ബനഡിക്ട് പാപ്പായുടെ 'അനാഥക്കുട്ടി'
21 Feb 2023
സ്ഥാനത്യാഗം ചെയ്ത ദിവംഗതനായ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ കീഴിൽ ഗവേഷണം നടത്താൻ ഭാഗ്യം ലഭിച്ച ഭാരതത്തിൽനിന്നുള്ള ഏക ഗവേഷക വിദ്യാർഥിയാണ് സി.എം.ഐ സന്ന്യാസസഭാംഗമായ റവ.ഡോ. ഫാ. അലക്‌സ് തണ്ണിപ്പാറ. മൂന്നു പതിറ്റാണ്ടുകാലത്തെ മങ്ങാത്ത സ്മരണകളെ വിശുദ്ധിനിറഞ്ഞ ഓർമകളോടെ കാരുണികനുമായി പങ്കുവയ്ക്കുകയാണ് ഈ ഗവേഷക ശിഷ്യൻ.
വിഖ്യാത ദൈവശാസ്ത്രജ്ഞനായ ജോസഫ് റാറ്റ്‌സിംഗറുടെ കീഴിലാണല്ലോ അലക്‌സച്ചന്റെ ഗവേഷണം ആരംഭിക്കുന്നത്. അതിന്റെ പശ്ചാത്തലവും തുടർപ്രക്രിയകളും എന്തായിരുന്നു?
ആധുനിക കത്തോലിക്കാസഭയിലെ ഏറ്റം വലിയ ദൈവശാസ്ത്രജ്ഞനായിരുന്ന ബനഡിക്ട് പാപ്പായുടെ അവസാനത്തെ ശിഷ്യനാകാൻ കിട്ടിയ മഹാഭാഗ്യം എന്റെ ജീവിതത്തിലെ ഏറ്റം വലിയ ദൈവാനുഗ്രഹങ്ങളിൽ ഒന്നാണ്. അദ്ദേഹവുമായുള്ള ആത്മബന്ധം ബൗദ്ധികമായും ആധ്യാത്മികമായും എന്നെ വളർത്തി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
പൂന സർവകലാശാലയിൽനിന്നും 1975-ലാണ് ഞാൻ എം.എ സംസ്‌കൃത പഠനം പൂർത്തിയാക്കിയത്. അതിനുശേഷം ബാംഗ്ലൂർ ധർമാരാം കോളജിൽ ഇന്ത്യൻ ഫിലോസഫിയും സംസ്‌കൃതഭാഷയും പഠിപ്പിക്കാൻ ആരംഭിച്ചു. രണ്ട് വർഷങ്ങൾക്കുശേഷം 1977-ൽ ഞാനംഗമായിരുന്ന സി.എം.ഐ സഭാധികാരികൾ എന്നെ ഉപരിപഠനത്തിനായി ജർമനിക്ക് അയച്ചു. മ്യൂണിക്കിൽനിന്നും ഏകദേശം 150 കിലോമീറ്റർ അകലെയുള്ള റേഗൻസ്ബർഗ് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിച്ചിരുന്ന വിഖ്യാത ദൈവശാസ്ത്രജ്ഞൻ ജോസഫ് റാറ്റ്‌സിംഗറുടെ കീഴിൽ ഗവേഷണം നടത്തണമെന്നാണ് സഭ ആഗ്രഹിച്ചത്. അതിനായി ഡോ. ജോസഫ് റാറ്റ്‌സിംഗർക്ക് കത്തെഴുതിയത് ഫാ. തോമസ് ഐക്കര സി.എം.ഐ ആണ്. ഐക്കരയച്ചൻ ലൂവെയിനിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ജർമനിയിൽപോയി റാറ്റ്‌സിംഗറുമായി പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. ഐക്കരയച്ചന്റെ കത്തിന് റാറ്റ്‌സിംഗർ സ്‌നേഹപൂർവമായ മറുപടിയാണ് അയച്ചത്. ''എല്ലാ വിദേശരാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ എന്റെ കീഴിൽ പഠിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽനിന്നും ആരുമില്ല. അതുകൊണ്ട് ഒരു ഇന്ത്യാക്കാരൻ വരുന്നത് എനിക്ക് സന്തോഷമാണ്.''
അതേത്തുടർന്നാണ് ഞാൻ അദ്ദേഹത്തിന് ആദ്യമായി നേരിട്ട് കത്തെഴുതിയത്. എന്നെ ശിഷ്യനായി സ്വീകരിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള കത്തായിരുന്നത്. താമസിയാതെ അദ്ദേഹം എനിക്കെഴുതി: ''അലക്‌സാണ്ടർ, ഞാൻ മ്യൂണിക്ക് ആർച്ചുബിഷപ്പായി നിയമിതനായി. ഭയപ്പെടേണ്ട, ഞാൻ ഇപ്പോഴും യൂണിവേഴ്‌സിറ്റിയിൽ ഓണററി പ്രൊഫസറായി തുടരുന്നുണ്ട്. അതിനാൽ താങ്കൾക്ക് എന്റെ കീഴിൽ ഗവേഷണം നടത്താം. ജർമനിയിലേക്ക് സ്വാഗതം.'' വിശുദ്ധ പോൾ ആറാമൻ പാപ്പ 1977-ലാണ് ഫാ. ജോസഫ് റാറ്റ്‌സിംഗറെ മ്യൂണിക്കിലെ ആർച്ചുബിഷപ്പായി നിയമിച്ചത്. അധികം താമസിയാതെ തന്നെ കർദ്ദിനാളായും ഉയർത്തപ്പെട്ടു.
1978 സെപ്റ്റംബറിൽ ഞാൻ ജർമനിയിൽ എത്തി. അന്ന് യൂണിവേഴ്‌സിറ്റിയിൽ പിതാവിന് രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ ഉണ്ടായിരുന്നു. ഫസ്റ്റ് അസിസ്റ്റന്റ് സാൽവത്തോറിയൻ സഭയിൽപ്പെട്ട ഫാ. സ്റ്റീഫൻ. മറ്റൊരു അല്മായനായിരുന്നു. എന്റെ കാര്യങ്ങൾ പിതാവ് ഏല്പ്പിച്ചിരുന്നത് ഫാ. സ്റ്റീഫനെയായിരുന്നതിനാൽ ഞാൻ ആദ്യം ഫാ. സ്റ്റീഫനെയാണ് കണ്ടത്.
ഫാ. സ്റ്റീഫൻ എന്നോട് പറഞ്ഞു: ''കർദ്ദിനാൾ റാറ്റ്‌സിംഗർ താങ്കൾക്കായി ഒരു പള്ളി തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണവും താമസസൗകര്യവും അവിടെ ലഭിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും പള്ളിയിൽ വേണ്ട സഹായങ്ങൾ ചെയ്താൽ മതി.'' പിതാവ് എനിക്കായി ഒരുക്കിയ പള്ളിയിൽ ഞാൻ താമസം ആരംഭിച്ചുകൊണ്ടാണ് ഗവേഷണ വിദ്യാർഥിയായി ശിഷ്യത്വം സ്വീകരിച്ചത്.
