ദൈവശാസ്ത്രജ്ഞനായ പാപ്പാ ജീവിതവും ദർശനവും
21 Feb 2023
അസ്തമിക്കാത്ത സൂര്യതേജസ്
ആഗോളകത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്ന് സ്വയം സ്ഥാനത്യാഗം ചെയ്ത്, വിടചൊല്ലിയ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ ജീവിതദർശനവും വിഖ്യാത ദൈവശാസ്ത്രജ്ഞനെന്ന നിലയിലുള്ള സഭാ ശുശ്രൂഷയെയും സംഭാവനകളെയും വിശകലനം ചെയ്യുകയാണ് ലേഖകൻ.
കർദിനാൾ ജോസഫ് റാറ്റ്‌സിംഗർ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വത്തിക്കാൻ കൊട്ടാരത്തിന്റ ബാൽക്കണിയിൽ നിന്നും ബനഡിക്ട് പതിനാറാമൻ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: പ്രിയ സഹോദരീസഹോദരന്മാരേ, പ്രഗല്ഭനായ ഒരു മാർപ്പാപ്പയ്ക്ക് ശേഷം കർത്താ വിന്റെ മുന്തിരിത്തോപ്പിലെ വിനീതനും ലളിതനുമായ വേലക്കാരനായ എന്നെ കർദിനാൾ സംഘം മാർപ്പാ പ്പ ആയി തിരഞ്ഞെടുത്തു. അപര്യാപ്തങ്ങളായ ഉപകരണങ്ങൾ കൊണ്ട് പ്രവർത്തിക്കാനും ജോലി ചെയ്യാ നും കർത്താവിനാകും എന്നത് എന്നെ ആശ്വസിപ്പിക്കുന്നു. എല്ലാറ്റിലുമുപരി ഞാൻ നിങ്ങളുടെ പ്രാർഥ നയിൽ ആശ്രയിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിലുള്ള സന്തോഷത്തിലും അവന്റെ നിലക്കാത്ത സഹായ ത്തിൽ ആശ്രയിച്ചും നമുക്ക് മുന്നോട്ടു പോകാം. കർത്താവ് നമ്മെ സഹായിക്കും. നിത്യവിശുദ്ധയായ മറിയം, മാതാവ് നമ്മോടൊപ്പം ഉണ്ട്, നന്ദി.''
കത്തോലിക്കരെ നിരന്തരം വിമർശിക്കുന്ന ജർമൻ 'സ്പീഗൽ' എന്ന പത്രം അന്ന് എഴുതിയ തലക്കെട്ട് ശ്രദ്ധേയമാണ്: 'നമ്മളാണ് മാർപ്പാപ്പാ ' അഥവാ 'ഞങ്ങളാണ് മാർപ്പാപ്പാ'. യൂറോപ്പിലെ അവിശ്വാസികൾക്കുപോലും മാർപ്പാപ്പാ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു വ്യക്തമാക്കുന്ന വാക്യമാണ് 'സ്പീഗൽ' അന്നു കുറിച്ചത്. സ്ഥാനം കൊണ്ട് മാത്രമല്ല കർമം കൊണ്ടും ബനഡിക്ട് പാപ്പയെ കുറിച്ച് ജർമൻകാർക്ക് മാത്രമല്ല ആർക്കും അഭിമാനത്തോടെ പറയാൻ കഴിയും: 'ജോസഫ് റാറ്റ്‌സിങ്ങർ ആണ് മാർപ്പാപ്പാ' എന്ന്. ആ യുഗം 2022 ഡിസംബർ 31-ന് അവസാനിച്ചു.
ഒരു വിജ്ഞാനിയുടെ സ്ഥാനത്യാഗം
എന്നത്തേയും വിജ്ഞാനിയായ മാർപ്പാപ്പ ബനഡിക്ട് പതിനാറാമൻ ആയിരുന്നു. വർധക്യമായി എന്ന് തോന്നിയപ്പോൾ രാജിവയ്ക്കാൻ മാത്രം ധൈര്യം കാട്ടിയ പാപ്പയും ബനഡിക്ട് തന്നെ.
600 വർഷങ്ങൾക്ക് മുൻപ് 1415-ലായിരുന്നു ഒരു മാർപ്പാപ്പ രാജി വച്ചത്. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് വൈകാതെ നീതിവിധിയാളന്റെ മുൻപിൽ നിർത്തപ്പെടാൻ തീവ്രമായി ഞാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞ മാർപ്പാപ്പ. മരിക്കുന്നതിന് തൊട്ടുമുന്പുവരെ തന്റെ മുറിയിൽ അർപ്പിക്കപ്പെട്ട വി. കുർബാനയിൽ പങ്കുകൊണ്ട ശേഷമാണ് 2013 മുതൽ മാത്തർ എക്ലേസിയ എന്ന ആശ്രമത്തിൽ ജീവിച്ച മാർപ്പാപ്പ വിടവാങ്ങിയത്.
ബനഡിക്ട് പതിനാറാമൻ പാപ്പ 95 വയസ്സിൽ വിടവാങ്ങിയ തന്റെ തന്റെ പൂർവകാല സഹപ്രവർത്തകനായിരുന്ന പ്രൊഫ. ഗെർഹാർഡ് വിങ്കലറിന്റെ (Gehard Winkler) നിര്യാണത്തിൽ അനു ശോചനകുറിപ്പു എഴുതിക്കൊണ്ട് രേഖപ്പെടുത്തി. ''2021 ഒക്ടോബർ 2-ന് താനും നിത്യതയിലേക്കു പോകാ നും അവിടെവച്ചു തന്റെ സുഹൃത്തുക്കളെ കാണാനും അതിയായി ആഗ്രഹിക്കുന്നു'' വെന്ന്. എഴുപ തുകളിൽ മാർപ്പാപ്പയോടൊത്തു റേഗസ്ബർഗ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്ന ഗെർഹാർഡ് വിങ്കലറിന് അന്തരിക്കുമ്പോൾ 91 വയസായിരുന്നു. മാസങ്ങൾക്കു മുൻപ് ആഗ്രഹിച്ചതുപോലെ ബനഡിക്ട് മാർപ്പാപ്പയും നിത്യതയിൽ ലയിച്ചു.
ബനഡിക്ട് പതിനാറാമൻ പാപ്പ 2005 ഏപ്രിൽ 29 മുതൽ 2013 ഫെബ്രുവരി 28 വരെ കത്തോലിക്കാ സഭ യുടെ 265 - മത്തെ മാർപ്പാപ്പയും വത്തിക്കാൻ രാജ്യത്തിന്റെ തലവനും ആയിരുന്നു. 1523- ൽ അഡ്രിയൻ ആറാമന് ശേഷം ജർമനിയിൽ നിന്നുള്ള മാർപ്പാപ്പ. 95-ാമത്തെ വയസിൽ മരിക്കുമ്പോൾ ഏറ്റവും പ്രായം കൂടിയ മാർപ്പാപ്പയും ബനഡിക്ട് പതിനാറാമൻ തന്നെ. ലെയോ പതിമൂന്നാമൻ മാർപ്പാപ്പാ യായിരുന്നു 93 വയസുവരെ മാർപ്പാപ്പ ആയിരുന്ന മറ്റൊരു പോപ്പ്.
vox populi ആണ് കത്തോലിക്കാസഭയിൽ മഹാൻ എന്ന പദവി. സഭ ഔദ്യോഗികമായി അങ്ങനെയൊരു പദവി കൊടുക്കാറില്ല. മഹാനായ ലെയോ പാപ്പ (440-460), മഹാനായ ഗ്രിഗറി പാപ്പ (590- 604) തുടങ്ങിയവർക്കൊപ്പം കർദിനാൾ സെക്രട്ടറി ആഞ്ചെലോ സൊഡാനോ 2005-ൽ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാക്ക് വേണ്ടി അർപ്പിച്ച കുർബാനക്ക് വിതരണം ചെയ്ത കുറിപ്പിൽ അദ്ദേഹത്തെ മഹാനായ പാപ്പ എന്നാണ് വിശേഷിപ്പിച്ചത്. ബനഡിക്ട് പതിനാറാമൻ പാപ്പയെയും മഹാനായ പാപ്പ എന്ന് വിശേഷിപ്പിക്കാൻ ഞാൻ തുനിയുകയാണ്.
രണ്ടാം വത്തിക്കാൻ കൗൺസിലും ബനഡിക്ട് പതിനാറാമനും
രണ്ടാം വത്തിക്കാൻ കൗൺസിലിനെ ഏറ്റം സ്വാധീനിച്ച ദൈവശാസ്ത്രജ്ഞരാണ്: Karl Rahner SJ, Marie-Dominique Chenu OP, Yves Congar OP (später Herausgeber der Zeitschrift Concilium), Joseph Ratzinger, Henri de Lubac SJ, Urs von Balthasar, Jean DaniWplou SJ, Hans Küng എന്നിവർ. ഇവരിൽ പലർക്കും സഭാ നേതൃത്തത്തിൽനിന്നും പ്രശ്‌നങ്ങൾ ഉണ്ടായി. റാറ്റ്‌സിങ്ങർ മാത്രം എന്നും നേതൃത്വത്തിനു സ്വീകാര്യനായിരുന്നു. ആ സ്വീകാര്യത, എന്നാൽ, തന്റെ ജന്മനാടായ ജർമൻ സഭയിൽ റാറ്റ്സിംഗറിനു ഇല്ലായിരുന്നു എന്നതും വസ്തുത. കുങ് മരണംവരെ പലർക്കും ചോദ്യചിഹ്നമായി നില കൊണ്ടു. റാണർ ഔദ്യോഗികമായി ക്‌ളീൻ ആണെ ങ്കിലും അർഹമായ അംഗീകാരങ്ങൾ കിട്ടിയില്ലെന്നു കരുതപ്പെടുന്നു. മറ്റു നാലുപേർ ചിലപ്പോൾ അസ്വീകാര്യരായി എന്നിരുന്നാലും പിന്നീട് കർദിനാളന്മാ രായി അംഗീകരിക്കപ്പെട്ടു.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തതും കൗൺസിലിനെ സ്വാധീനിച്ചതുമായ മറ്റൊരു ദൈവ ശാസ്ത്രഞ്ജൻ ഇനി മാർപ്പാപ്പ ആകാനില്ല. കലഹരണപ്പെട്ടതും കാലോചിതവുമായ സഭാഘടകങ്ങളെ ഒ രുമിപ്പിക്കാനും സഭയെ മുന്നോട്ടു നയിക്കാനുമുള്ള ദൗത്യമായിരുന്നു കൗൺസിലിന്റേത്. അതിൽ ബനഡി ക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സംഭാവനകൾ മഹത്തരമാണ്.
ഗ്രന്ഥസ്വാധീനം
2012-ൽ ജർമനിയിലെ ഫ്രെയ്ബുർഗിലുള്ള ഹെർഡർ പ്രസാധകർ രണ്ടാം വത്തിക്കാൻ കൗൺസിലി ന്റെ പഠനങ്ങൾക്കു ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സംഭാവനകൾ പാപ്പയുടെതന്നെ പ്രസി ദ്ധീകരിക്കാത്ത കൃതികളിൽ പലതും ഉൾക്കൊള്ളിച്ചുകൊണ്ടു രണ്ടു വാള്യങ്ങളുള്ള ഗ്രന്ഥം പ്രസിദ്ധീക രിച്ചു. മാർപ്പാപ്പയുടെ സമ്പൂർണ്ണ കൃതികളിലെ 7-ാമത്തെ വാല്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളായിരുന്നു അത്. റാറ്റ്‌സിംഗർ കർദിനാൾ ഫ്രിങ്‌സിന് എഴുതിക്കൊടുത്ത പ്രസംഗങ്ങളും പല പ്രമാണരേഖകളുടെയും രൂപീകരണവേളയിൽ റാറ്റ്റിസിംഗർ കുറിച്ച വിലയിരുത്തലുകളും നിർദേശങ്ങളും 1200 പേജുകൾ വരുന്ന ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
സ്വാധീനം വിവിധ പ്രമാണരേഖകളിൽ
ജനതകളുടെ പ്രകാശം (Lumen Gentium)എന്ന പ്രമാണരേഖയിലും സഭ ആധുനിക ലോകത്തു (Gaudium et spes) എന്ന പ്രമാണരേഖയിലുമാണ് റാറ്റ്‌സിംഗറിന്റെ സ്വാധീനം ഏറെയുള്ളത്. ദൈവികവെളിപാടിനെകുറിച്ചുള്ള പ്രമാണരേഖക്കും ജോസഫ് റാറ്റ്സിംഗർ നൽകിയ സംഭാവന മഹത്താണ്! സഭയെകുറിച്ചും ദൈവിക വെളിപാടിനെകുറിച്ചുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണ രേഖകളുടെ രൂപീകരണത്തിൽ ബനഡിക്ട് പാപ്പയുടെ സംഭാവന വലുതാണ്. ആരാധനാക്രമം, എക്യുമെനിസം, മതസ്വാതന്ത്ര്യം, അക്രൈസ്തവമതങ്ങളോടുള്ള സമീപനം തൂടങ്ങിയ വിഷയങ്ങളിലും ബനഡിക്ട് മാർപ്പാപ്പാ സംഭാവനകൾ നൽകി.
