ചിന്തയുടെയും ലോകമാണ് അദ്ദേഹത്തിന്റെ 'നഗ്നകവിതകൾ' ദൃശ്യമാകുന്നത്. ആദ്യകാല കവിതകളിൽനിന്ന് ഭാഷയിലും ആഖ്യാനത്തിലും മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ ഭാഗമായാണ് 'നഗ്നകവിതകൾ' രൂപപ്പെട്ടത്. 1991-ലാണ് തുടക്കം. തെലുങ്ക് കവിതയിലെ ദിഗംബരകവിതാരീതിയും ഈ പേരിടലിൽ സ്വാധീനമായിട്ടുണ്ട്. കുഞ്ഞുണ്ണിയോളം ചെറുപ്പംവേണ്ട, കുഞ്ചൻ നമ്പ്യാരോളം വലിപ്പം വേണ്ട; ഹൈക്കുവല്ല. പഴഞ്ചൊല്ലിന്റെ പത്തായമണവും കടങ്കഥയുടെ കുരുക്കുംവേണ്ട. അങ്ങനെയാണ് നഗ്നകവിതകൾ പിറന്നത്. ഓരോന്നും ഓരോ സങ്കടസന്ദർഭങ്ങളാണ്.
കവിത അസ്വസ്ഥതയും സ്വസ്ഥതയുമാകുന്ന കവി കവിതയുടെ പിറവി അധ്വാനിക്കുന്ന ജനങ്ങളിൽ നിന്നാണെന്ന് പ്രഖ്യാപിക്കുന്നു. കവിയരങ്ങുകളിലും സൗഹൃദങ്ങളിലും സാധാരണ മനുഷ്യരോടൊപ്പമാണ് കുരീപ്പുഴ. ആധുനികതയിൽനിന്ന് പുതിയ പാത വെട്ടിത്തുറക്കാൻ കവിക്ക് കഴിഞ്ഞു. ഒപ്പം പുതുകവിതകൾക്കൊപ്പം സഞ്ചരിക്കാനും.
കുരീപ്പുഴയുടെ 'കടലിന്റെ കത്ത്' എന്ന കവിത ആരംഭിക്കുന്നത്:
പ്രിയരേ,
ഇത് എന്നെയും സൂര്യനെയും കാണാനെത്തുന്ന
എല്ലാ കാമുകീകാമുകന്മാർക്കുമുള്ള കത്ത് എന്ന വിശേഷണത്തോടെയാണ്.
കത്തിൽ കടൽ പറഞ്ഞു തുടങ്ങുന്നു;
'ഒരു രാവിൽ
എല്ലാവരും പിരിഞ്ഞപ്പോൾ
തീരവും ഞാനും നിലാവിന്റെ നിശാവസ്ത്രം ധരിച്ചപ്പോൾ
രണ്ടു കാമുകിമാർ ഇവിടെ വന്നു'... മലയാള സാഹിത്യത്തിൽ ഏറെ പ്രസിദ്ധമായ രണ്ടുകവിതകളിലെ നായികമാരാണ് അവർ. ചെമ്മീനിലെ കറുത്തമ്മയും രമണനിലെ ചന്ദ്രികയും. 'കള്ളിമുണ്ടും ബ്ലൗസുമിട്ടവൾ
സാരിയുടുത്തവളെ നോക്കി
കാർക്കിച്ചു തുപ്പി.'
തുപ്പേറ്റു ചൂളിയവൾ പറഞ്ഞു:
''ഞാൻ ചന്ദ്രിക തന്നെ
എങ്കിലും നിന്നെപ്പോലെ രണ്ടു പുരുഷന്മാരെക്കൊന്ന്
സ്വയം മരിച്ചില്ല''
നമ്മുടെ ഓർമയിൽ ഉണരുന്നു പരീക്കുട്ടിയും പളനിയും. ''അനാഥരായ ആടുകൾ ആർത്തുകരഞ്ഞപ്പോൾ കാട്ടുമരത്തിൽ കയറിൽ തൂങ്ങിയാടിയ ആ പുല്ലാങ്കുഴൽ'' എന്നെഴുതി കവിത കുറുക്കുന്നു കവി. ചരിത്രം ഒറ്റ നിഴൽചിത്രമായി മാറുന്ന വരികൾ.
ആ ഒറ്റ കൊലകൊണ്ടുതന്നെ
നീ എല്ലാ പ്രണയങ്ങളെയും കൊന്നു
''ഫാ!
കറുത്തമ്മ ആട്ടിയപ്പോൾ ഒരു നക്ഷത്രം തിരയിലേക്ക് വീണു.''
അപ്പോൾ
ഒരു മീൻപിടുത്തക്കാരന്റെയും
ആട്ടിടയന്റെയും അവസാന അലർച്ച
ഒന്നിച്ചുകേട്ടു...
ഞാൻ രണ്ടുപേരെയും കൂട്ടിപ്പിടിച്ചു.
എന്റെ പെൺമക്കളേ
നിങ്ങൾ രണ്ടുപേരും സ്‌നേഹം കൊതിച്ചവർ
പാവങ്ങൾ
ഇനിയാർക്കും ഈ അനുഭവം
ഉണ്ടാകാതിരിക്കട്ടെ.
സ്വന്തം കടലമ്മ
എന്ന് കത്ത് തീരുന്നു- കവിതയും. തകഴിയുടെ കറുത്തമ്മയ്ക്കും ചങ്ങമ്പുഴയുടെ ചന്ദ്രികയ്ക്കും പുതിയ അർഥവും വ്യാപ്തിയും നൽകി വായനക്കാരെ പിടിച്ചിരുത്തുന്നതാണീ കവിത.
റവ. ഡോ. സുനിൽ ജോസ് CMI
സെന്റ് ജോസഫ് കോളജ്
ദേവഗിരി, കോഴിക്കോട്