പുതിയ ഭക്ഷണശാലകളും പഴകിയ ഭക്ഷണപദാർഥങ്ങളും

21 Mar 2023

മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം കേരളത്തിലെ ഹൈവേയിലൂടെ തന്നെയാണ് ഈ യാത്ര. വിശപ്പിന്റെ നേരം ഒരു ആശ്വാസ ത്തിനായി ചുറ്റും കടകൾ അന്വേഷിച്ചു ഓരോരുത്തരും. ഭക്ഷണം റെഡി എന്ന ബോർഡുമായി കാറ്റും പൊടിയും വെയിലും ഏറ്റു നിൽക്കുന്നവർ, കൃത്രിമ കൈവീശി യാത്രക്കാരെ ആകർഷിക്കുന്ന ഹോട്ട ലുകൾ, കണ്ടാൽ വലുതല്ലെങ്കിലും ആളുകൾ വന്നു പോയിരിക്കുന്ന തട്ടുകടകൾ ഇങ്ങനെ വ്യത്യസ്തതരം ഭക്ഷണശാലകളിൽ ഏതു തിരഞ്ഞെടുക്കണമെന്ന് സംശയമായി അവർക്ക്. കാണാൻ നല്ല ഭംഗി തോന്നും വിധം പുതുതായി പണിതുയർത്തപ്പെട്ടതെന്ന് തോന്നിക്കുന്ന വിശാല പാർക്കിങ്ങോടുകൂടിയ ഒരു ഹോട്ടലി ന്റെ നേർക്ക് കൊച്ചു മക്കൾ കൈ ചൂണ്ടി. ഷവർമ, അൽഫാം തുടങ്ങിയ ഭക്ഷണ സാധനങ്ങൾ അടുത്തിടെ മനുഷ്യമനസ്സുകളിൽ മോശമായി പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ മുതിർന്നവർ ആരും അവിടേക്ക് കയ റാൻ തയ്യാറായില്ല. വാഹനം വീണ്ടും മുന്നോട്ട് നീങ്ങി. ഒടുവിൽ കഷ്ടിച്ച് നാലുപേർ മാത്രം ഇരിക്കാൻ സാ ധിക്കുന്ന ഓലമേഞ്ഞ ചായക്കടയുടെ അരികിൽ വാഹനം നിർത്തി. കാണാൻ ഭംഗിയില്ലെങ്കിലും തൊട്ടു പിറകിലുള്ള പറമ്പിൽ നിന്ന് ശേഖരിച്ച അവരുടെ വാഴയിലയിൽ വിളമ്പുന്ന ചുറ്റുവട്ടത്തുള്ള കൃഷി തോട്ട ങ്ങളിൽ നിന്ന് സ്വീകരിച്ച പച്ചക്കറികൾ ചേർത്ത സുഭിക്ഷമായ ഒരു ശാപ്പാട്. കൊച്ചുമക്കൾക്കുപോലും എ തിര് പറയാൻ ആകുമായിരുന്നില്ല. കാഴ്ചയിൽ പഴമ തോന്നിച്ചെങ്കിലും ഒട്ടുംപഴകാത്ത പുത്തൻ ഭക്ഷണം മാത്രം വിളമ്പിയ ഭക്ഷണ ശാലയും കാഴ്ചയിൽ പുതുമയും വലുപ്പവും ആർഭാടവും തോന്നിപ്പിച്ചതെങ്കിലും പഴകിയതും ദൂരെ നി ന്നും എത്തിക്കുന്നതുമായ ഭക്ഷണശാലയും മലയാളികളുടെ മാറുന്ന ഭക്ഷണശീലത്തിന്റെ രണ്ടു സൂചിക ചിത്രങ്ങളാണ്. പഞ്ഞം കിടക്കാതിരിക്കാൻ പാടവും പറമ്പും എത്രയുണ്ട് എന്ന ചോദ്യം കല്യാണാലോചന മുഹൂർത്ത ത്തിൽ ഉള്ളിൽ ഉയർന്നിരുന്ന ഒരു കാലത്തു നിന്നും ജോലിയും വിദ്യാഭ്യാസവും ( കൈമുതലും) എത്ര യെന്ന അന്വേഷണത്തിലേക്ക് കാലം മാറിയതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല. കൃഷിയും പാടവും ബാധ്യത യായി. ഒരു കാലത്ത് സ്വന്തം പാടത്തെയും പറമ്പിലെയും വിഭവങ്ങൾ മാത്രം കഴിച്ച് ആരോഗ്യം നിലനിർ ത്താം എന്ന ചിന്തയേക്കാൾ ആയുസ്സ് എത്ര കുറഞ്ഞാലും സ്വാദിഷ്ടവും വ്യത്യസ്തവുമായ വിഭ വങ്ങൾ കഴിക്കുക എന്ന ചിന്തയിലേക്ക് മാറിയിരിക്കുന്നു മലയാളികളിൽ ഏറെ പേരും. ഇനി ആരോഗ്യ കരമായ ഭക്ഷണ രീതികളിലേക്ക് ശ്രദ്ധിക്കുന്നവർ ഉണ്ടെങ്കിൽ അവരെയും കബളിപ്പിക്കാൻ നാടുനീളെ 'അമ്മച്ചി മാരുടെ അടുക്കള', 'വീട്ടിലെ ഊണ് ' തുടങ്ങിയ ബോർഡുകൾ തൂങ്ങുന്ന ഭക്ഷണശാലകളും ഉണ്ട്. വിശന്നു കഴിഞ്ഞാൽ പിന്നെ കണ്ണു കാണില്ല എന്ന് പറയുന്ന ഒരു മനുഷ്യന്റെ നിസ്സഹായതയുടെ ഈ നിമിഷങ്ങളെ വിശപ്പിന്റെ നിമിഷങ്ങളെ വിറ്റ് കാശാക്കുന്ന ഭക്ഷണശാലയുടമകളുടെയും മത്സ്യ-മാംസാദി വിൽപ്പനക്കാരുടെയും വൻകിട കാർഷികോൽപാദകരുടെയും കണ്ണ് വീർക്കുന്ന കീശയിലേക്കുമാത്രം തിരിക്കുമ്പോഴാണ് ഭക്ഷ്യവിഭവങ്ങളിൽ വിഷം കലർന്നുതുടങ്ങുന്നത്. പാടത്തും പറമ്പിലുംനിന്ന് മേശയോളമെത്തുന്നതിനിടയിൽ കലരുന്നവിഷം അതിനിടയിൽ ഉൾപ്പെടുന്ന ഓരോരുത്തരുടെയും ആർത്തിയോളം കൊടിയതാണ്. ലാഭക്കൊതിയോടെ ഭക്ഷ്യോത്പന്നങ്ങൾ കൊടുംകീടനാശിനികളിൽ വിളയിച്ചെടുക്കുന്ന കർഷകനും കേടായതും പഴകിയതും അനാരോഗ്യകരങ്ങളാൽ മൃതപ്പെട്ടതുമായ മത്സ്യ മാംസാദികളെ ഭക്ഷണശാലകളിലെത്തിക്കുന്ന വ്യാപാരികളും കറിപ്പൊടികളിലും സുഗന്ധവ്യജ്ഞനങ്ങളിലും അനാരോഗ്യകരമായ രീതിയിൽ മായം ചേർക്കുന്ന കറിപ്പൊടി മുതലാളിമാർ രുചിക്കും കാഴ്ചക്കുംവേണ്ടി അനധികൃതമായ തോതിൽ രാസപദാർഥങ്ങൾ ചേർക്കുന്ന പാചകക്കാരും പഴക്കവും കേടാവലും പരിഗണിക്കാതെ ഭക്ഷ്യവസ്തുക്കൾ ഭക്ഷണമേശയിലേക്ക് എത്തിക്കുന്ന ഭക്ഷണശാലകളുമെല്ലാം മനുഷ്യനെ വിഷമവൃത്തത്തിലാക്കുകയാണ്. ഇവരുടെയെല്ലാംമേൽ പരിശോധനകൾ കൃത്യമായി നിർവഹിക്കപ്പെടുന്നുണ്ടെന്നും അങ്ങനെ ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങൾ മാത്രമാണ് നമുക്ക് ലഭിക്കുന്നതെന്നുമുള്ള വിശ്വാസത്തിലാണ് നാം കഴിഞ്ഞിരുന്നതെങ്കിൽ നമുക്കുതെറ്റിയെന്ന് തെളിയിക്കുന്നതാണ് കുറെ വർഷങ്ങളായി കേരളത്തിൽ സംഭവിക്കുന്ന ഭക്ഷ്യവിഷബാധകളും വർധിക്കുന്ന ചില മാരകരോഗങ്ങളും. ഒരു രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ആയുസ്സും സംരക്ഷിക്കേണ്ട ഭരണകൂടങ്ങൾ പൗരരുടെ ഇത്തരത്തിലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് പരിശോധിക്കുന്നതാണ് ഈ ലക്കത്തിലെ ഒരു ലേഖനം. വിഷലിപ്തമായ ഭക്ഷണം വരുത്തിവയ്ക്കുന്ന വീഴ്ചകൾ ചർച്ചാവിഷയമാക്കുന്നതോടൊപ്പം വിഷലിപ്ത ഭക്ഷണം അല്ലെങ്കിൽ മായം കലർന്ന ഭക്ഷണം ദൈവികനിയമത്തിന്റെ പരിഗണനയിൽ വരുന്നതെങ്ങനെ എന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ സംവിധാനത്തിലെ വീഴ്ചകളും മറ്റും പ്രതിപാദിക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യത്യസ്ത മേഖലയിലുള്ളവരുടെ അഭിപ്രായവും ആരായുന്നുണ്ട് ഈ ലക്കം. ഒപ്പം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളും സൂചിപ്പിക്കപ്പെടുന്നുണ്ട്. ആരോഗ്യം നിറഞ്ഞ ഒരു സമൂഹമാവട്ടെ നമ്മുടെ സ്വപ്നം. ചീഫ് എഡിറ്റർ മിഖാസ് കൂട്ടുങ്കൽ