പുരോഗമനവാദിയൊ യാഥാസ്ഥിതികനോ?
രണ്ടാം വത്തിക്കാൻ കൗൺസിലിൽ പുരോഗമനത്തിനുവേണ്ടി നിലകൊണ്ട ദൈവശാസ്ത്രഞ്ജനായിരു ന്നു റാറ്റ്‌സിംഗർ. പിന്നീട് അദ്ദേഹത്തിന് യാഥാസ്ഥിതികൻ എന്ന പേരുവന്നു. അദ്ദേഹം സമന്വയത്തിന്റെ യും സമഗ്രഹത്തിന്റെയും വക്താവായതാണ് അതിനു കാരണമെന്നാണ് എന്റെ അഭിപ്രായം. ലെഫെ ബറിന്റെ തീവ്രവാദനിലപാടുള്ള 1988 - ൽ കത്തോലിക്കാ സഭയിൽനിന്നും പുറത്താക്കപ്പെട്ട യാഥാസ്ഥിതി ക സഭയോട് ഐക്യപ്പെടാനുള്ള ശ്രമം മാത്രമല്ല റാറ്റ്‌സിംഗറിന് യാഥാസ്ഥിതികൻ എന്ന പേര് ആരോപി ക്കപ്പെട്ടതിന് കാരണം. ജർമൻ ദൈവശാസ്ത്രജ്ഞരുടെ തോമിസ്റ്റിക്ക് -മോഡേൺ -ദാർശനിക -ചിന്തക രുടെ അമിതസ്വാധീനം ഒഴിവാക്കി അഗസ്തീനിയൻ -സ്‌കൊളാസ്റ്റിക് ചിന്തകളുടെ സമന്വയം തേടിയതും കാരണമാണ്. അതൊരു പുതിയ ചുവടുവയ്പ്പായിരുന്നു. റാറ്റ്സിംഗറിന്റെ ഡോക്റ്ററൽ പ്രബന്ധം അഗസ്റ്റീ നിയൻ ദർശനത്തിലായിരുന്നുവെങ്കിൽ ഹാബിലിറ്റേഷൻ അഗസ്റ്റിനിയൻ ചായ്വ് പ്രകടമാക്കിയ സ്‌കൊളാ സ്റ്റിക് ദർശനത്തിലായിരുന്നു.
'രണ്ടാം വത്തിക്കാൻ കൗൺസിൽ പുതിയൊരു സഭയോ പുതിയൊരു വിശ്വാസമോ സൃഷ്ടിക്കാനായിരു ന്നില്ല;' രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു ബനഡിക്ട് പാപ്പ പറഞ്ഞു: 2000 കൗൺസിൽ പിതാക്കന്മാർ 1962 ഒക്ടോബർ 11 -നു ആഘോഷമായി, പ്രദക്ഷിണമായി കൗൺസിലിന് എത്തിയതിനെക്കുറിച്ചു അന്ന് 35 വയസ് പ്രായമുണ്ടായിരുന്ന മാർപ്പാപ്പ ഓർമിക്കുന്നു. എന്തെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല, യോഹന്നാൻ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ കൗൺ സിൽ വിളിച്ചുകൂട്ടിയതെന്നും ബനഡിക്ട് മാർപ്പാപ്പാ ഓർമിക്കുന്നു. മറിച്ചു യൂറോപ്യൻ സഭയുടെ ശക്തി യും സ്വാധീനവും നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവും സഭ ഒരു ആത്മീയ ചൈതന്യവും ആത്മീയ ശക്തി യുമായി നിലകൊള്ളണമെന്ന ബോധ്യവുമാണ് യോഹന്നാൻ 23-ാമൻ മാർപ്പാപ്പയെ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടാൻ പ്രേരിപ്പിച്ചതെന്ന് ബനഡിക്ട് മാർപ്പാപ്പ പറയുന്നു. ബൽജിയത്തെയും ഫ്രാ ൻസിലെയും ജർമനിയിലെയും സഭകൾ രണ്ടാം വത്തിക്കാൻ കൗൺസിലിനെ വളരെ സ്വാധീനിച്ചു എന്നും സഭാവിജ്ഞാനീയവും ആരാധനസക്രമവും കൗൺസിലിന്റെ പ്രധാന ചർച്ച വിഷയങ്ങളായിരു ന്നുവെന്നും ബനഡിക്ട് മാർപാപ്പ വ്യക്തമാക്കുന്നു.
എഴുതിക്കൊടുത്ത പ്രഭാഷണങ്ങളും കൗൺസിലിലേക്കുള്ള വാതിലും കൊളോൺ അതിരൂപതയുടെ ആർച്ചുബിഷപ്പായിരുന്ന കർദിനാൾ ഫ്രിങ്‌സ് 1961 -ൽ ഇറ്റലിയിലെ ജാനുവായിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന് ഒരുക്കമായി ഒരു പ്രഭാഷണം നടത്തി. വിഷയം വത്തിക്കാനിലെ തിരുസംഘങ്ങളെക്കുറി ച്ചുള്ള പരാതികളെക്കുറിച്ചായിരുന്നു. ഈ പ്രഭാഷണം കേട്ട യോഹന്നാൻ ഇരുപത്തിമൂന്നാം മാർപ്പാപ്പ കർ ദിനാൾ ഫ്രിങ്‌സിനെ വളരെയധികം പുകഴ്ത്തി. ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയും നടത്തണമെ ന്നും ഇതുപോലെ നല്ല ആശയങ്ങൾ ഫ്രിങ്‌സിൽ നിന്നും കേൽക്കാൻ തനിക്കു താല്പര്യമുണ്ടെന്നും മാർപ്പാപ്പ വ്യക്ത്തിപരമായി കർദിനാൾ ഫ്രിൻസിനോട് പറഞ്ഞു. എന്നാൽ ഈ പ്രഭാഷണം കർദിനാൾ ഫ്രിങ്‌സിനു എഴുതിക്കൊടുത്തത് അന്ന് ദൈവശാസ്ത്ര പ്രൊഫസ്സർ ആയിരുന്ന ജോസഫ് റാറ്റ്‌സിംഗർ ആയിരുന്നു. അതുകൊണ്ടു കർദ്ദിനാൾ ഫ്രിങ്‌സ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പത്തു പേരടങ്ങുന്ന ഓഫീസിന്റെ അംഗം ആയപ്പോൾ ജോസഫ് റാറ്റ്‌സിംഗറിനെ തന്റെ ഉപദേശകനായും താൻ പറയാനുള്ള പ്രഭാഷണം എഴുതുന്ന ദൈവശാസ്ത്രജ്ഞനായും നിയമിച്ചു. പിന്നീട് 1963 -ൽ ആണ് കൗൺ സിൽ ദൈവശാസ്തജ്ഞനായി (peritus ) പോൾ ആറാമൻ മാർപ്പാപ്പ ജോസഫ് റാറ്റ്‌സിംഗറിനെ ഔദ്യോ ഗികമായി നിയമിക്കുന്നത്.
1985-ൽ പ്രശസ്ത ദൈവശാസ്ത്രജ്ഞനും റാറ്റ്സിംഗറിനൊപ്പം കൗൺസിൽ ദൈവശാസ്ത്രജ്ഞനുമാ യിരുന്ന ഹാൻസ് ക്യുങ് ബവേറിയ ടെലിവിഷന് നൽകിയ ഇന്റർവ്യൂവിലും 1988 ജൂലൈ 13-ന് റാറ്റ്‌സിം ഗർ ചിലി ബിഷപ്പുമാർക്ക് നൽകിയ പ്രഭാഷണത്തിലും ബനഡിക്ട് മാർപ്പാപ്പ രണ്ടാം വത്തിക്കാൻ കൗൺ സിലിന് നൽകിയ സംഭവനകളെക്കുറിച്ചു സൂചനകളുണ്ട്.
വിശ്വാസതിരുസംഘത്തിന്റെ തലവൻ!
കത്തോലിക്കാ സഭയുടെ വിശ്വാസതിരുസംഘത്തിന്റെ തലവനായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1981 നവംബർ 25 -നു നിയമിച്ചത് മുതൽ കർദിനാൾ ജോസഫ് റാറ്റ്‌സിംഗർ ആഗോള കത്തോലിക്കാ സഭയുടെ മുക്കിലും മൂലയിലും അറിയപ്പെടുന്നവനായി. മാത്രമല്ല ആഗോള മാധ്യമങ്ങളുടെയും സഭാവി രുദ്ധ ശക്തികളുടെയും കത്തോലിക്കേതര സഭകളുടെയും ശ്രദ്ധാകേന്ദ്രവും റാറ്റ്‌സിംഗറായി.
1978 ഒക്ടോബർ 16-നു കരോൾ വോയിറ്റിൽ (ജോൺ പോൾ രണ്ടാമൻ) മാർപ്പാപ്പ ആയി തിരഞ്ഞെ ടുക്കപ്പെട്ടപ്പോഴേ താൻ കർദിനാളായ ദിവസം കർദിനാൾ ആകുകയും തനിക്കു വ്യക്തിപരമായി നന്നായി പരിചയമുള്ളതും ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ളതുമായ കർദിനാൾ ജോസഫ് റാറ്റ്‌സിംഗറെ വിശ്വാസതിരുസംഘത്തിന്റെ തലവനാക്കാൻ ആഗ്രഹിച്ചിരുന്നു.
എന്നാൽ മ്യൂണിക്കിന്റെ ആർച്ചുബിഷപ്പായി ഒരു വർഷം പിന്നിട്ടതേയുള്ളൂ എന്നതിനാൽ കർദിനാൾ റാറ്റ്‌സിംഗർ ചിന്തിക്കാൻ സമയം ചോദിക്കുകയും ഏതാണ്ടു മൂന്നു വര്ഷങ്ങൾക്കുശേഷം സമ്മതം അരുളുകയും ആയിരുന്നു.
ധീര ചുവടുവയ്പുകൾ, മികച്ച സംഭാവനകൾ!
വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ നൽകിയ സംഭാവനകൾ മഹത്തരങ്ങളാണ്. humanae vitae എന്ന ചാക്രിക ലേഖനത്തിന്റെ ആനുകാലിക പ്രസക്തി വ്യക്തമാക്കാൻ റാറ്റ്സിംഗർ ശ്രമിച്ചു. പൗരോഹിത്യ ബ്രഹ്മചര്യത്തെ അദ്ദേഹം ന്യായീകരിച്ചു. വിമോചനദൈവശാസ്ത്രത്തിലെ മാർസിക്സ്റ്റ് രീതിശാസ്ത്രം തള്ളിപ്പറഞ്ഞു.
ക്രൈസ്തവ ബഹുസ്വരദൈവശാസ്ത്രം ക്രൈസ്തവം അല്ലെന്നും അത് കത്തോലിക്കാസഭ തള്ളിപ്പറയുന്നു എന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അതിരഹസ്യമായി വത്തിക്കാനിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ പരസ്യവും സുതാര്യവും ആക്കി. പ്രോട്ടസ്റ്റന്റുകാരുമായി ഐക്യപ്പെടാൻ 1999-ൽ നീതീകരണം എന്ന വിഷയത്തിൽ പൊതുവായ ഒരു പ്രമാണരേഖയിൽ ഒപ്പുവച്ചു.