കർദ്ദിനാൾ റാറ്റ്‌സിംഗറുമായുള്ള അലക്‌സച്ചന്റെ കൂടിക്കാഴ്ചയും അദ്ദേഹത്തിൽനിന്നുണ്ടായ സ്‌നേഹവും കരുതലും പങ്കുവയ്ക്കാമോ?
ജർമനിയിൽചെന്ന് ഒരുമാസത്തിന് ശേഷമാണ് പിതാവിനെ നേരിൽ കാണാൻ ഞാൻ ചെന്നത്. നാട്ടിൽ ജർമൻ ഭാഷയുടെ അടിസ്ഥാന കോഴ്‌സ്മാത്രം ചെയ്താണ് ഞാൻ ജർമനിയിലെത്തിയത്. അതിനാൽ ജർമൻ ഭാഷയിൽ വലിയ പ്രാവീണ്യമില്ലായിരുന്നു. പിതാവ് വലിയ സ്‌നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. ജർമനും ഇംഗ്ലീഷും കലർന്ന ഭാഷയിൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഞങ്ങൾ ഒന്നിച്ചാണ് അന്ന് ഭക്ഷണം കഴിച്ചത്.
ജർമനിയിൽ എത്തിയതിനുശേഷമുള്ള എന്റെ വിശേഷങ്ങൾ എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. മീസ്സിയോ ഏജൻസിയുടെ സ്‌കോളർഷിപ്പായി മാസം ലഭിക്കുന്ന 650 മാർക്കായിരുന്നു എനിക്ക് ആകപ്പാടെ ഉണ്ടായിരുന്ന സാമ്പത്തിക സ്രോതസ്. അന്ന് ജർമനിയിലെ നാണയം മാർക്ക് ആയിരുന്നു. യൂറോയുടെ കാലം ആരംഭിച്ചിട്ടില്ലായിരുന്നു. 650 മാർക്കിൽനിന്നും 300 മാർക്ക് താമസിക്കുന്ന പള്ളിയിൽ കൊടുക്കുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒരു പിതാവിന്റെ വാത്സല്യത്തോടെയും കാരുണ്യത്തോടെയും അദ്ദേഹം എന്നെ ശ്രവിച്ചു. ഒടുവിൽ സന്തോഷത്തോടെ എന്നെ യാത്രയാക്കി. ഞാൻ പോരുന്നതിന് മുമ്പ് അദ്ദേഹം എന്റെ ബാങ്ക് അക്കൗണ്ടും നമ്പറുമൊക്കെ ചോദിച്ചു. അതൊന്നും അപ്പോൾ എന്റെ പക്കലില്ലായിരുന്നു. അതിനാൽ ഫാ. സ്റ്റീഫൻവഴി അത് അദ്ദേഹത്തിന് അയച്ചുകൊടുക്കണമെന്ന് നിർദേശിച്ചു. അതെന്തിനാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല.
ഏതായാലും ഞാൻ തിരിച്ചുചെന്നപ്പോൾ എന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഫാ. സ്റ്റീഫനെ ഞാൻ ഏൽപ്പിച്ചു. പിറ്റേ മാസം അത്യാവശ്യകാര്യങ്ങൾക്കായി പണം എടുക്കാനായി ബാങ്കിൽ ചെന്ന് എന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോൾ അതിൽ 5000 മാർക്ക് കൂടുതലുള്ളതായി എനിക്ക് മനസ്സിലായി. എന്റെ പരിചയക്കുറവുകൊണ്ട് അതെവിടെനിന്നു വന്നതാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ല. ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ അതിന്റെ സ്രോതസ് ഞാൻ കണ്ടെത്തി. എന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു: ''5000 മാർക്ക് വന്നിരിക്കുന്നത് മ്യൂണിക്ക് ആർച്ചുബിഷപ്പിന്റെ അക്കൗണ്ടിൽനിന്നാണ്.'' പിതാവ് എന്റെ ബാങ്ക് അക്കൗണ്ട് വാങ്ങിയത് എനിക്ക് ഇത്രയും പണം തരാനായിരുന്നോ? എന്ന് എനിക്ക് വിശ്വസിക്കാനായില്ല. എന്റെ ഹൃദയം സന്തോഷവും നന്ദിയുംകൊണ്ട് നിറഞ്ഞു.
പിതാവ് ഇത്രയും പണം തന്നകാര്യം ഞാൻ ഒത്തിരി സന്തോഷത്തോടെ ഫാ. സ്റ്റീഫനെ അറിയിച്ചപ്പോൾ ഫാ. സ്റ്റീഫന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''നമ്മുടെ കർദ്ദിനാൾ അങ്ങനെയാണ്.'' ആ 5000 മാർക്ക് എനിക്ക് വലിയ സഹായവും ആശ്വാസവുമായിരുന്നു. പഠനവുമായി ബന്ധപ്പെട്ട സാമ്പത്തികമായ ആകുലതകൾ അതോടെ നീങ്ങി.
ഗവേഷണപഠനത്തിൽ ജർമൻ ഭാഷ അനിവാര്യമായിരുന്നില്ലേ? അച്ചൻ എങ്ങനെ അത് അഭിമുഖീകരിച്ചു?
യൂണിവേഴ്‌സിറ്റിയിൽ ഗവേഷണപഠനം ഔദ്യോഗികമായി തുടങ്ങണമെങ്കിൽ ജർമൻ പ്രവേശനപരീക്ഷ പാസ്സാകണം. എനിക്കാണെങ്കിൽ ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ മാത്രമേ അറിയൂ. അടുത്ത ആറ് മാസം തീക്ഷ്ണമായി ഉത്സാഹത്തോടെ ഞാൻ ജർമൻ ഭാഷ പഠിച്ചു. ഭാഷാ വകുപ്പിന്റെ തലവൻ ആറുമാസം കഴിഞ്ഞ് പ്രവേശന പരീക്ഷ എഴുതാൻ എന്നെ പ്രേരിപ്പിച്ചു. പക്ഷേ, എനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. സാധാരണ എല്ലാവരും ഒന്നും രണ്ടും വർഷങ്ങൾ പഠിച്ചിട്ടാണ് അതെഴുതുന്നത്. എങ്കിലും അദ്ദേഹത്തിന്റെ തുടർച്ചയായ പ്രോത്സാഹനത്തിന്റെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ ഞാൻ പരീക്ഷ എഴുതി. പരീക്ഷാഫലം വന്നപ്പോൾ എനിക്ക് 600-ൽ 536 മാർക്ക്. 510-ന് മുകളിലാണ് മാർക്കെങ്കിൽ വാചാ പരീക്ഷയില്ലാതെ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിക്കും. 536 മാർക്ക് ലഭിച്ചതിനാൽ എനിക്ക് നേരിട്ട് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ സാധിച്ചു.
ഈ സന്തോഷവാർത്ത ഫാ. സ്റ്റീഫൻ വഴി ഞാൻ പിതാവിനെ അറിയിച്ചു. അപ്പോൾ പിതാവ് ഫാ. സ്റ്റീഫനോട് പറഞ്ഞു: ''ഭാഷ പഠിക്കാൻ അലക്‌സാണ്ടർ മിടുക്കനാണ്.'' എന്നെക്കുറിച്ച് പിതാവിന് എന്നും സന്തോഷവും അഭിമാനവുമായിരുന്നു.
