'മരുന്ന് വാഴും മല'

22 Feb 2023

കെ.ജി എസിന്റെ 'മരുന്ന് വാഴും മല' എന്ന കവിതയുടെ ആസ്വാദനം സമകാലിക മലയാളം ഓണപ്പതിപ്പ്, 2022 സെപ്തംബർ ലക്കം സുഖാലസ്യത്തിന്റെ പുലർവേളകളിൽനിന്ന് യാഥാർഥ്യത്തിന്റെ മധ്യാഹ്നങ്ങളിലേക്ക് മലയാള കവിത ഉണർത്തെഴുന്നേറ്റ കാലത്തിന്റെ കവിയാണ് കെ.ജി ശങ്കരപ്പിള്ള എന്ന കെ.ജി എസ്. ആദ്യകാലത്തെ ആധുനിക കവിതയിലെ ശൂന്യതാവാദം, മോഹഭംഗം, അരാഷ്ട്രീയത, അസ്തിത്വ സംത്രാസം തുടങ്ങിയ ഭാവങ്ങളെ ശുദ്ധികലശം ചെയ്തുകൊണ്ടാണ് ആധുനികതയുടെ മധ്യാഹ്നത്തിൽ കെ.ജി.എസ് അണിചേരുന്നത്. ചരിത്രത്തെയും സംസ്‌കാരത്തെയും വിമർശനാത്മകമായി നോക്കിക്കാണുകയും പുതിയ രീതിയിൽ അവയെ ഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു അദ്ദേഹത്തിന്റെ കവിത. പില്ക്കാല കവിതകൾ സ്വന്തം സത്യാന്വേഷങ്ങളിലേയ്ക്കും സ്വകാര്യതയിലേക്കുമുള്ള മടക്കയാത്രയായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്ന കെ.ജി.എസിന്റെ, ബംഗാൾ (1984), അയോധ്യ ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർഥിക്കുന്നെങ്കിൽ ഇങ്ങനെ, കൊച്ചിയിലെ വൃക്ഷങ്ങൾ (1994) തുടങ്ങിയ ഒട്ടേറെ കവിതകൾ പ്രസിദ്ധങ്ങളാണ്. കേരളാ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള കവി കവിതയിൽ ഇന്നും സജീവമാണ്. മികച്ച അധ്യാപകനും വിവർത്തകനും എഡിറ്ററുമായ ശങ്കരപ്പിള്ള എറണാകുളം മഹാരാജാസ് കോളജിന്റെ പ്രിൻസിപ്പലായാണ് വിരമിച്ചത്. 'പ്രസക്തി', 'സമകാലിക കവിത' മുതലായ സാഹിത്യ ജേർണലുകളുടെ എഡിറ്ററായിരുന്നിട്ടുണ്ട്. സംവിധായക സങ്കല്പം (2010) എന്ന കൃതി തിയേറ്ററിനെക്കുറിച്ചുള്ള ലേഖന സമഹാരാമാണ്. വൃത്തതാളങ്ങളുടെ പിൻബലമില്ലാതെ ആശയങ്ങളുടെ കർക്കശ്യത്തെ ഉൾക്കൊള്ളാനാവുംവിധം പരക്കുൻ വാക്കുകളാൽ തീർത്തെടുത്ത കാവ്യസഞ്ചയങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിന്റെ കൈപിടിച്ച് സമകാലിന വ്യവസ്ഥാ ദുരന്തങ്ങളെ കവിതയിലേക്കാവഹിച്ച 'ബംഗാൾ'എന്ന കവിത കവിയെ പ്രശസ്തനാക്കി. കെ.ജി. എസിന്റെ കവിത മറ്റേതൊരു ആധുനിക കവിതയിൽനിന്നും വ്യത്യസ്തമായിരിക്കുന്നത് അതിലെ ഘടനാവിശേഷവും വാക്കുകളുടെ സ്പഷ്ടവും മെരുങ്ങാത്തതുമായ പ്രയോഗരീതികളും അമിതമായ കൃത്യതാബോധവും പദസംഘാതങ്ങളുടെ ചാരുതയുംകൊണ്ടാണ്. 'മരുന്ന് വാഴും മല' എന്ന കവിത ആരംഭിക്കുന്നത് 'കേട്ട് കേട്ട്, കണ്ട് കണ്ട് എനിക്കത്രമേൽ സ്വന്തമായ ഒരു മലയുണ്ട്' എന്ന വരികളോടെയാണ്. വയലിനക്കരെ തോപ്പിനക്കരെ മലയിലേക്ക് നയിക്കുന്ന പാതയുടെ 'വിജയത്ത്' എന്നിടത്തെത്തുമ്പോൾ ഇതൊരു കെ.