Dominus Isus എന്ന വിശ്വാസതിരുസംഘത്തിന്റെ കൃതിയിലൂടെ ക്രിസ്തുവിനെ കുറിച്ചുള്ള കത്തോലിക്കാ സങ്കൽപം വ്യക്തവും കൃത്യവുമായി പ്രതിപാദിച്ചു. കത്തോലിക്കാസഭയുടെ വേദോപദേശം പരിഷ്‌കരിച്ചു പ്രസിദ്ധീരികരിച്ചു; ഇതുപോലെ എത്രയോ ബൃഹത്തായ സംരംഭങ്ങൾ; മഹത്തായ സംഭാവനകൾ!
പ്രശ്‌നങ്ങളും സംഘർഷങ്ങളും!
വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ പല പ്രശ്‌നങ്ങളും സംഘർഷങ്ങളും കർദിനാൾ റാറ്റ്സിംഗറിന് നേരിടേണ്ടി വന്നു. പല ദൈവശാസ്ത്രജ്ഞരുമായുള്ള പ്രശ്‌നങ്ങൾ, ജർമൻ സഭയുമാ യുള്ള പ്രശ്‌നങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോടുള്ള സഭയുടെ സമീപനം സംബന്ധിച്ച പ്ര തിസന്ധികൾ, ബഹുസ്വര ദൈവശാസ്ത്രദർശനങ്ങളുമായുള്ള പ്രശ്‌നങ്ങൾ, വിമോചനദൈവശാസ്ത്ര ചിന്തകരുമായുള്ള സംഘർഷങ്ങൾ തുടങ്ങിയവയാണ് പ്രധാനം.
ദൈവശാസ്ത്രജ്ഞരുമായുള്ള പ്രശ്‌നങ്ങൾ
പല പ്രശസ്തരും സഭാസ്‌നേഹികളുമായ ദൈവശാസ്ത്രജ്ഞരുമായി ഈ കാലയളവിൽ പ്രശ്‌നങ്ങളും അതുവഴി അസ്വസ്ഥതകളും ഉണ്ടായി എന്നതാണ് റാറ്റ്സിംഗറിനെ ഒരിക്കൽ ശ്രദ്ധേയവും വിവാദപുരുഷ നുമാക്കിയ മറ്റൊന്ന്. പ്രശസ്ത വിമോചന ദൈവവശാസ്ത്രന്ജനും പിന്നീട് പ്രതിഷേധിച്ചു സഭ വിട്ടുപോ യവനുമായ ലിയോണാർദോ ബോഫ്, വർഷങ്ങൾ ഇന്ത്യയിൽ വൈദിക വിദ്യാർഥികളെ പഠിപ്പിച്ച ജാക്ക് ഡൂപ്പി, ശ്രീലങ്കയിൽ നിന്നുള്ള ടിസാ ബാലസൂര്യ, നിരവധി വർഷങ്ങൾ എൽ സാൽവദോറിൽ അദ്ധ്യാപ കനായി സേവനം അനുഷ്ഠിച്ച സ്‌പെയിൻകാരനായ ജോൺ സൊബ്രിനോ, ജർമനിയിൽ പ്രൊഫസറാ യിരുന്ന സ്വിറ്റസർലണ്ടുകാരനായ ഹാൻസ് ക്യുങ്, സഭ വിട്ടുപോയ ജര്മ്മന്കാരനായ ഡ്രെവർമാൻ തുടങ്ങിയവർ അവരിൽ ചിലർ മാത്രം. എന്നാൽ വലിയ താക്കീതുകൾ കിട്ടുമെന്നു കരുതിയ ഇത്തരം ദൈവശാസ്ത്രജ്ഞരിൽ മിക്കവരും ഒടുവിൽ പരിക്കൊന്നും പറ്റാതെ സ്വീകാര്യരാകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അതായത് എന്നും സംവാദത്തിന്റെ വാതിൽ തുറന്നിട്ടിരുന്ന ഒരു വ്യക്തിയായിരുന്നു കർദിനാൾ ജോസഫ് റാറ്റ്‌സിംഗർ.
സദുദ്ദേശത്തോടെ സഭയെ സ്‌നേഹിക്കുന്നവർക്ക് സംവാദത്തിനു തയാറുണ്ടെങ്കിൽ അനുരഞ്ജന ത്തിന്റെ സാധ്യത ഒരിക്കലും റാറ്റ്‌സിംഗർ ഇല്ലാതാക്കിയില്ല. മാർപ്പാപ്പായെന്ന ധർമത്തിന്റെ കാലഘട്ടത്തിൽ താൻ സംശയത്തോടെ വീക്ഷിച്ചിരുന്ന രണ്ടു ദൈവശാസ്ത്രജ്ഞരെ വലിയ പബ്ലിസിറ്റിയൊന്നും കൊടുക്കാതെ വ്യക്തിപരമായി ക്ഷണിക്കുകയും സംവദിക്കുകയും ചെയ്തു എന്നതും മഹത്തരമായി കരുതുന്നു. അവരിലൊന്ന് തന്റെ സ്ഥിര വിമർശകനായിരുന്ന ഹാൻസ് കുങ് ആണ്. രണ്ടാമത്തെയാൾ റെയ്മണ്ട് പണിക്കർ ആണ്.
ഭ്രൂണഹത്യ: സമീപനരീതിയും വിശ്വാസികളുടെ വിയോജിപ്പും
ഭ്രൂണഹത്യക്ക് എതിരെയും ദയാവധത്തിന് ഏതിരെയും വിശ്വാസ തിരുസസംഘത്തിന്റെ തലവൻ എന്ന നിലയിൽ റാറ്റ്‌സിംഗർ ശക്തമായ നിലപാടുകൾ എടുത്തു. റാറ്റ്സിംഗറിന്റെ സാമീപനരീതി അതേ ലക്ഷ്യങ്ങൾ ഹൃദയത്തിൽ പേറുന്ന ജർമനിയിലെ അല്മായനേതൃത്വവുമായി പ്രശ്‌നത്തിലകപ്പെടുന്ന കാഴ്ചയും കാണാനായി. 1999 സെപ്തംബർ 24- ന് ജർമനിയിലെ ബോൺ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട donum vitae (ജീവന്റെ സമ്മാനം) എന്ന സംഘടനയും അതിന്റെ പ്രവർത്തനങ്ങളും മൂലം വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിലും പിന്നീട് മാർപ്പാപ്പ എന്ന നിലയിലും ബനഡിക്ട് പതിനാറാമൻ ഏറെ സംഘർഷങ്ങൾ അനുഭവിച്ചു.
ഗർഭഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകൾ പരിശീലിപ്പിക്കപ്പെട്ട ഉപദേശകരുമായി കൗൺസിലിംഗ് നടത്തു കയും അതിന്റെ രേഖ എത്തിക്കുകയും ചെയ്താൽ മാത്രമേ ജർരൻ ഗവൺമെന്റ് ഗർഭഛിദ്രം അനുവ ദിക്കുമായിരുന്നുള്ളു. ഗർഭചിദ്രം തടയാനുള്ള മാർഗമായാണ് ഗവൺമെന്റ് ഇങ്ങനെയൊരു നിയമം കൊ ണ്ടുവന്നത്. അതോടെ കത്തോലിക്കാ സഭയും ഇത്തരം ഒട്ടനവധി കൗൺസിലിംഗ് കേന്ദ്രങ്ങൾ തുറന്നു.
എന്നാൽ 1998-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇത്തരം കേന്ദ്രങ്ങളിൽനിന്നും കൗൺസിലിംഗ് നടത്തിയെന്നതിന് സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നത് ഗർഭഛിദ്രത്തിനുള്ള പരോക്ഷമായ അംഗീകാരമാ ണെന്നും അതുകൊണ്ടു ഉപദേശം മാത്രം മതി എന്നും കത്തോലിക്കാ കേന്ദ്രങ്ങളിൽനിന്നും സർട്ടിഫിക്കറ്റുകൾ കൊടുക്കാൻ പാടില്ല എന്നും നിർദേശിച്ചു.
ഇതിൽ പ്രതിഷേധിച്ചു ജർമൻ കത്തോലിക്കരുടെ അല്മായ നേതൃത്വം സ്ഥാപിച്ചതും ഇന്ന് 200 കേന്ദ്രങ്ങളിൽ കൗൺസിലിംഗ് കേന്ദ്രങ്ങളുമായി പ്രവർത്തിക്കുന്നതുമായ സംഘടനയാണ് DONUM VITE. കാരണം, സർട്ടിഫിക്കറ്റുകൾ കിട്ടാത്തിടത്ത് കൗൺസിലിംഗിന് പോകാനുള്ള താല്പര്യം സാധാരണ കുറയും. ജർമൻ സഭയുടെ അന്നത്തെ അല്മായ നേതൃത്വത്തിന്റെ പ്രഡിഡന്റും ബവേറിയയുടെ മുൻ വിദ്യേഭ്യാസ മന്ത്രിയും ആയിരുന്ന പ്രൊഫസർ ഹാൻസ് മയറി-ന്റെ നേതൃത്വത്തിൽ ആയിരുന്നു DONUM VITAE -യുടെ സ്ഥാപനം.
2008 മുതൽ 2020 വരെ പ്രൊഫസർ മയർ അംഗമായിരുന്ന മ്യൂണിക്ക് സിറ്റിയിലുള്ള ഇടവകയുടെ വികാരി ഞാൻ ആയിരുന്നതു കൊണ്ടും എന്റെ ആ ഇടവകയുടെ പള്ളിമുറിയിൽ സർട്ടിഫിക്കറ്റ് കൊടുക്കില്ലാത്ത സഭയുടെ ഔദ്യോഗികമായ കൗൺസിലിംഗ് കേന്ദ്രം നടത്തിയിരുന്നതുകൊണ്ടും ഇത് വരുത്തിവച്ച സംഘർഷത്തിന്റെയും അസ്വസ്ഥതകളുടെയും തീവ്രത കുറെയൊക്കെ എനിക്കും മനസ്സിലാക്കാനായി. സഭയിൽ മാതൃകാപരമായി ജീവിക്കുന്ന സജീവ അംഗങ്ങളാണ് ഡോണും വിത്തെയുടെ സ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത് എന്നതും ശ്രദ്ധേയം.
ഇന്ന് സഭയുടെ ഔദ്യോഗിക കേന്ദ്രങ്ങളിൽ അല്ല, ഭൂരിപക്ഷം പേരും ഉപദേശത്തിനായി പോകുന്നത് എന്നും മനസ്സിലാക്കണം. 2006- ൽ ഇത്തരം കേന്ദ്രങ്ങൾ കത്തോലിക്കാ സഭയുടേതല്ല എന്ന് റോമിൽനിന്നുള്ള സമ്മർധത്തിന് ഫലമായി ജർമൻ ബിഷപ്സ് കോൺഫറൻസ് പ്രഖ്യാപിച്ചു. എന്നാൽ ഇന്നും അല്മായ നേതൃത്വത്തിന്റെ സഘടനയായി ഡോണും വിത്തെ (Donum vite ) സജീവമായി പ്രവർത്തിക്കുന്നു. പ്രശ്‌നങ്ങളുള്ളവർക്കു കൗസിലിംഗിന് വരാനുള്ള സാഹചര്യം പോലും സഭയുടെ നിലപാട് ഇല്ലാതാക്കുന്നു എന്നതാണ് അല്മായ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടു അവർ 'തങ്ങളുടേതായ സഭപ്രവർത്തനങ്ങളുമായി മുന്നോട്ട്' എന്നും നിലപാടെടുത്തു. കർദിനാൾ റാറ്റ്സിംഗറിന് സംഘർഷത്തിനിടകൊടുത്ത ഒരു സാഹചര്യമായിരുന്നു ഇത്.
ജർമൻ മെത്രാന്മാരുമായുള്ള പ്രശ്‌നങ്ങൾ
വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ നേരിട്ട മറ്റൊരു പ്രതിസന്ധി ഒബെർ റെയ്നിഷേ മെത്രാന്മാർ എന്ന് വിളിക്കപ്പെടുന്ന Freiburg (Oscar Saier), Stuttgart -Rottenburg (Walter Kasper), Mainz (Karl Lenmann) തുടങ്ങിയ അന്ന് ജർമനിയിൽ ഏറെ സ്വാധീനം ഉണ്ടായിരുന്ന മൂന്ന് മെത്രാന്മാരും അവരെ അനുകൂലിക്കുന്ന മറ്റു മെത്രാന്മാരുമായി 1994 -ൽ ഉണ്ടായ അഭിപ്രായ വ്യത്യാസ ങ്ങളും അത് ജർമൻ സഭയിൽ മാത്രമല്ല ആഗോളസഭയിലും വരുത്തിയ ചലനങ്ങളുമാണ്.
