രക്തബന്ധം
14 Jul 2023
ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന്നതിനപ്പുറം ഗൗരവതരമായി തോന്നിയിരുന്നില്ല അന്നുവരെ ആ പതിനാറു വയസ്സുകാരന്! എന്നാൽ ആ നാളുകളിലെ ഒരു സായാഹ്നം അവന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. തന്റെ സുഹൃത്തിന്റെ അമ്മ കഠിനമായ രക്തസ്രാവത്തെത്തുടർന്ന് ഈ ലോകവാസം വെടിഞ്ഞു എന്ന വാർത്ത അവന്റെ ഉള്ളിലും രക്തം പൊടിയുന്ന ഒരു ഓർമയവശേഷിപ്പിച്ചു.
രക്തം വാർന്നുള്ള മരണങ്ങളെപ്പറ്റിയുള്ള വാർത്തകളൊക്കെതന്നെ ആ കൗമാരക്കാരന് അല്പംകൂടി 'മനസ്സിലായി' തുടങ്ങിയത് അന്നുമുതലായിരിക്കണം.
വേണ്ടസമയത്ത് ആശുപത്രിയിലെത്തിക്കാനാവാതെയും രക്തം വാർന്നുപോയും രക്തം ലഭ്യമാക്കാനാവാതെയുമൊക്കെ രോഗികൾ മരണപ്പെടുന്ന വാർത്തകൾ കൂടുതലായി കേട്ടുകൊണ്ടിരുന്ന ഒരു കാലം കടന്നുപോയി; അല്ലെങ്കിൽ നമ്മുടെ കഴിഞ്ഞ കാല ഓർമകളിൽ മാത്രമായി എന്നൊക്കെ ഒരു പക്ഷേ ആശ്വസിക്കാവുന്ന, അഭിമാനിക്കാവുന്ന പുരോഗതിയുടെ ഒരു വഴിത്താരയിലാണ് നമ്മുടെ സമൂഹം രക്തദാനമെന്ന മഹത്കർമത്തിലൂടെ എത്തിനിൽക്കുന്നത്.
ജൂൺ 14 ലോകരക്തദാനത്തെക്കുറിച്ചോർമിപ്പിക്കുമ്പോൾ നമ്മുടെ കുടുംബങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും രക്തം വാങ്ങിയും കൊടുത്തും 'മാനവികത'യിലേക്ക് രക്തബന്ധം സ്ഥാപിച്ചെടുത്തവർ ഉണ്ടാകും.
അവർക്ക് മനസ്സ് നിറഞ്ഞ ആദരം!
രക്തബന്ധത്തിന്റെ കാര്യം പറഞ്ഞുവന്നപ്പോഴാണ് ഒരു കുസൃതി ചിന്ത വീണ്ടുമുയർന്നുവന്നത്.
രക്തബന്ധത്തിന് Blood Relation എന്ന് അഭിമാനത്തോടെ പറയുന്നവർ Bloody Relation എന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്നു.
എന്തുകൊണ്ടായിരിക്കും ഇത്രയും വിലപ്പെട്ട ഒരു നാമപദത്തിന്റെ വിശേഷണരൂപം ഇത്രമേൽ ക്രൂരവും പരിഹാസ്യവുമായി മാറിയത്? നമ്മുടെ ശരീരയന്ത്രം ചലിപ്പിക്കാൻവേണ്ടി നമ്മിലൂടെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന രക്തമെന്ന ഈ ദ്രാവകത്തിന് സ്രഷ്ടാവ് എന്തുകൊണ്ടായിരിക്കണം എല്ലാ ജീവികളിലും എല്ലാത്തരം മനുഷ്യരിലും ഒരേ നിറം തന്നെ നൽകിയത്?
ഏതുമതക്കാരനായാലും ജാതിയിൽപ്പെട്ടവനായാലും ഏതു രാജ്യക്കാരനായാലും ഭാഷക്കാരനായാലും എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണ് എന്നതാണല്ലോ എല്ലാ സമത്വചിന്തകൾക്കും നമ്മൾ കണ്ടെത്തുന്ന അടിസ്ഥാനയുക്തി.
ഈ ചുവപ്പുതന്നെയാണ് നിറങ്ങളുടെ ലോകത്ത് മനുഷ്യന്റെ സ്നേഹഭാവത്തിനും ചാർത്തിക്കൊ ടുക്കപ്പെട്ടിരിക്കുന്നത്- എന്നാൽ ആലങ്കാരികമായി പറയുന്നത് പോലെ തന്നെ രക്തചിത്രത്തിന്റെ നേരിയ വീക്ഷണ വ്യതിയാനം പോലും അതിനെ അപകടസൂചകമാക്കുന്നുമുണ്ട്. വളരെ ഭദ്രമായി സൂക്ഷിക്കുന്ന ഒരു ബാഗിലെ രക്തം കാണുമ്പോൾ ഉള്ള മനോവികാരമായിരിക്കില്ല രക്തം ചിതറികിടക്കുന്ന ഒരു രംഗം കാണുമ്പോൾ നമ്മിൽ ഉണ്ടാവുന്നത്.
ഒരു തുള്ളി രക്തത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രംപോലും ഭയാനകവും വേദനാജനകവും ആയി മാറുന്നതിന്റെ അതിർവരമ്പ് വളരെ നേർത്തതായതുകൊണ്ടാണല്ലോ ശരീരത്തിനുള്ളിൽ മാത്രം നാം തട വിലാക്കിയിടാനാഗ്രഹിക്കുന്ന ഈ അമൂല്യദ്രാവകം എവിടെയെങ്കിലും ഏതെങ്കിലുംവഴി ഒന്നു പൊടി ഞ്ഞാൽ 'അയ്യോ ചോര' എന്ന് നാം പരിഭ്രമിക്കുന്നത്.
ഇതേ ചോരതന്നെയാണല്ലോ മാസംതോറും ഒരു സ്ത്രീജന്മത്തെ അശുദ്ധമാക്കുന്നതായി ചില മതവിശ്വാസങ്ങൾ വിലയിരുത്തുന്നതും! ചുരുക്കിപ്പറഞ്ഞാൽ രക്തംപോലെ ജീവന് ഇത്രമാത്രം അമൂല്യമായ ഒരു ദ്രാവകമില്ല. രക്തമില്ലാതൊരു ജീവനും നിലനിൽപ്പില്ല എങ്കിലും ഈ രക്തത്തിന്റെ പ്രാധാന്യം നാം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ?
രക്തത്തിന്റെ പ്രാധാന്യവും രക്തം ലഭ്യമാക്കേണ്ടി വരുന്ന സാഹചര്യങ്ങളും അത് ലഭ്യമല്ലാത്ത സന്ദർഭങ്ങളുമൊക്കെ നമ്മുടെ വിചാരമേഖലകളിലൂടെ ഒന്നു കടത്തിവിടാൻ ശ്രമിക്കുകയാണ് കാരുണികൻ ഈ ലക്കം. രക്തസാക്ഷരതയെന്ന സുസ്ഥിതിയിലേക്ക് നമ്മുടെ നാടിനെ ഉയർത്തുന്നതിൽ നാഴികക്കല്ലായ സംഭവങ്ങളെ, വ്യക്തികളെ പരിചയപ്പെടുത്തുകയാണിവിടെ. ഒപ്പം രക്തം വാർന്നുപോകുന്നവരുടെ രക്തം ഊറ്റിക്കുടിച്ച് ജീവിക്കുന്ന ചില ദുഷ്ടശക്തികൾക്കെതിരെ ജാഗ്രത പാലിക്കാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നമ്മുടെ നാട് ഉണർന്നതിന്റെ ചരിത്രം ചികയുന്നുമുണ്ട് ഇതിലെ താളുകൾ .
നമുക്ക് രക്തം നൽകി Blood Relation സ്ഥാപിക്കാം;
Bloody Relations എല്ലാം അവിടെ തകരട്ടെ !
ഓർക്കുക: Your Blood is replacable ; A Life is not !