ഇനി കറയല്ല; കുറിയാണ്

15 Feb 2023

യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും ചെലവഴിച്ചു ഏതാനും ദിവസം. വൈദികന്റെ താമസസ്ഥലത്തുനിന്നും ഓസ്ട്രിയയിലേക്ക് വളരെ കുറച്ചുദൂരമേ ഉള്ളൂവെന്നതിനാൽ ആദ്യദിവസത്തെ യാത്ര ഓസ്ട്രിയൻ ദിക്കിലേക്ക് തന്നെയാക്കാം എന്നായി തീരുമാനം. ഈ ദിശയിലേക്ക് യാത്ര ചെയ്യുമ്പോൾ രണ്ടു സ്ഥലങ്ങളാണവർക്കുമുമ്പിലുണ്ടായിരുന്നത്. ജർമ്മനിയെന്ന് പറയുമ്പോൾതന്നെ ഓർമയിലെത്തുന്ന രണ്ടുപേരുകളാൽ ഈ സ്ഥലങ്ങൾ ശ്രദ്ധേയമാണ്. ഈ രണ്ടു സ്ഥലങ്ങളും ഇപ്പറഞ്ഞവരുടെ ജന്മസ്ഥലങ്ങളാണ്. ഒരാൾ ജനിച്ചിടത്തിനുമുമ്പിൽ മറക്കപ്പെടാത്തൊരു മുറിവിന്റെ ഓർമപ്പെടുത്തൽ ശിലയും പിന്നിലൊരു പഴഞ്ചൻ കെട്ടിടവും. അധ്യാപകവൈദികന്റെയടുത്തുനിന്നവിടേക്ക് 45 കിലോമീറ്ററിൽ താഴെയാണ് ദൂരമെങ്കിലും ഇന്നവിടം ഓസ്ട്രിയാ രാജ്യത്തിലാണ്. 30 കിലോമീറ്റർ ദൂരെയായുള്ള ജന്മസ്ഥലത്ത് പൂജ്യമായി സൂക്ഷിക്കപ്പെടുന്ന ഒരു ജന്മഗൃഹവും അതി ന്റെ ആത്മീയ ശോഭ നിറഞ്ഞ ഒരു ചെറുഗ്രാമവും! വിദ്യാർഥിയായിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു. ''നമുക്കാദ്യം പൂജ്യമായ ആ സ്ഥലത്തേക്ക് പോകാം'' അങ്ങനെ ഹിറ്റ്‌ലറിന്റെ ജന്മസ്ഥലമായ ഓസ്ട്രീയായിലെ ബ്രൗണാവ് വേണ്ടെന്നുവച്ച് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ ജന്മഗൃഹം കാണാൻ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മാർക്ക്റ്റിലേക്ക് വൈദികൻ തന്റെ ആ പഴയ ശിഷ്യനെ കൂട്ടിക്കൊണ്ടുപോയി. അതെ; 2005 ഏപ്രിൽ 19 മുതൽ ജോസഫ് റാറ്റ്‌സിംഗറെന്ന ബനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ തിരഞ്ഞെടുക്കപ്പെടലോടെ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ ഒക്കെ ചരിത്രപ്രാധാന്യമുള്ളവയായി മാറി. അന്നുമുതൽ അദ്ദേഹത്തിന്റെ ജന്മസ്ഥലം സന്ദർശകരെ സ്വീകരിക്കാൻ തയ്യാറെടുത്തു. മാർപാപ്പാതിരഞ്ഞെടുപ്പിനുള്ള നേരിയ സാധ്യതകളെപ്പോലും അവഗണിക്കാതെ മാർക്ക്റ്റിൽ എന്ന ബവേറിയൻ ഗ്രാമത്തിലേക്ക് കണ്ണുതുറക്കാൻ പതുങ്ങിക്കൂടിയിരുന്ന ബിബിസിയടക്കമുള്ള വാർത്താമാധ്യമങ്ങൾ ജോസഫ് റാറ്റ്‌സിംഗറിന്റെ ജന്മസ്ഥലത്തെ ലോകത്തിനുമുമ്പിൽ പരിചയപ്പെടുത്തി; അതുപോലെ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ഓരോ സ്ഥലങ്ങളും! ജർമനിയെന്നുകേൾക്കുമ്പോൾ നരഹത്യയുടെ അപ്പസ്‌തോലനായ ഏകാധിപതിയുടെ പേരാണ് ലോകം ഇതുവരെ ഓർത്തിരുന്നതെങ്കിൽ ഇനി മുതൽ ബനഡിക്റ്റ് പതിനാറാമന്റെ ജന്മരാജ്യമായ ജർമനിയെന്നു പറയാൻ മാത്രം ശ്രേഷ്ഠനായ ഒരു മാർപാപ്പ. ചരിത്രത്തിലെ ക്രൂരതകളുടെ കറകൾ മറക്കാൻ ജർമൻ ജനതയുടെ നെറ്റിത്തടത്തിൽ ദൈവകൃപയുടെ ഒരു കുറിച്ചാർത്ത്! തുടക്കം മുതൽ ഒടുക്കംവരെ ജർമനിയിലെ ബവേറിയക്കാരനായ് ജീവിച്ച ഒരുത്തമ ക്രിസ്തുശിഷ്യൻ, ദൈവജനത്തിന്റെ മഹനായ ഇടയൻ, സഭയുടെ കരുത്തുറ്റ കാവൽക്കാരൻ, രണ്ടാം വത്തിക്കാൻ സൂനഹദോസിനെ സ്വാധിനിച്ച ദൈവശാസ്ത്രജ്ഞൻ... ജോസഫ് റാറ്റ്‌സിംഗറെന്ന ബനഡിക്റ്റ് പതിനാറാമന്റെ വിശേഷണങ്ങൾ നീളുകയാണ്. ആ മഹത്‌വ്യക്തിത്വത്തെ അടുത്തറിയാൻ ഭാഗ്യം ലഭിച്ച ഏതാനുംപേർ നമ്മുടെ ഈ മലയാളമണ്ണിലും ഉണ്ട്. ബനഡിക്ട് പാപ്പയുമായുള്ള അവരുടെ ബന്ധത്തിന്റെ ഓർമ്മകൾകൊണ്ട് സമ്പന്നമാണ് കാരുണികൻ ഈ ലക്കം. ബനഡിക്ട് പാപ്പയുടെ ഗ്രന്ഥങ്ങളെല്ലാം തന്നെ സസൂക്ഷ്മം വായിക്കുകയും അദ്ദേഹത്തിന്റെ നാട്ടിൽ താമസിക്കെ പാപ്പായുടെ സുഹൃത്തുക്കളുമായും നല്ല ബന്ധം പുലർത്തുകയും ചെയ്തിട്ടുള്ള വൈദികന്റെ ലേഖനം ബനഡിക്ട് 16-ാമന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു സമഗ്ര അവലോകനമാണ്. പാപ്പയുടെ സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ജീവിതകാലത്തെയും വിടവാങ്ങലിനെയുംക്കുറിച്ചൊക്കെ വിവരിക്കുന്നത് റോമിലായിരിക്കെ ഇവയ്‌ക്കൊക്കെ സാക്ഷിയായിട്ടുള്ള വൈദികനാണ്. ബനഡിക്ട് പാപ്പയെക്കുറിച്ചുള്ള അനുഭവങ്ങളും അവലോകനവും ചേർത്തുവച്ച ഒരു കൈപ്പുസ്തകം! മാർപാപ്പയെക്കുറിച്ച്, സൂക്ഷിച്ചുവയ്ക്കാൻ പറ്റിയ രീതിയിൽ ഏറ്റവും ലളിതവും സമഗ്രവുമായി തയ്യാറാക്കിയിരിക്കുന്ന ഈ ലക്കം വേർപിരിഞ്ഞുപോയ പാപ്പയ്ക്കുള്ള ഞങ്ങളുടെ ആദരവായി കാരുണികന്റെ വായനക്കാർക്കുമുമ്പിൽ സവിനയം സമർപ്പിക്കുന്നു. മിഖാസ് കൂട്ടുങ്കൽ ചീഫ് എഡിറ്റർ