സഭയുടെ അനുവാദമില്ലാതെ വിവാഹമോചനം നേടിയശേഷം പുനർവിവാഹം ചെയ്തവർക്ക് വി. കുർബാന കൊടുക്കരുത് എന്ന വത്തിക്കാനിൽ നിന്നുള്ള നിർദേശം അതേപടി സ്വീകരിക്കാൻ ആകില്ലെ ന്നും അവർക്കും കുർബാന കൊടുക്കാൻ സാധിക്കുന്ന സാഹചര്യങ്ങൾ ധാരാളം ഉണ്ടെന്നും അത് വിലയി രുത്തേണ്ടത് അതത് ഇടവക വികാരിമാർ ആണെന്നുമുള്ള നിലപടായിരുന്നു ഈ ബിഷപ്പുമാരുടേത്.
ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ഒടുവിൽ വത്തിക്കാന്റെ നിലപാട് ഈ ബിഷപ്പുമാ ർക്കു സ്വീകരിക്കേണ്ടി വന്നുവെങ്കിലും ഇവരുടെ രൂപതകളിൽ മാത്രമല്ല ജർമൻ രൂപതകൾ മുഴുവനിലും ഈ മെത്രാൻമാരുടെ നിലപാടാണ് അനൗദ്യോഗികമായി തുടരുന്നത് എന്നത് ചരിത്രം. ഈ സംഘർഷം പല നല്ല കത്തോലിക്കരെയും സഭ വിട്ടു പോകാൻ പ്രേരിപ്പിച്ചു. അന്ന് വിവാദപുരുഷന്മാർ എന്ന് വത്തിക്കാനിൽ വിശേഷിപ്പിക്കപ്പെട്ട ലെമാനും (2001) കാസ്പറും (2001) പിന്നീട് കർദിനാളന്മാരായി ഉയ ർത്തപ്പെട്ടു എന്നതും ചരിത്രം.
വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്നതിൽ കർദിനാൾ ജോസഫ് റാറ്റ്സിംഗർ ശ്രദ്ധാലുവായിരു ന്നു. 1997-ൽ തനിക്ക് 70 വയസായപ്പോൾ വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന ഉത്തരവാദിത്വത്തി ൽ നിന്നും ഒഴിവു തരണമെന്നും വത്തിക്കാന്റെ ആർക്കൈവിന്റെയും ലൈബ്രറിയുടെയും ചുമതലയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടെങ്കിലും ജോൺ പോൾ രണ്ടാമൻ പാപ്പാ അനുവദിച്ചില്ല. തന്റെ 75-മത്തെ വയ സിൽ തന്റെ ഉത്തരവാദിത്തം രാജിവച്ചു എങ്കിലും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ രാജി സ്വീകരിച്ചില്ല.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നു.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005-ൽ മരിക്കുമ്പോൾ കർദിനാൾ റാറ്റ്‌സിങ്ങർ കർദിനാൾ സംഘ ത്തിന്റെ ഡീൻ ആയിരുന്നു, 2002 മുതൽ. കർദിനാൾ സംഘത്തിന്റെ ഡീൻ എന്ന നിലയിൽ മാർപ്പാപ്പായുടെ മരണശേഷം പുതിയ മാർപ്പാപ്പാ ചുമതല ഏൽക്കുന്നതുവരെയുള്ള കാലയളവിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനും പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് കൂടുന്നതിനുമുള്ള ഉത്ത രവാദിത്വം കർദിനാൾ റാറ്റ്സിംഗറിനായിരുന്നു. അന്നുണ്ടായിരുന്ന ഈ ഉത്തരവാദിത്വവും കർദിനാൾ റാറ്റ് സിംഗർ രണ്ടു പ്രാവശ്യം നടത്തിയ രാജികൾ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സ്വീകരിക്കാതിരുന്നതും തന്റെ 78-ാം വയസിൽ കർദിനാൾ റാറ്റ്സിംഗർ മാർപ്പാപ്പ ആകുന്നതിന് പല കാരണങ്ങളിൽ ചിലതായി എന്നു കരുതാം.
മാർപ്പാപ്പ തിരഞ്ഞെടുപ്പ്
ദൈവശാസ്ത്രജ്ഞനെന്ന നിലയിലും വിശ്വാസ തിരുസംഘത്തിന്റെ തലവൻ എന്ന നിലയിലും കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ കത്തോലിക്കാസഭക്കു മാത്രമല്ല ക്രൈസ്തവരും അക്രൈസ്തവരുമായ പല അകത്തോ ലിക്കർക്കും ലോകമാധ്യമങ്ങൾക്കും പരിചിതനായിരുന്നു. എന്നിരുന്നാലും കർദിനാൾ ജോസ ഫ് റാറ്റ്സിംഗർ കോൺക്ലേവിന്റെ രണ്ടാം ദിവസം തന്നെ മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടതു പലർക്കും അത്ഭുതമായിരുന്നു. കാർദിനാൾ റാറ്റ്സിംഗർ സാധ്യതാപട്ടികയിൽ മുൻപിലായിരുന്നു എന്നതും അങ്ങനെ മുൻകൂട്ടി പ്രാധാന്യം കിട്ടുന്നവർ സാധാരണയായി തിരഞ്ഞെടുക്കപ്പെടാറില്ല എന്നതുമായിരുന്നു അവരുടെ അത്ഭുതത്തിന് ഒരു കാരണം. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സംസ്‌കാരവേളയിൽ കർദിനാൾ റാറ്റ്‌സിംഗർ പറഞ്ഞ അതിവിശേഷമായ പ്രസംഗം അദ്ദേഹത്തിന്റെ സാധ്യത വർധിപ്പിച്ചു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ക്ലെമന്റ് xii കഴിഞ്ഞാൽ (1730-40) ഏറ്റവും പ്രായം കൂടിയ മാർപ്പാപ്പാ: അതാണ് അന്ന് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ റാറ്റ്‌സിംഗർ. യൂറോപ്പിന്റെ മധ്യസ്ഥനും യുറോപ്യൻ സമർ പ്പിതരുടെ (ആശ്രമജീവിതത്തിന്റെ) സ്ഥാപകനുമായ വി. ബനഡിക്ടിന്റെ പേര് സ്വീകരിക്കുക വഴി പുതിയ മാർപ്പാപ്പ പുതിയ ദർശനത്തിനും പുതിയ യുഗത്തിനും തുടക്കമിട്ടു.
അതേസമയം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ തന്റെ മുൻഗാമിയുടെ വഴിയേ സഞ്ചരിക്കുന്നതിൽ ശ്രദ്ധാലുവും അയിരുന്നു. 2005 ഏപ്രിൽ 24- ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽവച്ച് മാർപ്പാപ്പയുടെ സ്ഥാനികചിഹ്നങ്ങൾ സ്വീകരിച്ചു.
സഞ്ചാരം
മുൻഗാമിയെപ്പോലെ നിരവധി രാജ്യങ്ങളും സമൂഹങ്ങളും സന്ദർശിക്കുന്നതിൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയും ശ്രദ്ധിച്ചു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ 104 വിദേശയാത്രകളാണ് ഇരുപത്തി ഏഴു വർഷങ്ങൾകൊണ്ട് നടത്തിയത്. അത്രയൊന്നും യാത്രകൾ എട്ടു വർഷങ്ങൾകൊണ്ട് ബനഡിക്ട് മാർപ്പാപ്പ നടത്തിയില്ല. അത് സാധ്യവും അല്ലല്ലോ. ആദ്യത്തെ വിദേശായാത്ര 2005 ആഗസ്റ്റിൽ തന്റെ മാതൃരാജ്യമായ ജർമനിയിലെ കൊളോണിലേക്ക് ലോകയുവജന സംഗമത്തിനായിരുന്നു. മൂന്നു പ്രാവശ്യം ബനഡിക്ട് മാർ പ്പാപ്പ ഔദ്യോഗികമായി ജർമനി സന്ദർശിച്ചു (2005, 2006, 2011). 2011-ൽ ലോക യുവജന സംഗമത്തിന് സ്‌പെയിനിലും മാർപ്പാപ്പ എത്തി. അന്ന് സ്‌പെയിനിലെ മാൻഡ്രിഡിൽ ലോക യുവജനസമ്മേളനത്തിലും മാർപ്പാപ്പയോടൊത്തുള്ള കുർബാനയിലും പങ്കെടുക്കാൻ എനിക്കും സാധിച്ചു. പോളണ്ട്, തുർക്കി, ബ്രസീ ൽ, ഓസ്ട്രിയ, യു. എസ്. എ., ആസ്ട്രേലിയ, ഫ്രാൻസ്, കാമറൂൺ, അംഗോള, യോർദാൻ, ഇസ്രായേൽ, ചെക്കായി, മാൾട്ട, പോർട്ടുഗൽ, ഇംഗ്ലണ്ട്, ക്രോയേഷ്യ, മെക്‌സിക്കോ, സൗയമ, ബെനിൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലേക്കും മാർപ്പാപ്പ യാത്ര ചെയ്തു. 2012 -ൽ ലബനിലേക്കു നടത്തിയ യാത്രയായി രുന്നു അവസാനത്തെ വിദേശയാത്ര. തുർക്കിയിലെ സന്ദർശനവും അവിടുത്തെ എക്യുമെനിക്കൽ പാത്രി യാർക്കീസുമായി സംവദിച്ചു. പൗരസ്ത്യ സഭകളുമായുള്ള കത്തോലിക്കാസഭയുടെ ബന്ധം മെച്ചപ്പെടു ത്താനുള്ള മുൻകൈ എടുക്കലും ഏറെ പ്രശംസിക്കപ്പെട്ടു. പോളണ്ട് സന്ദർശിച്ചപ്പോൾ കോൺസൻട്രേഷ ൻ ക്യാമ്പ് സന്ദർശിച്ചു. അപ്പോൾ കൊല്ലപ്പെട്ട യഹൂദരുടെ പേരിൽ ദുഖവും അനുശോചനവും രേഖപ്പെ ടുത്തി.
പ്രസിദ്ധ പ്രസ്താവനകൾ
കർദിനാൾ ജോസഫ് റാറ്റ്‌സിംഗർ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അധികം വൈകാതെ നടത്തിയ 'വിശ്വസിക്കുന്നവൻ ഒറ്റക്കല്ല', 'വിശ്വസിക്കുന്നവൻ ഏകനല്ല' എന്ന പ്രസ്താവന വിശ്വപ്രസിദ്ധമായി. 'കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ എളിയ ജോലിക്കാരനായ ഞാൻ...'; 'ബുദ്ധിമാന്മാർ സാധാരണക്കാരെ വിലയിരുത്തരുത്; സാധാരണക്കാരാണ് ബുദ്ധിമാന്മാരെ വിലയിരുത്തേണ്ടത്' തുടങ്ങിയ പ്രസ്താവനകളും പ്രസിദ്ധമാണ്. ധാരാളം നല്ല ഗ്രന്ഥങ്ങളെഴുതിയ മാർപ്പാപ്പയുടെ ഒരായിരം മനോഹരങ്ങളായ ഇത്തരം വാക്യങ്ങൾ കണ്ടെത്താനാകും.
പുരോഗമനദർശനങ്ങളോട് തുറന്ന സമീപനം
തന്റെ സ്ഥിരം വിമർശകനും പ്രസിദ്ധ ദൈവശാസ്ത്രജ്ഞനുമായ ഹാൻസ് കുങുമായി 2005 സെപ്റ്റം ബർ 24-ന് മാർപ്പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗണ്ടോൾഫോയിൽ വച്ച് കണ്ടുമുട്ടിയതും ദീർഘനേരത്തെ സംഭാഷണം നടത്തിയതും ശ്രദ്ധേയമായിരുന്നു. 1979-ൽ കത്തോലിക്കാ സഭാപഠനങ്ങൾ പഠിപ്പിക്കാനുള്ള അനുവാദം നഷ്ട്ടപ്പെട്ട ദൈവശാസ്തജ്ഞനായിരുന്നു ഹാൻസ് കുങ് എന്ന് ഓർക്കണം.