ജി എസ് കവിതയായി മാറുന്നു. കന്യാകുമാരിയിലേക്കുള്ള യാത്രയിൽ കാത്തിരുന്ന് മല നോക്കി, ഇടത്ത് മലകണ്ടു, മടക്കത്തിൽ വലത്ത് മലകണ്ടു- എന്നിടത്തെത്തുമ്പോൾ കവിത ഏ.ആറിന്റെ മലയവിലാസത്തിന്റെ പുത്തനാഖ്യാനമായി മാറുന്നു. ഇതര കവികളുടെ കാവ്യസന്ദർഭങ്ങളിൽ നിന്നുള്ള സൂചനകൾ കെ.ജി. എസ് കവിതകളിൽ പുതിയൊരു ഭാവത്തോടെ അവതരിപ്പിക്കപ്പെടാറുണ്ട്. നേരിന്റെ കാവലായ ആ മലയെക്കുറിച്ചുള്ള തിരിച്ചറിവാണ് കവിത നിറയെ. 'കാണാതെ കടന്നുപോകിലും തിരിഞ്ഞുനോക്കുമ്പോൾ ഇടയനെപ്പോലെ കൂടെയുണ്ട് ആ വലിപ്പം. അതേ തെളിക്കൽ, പ്രിയം ആജ്ഞ.' ഒരേ പുതപ്പിൽ അനേകായുസിലെ മഴ, മഞ്ഞ്, ഉദിപ്പ്, നടപ്പ്, ഇരിപ്പ്, കത്തൽ, കെടൽ, ഉയിർപ്പുമറിയും മല; ആ ഗരിമയെപ്പറ്റി കവിക്കൊരു 'വചനം വയ്യ, ഭജനവും.' അറിഞ്ഞാലും ഇല്ലെങ്കിലും ആ മല അകം നിറഞ്ഞുണ്ട് എന്നാണ് കവിയുടെ കണ്ടെത്തൽ. നാഞ്ചിനാടൻ വിസ്തൃതിയെ അത് ഒരു നെന്മണിയോളം ചെറുതാക്കും പിന്നിട്ട വഴികൾ സ്വയമൊന്നിച്ചൊരു പത്മാസനത്തിലിരിക്കും. പോകേണ്ടവഴി ഒന്നിച്ചൊരു നീതിമുദ്രയുദിക്കുംപോലെ. എന്നിവിടെ ആത്മബോധത്തിന്റെ താപസചരിതങ്ങൾ മുദ്രകളായി വായനക്കാരന്റെ മനസ്സിൽ ഉദിക്കും. പേരില്ലാത്ത ഈ മല പതിയെപതിയെ സൂക്ഷ്മ ജന്മങ്ങളുടെ പച്ചിലനീരിൽ മൃതസജ്ഞീവനി ഒരുക്കിവയ്ക്കുന്ന മരുത്വമലയായി 'ഗുരുത്വാമല'യായി മാറുന്നുണ്ട് കവിതയിൽ. തളിരും കാതലും ഗുണവും ധ്യാനവും പൊരുളും വെളിവുമായി അത് പരിണമിക്കുന്നതിന്റെ സൂക്ഷ്മമായ കാഴ്ചകൾ കവി കാട്ടിത്തരുന്നു. ഇടനേര് നേരിന്റെ കാതലായും കാവലായും തിരിച്ചറിയുന്നിടത്താണ് കവിത അവസാനിക്കുന്നത്. ചുറ്റുപാടുമുള്ള സാധാരണ ദൃശ്യങ്ങളെയും അതിസാധാരണ വസ്തുക്കളെയും അർഥഗൗരവമുള്ള സമസ്യകളവതരിപ്പിക്കാനുള്ള പ്രതീകമായി മാറ്റുക ശങ്കരപ്പിള്ളയുടെ കവിതകളിൽക്കാണുന്ന പൊതുരീതിയാണ്. കിണർ, മരങ്ങൾ, അരഞ്ഞാണം, കുട, ചാരുകസേര, ഫോട്ടോ, കാക്ക, കോഴി, ചേര, കഴുത, കുതിര തുടങ്ങിയ കവിതകൾ ഉദാഹരണങ്ങളാണ്. 'മരുന്ന് വാഴും മല' മരുത്വാ മലയായും 'ഗുരുത്വാമലയായും' മാറുന്ന പരിണാമം ശ്രദ്ധേയമാണ്. സകല വേദവും ഭേദവും അവയിലെ കേന്ദ്രശൂന്യതയും വാക്യം വാക്യമായുദിച്ച വെളിവ്, മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന സഞ്ജീവനി, വാഴും 'ഗുരുത്വാമല.' പ്രളയത്തിൽ ആഴാതെ ചുഴലിയിൽ പാറാതെ. അത് അതായിത്തന്നെയിരിക്കുന്നു. ഈ നേരിനെ കവി നേരിന്റെ കാവൽ എന്ന് പേരിട്ടുവിളിക്കുന്നു. റവ. ഡോ. സുനിൽ ജോസ് cmi