പ്രായപൂർത്തിയാകാത്ത മൃഗസ്‌നേഹം
14 Jul 2023
വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്‌ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരുകേട്ട ആശുപത്രി ലക്ഷ്യമാക്കി പായുകയാണ്. നീണ്ട ദിവസങ്ങൾക്കുള്ളിലെ ചികിത്സയ്‌ക്കൊടുവിൽ പാമ്പുകടിയേറ്റ ബാലൻ ജീവിതത്തിലേക്ക് തിരിച്ചെത്തി മറ്റുകുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കൈയാല കല്ലുകൾക്കിടയിൽനിന്ന് അണലിയുടെ കുഞ്ഞിന്റെ കടിയേറ്റതാണ്. സ്വന്തക്കാരെയും ബന്ധുക്കാരെയും ദിവസങ്ങളോളം ആശങ്കയിലാഴ്ത്തിയ ഈ ഒരു സംഭവം എന്റെ ഓർമയിലേക്കെത്തിച്ചത് ഈയടുത്തകാലത്ത് ചുറ്റുവട്ടത്തും കണ്ടുകൊണ്ടിരിക്കുന്ന വന്യജീവിയാക്രമണങ്ങളുടെ വാർത്തകളാണ്.
പക്ഷിമൃഗങ്ങളും സസ്യലതാദികളും പൂക്കളും പുഴകളും നിറഞ്ഞ വർണശബളമായ ലോകമാണ് കുഞ്ഞുങ്ങളുടേത്. അതുകൊണ്ടുതന്നെയാണല്ലോ കിന്റർ ഗാർട്ടനുകളായാലും നഴ്‌സറികളായാലും കാട്ടുമൃഗങ്ങളുടെയും നാട്ടുമൃഗങ്ങളുടെയുമൊക്കെ രൂപങ്ങൾ നിറഞ്ഞവയാകുന്നത്. ബാലസാഹിത്യകൃതികളേറെയും പക്ഷിമൃഗാദികൾ കഥാപാത്രങ്ങളാവുന്നതും അതുകൊണ്ടുതന്നെയാണ്. ബാലവാടിയിലെ മൃഗരൂപങ്ങളും പ്രതിമകളും പാഠപുസ്തകത്തിലെ മൃഗരാജാക്കന്മാരും അവരുടെ ജന്തുലോകവും കുഞ്ഞുങ്ങൾക്ക് ആനന്ദദായകമാണ്. എന്നാൽ അവരുടെ ക്ലാസ്സ് റൂമിനു പുറത്ത് മൃഗരാജൻ സിംഹമായാലും കടുവയായാലും അത്തരം വന്യമൃഗങ്ങളെ തലോടാനോ അവയിലെ അപകടകാരികൾക്കിടയിലകപ്പെടാനോ നാം അനുവദിക്കാറില്ല. കുട്ടികൾക്കവ അപകടകാരികളാണെന്നറിയില്ലെങ്കിലും മുതിർന്നവർ അതറിഞ്ഞ് അപകടം ഒഴിവാക്കും.
സമകാലികമായ ആനയാക്രമണങ്ങൾ അരിക്കൊമ്പൻ, തെരുവുനായ ശല്യം, കടുവയാക്രമണം ഇവയെക്കുറിച്ചുള്ള വാർത്തകൾ നമ്മളെ സ്ഥിരമായി ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭരണാധികാരികളും നഴ്‌സറി ക്ലാസിലെന്നപോലെ ശീതികരിച്ച കെട്ടിട സമുച്ചയങ്ങളിലിരിക്കുന്ന മൃഗസ്‌നേഹികളും ഇപ്പോഴും കുട്ടിക്കാലം വിട്ടുമാറാത്തവരോ മാനസിക വളർച്ചയെത്താത്തവരോ തന്നെയാണ് എന്ന്. കാരണങ്ങൾ മാധ്യമവാർത്തകൾ ശ്രദ്ധിക്കുന്നവർക്കാർക്കുമറിവുള്ളവയാണ്.
കുട്ടിക്കാലത്തു വായിച്ച ഒരു ബാലപ്രസിദ്ധീകരണത്തിലെ 'മൃഗാധിപത്യം' വന്നാൽ എന്നതുപോലെ നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ സംഭവിച്ചുകാണുമ്പോൾ ആരാണ് 'ബുദ്ധിയുറയ്ക്കാത്ത മനുഷ്യ' രെന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. അരിയും ചക്കയും പോലുള്ള മനുഷ്യന്റെ ഭക്ഷ്യവിഭവങ്ങളുടെ മണവും രുചിയും തിരിച്ചറിഞ്ഞ കൊമ്പന്മാരും ചോര നീരാക്കി മലയോര കർഷകർ വിളയിച്ചെടുത്ത കപ്പയുടെയും ചേനയുടെയും വാഴക്കുലയുടെയും ഇതരവിളകളുടെയും രുചിപിടിച്ച കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളും സ്വന്തം അരുമകളെപ്പോലെ അന്നന്നത്തെയാവശ്യത്തിനായി വളർത്തുന്ന ആട്, കോഴി, പശു എന്നിവയുടെ രുചിയിഷ്ടമായ കടുവയും പുലിയുമടങ്ങിയ വന്യമൃഗങ്ങളും നാളെ മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞതിനാൽ വരുന്നതാണ്. മനുഷ്യരെ കൊന്നുതിന്നാലും സാരമില്ല, മിണ്ടാപ്രാണികളായതിനാൽ അവയുടെ വിശപ്പും ഇഷ്ടവും നാം കാണാതെ പോകരുത് എന്നുപറയുന്ന ഒരു നാൾ വൈകാതെവരുമെന്നു നാം ഭയപ്പെടേണ്ടിയിരിക്കുന്നു.