എന്നാൽ 2005 സെപ്റ്റംബർ 24 മുതൽ അന്നുമുതൽ ഹാൻസ് കുങ് ബനഡിക്ട് പതിനാറാമൻ മാർപ്പാ പ്പയെ പരസ്യമായി വിമർശിക്കുന്നത് നിർത്തി എന്നതും ശ്രദ്ധേയയാണ്. അതുപോലെ ലോകപ്രസിദ്ധ ദൈവശാസ്തജ്ഞനും അര കേരളീയനുമായ റെയ്മണ്ട് പണിക്കരെ വത്തിക്കാനിലേക്ക് ക്ഷണിച്ചതും ആ തിഥേയനായതും സംഭാഷണം നടത്തിയതും മാർപ്പാപ്പയുടെ വിശാലമായ ദൈവശാസ്ത്രവീക്ഷണത്തിന്റെ പ്രതിഫലനമായി കാണുകയും വേണം.
നവീകരണപ്രവർത്തനങ്ങൾ
വത്തിക്കാൻ കുരിയയുടെ നവീകരണം ബനഡിക്ട് പാപ്പയുടെ സംഭാവന ആയിരുന്നു. ഇദ്ദേഹം തുടങ്ങിവച്ച നവീകരണ പ്രക്രിയ ഫ്രാൻസിസ് പാപ്പാ തുടരുകയാണെന്നതും ശ്രദ്ധേയം. വിശുദ്ധ പൗലോ സിന്റെ വർഷം (2008) തുടങ്ങിയതിലൂടെ പ്രധാനമായും ഓർത്തഡോക്‌സ് സഭയുമായി കൂടുതൽ അടുക്കാ ൻ ശ്രമിച്ചു. 2012 ഒക്ടോബർ 11 -ന് തുടങ്ങിയ വിശാസത്തിന്റെ വർഷം ക്രിസ്തുരാജന്റെ തിരുനാൾ ദിവസ മായ 2013 നവംബർ 24-ന് അവസാനിച്ചു. അതുവഴി വിശ്വാസജീവിതം സജീവമാക്കാൻ ശ്രമങ്ങൾ നടത്തി. രണ്ടാം വത്തിക്കാൻ കൗൺസിൽ തുടങ്ങിയതിന്റെ സുവർണ ജൂബിലി ദിനമായിരുന്നു 2012 ഒക്ടോബർ 11. പ്രേഷിതപ്രവത്തനത്തിനുവേണ്ടി 2010 ജൂൺ 29-ന് പുതിയൊരു ഉപദേശകസമിതി തുടങ്ങി.
2012 ജനുവരിയിലാണ് വത്തിക്കാനിൽ നടന്ന ചാരപ്രവർത്തനങ്ങളെ കുറിച്ച് മാർപ്പാപ്പ അറിഞ്ഞതും നിലപാടുകൾ എടുത്തതും. മാർപ്പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞതേ യ ഹൂദരുടെയും മുസ്ലീമുകളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ മതസൗഹാർദ്ദത്തി നും സഹവർത്തിത്തത്തിനും സംഭാവന നൽകി. ലോകായുവജന സംഗമത്തിനായി ജർമനിയിലെ കൊ ളോണിൽ എത്തിയപ്പോൾ യഹൂദ സിനഗോഗ് സന്ദർശിക്കുകയും വംശീയവിരോധത്തിനെതിരായി നിലപാ ടെടുക്കുകയും ചെയ്തു.
എന്നാൽ തന്റെ രണ്ടാമത്തെ ജർമൻ സന്ദർശന വേളയിൽ മുൻപ് താൻ പ്രൊഫസ്സർ ആയിരുന്ന റേഗ ൻസ്ബർഗ് യൂണിവേഴ്‌സിറ്റിയിൽ 2006 സെപ്റ്റംബർ 12- ന് നടത്തിയ പ്രഭാഷണത്തിലെ മുസ്ലീമുകളുടെ പടയോട്ടത്തെ സംബന്ധിക്കുന്ന ഒരു ഉദ്ധരണി വിവാദങ്ങൾ ഉണ്ടാക്കി. മധ്യശതകത്തിന്റെ അവസാനകാ ലത്ത് ബൈസന്റൈൻ ചക്രവർത്തി ആയിരുന്ന മാനുവൽ രണ്ടാമന്റെ ഒരു പ്രസ്താവന മറ്റൊരു പുസ്ത കത്തിൽ ഉദ്ധരിച്ചത് ഉദ്ധരണി ആയി പറയുക മാത്രമാണ് മാർപ്പാപ്പ ചെയ്തത്. 38 ഇസ്ലാമിക പണ്ഡിതരാണ് മാർപ്പാപ്പയുടെ പ്രഭാഷണത്തിന് ഒരു മാസം കഴിഞ്ഞു ഒക്ടോബർ 12- ന് ഒരുമിച്ചു മാർപ്പാപ്പയ്ക്ക് പ്രതിഷേധമായി എഴുത്തു എഴുതിയത്. വിവാദം ഒഴിവാക്കാൻ മാർപ്പാപ്പാ തന്നെ മുൻകൈ എടുക്കുകയും ചെയ്തു. എന്നാൽ മാർപ്പാപ്പ അത് അബദ്ധത്തിൽ പറഞ്ഞുപോയ ഒരു പ്രസ്താവനയായി എനിക്ക് അന്നും ഇന്നും തോന്നിയിട്ടില്ല.
വളരെ പ്രൈവറ്റ് കേന്ദ്രങ്ങളിൽ അന്നുതന്നെ അങ്ങനൊരു അഭിപ്രായം ഞാൻ പറഞ്ഞിട്ടും ഉണ്ട്. ഇസ്ലാമിക രാജ്യങ്ങളിൽ വരാനിരിക്കുന്ന കലാപവും ദുരിതവും മുൻകൂട്ടി കണ്ടു പറഞ്ഞ ഒരു പ്രവാചകശബ്ദമായിരുന്നു മാർപ്പാപ്പയുടേത്. 2010- നുശേഷം ഇസ്ലാമികരാജ്യങ്ങളിലുണ്ടായ കലാപങ്ങളും തുടർന്നുണ്ടായ അഭയാർഥിപ്രവാഹവും അവരോടു യൂറോപ്പിലെ ക്രൈസ്തവർ പ്രകടമാക്കിയ സാഹോദര്യവും ഏവർക്കും ഓർമയുണ്ടാകുമല്ലോ. 2012-ൽ ലോകത്തെ ശക്തരായ 70 വ്യക്തികളിൽ അഞ്ചാം സ്ഥാനം ബനഡിക്ട് മാർപ്പാപ്പയ്ക്ക് ആയിരുന്നു. 2013 ഫെബ്രുവരി 28-ന് മാർപ്പാപ്പയുടെ ഉത്തരവാദിത്വം രാജിവച്ചതറിഞ്ഞ ഉടനെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയത് അരലക്ഷത്തിലേറെപ്പേരായിരുന്നു.
വായനക്കാരനും എഴുത്തുകാരനുമായ പാപ്പ
1956 മുതൽ 65 വർഷങ്ങൾക്കിടയിൽ മാർപ്പാപ്പ എഴുതിയതും ഹെർഡർ പ്രസിദ്ധീകരിച്ചതുമായ 60 പുസ്തകങ്ങൾ 2021 -ൽ ജർമനിയിലെ ലോകപ്രശസ്തമായ പുസ്തക പ്രസാധകൻ മാനുവൽ ഹെർഡർ മാർ പ്പാപ്പാക്ക് സമ്മാനിച്ചപ്പോൾ തമാശ രൂപേണ ബനഡിക്ട് പാപ്പ പറഞ്ഞു: ''നിങ്ങൾ എനിക്ക് ഇത്രയേറെ പുസ്തകങ്ങൾ സമ്മാനമായി തരുമ്പോൾ അവ വായിക്കാനുള്ള സമയവും സമ്മാനമായി തരണം''. 1956-ൽ ആണ് ഹെർഡർ പ്രസാദകരുമായി മാർപ്പാപ്പ ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്. 65 വർഷങ്ങൾക്കിടയിൽ ഹെർ ഡറിലൂടെമാത്രം ബനഡിക്ട് പാപ്പായുടെ 60 പുസ്തകങ്ങളാണ് വെളിച്ചം കണ്ടത്. വായന ഇഷ്ടപ്പെട്ടിരുന്ന, എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന, പാപ്പ ആയിരുന്നു ബനഡിക്ട് പതിനാറാമൻ. കാൾ റാണറിനെ അതിപ്രഗല്ഭ നായ ദൈവശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. എന്നാൽ അതിബുദ്ധിമാനായ എഴുത്തുകാരനായിരുന്നു റാറ്റ്‌സിംഗർ എന്ന വിശേഷണമാണ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പക്ക് ഞാൻ നൽകുക.
എഴുത്തുകാരനോ പ്രൊഫസറോ മാത്രമായിരുന്നില്ല റാറ്റ്‌സിംഗർ എന്നത് പ്രത്യേകം എടുത്തുപറയേ ണ്ടതാണ്. ജർമനിയിലെ ഏറ്റവും വലിയ മൂന്ന് രൂപതകളിലൊന്നായ മ്യൂണിക്ക് അതിരൂപതയുടെ മെത്രാ പ്പോലീത്ത, വിശ്വാസതിരുസംഘത്തിന്റെ തലവൻ, ആഗോളസഭയുടെ തലവൻ എന്നീ ഏറ്റവും ഭാരിച്ച ഉ ത്തരവാദിത്തങ്ങൾ എന്നും നിറവേറ്റിക്കൊണ്ടാണ് റാറ്റ്സിംഗർ കാൾ റാണറിനെപ്പോലുള്ള പ്രഗല്ഭ ദൈവ ശാസ്ത്രജ്ഞർ എഴുതിയതുപോലെ എഴുതിയത്. തീർച്ചയായും ദാർശനികനും ദൈവശാസ്ത്രജ്ഞനുമായ റാണർ കൂടുതൽ എഴുതിട്ടുണ്ട്. എന്നാൽ അളവിൽ അത്ര കുറവല്ല ബനഡിക്ട് മാർപ്പാപ്പയുടേത്. വായി ക്കാൻ റാണറിന്റെ കൃതികളെക്കാൾ എളുപ്പവും ലളിതവും ആണ് റാറ്റ്‌സിംഗറിന്റെ കൃതികൾ. ശുദ്ധമായ ഭാഷയും ഭാഷാശൈലിയും. കൃത്യവും വ്യക്തവുമായ പ്രതി പാദന ശൈലി. പണ്ഡിതർക്കും പാണ്ഡിത്യമി ല്ലാത്തവർക്കും ഒരേപോലെ വായിക്കാൻ സാധിക്കുന്ന ആഖ്യാനശൈലി. മാറ്റമില്ലാത്ത നിലപാടുകൾ! തുടർച്ചയും വളർച്ചയും എന്നതിലുപരി സഭാപഠനങ്ങൾ വിശ ദീകരിക്കാനും ആഴപ്പെടുത്താനുമുള്ള അധ്യാപനശൈലി. ഒരു തത്വചിന്തകനും ദൈവശാസ്ത്രജ്ഞനും എന്നതിലുപരി, പണ്ഡിതൻ, അതി ബു ദ്ധിമാനായ എഴുത്തുകാരൻ, ക്രൈസ്തവ വിശ്വാസി, വിശ്വാസപരമ്പര്യങ്ങളെ കാലോചിതമായി ആഖ്യാനി ക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ച ബിഷപ്പ് തുടങ്ങിയ വിശേഷണങ്ങളാണ് ബനഡിക്ട് പതിനാറാമന് കൊടുക്കാനാകുക.