ഗവേഷണത്തിനായി അച്ചൻ തിരഞ്ഞെടുത്ത വിഷയം എന്തായിരുന്നു?
ഡോക്ടറേറ്റിനായി ഞാൻ തെരഞ്ഞെടുത്ത വിഷയം 'സച്ചിദാനന്ദ, ഈശ്വര, അവതാര, ഇൻഡ്യൻ ക്രിസ്റ്റ്യൻ തിയോളജിയെക്കുറിച്ചുള്ള ചില വിചിന്തനങ്ങൾ' എന്നതായിരുന്നു. വിഷയം പിതാവ് അംഗീകരിച്ചു. അദ്ദേഹത്തിനും ആ വിഷയം പുതുതായിരുന്നു എങ്കിലും വലിയ താത്പര്യത്തോടെയാണ് ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നത്. പിതാവ് ഇടക്കിടെ പറയുമായിരുന്നു: ''അച്ചന്റെ കൂടെ ഞാനും പഠിച്ചോളാം'' എന്ന്.
കർദിനാൾ റാറ്റ്‌സിംഗറെ ജോൺപോൾ രണ്ടാമൻ പാപ്പ വിശ്വാസതിരുസംഘം പ്രിഫെക്ട് ആക്കിയപ്പോൾ അച്ചന്റെ ഗവേഷണം പ്രതിസന്ധിയിലായോ?
എന്റെ ഗവേഷണം ആരംഭിച്ചുകഴിഞ്ഞപ്പോഴാണ്, വി. ജോൺ പോൾ രണ്ടാമൻ പാപ്പ കർദിനാൾ ജോസഫ് റാറ്റ്‌സിംഗറെ 1981-ൽ വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ടറായി നിയമിച്ചത്. സ്വാഭാവികമായി പിതാവിന് റോമിലേക്ക് പോകേണ്ടിവന്നു. അദ്ദേഹം എന്നോട് പറഞ്ഞു: ''അലക്‌സാണ്ടർ, എനിക്ക് അച്ചനെ തുടർന്ന് സഹായിക്കാൻ ബുദ്ധിമുട്ടാണെന്ന് അച്ചനറിയാമല്ലോ. മറ്റൊരു പ്രൊഫസറെ അച്ചൻ കണ്ടുപിടിക്കുക. ഞാൻ വേണ്ട സഹായങ്ങൾ നൽകാം.'' ഇങ്ങനെ പറഞ്ഞ് പിതാവ് എന്നെ ബോൺ യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധനായ ഒരു പ്രൊഫസറുടെ അടുക്കലേക്ക് അയച്ചു- പ്രൊഫസർ ഹാൻസ് വാൻഡൻഫെൽസ്. അദ്ദേഹം ഹിന്ദു-ബുദ്ധ മതങ്ങളെക്കുറിച്ച് നല്ല അറിവുള്ളയാളായിരുന്നു. അദ്ദേഹത്തെ ഞാൻ എന്റെ ആഗ്രഹം അറിയിച്ചു. കർദ്ദിനാൾ റാറ്റ്‌സിംഗറുടെ കീഴിൽ പഠിച്ചുകൊണ്ടിരുന്ന ആളാണ് ഞാൻ എന്ന് കേട്ടപ്പോഴേ അദ്ദേഹം പറഞ്ഞു: ''റാറ്റ്‌സിംഗറിന്റെ ഒരു ശിഷ്യനെ കിട്ടുന്നത് സന്തോഷം.'' അങ്ങനെ അദ്ദേഹത്തിന്റെ കീഴിൽ ഞാൻ പഠനം തുടർന്നു. ബോൺ യൂണിവേഴ്‌സിറ്റിയിൽ എന്റെ ഡോക്ടറേറ്റ് പൂർത്തിയാക്കി.
ബനഡിക്ട് പാപ്പായുടെ 'അനാഥകുട്ടി' യെന്ന് അച്ചനെ അറിയപ്പെടാൻ കാരണമെന്താണ്?
ബനഡിക്ട് പാപ്പാ തന്റെ കീഴിൽ ഗവേഷണം ചെയ്തവരെയെല്ലാം വർഷത്തിലൊരിക്കൽ വിളിച്ചുകൂട്ടുമായിരുന്നു. അദ്ദേഹം പ്രൊഫസർ ആയിരുന്നപ്പോൾ തുടങ്ങിയതാണ് ഈ പരിപാടി. മ്യൂണിക്ക് മെത്രാപ്പോലീത്തയും കർദ്ദിനാളുമായിരുന്നിട്ടും ഈ ഒന്നിച്ചുകൂടൽ അദ്ദേഹം തുടർന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നായി ഏകദേശം അറുപതോളംപേർ പാപ്പായുടെ കീഴിൽ ഗവേഷണം നടത്തിയിട്ടുണ്ട്. അവരിൽ രണ്ടുപേർ മാത്രമേ ഏഷ്യയിൽനിന്നുള്ളൂ. ഒരാൾ കൊറിയയിൽനിന്നുള്ള ഒരു വനിതാ ദൈവശാസ്ത്രജ്ഞയാണ്. ഇതരയാൾ ഇന്ത്യയിൽനിന്നുള്ള ഞാനും. ഞാൻ ഗവേഷണം തുടങ്ങിയത് അദ്ദേഹത്തിന്റെ കീഴിലായിരുന്നല്ലോ. അതുകൊണ്ട് പിതാവ് എന്നെ അദ്ദേഹത്തിന്റെ അവസാന ശിഷ്യനായി അംഗീകരിച്ച് ആ കൂട്ടായ്മയിൽ ചേർത്തു. അതിനാൽ ഞങ്ങൾ ഒന്നിച്ച് കൂടുമ്പോൾ ചിലപ്പോഴൊക്കെ എന്നെ അദ്ദേഹ ത്തിന്റെ 'അനാഥകുട്ടി' എന്നാണ് തമാശക്ക് പാപ്പാ വിളിച്ചിരുന്നത്.
പാപ്പയുടെ ശിഷ്യന്മാരുടെ വാർഷിക കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നത് എപ്പോൾ? എവിടെയായിരുന്നു?
അദ്ദേഹം ഞങ്ങളെ ഒന്നിച്ച് കൂട്ടിയിരുന്നത് റോമിലെ അദ്ദേഹത്തിന്റെ അവധിസമയമായ ആഗസ്റ്റ് മാസത്തിലായിരുന്നു. ആഗസ്റ്റ് മാസത്തിലെ അവസാന ആഴ്ചയിലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച് ഞായറാഴ്ച രാവിലെ കുർബാനയോടുകൂടി അവസാനിക്കുന്ന രീതിയിലായിരുന്നു ഈ സംഗമം നടത്തിയിരുന്നത്. റേഗൻസ് ബുർഗ് രൂപതയുടെ ഒരു ധ്യാനകേന്ദ്രത്തിലായിരുന്നു ഈ സമ്മേളനം. ഫാ. സ്റ്റീഫനായിരുന്നു എപ്പോഴും ലീഡർ.
