''അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.
20 Dec 2023
ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാർത്തയായി ലോകത്തിലേക്കുവന്ന യേശുക്രിസ്തുവിന്റെ ജനനത്തെ സ്വർഗഭൂവാസികൾ സ്വീകരിച്ചത് വലിയ പ്രതീക്ഷയോടെയാണ്. ഇടയബാലന്മാരുടെ അടുത്തെത്തി ആദ്യം ഈ സന്തോഷവാർത്ത അറിയിക്കാൻ സ്വർഗം തീരുമാനിച്ചുവെങ്കിൽ ആ തീരുമാനത്തിന് ചെറുതാകലിന്റെയും ചേർത്തുനിർത്തലിന്റെയും അഴകും വിശുദ്ധിയും ഉണ്ടായിരുന്നു. ഈ വർഷത്തെ സിനഡ്, കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിതത്വവും പ്രധാന ചർച്ചയാക്കുമ്പോൾ കത്തോലിക്കാ സഭ മുഴുവൻ വലിയ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ല വാർത്തകൾക്കായി കാത്തിരിക്കുകയാണ്. കൂട്ടായ്മയിലാണ് സഭയുടെ വിശുദ്ധിയെന്നും ആ കൂട്ടായ്മയിൽ എല്ലാവരെയും ചേർത്ത് നിർത്തുന്നതാണ് ക്രിസ്തുവിന്റെ മുഖമെന്നും, ക്രിസ്തുവിന്റെ മുഖം ലോകത്തിനു മുഴുവൻ വെളിപ്പെടുന്നത് സഭയുടെ പ്രേഷിതപ്രവർത്തനത്തിലൂടെയാണെന്നും ആ പ്രേഷിതചൈതന്യം ഇന്ന് വ്യക്തികളിലും കുടുംബങ്ങളിലും ഇടവകകളിലും കൂട്ടായ്മകളിലും സഭാ നേതൃത്വത്തിലും പ്രകടമാകേണ്ടതാണെന്നും മനഃസാക്ഷിയുടെ ശബ്ദമായി നമ്മിലോരോരുത്തരിലും ക്രിസ്തു സംസാരിക്കുന്നുണ്ട്. ഫ്രാൻസീസ് പാപ്പ പറയുന്നതുപോലെ : ''പൂജരാജാക്കന്മാർ ആകാശത്ത് കണ്ട നക്ഷത്രത്താൽ നയിക്കപ്പെട്ട് ഒരുമിച്ച് യാത്രചെയ്തതുപോലെ, അവരെപ്പോലെ സ്വർഗം ലക്ഷ്യമാക്കിയുള്ള യാത്രയിൽ നമുക്കും ഒരുമിച്ച് യാത്ര തുടരാം. അവിടെയാണ് പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടാകുന്നത്.'' എല്ലാവരെയും ചേർത്തുനിർത്തി ഒരുമിച്ചിരുത്തി മുഖാഭിമുഖം കണ്ട് സംസാരിക്കാൻ ഫ്രാൻസീസ് പാപ്പ ഒരുക്കങ്ങൾ നടത്തുമ്പോൾ ക്രിസ്തുവിന്റെ മുഖമാണ്, യഥാർത്ഥ സഭാ കൂട്ടായ്മയാണ് ഇതിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുന്നത്. വിശ്വാസികളായ നമുക്കോരേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാർത്തയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.
എഡിറ്റർ ഇൻ ചാർജ്