'ക്രിസ്തുമതത്തിന് ഒരാമുഖം' (1968) എന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ ഗ്രന്ഥം തുടക്കത്തി ലേ പ്രസിദ്ധമായി. സഭാപഠനങ്ങളും വെളിപാടും എന്ന ഗ്രന്ഥമാണ് വളരെയധികം വായിക്കപ്പെട്ട മറ്റൊരു ഗ്രന്ഥം. മാർപ്പാപ്പ ആയിരിക്കുമ്പോൾ 'നസ്രത്തിലെ ഈശോ' എന്ന പേരിൽ 2007-ൽ മൂന്ന് വാള്യങ്ങളായി ഒരു ദൈവശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിച്ചത് തനതായ ഉദ്യമം ആയി കാണണം. തന്റെ നിലപാടുകളെ വിലയിരുത്താനും വിമർശിക്കാനും വായനക്കാർക്ക് സ്വാതന്ത്രമുണ്ടെന്ന പാപ്പയുടെ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽ പ്രചരിച്ച പാപ്പായുടെ പുസ്തകമാണ് ആരാധനാക്രമത്തിന്റെ അരൂപി എന്ന പുസ്തകം. എന്നാലത് ബനഡിക്ട് പാപ്പയുടെ പ്രധാനപ്പെട്ട ഇരുപത് പുസ്തകങ്ങളിൽ പെടില്ല. ബനഡിക്ട് പതിനാറാമന്റെ ചാക്രിക ലേഖനങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്.
Deus Caritas Est (ദൈവം സ്‌നേഹമാകുന്നു) ആദ്യ ചാക്രിക ലേഖനം പ്രത്യേകമായ ലോകശ്രദ്ധ നേടിയതാണ്. സ്‌നേഹത്തെക്കുറിച്ചുള്ള ഈ ചക്രികലേഖനത്തിൽ ബനഡിക്ട് പാപ്പയുടെ സുഹൃത്തും തത്വശാസ്ത്രത്തിന്റെ പ്രൊഫസറുമായിരുന്ന ജോസഫ് പീപ്പറിന്റെ 'സ്നേഹത്തെക്കുറിച്ചു' എന്ന ഗ്രന്ഥ ത്തിന്റെ സ്വാധീനം പ്രകടമാണ്. രണ്ടാമത്തെ ചാക്രിക ലേഖനവും മനോഹരമായിരുന്നു: Spe salvi (വിശ്വാസത്തിലൂടെയുള്ള രക്ഷ). 2008 മാർച്ച് 17-നാണ് അന്നത്തെ റെഗാൻസ്സ്ബർഗ് ബിഷപ്പായിരുന്ന ലുഡ്വിഗ് മുള്ളർ പോപ്പ് ബെനഡിക്ട് XVI ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. പ്രൊഫ. റുഡോൾഫ് ഫോഡ ർഹോൾസർ ആദ്യത്തെ ഡിറക്റ്റർ ആയി; പിന്നീട് റെഗെൻസ്ബർഗിന്റെ ബിഷപ്പും. അവിടെനിന്നാണ് ബനഡിക്ട് പതിനാറാമൻ പാപ്പയുടെ എല്ലാ കൃതികളും കൈയെഴുത്തുപ്രതികളും ശേഖരിച്ച കൃതികളായി വിവിധ വാല്യങ്ങളിൽ പ്രസിദ്ധീകരിച്ചത്.
പാപ്പയും പുരോഗമന ചിന്തകളും
യാഥാസ്ഥിതികനായ പാപ്പാ എന്നൊരു പേരാണ് ബനഡിക്ട് പതിനാറാമന് പൊതുവെ മാധ്യമങ്ങൾ കൊടുക്കുന്നത്. അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവരിൽ നിന്നും കിട്ടുന്ന വിവരം പൊതുതത്വ ങ്ങളിൽ യാഥാസ്ഥിതികമായ സമീപനം നിലനിർത്തുമ്പോഴും യാഥാർഥ്യബോധത്തോടെ വ്യത്യസ്തമായി ചിന്തിക്കുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബനഡിക്ട് മാർപ്പാപ്പ. ചെറുപ്പം മുതൽ അദ്ദേഹത്തെ അറിയുകയും എഴുത്തുകൾ എഴുതി അദ്ദേഹവുമായി ബന്ധം നിലനിർ ത്തുകയും ചെയ്ത് ചിലർ എന്റെ സുഹൃത്തുക്കളായതിന്റെ വെളിച്ചത്തിലും മ്യൂണിക്കിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആയിരുന്നവരെ പലരുമായും വ്യക്തിപരമായി അടുത്ത ബന്ധമുള്ളതുകൊണ്ടും ഇങ്ങ നെയൊരു നിഗമനത്തിലെത്താൻ എനിക്ക് കഴിയുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രവർത്തന പദ്ധതികളും മാധ്യമവിചാരണയും എന്നെ എത്തിക്കുന്നതും ഇതേ നിഗമനത്തിലാണ്.
2005-ൽ കർദിനാൾ റാറ്റ്സിംഗർ മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ഉടനെ അദ്ദേഹത്തിന്റെ ആശയ ങ്ങളോട് യോജിക്കാത്തവൻ എന്ന് പറയപ്പെട്ടിരുന്ന (അത് അത്ര ശരിയല്ല എങ്കിലും) അന്നത്തെ ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായിരുന്ന കർദിനാൾ കാൾ ലെമാൻ ഒരു ഇന്റർവ്യുവിൽ പറഞ്ഞത്, റാറ്റ്സിംഗർ യാഥാർഥ്യബോധത്തോടെ വിവിധ ദർശനങ്ങളെ ഒരുമിപ്പിക്കുന്നവനാണ് എന്നാണ്. മാധ്യമങ്ങളിൽ അദ്ദേഹത്തെകുറിച്ച് നിർഭാഗ്യവശാൽ തെറ്റായ ചിത്രം പ്രചരിപ്പിക്കപ്പെട്ടു എന്നും ലെമാൻ പറഞ്ഞു. ജർമനിയിൽ കർദിനാൾ ലേമാനെപോലെ എല്ലാവർക്കും സ്വീകാര്യനും പ്രശസ്തനുമായ ഒരു ബിഷപ്പ് ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല എന്ന് കൗൺസിൽ മോഡറേറ്ററായ കർദിനാൾ ഡോഫിനറി ന്റെ പ്രാധാന്യം കുറക്കാതെതന്നെ പറയാനാകും. ലേമാനും ബനഡിക്ട് മാർപ്പാപ്പയെപ്പോലെ അതിബുദ്ധി മാനായ, പ്രതിഭാശാലിയായ മനുഷ്യനായിരുന്നു; അവർ വ്യത്യസ്ത ദാർശനിക ബോധത്തിന്റെ വക്താ ക്കളായിരുന്നു എങ്കിലും.
പുരോഗമനപരമായ നടപടികൾ
മാർപ്പാപ്പ എന്ന നിലയിൽ ദൈവശാസ്ത്രപരമായും അജപാലനപരമായും നിലപടുകളും ആധുനിക ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങൾക്കും അനുസരിച്ചുള്ള സഭയുടെ നവീകരിച്ച നിലപാടിന് മാർഗദർ ശിയായി. മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങൾ ലിംബോ എന്ന അവസ്ഥയിൽ ആയിരിക്കു മെന്ന ദർശനത്തെ തിരുത്താനും മാമ്മോദീസ സ്വീകരിച്ചില്ലെങ്കിലും സ്വർഗത്തിൽ പോകും എന്ന് പറയാ നും 2007- ൽ ബനഡിക്ട് പതിനാറാമൻ പാപ്പാ തയ്യാറായി. ബ്രസീൽകാരനായ ആദ്യ ആദിവാസിയെ (ഫാ അന്റോണിയോ ഗാൽവോ 1739-1822) വിശുദ്ധനായി പ്രഖ്യാപിച്ചതും ബനഡിക്ട് പതിനാറാമനാണ്. മാർപ്പാ പ്പയെ തിരഞ്ഞെടുക്കാൻ കർദിനാളുമാരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരിക്കണമെന്ന തീരുമാനമാ യിരുന്നു മറ്റൊന്ന്. സഭയിൽനിന്നും 1988- ൽ പുറത്താക്കപ്പെട്ട ബിഷപ് ലെഫെബറിനെയും (1905-1991) മറ്റ് മൂന്നു പേരെയും 2009 -ൽ സഭയിൽ തിരിച്ചെടുത്തത് വിവാദപരമായ തീരുമാനമായിരുന്നു. എന്നാലതിനെ പുരോഗമനപരം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. വ്യത്യസ്തരെ ഉൾക്കൊള്ളുന്നത് പുരോഗമന പരം തന്നെ. ആംഗ്ലിക്കൻ സഭയിലെ പുരോഹിതരെയും ബിഷപ്പുമാരെയും ചില ആംഗ്ലിക്കൻ പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ടു കത്തോലിക്ക സഭയിലേക്കു തിരിച്ചു വരാൻ സൗകര്യം ഒരുക്കി യതും എല്ലാവരും ഒരേപോലെ സ്വാഗതം ചെയ്തില്ല. അതും പുരോഗമനപരം തന്നെ.
ജർമനി, അമേരിക്ക, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതരുടെ ലൈംഗിക കുറ്റങ്ങളെ മാർപാപ്പ അപലപിക്കുകയും അവർക്കെതിരെ കർശന നിലപാടുകൾ എടുക്കുകയും ചെയ്തു. എന്നിരു ന്നാലും മാധ്യമങ്ങളും പൊതുസമൂഹവും പലതും കൃത്യമായി മനസ്സിലാക്കാതെയും ദുർവ്യാഖ്യാനിച്ചും തെറ്റുധരിച്ചും മാർപ്പാപ്പയ്ക്ക് വലിയ സമ്മർധവും സംഘർഷവും ഉണ്ടാക്കി.
പാപ്പയുടെ അപ്രമാദിത്തവരം എന്ന ആശയത്തിൽ പ്രതിഷേധിച്ചു പഴയ കത്തോലിക്കർ എന്ന പേരിൽ ഒന്നാം വത്തിക്കാൻ കൗൺസിലിന് ശേഷം തുടങ്ങിയതും വിശ്വാസകാര്യത്തിൽ കാതലായ വ്യത്യാസം ഇല്ലാത്തതുമായ പഴയ കത്തോലിക്കരുമായി സംവാദത്തിനും സഹകരണത്തിനും മുൻകൈ എടുത്തു. 2007-ൽ കത്തോലിക്കാ സഭയുടെ തനിമ വ്യക്തമാകുന്ന നിലപാട് വിശ്വാസതിരുസംഘം എടുത്തതും മറ്റു സഭകളെ കത്തോലിക്കാ സഭയുടെ ഭാഗമായോ കത്തോലിക്കാ സഭയോട് ഐക്യപ്പെടേണ്ട സംഘമായോ കാണുന്നത് പ്രൊട്ടസ്റ്റന്റു സഭകൾക്കിടയിൽ വിമർശനം ഉണ്ടാക്കി. തുല്യതയുള്ള സഭയെന്ന സങ്കൽപ്പമാണ് പ്രൊട്ടസ്റ്റന്റുകാരുടേതെന്നു അന്ന് ജർമൻ പ്രൊട്ടസ്റ്റന്റ് സഭയുടെ തലവനായിരുന്ന ബിഷപ് വോൾഫ്ഗാങ് ഹുബർ പറഞ്ഞു. 2005 ആഗസ്റ്റ് 29-നു കത്തോലിക്കാസഭയിൽ നിന്നും പുറത്താക്കപ്പെട്ട ലെഫേബറിന്റെ അനുയായികളെ സ്വീകരിക്കുകയും 2009 ജനുവരിയിൽ പിയൂസ് സഹോദരസംഘത്തിന്റെ 1988 -ലെ പുറത്താക്കൽ പിൻവലിക്കുകയും ചെയ്തത് വിവാദമായി. ലഫെബർ വാഴിച്ച നാലു ബിഷപ്പുമാരെയാണ് സഭയിൽ വീണ്ടും സ്വീകരിച്ചത്. അവരിലൊന്നു നിത്യവിവാദനായകൻ റിച്ചാർഡ് വില്യംസൺ ആയിരുന്നു. ഗഭച്ഛിദ്രത്തിനെതിരെ എടുത്ത മാർപ്പാപ്പായുടെ നിലപാടുകൾ കത്തോലിക്കരിൽ ഭൂരിഭാഗവും സ്വീകരിച്ചു. ചില സംഘങ്ങൾ അത് വിമർശനത്തിന് കാരണമാക്കി.
2011 സെപ്തംബർ 21 -നു ജർമൻ പാർലമെന്റിൽ പാപ്പാ നടത്തിയ പ്രസംഗം 'പ്രകൃതിയുടെ മഹത്ത്വം' ശ്രദ്ധേയമായി. 620 അംഗങ്ങളിൽ 520 പേരും മാർപ്പാപ്പയെ ശ്രവിക്കാൻ എത്തി.
വ്യത്യസ്തങ്ങളായ വിശേഷണങ്ങൾ
'സത്യത്തിന്റെ സഹപ്രവർത്തകൻ' എന്ന വാക്യമാണ് ബിഷപ് എന്ന നിലയിൽ തന്റെ ദൗത്യം വ്യക്ത മാക്കാൻ ജോസഫ് റാറ്റ്‌സിംഗർ ആപ്തവാക്യമായി ഉപയോഗിച്ചത്. 1977-ൽ ബിഷപ്പായി നിയോഗിക്കപ്പെട്ട പ്പോൾ തിരഞ്ഞെടുത്തതായിരുന്നു വിശുദ്ധ യോഹന്നാന്റെ മൂന്നാം ലേഖനത്തിൽനിന്നുള്ള ഈ വാക്യം. പിന്നീട് 'സത്യത്തിന്റെ സഹപ്രവർത്തകർ' എന്ന പ്രയോഗം പലപ്പോഴും മാർപ്പാപ്പാ ഉപയോഗിച്ചിട്ടുണ്ട്. ബിഷപ്പും കർദിനാളും മാർപ്പാപ്പയുമായുള്ള തന്റെ ദൗത്യത്തെ 'സത്യത്തിന്റെ ശുശ്രൂഷകൻ', 'സത്യത്തിന്റെ ശുശ്രൂഷ' തുടങ്ങിയ പദങ്ങളിലൂടെയാണ് പാപ്പ വിശേഷിപ്പിച്ചത്.
ജർമൻ പൗരനും വത്തിക്കാന്റെ ഭരണത്തലവനും
1982 മാർച്ച് ഒന്നുമുതൽ ജോസഫ് റാറ്റ്‌സിംഗർ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്റെ പൗരനാണ്. പാപ്പാ ആയ ശേഷവും ഒരേസമയം വത്തിക്കാൻ പൗരനും ജർമൻ പൗരനുമായി തുടർന്നു. അതായതു മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനായി കടമകൾ നിർവഹിക്കുന്ന പൗരൻ (ജർമൻ പൗരൻ) എന്നൊരു ബഹുമതിയും ബനഡക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്കുണ്ട്.
ബഹുസ്വര ദൈവശാസ്ത്രത്തോട് 'നോ' പറഞ്ഞ റാറ്റ്സിംഗർ
'വിശ്വാസം, സത്യം, സഹിഷ്ണുത' എന്നൊരു ഗ്രന്ഥം വിശ്വാസതിരുസംഘത്തിന്റെ തലവനായിരിക്കെ 2003-ൽ ബനഡിക്ട് പാപ്പ പ്രസിദ്ധീകരിച്ചിരുന്നു. ക്രിസ്തുമതവും ലോകമതങ്ങളും എന്നായിരുന്നു അതിന്റെ വിശദീകരണമായി രണ്ടാമതായി കൊടുത്ത പേര്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായ ചില ദൈവശാസ്ത്രജ്ഞർ 'ബഹുസ്വരദൈവശാസ്ത്രം' എന്നൊരു പുതിയ ദൈവശാസ്ത്രവിശദീകരണത്തിനു തുടക്കമിടുകയും ആഗോളമായി അതിനു പ്രചാരം ലഭിക്കുകയും ചെയ്ത സമയത്താണ് കർദിനാൾ റാറ്റ്സിംഗർ 'വിശ്വാസം, സത്യം, സഹിഷ്ണുത' എന്ന പുസ്തകം എഴുതുന്നത്. മറ്റു മതങ്ങളുടെ ദൈവശാസ്ത്ര ദർശനങ്ങളും പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ ദർശനങ്ങളും ചർച്ച ചെയ്യുന്നിടങ്ങളിലാണ് കൂടുതലായും സത്യത്തിന്റെ പ്രതിഫലനങ്ങളെകുറിച്ചും മനഃസാക്ഷിയെക്കുറിച്ചും ബനഡിക്ട് പാപ്പ പ്രധാനമായും വിശദീകരിക്കുന്നത്. സത്യത്തെ പാർശ്വവല്ക്കരിക്കുന്ന ഇന്നത്തെ പ്രവണതയെക്കുറിച്ചു തീവ്രമായ നിലപാടോടെ പാപ്പ പലപ്പോഴും സംസാരിച്ചിട്ടുണ്ട്; ഈ ഗ്രന്ഥത്തിൽ എഴുതുകയും ചെയ്തു.
സത്യത്തിന്റെ സാക്ഷികളാകുന്നതിൽ മനുഷ്യരിന്നു പരാജയപ്പെടുന്നുവെന്നു മാർപ്പാപ്പ പറയുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം മനുഷ്യന് മനസിലാക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഉണ്ട്; സാധിക്കും എന്നാണ് ബനഡിക്ട് മാർപ്പാപ്പയുടെ ഉത്തരം. മതചരിത്രത്തിന്റെയും മതാനുഭവത്തിന്റെയും വെളിച്ചത്തിൽ സത്യത്തെ കുറിച്ച് സംസാരിക്കാനും ക്രിസ്തുവിൽ ഈ സത്യം ദർശിക്കാനാകുമെന്നു പഠിപ്പിക്കാനുമാണ് പാപ്പ ശ്രമിക്കുന്നത്.
എല്ലാ പാർട്ടികളെയും രാഷ്ട്രീയത്തിൽ തുല്യമായി കാണുന്ന ഒരു രാഷ്ട്രീയ ബഹുസ്വരതപോലെ ലോകമതങ്ങളെ വിശ്വാസികൾ കാണരുതെന്ന് പാപ്പ ഉത്‌ബോധിപ്പിക്കുന്നു. ജനാധിപത്യം സഭയിലും സ്വാഭാവികമാകുമ്പോൾ വിശ്വാസസത്യങ്ങൾ രാഷ്ട്രീയത്തിൽ നടക്കുന്നതുപോലെ ജനാധിപത്യരീതിയിൽ സംഭവിക്കേണ്ടതല്ല എന്നും പാപ്പ സൂചിപ്പിക്കുന്നു.
സത്യമതമായ ക്രിസ്തുമതം?
ക്രിസ്തുമതം സത്യമായ മതമാണെന്നും കത്തോലിക്കാസഭ ഈ സത്യമതത്തെ പ്രതിനിധീകരിക്കുന്നുവെന്നും മാർപ്പാപ്പ വിശ്വസിക്കുന്നു. യുക്തി ഉപയോഗിച്ചും ബുദ്ധി ഉപയോഗിച്ചും സത്യത്തിലേക്ക് വരാമെന്നും ബനഡിക്ട് മാർപ്പാപ്പ പറയുന്നു. ദൈവം സ്‌നേഹമാണെന്നും സഹിഷ്ണുത നമ്മുടെ അടിസ്ഥാന ഭാവമാണെന്നും പാപ്പ പഠിപ്പിക്കുന്നു. ക്രൈസ്തവ മത തീവ്രവാദികൾ പാപ്പയുടെ ഈ നിലപാടിനെ ദുർവ്യാഖ്യാനിച്ചുകൊണ്ട് മാർപ്പാപ്പയെയും തങ്ങളുടെ ഭാഗത്താക്കാനുള്ള ശ്രമം പലപ്പോഴും കാണാറുണ്ട്. ക്രൈസ്തവർ അവരുടെ വിശാസത്തിന്റെ വെളിച്ചത്തിൽ കാണേണ്ട നിലപാ ടായി ക്രൈസ്തവരോടു മാത്രം പറയുന്ന ആശയവും പ്രസ്താവനയും ആണെന്നത് ഓർക്കണം. അക്രൈ സ്തവരോട് സംവാദമാണ് നടത്തുക. മുൻവിധിയോടെയോ അവർക്ക് അസ്വീകാര്യമായ അവകാശവാദ ത്തോടെയോ അല്ല സംവാദത്തിന് പോകുന്നത്.
സത്യവും സ്‌നേഹവും
സത്യവും സ്‌നേഹവും പൊരുത്തപ്പെടുമ്പോഴേ മനുഷ്യന് സന്തോഷവാനായിരിക്കാൻ സാധിക്കൂ. 'സത്യം സ്വതന്ത്രമാക്കും.' (ബനഡിക്ട് പാപ്പ). വേർതിരിക്കാൻ ആകാത്ത വിധം സത്യവും സ്‌നേ ഹവും ഒന്നിച്ചു ചേരുന്നു. സ്വാതന്ത്ര്യം സ്‌നേഹത്തോട് ചേർന്നു പോകുന്നു. സ്‌നേഹമില്ലാതെ സത്യമില്ല; സ്‌നേഹമില്ലാത്ത സത്യം സത്യമല്ല. സത്യം, സ്‌നേഹം സ്വാതന്ത്ര്യം എന്നീ മൂന്നു യാഥാർഥ്യങ്ങൾ ഒരുമിച്ച് കാണാനും പരസ്പര ബന്ധം മനസ്സിലാക്കാനുമുള്ള വിശാലദർശനം എത്രയോ മഹനീയം! സത്യമുള്ളിടത്ത് സ്‌നേഹവും സ്‌നേഹമുള്ളിടത്ത് സ്വാതന്ത്ര്യവും ഉണ്ടാകും.
സത്യത്തിനു വേണ്ടിയുള്ള ദാഹം!
സത്യം കണ്ടെത്താൻ പ്രാപ്തിയുള്ളവൻ മാത്രമല്ല സത്യത്തിനായി ദഹിക്കുന്നവനുമാണ് മനുഷ്യ നെന്ന് ബനഡിക്ര് പാപ്പ പറയുന്നു. 2012 -ലെ ലോകസമാധാന ദിനത്തിൽ പാപ്പ എഴുതി: 'ജീവിതത്തിന്റെ അർത്ഥം തേടാനും അനന്തതക്കും സത്യത്തിനുമായും മനുഷ്യഹൃദയം തുടിക്കുന്നു എന്നും.' സ്‌നേഹത്തിലും ദൈവബന്ധത്തിലും മാത്രമേ സത്യം ഗ്രഹിക്കാൻ സാധിക്കുകയുള്ളു എന്നും മാർപ്പാപ്പ പഠിപ്പിച്ചു.
ദൈവശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും
ദൈവശാസ്ത്രം മറ്റു ശാസ്ത്രങ്ങളെപ്പോലെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് വളരുന്നതും വികസിക്കുന്നതുമായ ശാസ്ത്രശാഖയാണ് എന്ന് ബനഡിക്ട് മാർപ്പാപ്പ വ്യക്തമാക്കി. ദൈവശാസ്ത്രത്തെ മറ്റു ശാസ്ത്രങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രധാന ഘടകം വിശ്വാസമാണ്. വിശ്വസിക്കുന്നവനും വിശ്വാസമുണ്ടെങ്കിൽ മാത്രമേ ദൈവശാസ്ത്രത്തിനു പ്രസക്തിയുള്ളു എന്ന് പാപ്പ പറയുന്നു.
വിശ്വാസവും സത്യവും
കർത്തവ്യനിർവഹണത്തിനും സത്യത്തിനും ലോകത്തു പ്രശോഭിക്കാനും ഫലം നൽകാനും മനുഷ്യ രെ സത്യത്തിന്റെ പാതയിലൂടെ നയിക്കാനും വിശ്വാസത്തിന്റെ വെളിച്ചം ആവശ്യമാണ്. ദൈവവചനത്തോ ടും ക്രിസ്തുവിനോടുമുള്ള വിധേയത്വവും അനുസരണയും ഒപ്പം ഉണ്ടാകണം. അവസരവാദികൾക്ക് ദൈവശാസ്ത്രജ്ഞരാകാൻ കഴിയില്ല എന്ന പാപ്പയുടെ നിലപാട് എന്നെ ഏറെ ആകർഷിച്ചു.