ഈ സമ്മേളനത്തിന്റെ സമയക്രമം സാധാരണ ഇങ്ങനെയായിരുന്നു: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ശിഷ്യരെല്ലാവരും എത്തും. സന്ധ്യാപ്രാർഥന, അത്താഴം എല്ലാവരും ഒരുമിച്ച്. അന്ന് പിതാവ് ഞങ്ങളോട് ചേരില്ല. വെള്ളിയാഴ്ച രാവിലെ പാപ്പായുടെ മുഖ്യകാർമികത്വത്തിൽ പ്രഭാതപ്രാർഥനയും ദിവ്യബലിയും. പിന്നീട് പ്രഭാതഭക്ഷണം. 9.30 ന് പിതാവിന്റെ അധ്യക്ഷതയിൽ ദൈവശാസ്ത്ര സമ്മേളനം. ഏതെങ്കിലും ദൈവശാസ്ത്രവിഷയത്തിൽ പ്രഗല്ഭനായ ഒരു പ്രൊഫസറായിരിക്കും പ്രബന്ധം അവതരിപ്പിക്കുക. അതുകഴിഞ്ഞ് സജീവമായ ചർച്ചകളും ഉണ്ടാകും. വെള്ളി, ശനി ദിവസങ്ങളിലെ എല്ലാ പരിപാടികൾക്കും പിതാവ് ഞങ്ങളോടുകൂടെ ഉണ്ടായിരിക്കും. ഭക്ഷണവും എല്ലാവരും ഒന്നിച്ചുതന്നെ. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ആഘോഷമായ ദിവ്യബലി. തുടർന്ന് പിതാവുമായി ഒന്നിച്ച് പ്രഭാതഭക്ഷണം. സമ്മേളനത്തിന്റെ അവസാനം പരസ്പരം ഹൃദയപൂർവം നന്ദി പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞിരുന്നത്.
ബനഡിക്ട് പതിനാറാമൻ പാപ്പായുമായി അച്ചന് ഒരാത്മബന്ധമുണ്ടാക്കാൻ കഴിഞ്ഞതെങ്ങനെയാണ്?
വ്യക്തിപരമായി എല്ലാ ശിഷ്യന്മാരെയും അറിഞ്ഞ് സ്‌നേഹിക്കുന്ന പിതാവായിരുന്നു ബെനഡിക്ട് 16-ാമൻ പാപ്പ. ഞങ്ങളുടെ എല്ലാ മീറ്റിംഗുകളിലും ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹവുമായി വ്യക്തിപരമായി സംസാരിക്കാൻ അവസരം തരുമായിരുന്നു. ആദ്യദിവസംതന്നെ അദ്ദേഹം ഒരു പേപ്പർ നൽകും. അതിൽ പാപ്പായെ വ്യക്തിപരമായി കാണാൻ ആഗ്രഹമുള്ള എല്ലാവർക്കും പേരെഴുതാം. ഓരോരുത്തർക്കും എത്രസമയംവേണമെന്നും എഴുതാമായിരുന്നു. പിതാവ് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തന്നെ കാണാൻ ആഗ്രഹമുള്ള എല്ലാവരെയും വ്യക്തിപരമായി കാണാറുണ്ടായിരുന്നു. ഞാൻ എല്ലാ വർഷവും മുടങ്ങാതെ 15 മിനിറ്റ് വീതം പാപ്പായോട് ഒരാത്മപിതാവിനോട് സംസാരിക്കുന്നതുപോലെ സംസാരിക്കുമായിരുന്നു. അങ്ങിനെ ഞങ്ങൾ തമ്മിൽ ഒരാത്മബന്ധം വളർന്നു.
കർദിനാൾ ജോസഫ് റാറ്റ്‌സിംഗർ ബനഡിക്ട് പതിനാറാമൻ പാപ്പ ആയതിന് ശേഷമുള്ള സമ്മേളനങ്ങൾ എപ്രകാരമായിരുന്നു?
2005 ഏപ്രിൽ 19-നാണ് കർദ്ദിനാൾ റാറ്റ്‌സിംഗർ മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാർപാപ്പ ആയതിനുശേഷവും ഈ സമ്മേളനങ്ങൾ തുടരുമെന്ന് ഞങ്ങൾ ആരും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എന്നാൽ മെയ്മാസത്തിൽ പാപ്പായുടെ സെക്രട്ടറി മോൺ. ജോർജ് ഗേൻസ്വയിൻ ഞങ്ങളുടെ ലീഡർ ഫാ. സ്റ്റീഫനെ വിളിച്ചു പറഞ്ഞു: ''പരിശുദ്ധ പിതാവ് നിങ്ങളുടെ മീറ്റിംഗ് തുടരാൻ ആഗ്രഹിക്കുന്നു. മാസവും സമയവുമെല്ലാം അതുതന്നെ. പക്ഷേ, സ്ഥലം വ്യത്യാസമുണ്ട്. മാർപാപ്പയുടെ വേനൽക്കാലവസതി സ്ഥിതിചെയ്യുന്ന റോമിനടുത്തുള്ള കാസ്റ്റൽ ഗൻഡോൾഫോയിലായിരിക്കും ഈ വർഷത്തെ സമ്മേളനം. സമയക്രമത്തിലും ഒരു ചെറിയ വ്യത്യാസം. പരിശുദ്ധ പിതാവ് ശനിയാഴ്ച മാത്രമേ നിങ്ങളോട് ചേരുകയുള്ളു.'' ഈ വിവരം ഫാ. സ്റ്റീഫൻ ഈ-മെയിൽ വഴി ഞങ്ങളെ അറിയിച്ചപ്പോൾ ഞങ്ങളെല്ലാവരും ഏറെ സന്തോഷിച്ചു. മാർപാപ്പയുമായുള്ള ആദ്യസമ്മേളനത്തിന് ഞങ്ങളെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.
പതിവുപോലെ ഞങ്ങൾ ആഗസ്റ്റ് മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിച്ചുകൂടി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഞങ്ങൾ പതിവ് പരിപാടികളും ചർച്ചകളുമൊക്കെയായി സമയം ചെലവഴിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് ഞങ്ങൾ ഞങ്ങളുടെ താമസസ്ഥലത്തുനിന്നും പരിശുദ്ധ പിതാവിന്റെ വേനൽക്കാലവസതിയിലേക്ക് നടന്നു. ആ വസതിയിൽ ഒരു നല്ല കോൺഫറൻസ് ഹാൾ ഉണ്ടായിരുന്നു. അവിടെയാണ് ഞങ്ങളുടെ പരിപാടി ക്രമീകരിച്ചിരുന്നത്. ആ ഹാളിൽ, മാർപാപ്പ ആയതിനുശേഷം ഞങ്ങളുടെ സമൂഹത്തിലേക്ക് ആദ്യമായി വരുന്ന പരിശുദ്ധ പിതാവിനെ സന്തോഷപൂർവം കാത്തിരുന്നു. കൃത്യം 9.30 ന് സെക്രട്ടറിയാൽ അനുഗതനായി പരിശുദ്ധ പിതാവ് ഞങ്ങളുടെ അടുക്കലേക്ക് വന്നു. ഞങ്ങൾ ഒരുപാട് സന്തോഷത്തോടെ ദീർഘമായ കരഘോഷത്തോടുകൂടിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അദ്ദേഹവും വളരെ സന്തോഷവാനായിരുന്നു. പതിവുപോലെതന്നെ പരിശുദ്ധ പിതാവ് ഞങ്ങളോട് പെരുമാറി. വിഷയാവതരണം ശ്രദ്ധിക്കുന്നതിലും ചർച്ചകൾ നയിക്കുന്നതിലും പിതാവ് പൂർവാധികം തീക്ഷ്ണതയോടെ പങ്കെടുത്തു. പരിശുദ്ധ പിതാവ് എന്ന നിലയിലുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ പാലിക്കണമെന്ന് വത്തിക്കാനിൽനിന്നും ഞങ്ങൾക്ക് നിർദേശമുണ്ടായിരുന്നു. എന്നാൽ പിതാവ് ഞങ്ങളുടെ അടുത്ത് വന്നപ്പോൾ ഞങ്ങളുടെ സ്‌നേഹമുള്ള അധ്യാപകനായി (ഗുരു) മാറി.