മൃഗങ്ങളും മനുഷ്യരും സസ്യലതാദികളും ചേരുന്ന ഈ ലോകത്ത് എല്ലാറ്റിനും അവയുടേതായ സ്ഥലം വേണമെന്നതിൽ ആർക്കും തർക്കമില്ല. ഇതിൽ ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമായി നാം നിലനിൽക്കുമ്പോൾ ഈ ഭൗമാവസ്ഥയിൽ അസന്തുലിതാവസ്ഥയുണ്ടാകുമെന്നും നമുക്കറിയം. ലോകത്തിലൊരുകൂട്ടർ പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും അപ്പസ്‌തോലന്മാരാകുമ്പോൾ മറ്റൊരു കൂട്ടം മനുഷ്യത്വസഹജമായ ജീവിതത്തിനുപോലും അനുവദിക്കാതെ വന്യമൃഗങ്ങൾക്കുപോലും ലഭ്യമാകുന്ന പരിഗണനയ്ക്കായി പരിഗണിക്കാതെ, സുരക്ഷിതകേന്ദ്രങ്ങളിലെ സമ്പന്ന, പ്രകൃതി, വന്യമൃഗസ്‌നേഹികൾ... വന്യമൃഗങ്ങൾക്കായ് ഫാൻസ്‌ക്ലബ് രൂപീകരിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്യുമ്പോൾ അരവയറന്നത്തിനിപ്പോഴും അന്യന്റെ ഔദാര്യം തേടുന്ന മനുഷ്യജന്മങ്ങൾ... വനമേഖലയിലെന്നല്ല, നാട്ടിൻപുറത്തും നഗരങ്ങളിലുമുണ്ടെന്നത് ആർക്കും അറിയാഞ്ഞിട്ടല്ല. റേറ്റിംഗ് കൂട്ടാൻമാത്രം ഇഷ്ടവിഷയമായി വാർത്താമാധ്യമങ്ങൾക്ക് 'അരിക്കൊമ്പൻ' പോലുള്ള വിഷയങ്ങൾ മാറുമ്പോൾ മനുഷ്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന എത്രയെത്ര വിഷയങ്ങളാണ് മാധ്യമങ്ങൾ സൗകര്യപൂർവം വിസ്മരിക്കുന്നതെന്ന ആക്ഷേപം ഉന്നയിക്കാതിരിക്കാനാവുമോ?
മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമൊരുക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ കർഷകർക്ക് പ്രത്യേകിച്ച് വനമേഖലയിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കാരുണികൻ ഈ വിഷയത്തെ അപഗ്രഥിക്കുകയാണ് ഈ ലക്കത്തിൽ.
വനസംരക്ഷണ നിയമത്തിലൂടെ വനങ്ങളും വന്യജീവികളും സംരക്ഷിക്കപ്പെടണമെന്നു പറയുന്നതിലെ കാര്യകാരണങ്ങൾ മുതൽ ദുരുപയോഗിക്കപ്പെടുന്നതോ കാലപ്പഴക്കം ചെന്നതോ ആയ ചില നിയമങ്ങളെക്കുറിച്ചും മറ്റുരാജ്യങ്ങൾ വന, വന്യജീവി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുമൊക്കെ വിഷയവിദഗ്ധൻ പ്രതിപാദിക്കുന്നുണ്ടിവിടെ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മുടെ വന-വന്യജീവി നിയമങ്ങളിൽ എന്തോ പന്തികേടുണ്ട്. അവ തിരുത്താനും വേണ്ട പരിഷ്‌കാരങ്ങൾ വിളംബംവിനാ നടപ്പിലാക്കാനും നമ്മുടെ ഭരണസംവിധാനങ്ങൾക്ക് നട്ടെല്ലുണ്ടാവട്ടെ. നഴ്‌സറികുട്ടികളിൽനിന്ന് പ്രായപൂർത്തിയായവരിലേക്ക് വളരട്ടെ, ഇവിടെയുള്ളവരുടെ മൃഗസ്‌നേഹം.