വാലുള്ള നരവംശം

22 Feb 2023

പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോലി ആരൊക്കെയോ ആ ജീവിക്കുമേൽ ചാർത്തിക്കൊടുത്തതിനാൽ പ്രത്യേകിച്ചും! ശത്രുക്കളുടെ ആക്രമണങ്ങളിൽ മിക്കപ്പോഴും അത് രക്ഷപെടുന്നത് സ്വന്തം വാൽ നഷ്ടമാക്കിക്കൊണ്ടാണ്. കുറേ വർഷങ്ങൾക്കുമുമ്പാണ്. വളരെ കഴിവുകളുണ്ടായിരുന്ന ഒരു കലാകാരൻ. താഴ്ന്ന ജാതിയിൽപെട്ടവനെന്ന നിലയിൽ അവൻ വളർന്ന കുഗ്രാമത്തിൽ അവനെന്നും 'കോരന്റെ' മകനെന്നേ വിളിക്കപ്പെട്ടിരുന്നുള്ളൂ. അങ്ങനെയിരിക്കേയാണ് പുറത്തും ഒരു ലോകമുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞത്. സ്വന്ത ജാതിയിൽനിന്നും കൈപ്പറ്റിയ ജാതിപ്പേരിന്റെ വാലും ഉപേക്ഷിച്ച് നിറവും മണവും ഗൗനിക്കാത്ത സമന്മാരുടെ അക്ഷരലോകത്തിലേക്ക് അവൻ താൻ സ്വയം തിരഞ്ഞെടുത്ത തൂലികാനാമവുമായി പുനർജനിച്ചു. അവന്റെ അക്ഷരക്കൂട്ടുകൾ അനേകരുടെ ആസ്വാദക മനസ്സുകളിൽ വിരുന്നായി. ആരും ജാതി അന്വേഷിക്കാത്തത്ര ഉയരത്തിൽ അവനിന്ന് അനേകർക്ക് 'സാർ' ആണ്. വാലുപേക്ഷിക്കലിന്റെ നൂറ് നൂറ് ഉദാഹരണങ്ങൾ വീട്ടുമുറ്റത്തുതന്നെ നമുക്കു പരിചയമുണ്ടാവാം. ശാരീരികമായ പ്രത്യേകതകൾകൊണ്ട് 'വാലുപേക്ഷിച്ച വാനരക്കൂട്ട' മെന്ന് മനുഷ്യരെ വിളിക്കാമെങ്കിലും മാനസികാവസ്ഥകൊണ്ട് ജാതി ചിന്തയുടെ വാൽ നഷ്ടപ്പെടാത്ത ഒരു കൂട്ടരായി ഇനിയും മനുഷ്യരെന്ന സമജീവിഘടനയിലേക്ക് എത്തപ്പെടാത്ത 'ഒരു കൂട്ടം ജന്തുവർഗം' മനുഷ്യർക്കിടയിലിപ്പോഴുമുണ്ട്. അത്തരക്കാർ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യത്ത് ഞാനും നീയും എന്തുപറയുമ്പോഴും നിങ്ങൾക്കെന്താണ് ഇത് പറയാൻ അവകാശം?'' എന്ന ഒരു ചോദ്യം നമ്മൾ നേരിടുന്നുണ്ട്. നമുക്കുപുറത്തുനിൽക്കുന്നൊരു ലോകത്തെപ്പറ്റി നമ്മൾ എത്ര പറഞ്ഞാലും അതിന് പരിമിതികളുണ്ട്. ചുറ്റുമുള്ള ആവാസവ്യവസ്ഥക്ക് കോട്ടമൊന്നും വരാതെ ഏത് അപരിഷ്‌കൃത ജനസമൂഹത്തെയും സംരക്ഷിക്കാനും മനുഷ്യോചിതമായി അവർക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാനും തയ്യാറാകേണ്ടവരാണ് പരിഷ്‌കൃതരാജ്യഭരണകൂടങ്ങൾ. ഒരു രാജ്യം അവിടെയുള്ള ഏറ്റവും ദരിദ്രന്റെയും താഴ്ന്നവന്റെയും കൂടിയാകുമ്പോഴാണ് ആ രാജ്യം സമത്വസുന്ദരരാജ്യമാകുന്നത്. വർണാധിഷ്ഠിതമായ സാമൂഹികതരംതിരിവുകളിൽ ഉള്ളുറച്ചിരിക്കുന്ന രാഷ്ട്രീയ ഉടയോർപാർട്ടികൾ തങ്ങളുടെ അനുസരണയുള്ള രാഷ്ട്രീയാടിയാന്മാരെ അലങ്കാരവസ്ത്രങ്ങളുടുപ്പിച്ച് അധികാരക്കസേരകളിലിരുത്തി തങ്ങൾക്കാവശ്യമുള്ള ജോലി ചെയ്യിക്കുന്ന ഒരു നവീനസമ്പ്രദായം നമ്മുടെ രാജ്യത്ത് ഉടലെടുത്തിട്ടുണ്ടെന്ന് ചില സമീപകാലസംഭവങ്ങൾ കണ്ടാൽ ആർക്കും തോന്നിപ്പോകാം. വളച്ചുകെട്ടലുകളൊന്നും നടത്തുന്നില്ല. പിന്നോക്കം നിൽക്കുന്ന സമൂഹത്തിൽനിന്നൊരു സ്ത്രീ- ശ്രീമതി ദ്രൗപതി മുർമു - ഭാരത പ്രഥമ പൗരസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുമ്പോൾ സ്വതന്ത്രഭാരതത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കിടയിൽ നമുക്കോരോരുത്തർക്കും അഭിമാനം തോന്നണം... ഈ രാജ്യത്ത് ഏതൊരു പ്രജയ്ക്കും രാഷ്ട്രത്തലവനായി/രാഷ്ട്രത്തലവയായി വരാൻമാത്രം അവിടുത്തെ സമൂഹം വളർന്നുവല്ലോ എന്നതിൽ. സത്യമാണ് നമുക്കോരോരുത്തർക്കും അഭിമാനമുണ്ട്, ഇനിയും അഭിമാനിക്കത്തക്ക ഒരു ജീവിതസാഹചര്യങ്ങളും ലഭ്യമാകാത്ത പിന്നാക്ക-ആദിവാസി സമൂഹങ്ങൾക്ക് അഭിമാനിക്കത്തക്ക നേട്ടമുണ്ടാകുമ്പോൾ, എന്നാൽ ചോദ്യമിതാണ്- ഒരു നേതാവ് താഴ്ന്ന സമൂഹത്തിൽനിന്നുയർന്നുവരുമ്പോൾ ആ സമൂഹത്തിന് ഉയർച്ച ഉണ്ടാകുന്നുണ്ടോ? ആ സമൂഹം മുഴുവൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഇന്ത്യയിൽ പരിഹരിക്കപ്പെടുന്നുണ്ടോ? ഭരണഘടനയനുശാസിക്കുന്ന സമത്വം ഇവിടെ പൂത്തുല്ലസിക്കുന്നുണ്ടോ? കാരുണികൻ ഈ ലക്കത്തിൽ പരിശോധന വിഷയമാക്കുന്നു ഈ വിഷയത്തെ. മുന്നാക്ക-പിന്നാക്ക സമത്വത്തിന് ഇന്ത്യൻ ഭരണഘടനയിൽ എങ്ങനെ ഇത്ര പരിഗണനയും പ്രാധാന്യവുമുണ്ടായി? ഭരണഘടന പൗരസമത്വം ഉറപ്പാക്കാൻവേണ്ടി എന്തൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നു? ഇവയുടെ പരിശോധനയാണ് കവര്‍‌സ്റ്റോറിയിലെ രണ്ടു ലേഖനങ്ങൾ. രാഷ്ട്രത്തിൽ, സഭയിൽ മുന്നാക്ക-പിന്നാക്ക വിവേചനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടോ എന്ന പരിശോധനയാണ് മറ്റു രണ്ടുലേഖനങ്ങൾ. ഈ വിഷയത്തിലെ കാലികമായ സംഭവങ്ങളിലേക്കുള്ള വെളിച്ചം വീശലാണ് ഈ ലക്കം ജേർണലിസ്റ്റിക് ഫീച്ചർ. താഴ്ന്നവനെന്ന അപകർഷതയോ ഉയർന്നവനെന്ന മേധാവിത്വചിന്ത ഇല്ലാതെ ''മാലോകരെല്ലാരുമൊന്നുപോലെ എന്നു പാടിയ ഒരു ഓണത്തിന്റെ ആഘോഷ നാളുകളാണ് കടന്നുപോയത്. രാഷ്ട്രീയക്കളിക്കാരുടെ കളിക്കളത്തിലെ കുരുക്കളായല്ലാതെ സമത്വസുന്ദരമായ 'ഒരുമയുടെ ഒരോണം' എന്നാണ് എല്ലാ ഭാരതീയർക്കും ഉണ്ടാവുക? അതുണ്ടാവട്ടെ എന്നതാവട്ടെ നമ്മുടെ ഉള്ളിലെ ആശംസ! മിഖാസ് കൂട്ടുങ്കൽ ചീഫ് എഡിറ്റർ