ഈ സമ്മേളനത്തിലും ഞങ്ങൾക്ക് പരിശുദ്ധ പിതാവിനെ വ്യക്തിപരമായി കാണാൻ അവസരമുണ്ടായിരുന്നു. പക്ഷേ, ഓരോരുത്തർക്കും രണ്ട്- മൂന്ന് മിനിറ്റിനു താഴയേ സമയമുണ്ടായിരുന്നുള്ളൂ. പിതാവ് അത്യാവശ്യമുള്ള കാര്യങ്ങൾ ഞങ്ങളോട് ചോദിക്കും. ഞങ്ങളും അത്യാവശ്യമുള്ള കാര്യങ്ങൾ അദ്ദേഹത്തോടും പറയും. മാർപാപ്പ ആയതിനുശേഷവും അദ്ദേഹത്തിന്റെ വ്യക്തിബന്ധത്തിൽ യാതൊരു കുറവും വന്നിട്ടില്ലായിരുന്നു.
പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചകളിലെ അവിസ്മരണീയ ഓർമ ഒന്നുപങ്കുവയ്ക്കാമോ?
പാപ്പ ആയതിനുശേഷം ആദ്യം നടന്ന സമ്മേളനത്തിന്റെ അവസാന ഞായറാഴ്ച പരിശുദ്ധ പിതാവിനോട് ഒന്നിച്ചുള്ള സമൂഹബലിക്ക് ശേഷം ഞങ്ങൾ ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചത് അവിസ്മരണീയമാണ്. പ്രഭാതഭക്ഷണത്തിന്റെ അവസാനം മാർപാപ്പ ആയശേഷവും ഞങ്ങളുടെ കൂട്ടായ്മയിൽ പങ്കുചേർന്ന തിന് നന്ദി പറഞ്ഞത് പാപ്പായുടെ ശിഷ്യന്മാരിലൊരാളും വിയന്നായിലെ കർദ്ദിനാളുമായ ക്രിസ്റ്റോഫ് ഷേൺബോൺ ആയിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''പരിശുദ്ധ പിതാവേ, അങ്ങയെപ്പോലെ തന്റെ ശിഷ്യന്മാരെ സ്‌നേഹിക്കുന്ന വേറൊരു ഗുരു ഈ ലോകത്തിൽ കാണുമെന്ന് തോന്നുന്നില്ല.'' ഒടുവിൽ പരിശുദ്ധ പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു: ''സ്‌നേഹമുള്ളവരേ, നിങ്ങളെപ്പോലെ തങ്ങളുടെ ഗുരുവിനെ ഇത്രയധികം സ്‌നേഹിക്കുന്ന വേറെ ശിഷ്യന്മാർ ഉണ്ടാകുമെന്ന് ഞാനും കരുതുന്നില്ല.'' ഇതിലും ഭംഗിയായി എങ്ങനെയാണ് ഗുരു- ശിഷ്യ ബന്ധത്തെ വ്യാഖ്യാനിക്കുന്നത്.
സ്ഥാനത്യാഗത്തിനുശേഷം പോപ്പ് എമരിത്തൂസുമായുള്ള അടുപ്പം എപ്രകാരമായിരുന്നു?
2013 ഫെബ്രുവരി 28-നായിരുന്നു ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ പാപ്പായുടെ സ്ഥാനത്യാഗം. അതിനുശേഷം പാപ്പാ ഞങ്ങളുടെ ലീഡർ ഫാ. സ്റ്റീഫനോടു പറഞ്ഞു: ''ഇനിമുതൽ ഒരു പൊതുപരിപാടിയിലും പങ്കെടുക്കേണ്ടെന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ മീറ്റിംഗുകളിലും ചർച്ചകളിലും ഇനിയും ഞാൻ സന്നിഹിതനാകുന്നത് ഭംഗിയായിരിക്കില്ല.'' ആ തീരുമാനം പാപ്പാ എല്ലാ മേഖലകളിലും കാത്തുപാലിച്ചു. ഞങ്ങളുടെ സമ്മേളനങ്ങളിൽ വരാതെയായെങ്കിലും വത്തിക്കാനിലെ ഒരു പ്രൈവറ്റ് ചാപ്പലിൽ അദ്ദേഹത്തോടൊപ്പം ദിവ്യബലിയർപ്പിക്കാൻ തുടർന്നുള്ള വർഷങ്ങളിലും ഞങ്ങളെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തോടൊന്നിച്ചുള്ള സമൂഹബലി എന്നും ഒരു ദിവ്യാനുഭവമായിരുന്നു. അത്ര ഭക്തിവായ്‌പോടെയാണ് അദ്ദേഹം ദിവ്യബലി അർപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഹൃദയസ്പർശിയായിരുന്നു. ദിവ്യബലിക്കുശേഷം ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കാൻ രണ്ട് മിനിറ്റ് സമയവും തന്നിരുന്നു. ഓരോരുത്തരോടും ഏറെ സ്‌നേഹത്തോടെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. 2018-ൽ അദ്ദേഹത്തിന്റെ ആരോഗ്യം തീരെ മോശമാകുന്നതുവരെ ഈ ക്രമം തുടർന്നിരുന്നു.
കർദിനാൾ റാറ്റ്‌സിംഗർ വിശ്വാസതിരുസംഘ തലവനായിരുന്നപ്പോൾ എല്ലാ മാസവും അദ്ദേഹത്തെക്കാണാൻ അച്ചന് സമയമനുവദിച്ചിരുന്നതായി കേട്ടിട്ടുണ്ട്. എന്തായിരുന്നു ഈ കൂടിക്കാഴ്ചയുടെ രഹസ്യം?
സി.എം.ഐ സഭയുടെ പ്രൊക്യുറേറ്റർ ജനറലായി 2002-ൽ സഭാധികാരികൾ എന്നെ റോമിലേക്കയച്ചപ്പോൾ വിശ്വാസതിരുസംഘത്തിന്റെ തലവനായി പിതാവ് റോമിലുണ്ട്. അവിടെ ചെന്ന് അധികം താമസിയാതെ ഞാൻ പിതാവിന്റെ സെക്രട്ടറിയെ ഫോൺവിളിച്ച് പിതാവിനെ കാണാൻ സമയം അഭ്യർഥിച്ചു. സെക്രട്ടറിക്കെന്നെ അറിയാമായിരുന്നു. ഞാൻ പിതാവിനെ കണ്ടപ്പോൾ വളരെ സ്‌നേഹത്തോടെ പിതാവ് എന്നെ സ്വീകരിച്ചു; സംസാരിച്ചു. കൂടിക്കാഴ്ചയിൽ ഞാൻ പിതാവിന്റെ മുമ്പിൽ ഒരാഗ്രഹം പ്രകടിപ്പിച്ചു: ''പിതാവേ, എനിക്ക് എല്ലാ മാസവും അങ്ങയെ കാണാൻ കുറച്ച് സമയം അനുവദിക്കണം.''
പുഞ്ചിരിയോടെ പിതാവ് അത് സമ്മതിച്ചു. സെക്രട്ടറിയോട് പറഞ്ഞ് എല്ലാ മാസവും സമയം ക്രമീകരിക്കാനും അനുവദിച്ചു. ഞാൻ റോമിലുണ്ടായിരുന്ന മൂന്ന് വർഷവും എല്ലാ മാസവും 30 മിനിറ്റ് പിതാവിനെ കണ്ട് സംസാരിച്ചിരുന്നു. അതൊരു വലിയ ആത്മീയബന്ധമായിരുന്നു. എന്നെ സംബന്ധിച്ച് ഒരു ആത്മീയപിതാവായിരുന്നു ബനഡിക്ട് പതിനാറാമൻ പാപ്പാ.
റോമിലെ സി.എം.ഐ ഭവനം സന്ദർശിക്കാൻ കർദ്ദിനാൾ റാറ്റ്‌സിംഗറെ അച്ചൻ ക്ഷണിച്ചപ്പോൾ പിതാവ് ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നോ?
റോമിലായിരുന്ന സമയത്ത് വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്ന പിതാവിനെ റോമിലെ സി.എം.ഐ ഭവനത്തിലേക്ക് ഒരിക്കൽ ഞാൻ ക്ഷണിച്ചിരുന്നു. പക്ഷേ, അത് മംഗളവാർത്താക്കാലമായിരുന്നതിനാൽ പിതാവിന്റെ മറുപടി വളരെ രസകരമായിരുന്നു: ''അലക്‌സാണ്ടർ, ഇപ്പോൾ നോമ്പുകാലമല്ലേ. ഈ സമയത്ത് ഇങ്ങനെയുള്ള ആഘോഷങ്ങളും സ്വീകരണങ്ങളുമൊക്കെ ഒഴിവാക്കുകയല്ലേ നല്ലത്. ക്രിസ്മസ് കഴിഞ്ഞ് ഓർമിപ്പിക്കാൻ'' പിതാവ് ആവശ്യപ്പെട്ടു.
പിറവിത്തിരുനാളിനുശേഷം പിതാവിനെ ഞാൻ ഓർമിപ്പിച്ചപ്പോൾ സെക്രട്ടറിയുമായി ആലോചിച്ച് ദിവസം തീരുമാനിച്ചോളാൻ നിർദേശിച്ചു. അങ്ങനെ നിശ്ചയിച്ച ദിവസം സെക്രട്ടറിയുടെ കാറിൽ പിതാവ് ഞങ്ങളുടെ സമൂഹത്തിലെത്തി. ഏകദേശം രണ്ടരമണിക്കൂർ സമയം സന്തോഷത്തോടും സ്‌നേഹത്തോടുംകൂടെ ഞങ്ങളോടുകൂടെ അദ്ദേഹം ചിലവഴിച്ചു. പിതാവിനോടുകൂടെ അരമണിക്കൂർ സമയം പ്രാർഥനയും ഉണ്ടായിരുന്നു. പ്രാർഥന നടത്തിയ അച്ചനോട് പ്രാർഥനയിൽ പിതാവിനെക്കുറിച്ച് 'His Eminence' എന്ന് പറയാതെ 'ഞങ്ങളുടെ പ്രിയപ്പെട്ട കർദിനാൾ' (Our dear Cardinal) എന്ന് പറഞ്ഞാൽ മതിയെന്ന് ഞാൻ നിർദേശിച്ചിരുന്നു. പരിപാടികളെല്ലാം കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് പോകാറായപ്പോൾ പിതാവ് സ്‌നേഹപൂർവം എന്റെ കൈയിൽ പിടിച്ചുകൊണ്ട് ചെവിയിൽ മന്ത്രിച്ചു: ''അലക്‌സാണ്ടർ, നിങ്ങൾ എത്ര പ്രാവശ്യമാണ് 'ഞങ്ങളുടെ പ്രിയപ്പെട്ട കർദ്ദിനാളി' നുവേണ്ടി പ്രാർഥിച്ചത്.'' അത്രമാത്രം ലാളിത്യമാർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
റോമിലെ 'മാർത്തോമ്മാ യോഗ' ത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടും അച്ചൻ ഇടപെട്ടപ്പോൾ പിതാവ് പങ്കെടുത്തുവെന്ന് കേട്ടിട്ടുണ്ട്. അതെങ്ങനെ സംഭവിച്ചു?
റോമിലും പരിസരപ്രദേശങ്ങളിലും പഠനത്തിനും ജോലിക്കുമായി താമസിച്ചിരുന്ന സീറോമലബാർ- മലങ്കര റീത്തുകളിൽപ്പെട്ട വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും കൂട്ടായ്മയാണ് 'മാർത്തോമാ യോഗം'അതിൽ 1000-ൽപ്പരം അംഗങ്ങളുണ്ട്. അവരുടെ ഒരു വാർഷിക സമ്മേളനത്തിന് കർദ്ദിനാൾ റാറ്റ്‌സിംഗറിനെ ക്ഷണിക്കാൻ തീരുമാനിച്ചു. അപ്പോൾ യോഗത്തിന്റെ പ്രസിഡന്റ് കർദ്ദിനാളിനെ ക്ഷണിച്ചുകൊണ്ട് ഒരു കത്തയച്ചു. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ കർദ്ദിനാളിന്റെ സെക്രട്ടറിയുടെ പ്രതികൂലമായ ഒരു മറുപടി കിട്ടി: ''കർദ്ദിനാളിന് 75 വയസ്സു കഴിഞ്ഞു. അദ്ദേഹത്തിന് ക്ഷീണവുമുണ്ട്. അതുകൊണ്ട് ഇനിയും ഇങ്ങനെയുള്ള പരിപാടികൾക്ക് പോകേണ്ടെന്നാണ് തീരുമാനിച്ചിരുന്നത്.''
ഇതറിഞ്ഞ് നിരാശരായ യോഗ ഭാരവാഹികൾ എന്നെ സമീപിച്ച് സഹായിക്കാമോ എന്ന് ചോദിച്ചു. നിങ്ങൾ ഒരു പ്രാവശ്യം ക്ഷണിച്ച് പ്രതികൂലമായി ഒരു മറുപടി കിട്ടിയിരിക്കേ ഇനിയും ഈ വിഷയം പിതാവിന്റെ മുന്നിൽ അവതരിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഏതായാലും അടുത്ത പ്രാവശ്യം പിതാവിനെ കാണാൻ പോകുമ്പോൾ ഞാൻ പരിശ്രമിക്കാമെന്ന് ഉറപ്പുകൊടുത്തു.
പതിവുപോലെ അടുത്തപ്രാവശ്യം പിതാവിനെ കാണാൻ പോയപ്പോൾ അത്യാവശ്യമുള്ള മറ്റു കാര്യങ്ങളൊക്കെ സംസാരിച്ചശേഷം മാർത്തോമ്മാ യോഗത്തിന്റെ വിഷയം ഞാൻ അവതരിപ്പിച്ചു. അപ്പോൾ പിതാവ് പറഞ്ഞു: ''സെക്രട്ടറിയും ഞാനുംകൂടി ചർച്ച ചെയ്താണ് സെക്രട്ടറി മുഖാന്തിരം അവർക്ക് ഒരു മറുപടി കൊടുത്തത്. അലക്‌സാണ്ടർ, അങ്ങേക്കറിയാമല്ലോ, എനിക്ക് 75 വയസ്സ് കഴിഞ്ഞു, ക്ഷീണിതനാണ്. ഇനി ഇങ്ങനെയുള്ള പരിപാടികളിലൊക്കെ എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുക.
പിതാവിന്റെ പ്രതികരണം ബോധ്യമായെങ്കിലും ഞാൻ പറഞ്ഞു: പിതാവേ, പ്രഭാഷണം ഒന്നും വേണ്ട. അങ്ങ് ഞങ്ങളുടെ സമൂഹത്തിലേക്ക് ഒന്നു വന്നാൽമതി. അവർ ചോദിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് അങ്ങ് മറുപടി പറഞ്ഞാൽ മതി.
''പ്രഭാഷണം വേണ്ട എന്ന് അലക്‌സാണ്ടർക്കുറപ്പാണോ?'', പിതാവ് എന്നോടു ചേദിച്ചു.
വേണ്ടാന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.
''അങ്ങേക്ക് നിർബന്ധമാണെങ്കിൽ ഞാൻ വരാം. സെക്രട്ടറിയുമായി സംസാരിച്ച് തീയതി നിശ്ചയിച്ചുകൊള്ളാൻ'' പിതാവ് എനിക്ക് അനുകൂല മറുപടി നൽകി. ഒരുതവണ നിരസിച്ചതിനാൽ സെക്രട്ടറിയെ വീണ്ടും സമീപിച്ചാൽ എന്തായിരിക്കും പ്രതികരണമെന്ന ആശങ്കയാൽ ഞാൻ പിതാവിനോടു പറഞ്ഞു:
പിതാവേ, സെക്രട്ടറിയോട് ഞാൻ പറഞ്ഞാൽ അദ്ദേഹത്തിനിഷ്ടപ്പെടുമോ? അങ്ങുതന്നെ പറയേണ്ടി വരുമോ?
''പേടിക്കേണ്ട, ഞാൻ പറഞ്ഞെന്ന് പറഞ്ഞാൽ മതി,'' പിതാവ് എന്നെ ധൈര്യപ്പെടുത്തി. ഞാൻ സെക്രട്ടറിയുടെ അടുത്തുചെന്ന്, 'മാർത്തോമ്മാ യോഗ'ത്തിന് വരാമെന്ന് പിതാവ് സമ്മതിച്ചു; നമ്മൾ രണ്ടുപേരുംകൂടി തീയതി തീരുമാനിച്ചുകൊള്ളാൻ പിതാവ് പറഞ്ഞു എന്ന് അറിയിച്ചു.
പുഞ്ചിരിച്ചുകൊണ്ടായിരുന്നു സെക്രട്ടറിയുടെ പ്രതികരണം: ''അങ്ങ് എന്ത് ചോദിച്ചാലും പിതാവ് സമ്മതിക്കും, അല്ലേ?''
സമ്മേളനത്തിന് ഒരാഴ്ച മുമ്പ് പിതാവിന്റെ സെക്രട്ടറി നിർദ്ദേശിച്ചതനുസരിച്ച് മാർത്തോമാ യോഗത്തിന്റെ ഭാരവാഹികൾ വഴി അവർ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ ഞാൻ സെക്രട്ടറിക്ക് മെയിൽ അയച്ചുകൊടുത്തു.
റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ഹാളിലായിരുന്നു സമ്മേളനം. അവിടെ അന്ന് മലയാളി വൈദികരെയും സിസ്റ്റേഴ്‌സിനെയുംകൊണ്ട് നിറഞ്ഞു. കർദ്ദിനാൾ റാറ്റ്‌സിംഗറെ ശ്രവിക്കാൻ, മാർത്തോമാ യോഗത്തിൽപെടാത്ത ധാരാളം ആളുകളും വന്നിരുന്നു. പിതാവ് ഏകദേശം രണ്ട് മണിക്കൂർ ഞങ്ങളോടുകൂടി ചിലവഴിച്ചു. വളരെ വ്യക്തതയോടും കൃത്യതയോടും കൂടി പിതാവ് എല്ലാ ചോദ്യങ്ങൾക്കും ഇംഗ്ലീഷിൽ മറുപടി നൽകി. പാണ്ഡിത്യത്തിന്റെ അങ്ങേയറ്റമാണ് അദ്ദേഹമെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. അങ്ങനെ അനേകം വ്യക്തിപരമായ അനുഭവങ്ങൾ എനിക്ക് ബനഡിക്ട് പതിനാറാമൻ പാപ്പയുമായിട്ടുണ്ടായിരുന്നു.
സത്യത്തിന് സാക്ഷ്യംവഹിക്കാൻ എതിർപ്പുകളെ അവഗണിച്ചിരുന്നൊരു പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമൻ. അച്ചൻ ഇതിനെ എങ്ങനെ വിലയിരുത്തുന്നു?
ഒരിക്കൽ വിശ്വാസതിരുസംഘത്തിൽനിന്നും 'സ്വവർഗാനുരാഗത്തെയും വിവാഹത്തെയും' കുറിച്ച് വളരെ കർക്കശമായ ഒരു പ്രമാണരേഖ പരസ്യപ്പെടുത്തി. ഇതിനെച്ചൊല്ലി യൂറോപ്പ് മുഴുവനും രൂക്ഷമായ വിവാദങ്ങളുണ്ടായി. പിതാവിനെയും വ്യക്തിപരമായി ആക്രമിച്ചു. അതുകഴിഞ്ഞ് പിന്നീട് പിതാവിനെ കണ്ടപ്പോൾ, 'പിതാവേ, ഇപ്പോൾ ഇങ്ങനെയൊരു പ്രമാണരേഖ വേണമായിരുന്നോ' എന്ന് ഞാൻ ചോദിച്ചു.
പിതാവ് എന്നോട് പറഞ്ഞു: ''അലക്‌സാണ്ടർ, നമ്മൾ വൈദികരും മെത്രാന്മാരും വിളിക്കപ്പെട്ടിരിക്കുന്നത് സത്യത്തിന് സാക്ഷികളാകാനാണ്, മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നത് സംസാരിക്കാനായിട്ടല്ല. വ്യക്തിപരമായി എന്നെ സംബന്ധിച്ച് ചരിത്രം വിധിക്കട്ടെ.''
അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും മുൻപിൽ മൗനമായിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ. സത്യത്തിന് സാക്ഷ്യം വഹിക്കുന്നതിൽ ഒരു കോട്ടവും അദ്ദേഹം വരുത്തിയിട്ടില്ല.
ബനഡിക്ട് പതിനാറാമൻ പാപ്പയുടെ ഗ്രന്ഥങ്ങളുടെയും പ്രബോധനങ്ങളുടെയും സാരസംഗ്രഹം എന്താണ്?
പാപ്പ 60-ൽപ്പരം ഈടുറ്റ ഗ്രന്ഥങ്ങളും ആയിരത്തിൽപ്പരം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആദ്യത്തെ പുസ്തകം ക്രിസ്തുമതത്തിന് ഒരാമുഖം (An introduction to Christianity) എന്നതും അവസാനത്തെ സുപ്രധാന ഗ്രന്ഥം മാർപാപ്പ ആയശേഷം അദ്ദേഹം രചിച്ച നസ്രായനായ ഈശോ (Jesus of Nazreth) -മൂന്ന് വാല്യങ്ങൾ ആണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ധ്യാനചിന്തകൾ അടങ്ങുന്ന ആധ്യാത്മികഗ്രന്ഥങ്ങളാണ്. ഈശോയെ അടുത്തറിയുക എന്നതാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലും പുസ്തകങ്ങളിലും നിറഞ്ഞുനിൽക്കുന്നത് 'വഴിയും സത്യവും ജീവനും' ആയ ഈശോയെക്കുറിച്ചുള്ള സാക്ഷ്യങ്ങളാണവ.
ബനഡിക്ട് പതിനാറാമൻ പാപ്പ പ്രാർഥനയുടെ ഒരു മനുഷ്യനായിരുന്നുവെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ടല്ലോ. അച്ചന്റെ വ്യക്തിപരമായ അനുഭവം എന്തായിരുന്നു?
ബനഡിക്ട് പാപ്പ പ്രാർഥനയുടെ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തോട് ചേർന്ന് പലപ്പോഴും സമൂഹബലി അർപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതെപ്പോഴും ഒരു ദിവ്യാനുഭവമായിരുന്നു. ദിവ്യബലിയർപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ദിവ്യശോഭയുണ്ടായിരുന്നു. വിരമിച്ചതിനുശേഷം 'മാത്തർ എക്ലേസിയ' ആശ്രമത്തിൽ കൂടുതൽ സമയവും പ്രാർഥനയിലാണ് ചിലവഴിച്ചിരുന്നത്. നടക്കാൻ ബുദ്ധിമുട്ടാകുന്നതുവരെ അദ്ദേഹം പലപ്പോഴും വത്തിക്കാൻ ഗാർഡനിൽ സെക്രട്ടറിയോടുകൂടെ നടന്ന് ജപമാല ചൊല്ലുമായിരുന്നു.
95-ാം വയസ്സിലാണ് ബനഡിക്ട് പാപ്പ മരിക്കുന്നതെങ്കിലും എനിക്കേറെ സങ്കടകരമാണ് ആ വിയോഗം. അത്രയ്ക്ക് ഗാഢമായിരുന്നു അദ്ദേഹവുമായുള്ള എന്റെ ആത്മബന്ധം. ഇപ്പോൾ ഞാനും രോഗിയായതിനാലാണ് അദ്ദേഹത്തിന്റെ കബറടക്കത്തിൽ സംബന്ധിക്കാൻ റോമിന് പോകാനാകാതെ വന്നത്. എങ്കിലും അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തെ എന്റെ പ്രിയ ഗുരുവും ആത്മീയപിതാവുമായി തന്ന ദൈവത്തിന് ഞാൻ നന്ദിയും പറയുന്നു.
അച്ചന്റെ ജീവിതരേഖ ഒന്ന് വെളിപ്പെടുത്താമോ?
ചങ്ങനാശ്ശേരി അതിരൂപതയിൽ കോട്ടയം ആനിക്കാട് പുളിക്കൽകവല സെന്റ് മേരീസ് ഇടവക തണ്ണിപ്പാറ എബ്രഹാം-അന്നംകുട്ടി ദമ്പതികളുടെ എട്ടുമക്കളിൽ മൂത്തമകനായി 1942 മെയ് 18-നാണ് ഞാൻ ഭൂജാതനായത്. എസ്.എസ്.എൽ.സി പഠനാനന്തരം 1959-ൽ സി.എം.ഐ സന്ന്യാസസഭാംഗമായി പ്രവേശിച്ചു. പ്രാഥമിക പഠനങ്ങളും തത്വശാസ്ത്രപഠനവും പൂർത്തിയാക്കി 1965-ൽ പ്രഥമവ്രതവാഗ്ദാനം നടത്തി. ഏകവർഷ സംസ്‌കൃതപഠനവും ത്രിവർഷ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി 1971 ജനുവരി 3-ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് പൂന സർവകലാശാലയിൽനിന്ന് സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ബെംഗലുരു ധർമാരം കോളജിൽ ഇന്ത്യൻഫിലോസഫിയും സംസ്‌കൃതഭാഷയും പഠിപ്പിക്കാൻ നിയോഗിതനായി. 1978ലാണ് ഉപരിപഠനാർഥം ജർമനിയിലെ റേഗസ്ബർഗ് സർവകലാശാലയിൽ ചേരുന്നത്. അവിടെ 'സച്ചിദാനന്ദ, ഈശ്വര, അവതാര, ഇന്ത്യൻ ക്രിസ്ത്യൻ തിയോളജിയെക്കുറിച്ചുള്ള വിചിന്തനങ്ങൾ' എന്ന വിഷയത്തിൽ പ്രെഫ. ഹാൻസ് വാൻഡൻഫെൽസിന്റെ കീഴിൽ ബോൺ യൂണിവേഴ്‌സിറ്റിയിൽനിന്നും ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടി. തുടർന്ന് മഹാരാഷ്ട്രയിലെ വാർധ ദർശന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫിയിൽ അധ്യാപകനായും റെക്ടറായും സേവനമനുഷ്ഠിച്ചു. പിന്നീട് ആന്ധ്രാപ്രദേശിലെ അനുധാവന മിഷൻ നോവിസ് മാസ്റ്ററായി.
2002-ൽ സി.എം.ഐ സഭയുടെ റോമിലെ പ്രൊക്കുറേറ്റർ ജനറലായി നിയമിതനായി. ഇക്കാലയളവിൽ റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്‌സിറ്റിയിലെ (ആഞ്ചേലിക്കും) പ്രൊഫസറായിരുന്നു. 200 5-ൽ ചാന്ദ സി.എം.ഐ മാർതോമാ പ്രൊവിൻഷ്യലായി. 2008 മുതൽ ധർമാരം വിദ്യാക്ഷേത്രത്തിൽ ഇന്ത്യ ൻഫിലോസഫി, സംസ്‌കൃതം, ജർമൻ ഭാഷ, ഇന്ത്യൻ ക്രിസ്ത്യൻ തിയോളജി എന്നിവയിൽ പ്രൊഫസർ എമരിത്തൂസായി കർമനിരതനായി. 2017-ൽ കോട്ടയം സി.എം.ഐ പ്രൊവിൻഷ്യൽ ഹൗസ് പ്രീഫെക്ടായി. 2020 മുതൽ മുത്തോലി സെന്റ് ജോൺസ് ആശ്രമാംഗമായി വിശ്രമജീവിതം നയിച്ചുവരുന്നു.
ശിഷ്യന്റെ ഒളിവിതറുന്ന ഗുരുസ്മരണ
ജോസ് ക്ലെമന്റ്