വെളിപാടുകൾ
ദൈവവചനം ദൈവശാസ്ത്ര ദർശനങ്ങൾക്കും ചിന്തകൾക്കും മുൻപിലും മുൻഗണനയിലും ആണ്. ദൈവവചനത്തിലൂടെ ദൈവിക വെളിപാടുകൾ വെളിപ്പെടുമെന്നതും വെളിപാടുകളിലൂടെ ദൈവിക സത്യങ്ങൾ ഗ്രഹിക്കാൻ മനുഷ്യനാകുമെന്നുമുള്ള വിശ്വാസവുമാണ് ഇതിനടിസ്ഥാനം. വെളിപാട് ബൈബിളിലെ വാക്യങ്ങളോ പ്രസ്താവനകളോ വിശദീകരണങ്ങളോ അല്ല. വെളിപാട് നടന്നതും നടക്കുന്നതും തുടരുന്നതുമായ സംഭവങ്ങളാണ്. ദൈവാശാസ്ത്ര സത്യങ്ങൾ വിശാസത്തിലൂടെ മാത്രമേ ഉൾക്കൊള്ളാനാകൂ എന്ന വ്യക്തമായ നിലപാട് ബനഡിക്ട് പാപ്പക്ക് ഉണ്ടായിരുന്നു.
യുക്തിയും ബുദ്ധിയും
'ബുദ്ധിമാന്മാർ സാധാരണക്കാരെ വിലയിരുത്തരുത്; സാധാരണക്കാരാണ് ബുദ്ധിമാന്മാരെ വിലയിരു ത്തേണ്ടത്,' എന്ന ബനഡിക്ട് മാർപ്പാപ്പയുടെ പ്രസ്താവന വളരെ അർഥവത്താണ്. യുക്തിയും ദൈവശാ സ്ത്രവും തമ്മിലുള്ള ബന്ധവും സംവാദവും മാർപ്പാപ്പ തുടരെ ഓർമിപ്പിച്ചിരുന്നതും വിശദീകരിച്ചിരു ന്നതുമായ വിഷയമാണ്. യുക്തിയില്ലാതെ വിശ്വാസം പ്രഘോഷിക്കാൻ ശ്രമിച്ചാൽ അത് മൗലിക വാദത്തിലേക്ക് നയിക്കുമെന്ന് പാപ്പ അർഥശങ്കയില്ലാതെ പറയുന്നു.
ആധുനിക ദർശനങ്ങളുമായുള്ള സംവാദം
'ആധുനിക യുഗത്തിന്റെ അവസാനം' എന്ന പേരിൽ 1950-ൽ പ്രശസ്ത മതദാർശനികനായ റൊമാനൊ ഗുവാർദിനി (Romano Guardini) ഒരു ഗ്രന്ഥമെഴുതി. എന്നാൽ 1950-ന് ശേഷവും ആധുനിക പാശ്ചാത്യ ദർശനത്തിന്റെ സ്വാധീനം ലോകത്തൊരിടത്തും നഷ്ടപ്പെട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആധുനികദാർശനികരെന്ന പേരിലറിയപ്പെട്ടിരുന്ന എഴുത്തുകാർ കുറഞ്ഞത് മാത്രമേയുള്ളു. 'ഒരു പേരിലെന്തിരിക്കുന്നു' എന്ന് റോമിയോ & ജൂലിയിലൂടെ വില്യം ഷേക്‌സ്പിയർ പറഞ്ഞതുപോലെയെ ഇത് വിലയിരുത്തേണ്ടതുള്ളൂ. നവോത്ഥാനം, യുക്തിവാദം, വിപ്ലവങ്ങൾ, അസ്തിത്വവാദം, നിരീശ്വരവാദം തുട ങ്ങിയവ ആധുനികകാലദർശനങ്ങളുടെ മുൻനിരക്കാരും മുഖമുദ്രയും ആയിരുന്നു. സത്യനന്തര യുഗമെന്നു വിളിക്കപ്പെടുന്ന ഇന്നും അതൊക്കെ കുറച്ചുകൂടി തീവ്രമായും പരിണമിച്ച രൂപത്തിലും തുടരുന്നു. അവയി ൽനിന്നൊന്നും ആർക്കും ഒളിച്ചോടാനാവില്ല. സംവദിച്ചുകൊണ്ടിരിക്കുക മാത്രമാണ് മാർഗം. സഭയിലെ ആധുനിക ദർശനങ്ങളുടെ നല്ലതും ചീത്തയുമായ സ്വാധീനങ്ങളെകുറിച്ച് 1970- നുശേഷം റാറ്റ്‌സിംഗറും കൃത്യമായി എഴുതി തുടങ്ങി; തുടർച്ചയായി സംവദിച്ചുകൊണ്ടും ഇരുന്നു.
ലോകമതങ്ങൾക്കിടയിലെ ക്രൈസ്തവികതയുടെ പ്രസക്തി റാറ്റ്‌സിംഗർ പലപ്പോഴും എഴുതിയ വിഷ യമാണ്. പ്രത്യേകിച്ച് എൺപതുകൾക്കുശേഷം ബഹുസ്വരത മതദർശനത്തിലും ക്രൈസ്തവ ദൈവ ശാസ്ത്രത്തിലും പ്രത്യേകിച്ച് കത്തോലിക്കാ ദൈവശാസ്ത്രത്തിലും സ്വാധീനം ചെലുത്താൻ തുടങ്ങിയതു മുതൽ ഈ വിഷയം റാറ്റ്‌സിംഗറുടെ പ്രത്യേക പരിഗണന നേടി. 2000- ൽ പ്രസിദ്ധീകരിച്ച Dominus Isus എന്ന വിശ്വാസതിരുസംഘത്തിന്റെ ഡോക്യുമെന്റുപോലും ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.
'സഭ ആധുനിക ലോകത്തിൽ' എന്ന പ്രമാണരേഖ വിലയിരുത്താനും വിശദീകരിക്കാനും ബനഡിക്ട് മാർപ്പാപ്പ തുടങ്ങിവച്ച ആധുനിക ദർശനങ്ങളോടുള്ള സംവാദത്തിന്റെ സമീപനം സഹായിക്കും. യുക്തിപരവും യാഥാർഥ്യബോധത്തോടെയും ആധുനിക ദർശനങ്ങളെ നോക്കിക്കാണാൻ റാറ്റ്‌സിംഗറിന് വളരെ ചെറുപ്പത്തിലേ സാധിച്ചു എന്നുവേണം കരുതാൻ. സ്വന്തം ജീവിത വീക്ഷണവും ജീവിത ശൈലിയും അതേസമയം ക്രൈസ്തവ പാരമ്പര്യങ്ങളിൽ നങ്കൂരമിട്ടതാകാൻ അതീവ ശ്രദ്ധയും റാറ്റ്സിംഗർ പുലർത്തി.
റാറ്റ്സിംഗറെ ഏറെ സ്വാധീനിച്ച പ്രമാണരേഖയാണ് 'സഭ ആധുനിക ലോകത്തിൽ'. രണ്ടാം വത്തി ക്കാൻ കൗൺസിലും തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദൈവശാസ്ത്രജ്ഞർ ആധുനിക ലോകത്തിന്റെ വൈവിധ്യങ്ങളായ ദർശനങ്ങളോടും പ്രശ്‌നങ്ങളോടും ദൈവശാസ്ത്രപരമായി പ്രതികരി ച്ചുതുടങ്ങിയതും റാറ്റ്‌സിംഗറെ എഴുപതുകൾക്കു ശേഷം ഈ വിഷത്തിൽ കൂടുതൽ എഴുതാനും പ്രസംഗിക്കാനും പ്രേരിപ്പിച്ചു എന്നും കരുതാം. ഈ ദിശയിൽ എഴുതപ്പെട്ട റാറ്റ്സിംഗറിന്റെ 'സ്വാതന്ത്ര്യവും സത്യവും' എന്ന ലേഖനവും ഇവിടെ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.
റാറ്റ്സിംഗറിന്റെ ഹാബർമസുമായുള്ള സംവാദം (Jürgen Habermas) ലോകപ്രശസ്തി നേടി. 2004 ജനുവരി 19-നു മ്യൂണിക്കിൽ കാത്തലിക് അക്കാദമിയിൽ വച്ചായിരുന്നു അത്. സാക്ഷികളായി അഥവാ ശ്രോതാക്കളായി പൊതുജനം ഉണ്ടായിരുന്നു. രണ്ടു അതിബുദ്ധിമാന്മാരുടെ 'ഉച്ചകോടി' എന്നാണ് അവ രുടെ ഈ ആദ്യത്തെ കണ്ടുമുട്ടലിനെയും സംഭാഷണത്തെയും സംവാദത്തെയും മാധ്യമങ്ങൾ വിശേ ഷിപ്പിച്ചത്. യാഥാസ്ഥിതികനെന്നു കരുതപ്പെടുന്ന റാറ്റ്സിംഗറിന് സത്യനന്തര യുഗത്തിലെ സാമൂഹ്യവിമ ർശകനും തികഞ്ഞ മതനിഷേധിയും ലോകപ്രശസ്ത തത്വചിന്തകനുമായ ഹേബർമസുമായി എങ്ങനെ സംവദിക്കാനാകും എന്ന ചോദ്യമാണ് പലരും അന്ന് ചോദിച്ചത്.
യുക്തിക്ക് യുക്തിയും ഭക്തിക്ക് ഭക്തിയും എന്ന് പറയുംപോലെ ആരോടും സമചിത്തതയോടെ സംവാ ദത്തിൽ ഏർപ്പെടാനും അതിർത്തികളുടെയും അതിർവരമ്പുകളുടെയും ദൗർബല്യങ്ങൾ മനസിലാക്കി ആദരണീയമായ അകലവും വ്യക്തിപരമായ ആദരവും പുലർത്താനും റാറ്റ്സിംഗറിന് നന്നായി അറിയാം. അവിശ്വാസികളുടെയും ക്രൈസ്തവരുടെയും സഭാവിരോധികളുടെ പോലും ആദരവ് നേടിയ സംഭാഷണമായിരുന്നു അത്. പുസ്തകരൂപത്തിൽ ഇന്നീ സംവാദം ലഭ്യമാണ്. വിശ്വാസവും യുക്തിയും എന്ന വിഷയത്തിൽ റേഗൻസ്ബർഗിലെ പ്രഭാഷണം (അതും പുസ്തകരൂപത്തിൽ ലഭ്യം), ലോകമതങ്ങൾ വിലയിരുത്തുവാനുള്ള ശ്രമം തുടങ്ങിയവയും ഈയവസരത്തിൽ ഭാവാത്മകമായി അംഗീകരിക്കണം. മറ്റു മതങ്ങളെയും മറ്റു സംസ്‌കാരങ്ങളെയും പഠിക്കാനും അഗീകരിക്കാനും ശ്രമിക്കുമ്പോഴും മതങ്ങളെയും സംസ്‌കാരങ്ങളെയും സ്വന്തം മതത്തിന്റെയും സംസ്‌കാരത്തിന്റെയും കണ്ണാടിയിലൂടെ നോക്കിയതുകൊണ്ട് അതിന്റേതായ പരിമിതികളും ഉണ്ട്. ഒരുപക്ഷേ, അതേ സാധ്യമാകുകയുള്ളൂ എന്നുവേണം കരുതാൻ. എല്ലാവരെയും ഐക്യത്തിൽ നിലനിർത്താനും ഐക്യത്തിലേക്ക് എത്തിക്കാനുമുള്ള ദൗത്യം പേറുമ്പോൾ പല സമീപനങ്ങളിലും സമന്വയത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും പാതയെ സ്വീകാര്യമാകൂ. റാറ്റ്സിംഗർ ഒരു ദൈവശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല. രൂപതാബിഷപ്പും വിശ്വാസമൂഹത്തിന്റെ, വിശ്വാസപ്ര ഖ്യാപനത്തിന്റെ കാവൽക്കാരനും കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പയും കൂടി ആയിരുന്നു. തികഞ്ഞ ദൈവശാസ്ത്രജ്ഞനായിരുന്ന റാണറിന്റെ ദർശനത്തിൽ ഇതേ വിഷയങ്ങൾ ദാർശനിക ലോക ത്തിന് കുറച്ചുകൂടി മനസിലാകുന്നതും സ്വീകാര്യവുമായ നിലപട് ഉള്ളതിൽ അത്ഭുതപ്പെടാനും ഇല്ല. വിശ്വാസം, സത്യം, സഹിഷ്ണുത (2003) എന്ന ഗ്രന്ഥത്തിൽ ആണ് സഭയുടെ ലോകമതങ്ങളോടുള്ള സമീപനം ബനഡിക്റ്റ് പാപ്പ വിശകലനം ചെയ്യുന്നത്.
ആധുനികദർശനങ്ങൾക്ക് മുൻപിൽ വാതിൽ കൊട്ടിയടിച്ച ഒരു യാഥാസ്ഥിതികനായിരുന്നില്ല ബനