തണൽമരങ്ങളാകാം

19 May 2023

തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ) വൈദികൻ ആ വീട്ടിലേക്കും മുൻകൂട്ടി വിളിച്ചുപറഞ്ഞിട്ട് ചെല്ലുന്നത്. വീടിനകലെ എത്തിയപ്പോൾത്തന്നെ ഓടിക്കളിക്കുന്ന കുട്ടികളുടെ ബഹളം കേൾക്കാനായി. ഒന്നും ഒന്നരയും വയസ്സു വ്യത്യാസത്തിൽ നാലു കുട്ടികൾ. വൈദികൻ എത്തിയതേ ഗൃഹനാഥൻ വാതിൽ തുറന്നു. ഒപ്പം ഗൃഹനാഥയും. കാഴ്ചയിൽ രണ്ടുപേരും വാർധക്യത്തിലേക്ക് കടന്നവർ. വൈദികൻ കുട്ടികളെയും ഗൃഹനാഥരെയും തന്ത്രപൂർവം മാറി മാറി നോക്കി. അദ്ദേഹത്തിന് ഒന്നും പിടികിട്ടുന്നില്ല. ഒടുവിൽ രണ്ടുംകല്പിച്ച് ഗൃഹനാഥനോടായി ചോദിച്ചു: ''പേരക്കുട്ടികൾ ഉള്ളതുകൊണ്ട് വീട്ടിൽ ഒരു ഒച്ചയനക്കം ഒക്കെയുണ്ടല്ലെ?'' ഗൃഹനാഥയാണ് മറുപടി പറഞ്ഞത്. ''അതെയച്ചോ? അവരിൽ ഒരാൾ മാത്രമാണ് പേരക്കുട്ടി. അവൻ തനിച്ചായതിനാൽ ഇവരുടെയടുക്കലേക്ക് ഇടയ്ക്ക് കൊണ്ടുവന്നുവിടും. രണ്ടുകൂട്ടരും ഹാപ്പി.'' അപ്പോൾ മറ്റു മൂന്നുപേർ. അച്ചന് ആകാംക്ഷയായി. ''അവരുടേത് ഒരു നീണ്ട കഥയാണ്.'' കുട്ടി ഉണ്ടായശേഷം നോക്കാൻ കുഞ്ഞിനെ താല്പര്യമില്ലാതെ ഇരുപത്തിനാലുമണിക്കൂറും മയക്കുമരുന്നിനടിമയായിക്കഴിഞ്ഞിരുന്നതിനാൽ ശിശുക്ഷേമ വകുപ്പ് സംരക്ഷകരെയന്വേഷിച്ചപ്പോൾ എല്ലാ എഴുത്തുകുത്തുകളും നിർവഹിച്ച് ഞങ്ങൾ സ്വന്തംപോലെ സ്വീകരിച്ച് വളർത്തിക്കൊണ്ടുവന്നവർ. രണ്ടാമന്റെ അമ്മയെക്കുറിച്ച് ഇപ്പോഴും ഞങ്ങളെ അറിയിച്ചിട്ടില്ല. നിശ്ചിതവർഷങ്ങൾക്കുശേഷം അവർക്ക് കണ്ടുമുട്ടാൻ അവസരം ലഭിക്കുമെന്നാണ് വകുപ്പധികാരികൾ അറിയിച്ചത്. അവരിൽ മൂന്നാമന്റെ അമ്മയ്ക്ക് മൂന്ന് വ്യത്യസ്തപുരുഷന്മാരിലുണ്ടായ മക്കളിലൊരുവനാണ്. അവന്റെ അമ്മയും അമിതമായ ലഹരി ഉപയോഗംമൂലം മരണപ്പെടുകയായിരുന്നു. ഇങ്ങനെയൊക്കെയുള്ള സ്ഥലമുണ്ടോ എന്ന് വിശ്വസിക്കാനാവാത്തവണ്ണം നില്ക്കുമ്പോഴാണ് അവർ പറയുന്നത്: ''അച്ചാ, ഇതുപോലെ എത്രയെത്ര കേസുകളാണ് ഇവിടെ യൂറോപ്പിൽ കാണുന്നതെന്നോ?'' പരുന്തും എറിയനും റാഞ്ചാതെ കുഞ്ഞുങ്ങൾ ചിറകിൻ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു ചിത്രമാണ് ഈ കുടുംബത്തെക്കുറിച്ച് മനസ്സിലേക്ക് തെളിയുന്നത്. ഒരുവശത്ത് സ്വന്തമല്ലാതിരുന്നിട്ടും സ്വന്തം കണക്കെ സംരക്ഷിക്കുന്ന അനുഗൃഹീത കുടുംബങ്ങൾ. മറുവശത്ത് - ധാർമികതയുടെയും ആത്മീയതയുടെയും അടച്ചുറപ്പില്ലാത്ത വീട്ടിൽ ലഹരിയും ചൂഷണവും അനാഥത്വവും താണ്ഡവമാടിയ, കുടുംബങ്ങളെന്നപേര് വിളിക്കാനാവാത്ത മനുഷ്യസഹവാസകേന്ദ്രങ്ങൾ. ആയിരക്കണക്കിനു വർഷങ്ങളിലെ അനുഭവത്തിലൂടെ മനുഷ്യസമൂഹം ആർജിച്ചെടുത്തതും രൂപാന്തരപ്പെട്ടുവന്നതുമായ എല്ലാ സ്ഥാപനങ്ങളുടെയും സാമൂഹിക നന്മകളുടെയും ഊരിമാറ്റലോ, പ്രാകൃത മനുഷ്യനിലേക്കുള്ള പിന്തിരിഞ്ഞുപോകലോ എന്ന് അതിശയോക്തി തോന്നാത്തവണ്ണം തോന്നിപ്പിക്കുന്ന നാട്ടുനടപ്പുകളും സംഭവങ്ങളും വിദേശരാജ്യങ്ങളിൽ മാത്രമല്ല നമ്മുടെ ഈ കൊച്ചുകേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണെന്ന് സമകാലിക സംഭവങ്ങൾ പലതും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുടുംബം എന്ന അടിസ്ഥാന മനുഷ്യസമൂഹത്തിൽ ഓരോ റോളുകൾ കുറഞ്ഞുവരികയാണ്. മുത്തശ്ശി എന്നിവരുടെ റോൾ പല കുടുംബങ്ങളിലുംനിന്ന് അടർത്തി 'വയോജനകേന്ദ്രങ്ങളി' ലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. അതുപോലെതന്നെയാണ് ഒട്ടും ചെറുതല്ലാത്ത രീതിയിൽ ഭാര്യയെ അടർത്തിമാറ്റുന്ന ഭർത്താക്കന്മാർ, ഭർതൃപദം അടർത്തിമാറ്റുന്ന ഭാര്യമാർ, കുഞ്ഞുങ്ങളെ തന്നെ കൈയൊഴിഞ്ഞ അച്ഛൻ/അമ്മ എന്നീ സമകാലിക പ്രവണതകളും. ആത്മീയ മൂല്യങ്ങളും ധാർമിക ചിന്തകളും നിറഞ്ഞുനിന്ന കുടുംബാംഗങ്ങളിൽനിന്ന് ഇത്തരം കാര്യങ്ങളിൽ ശോഷണംവന്നതോടെ കുടുംബമെന്ന സങ്കല്പത്തിലും വലിയതോതിലുള്ള അപചയങ്ങൾ സംഭവിക്കുകയാണ്. പ്രായപൂർത്തിയാകുംവരെയുള്ള കാലഘട്ടംവരെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തിന്റെ പങ്ക് ഒറ്റയായും ഒരുമിച്ചും നല്കപ്പെടേണ്ട മനുഷ്യജന്മത്തിനത് നിഷേധിക്കുമ്പോൾ ദൈവം മാതാപിതാക്കളെന്ന രണ്ടുപേരിൽ നിക്ഷേപിച്ച ഉത്തരവാദിത്വപൂർണമായ മാതൃത്വ-പിതൃത്വ ധർമങ്ങളിൽനിന്ന് ഒളിച്ചോടുകയാണ്. മാതാപിതാക്കളാൽ സംരക്ഷിക്കപ്പെടേണ്ട പ്രായത്തിൽ അതിന്റെയഭാവം മൂലമുണ്ടാകുന്ന പുഴുക്കുത്തേറ്റ് വാടുന്ന എത്രയെത്ര മനുഷ്യക്കുരുന്നുകളാണ് നമുക്കുചുറ്റും. നശിപ്പിക്കപ്പെടുന്ന, ബാല്യങ്ങളിലേറെയും സമൂഹത്തിനുതന്നെ നാശം വിതക്കുന്നവരായി മാറുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ശിഖരങ്ങൾ നാനാദിശകളിലേക്ക് കൈയെത്തിപ്പിടിക്കാൻ വെമ്പുമ്പോൾ അവയെയെല്ലാം ചേർത്തുപിടിക്കുന്ന ഉറപ്പുള്ള വേരുപോലെ ഓരോ കുടുംബവും നിന്നാൽ അത്തരം കുടുംബങ്ങൾ സമൂഹത്തിനും തണൽമരങ്ങളാകും. അകാലത്തിൽ കടപുഴകുന്ന പാഴ്മരങ്ങൾകൊണ്ട് നമ്മുടെ തലമുറനിറയാതിരിക്കാൻ ചില കരുതലുകൾ നിർദേശിക്കുകയാണ് ഈ ലക്കം കാരുണികൻ. ഇതുവരെയുണ്ടായിരുന്ന കുടുംബസങ്കല്പങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും മെച്ചപ്പെട്ട കൂടുതൽ സങ്കല്പങ്ങൾക്കായുള്ള മാർഗനിർദേശങ്ങളും ചേർത്ത് കുടുംബം ഇമ്പമുള്ളതാക്കാൻ വേണ്ടത്ര കാര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും അവരുടെ കുടുംബത്തിലും ഓരോ കുടുംബവും അവരുടെ സമൂഹത്തിലും തണൽമരവമാവട്ടെ! മിഖാസ് കൂട്ടുങ്കൽ ചീഫ് എഡിറ്റർ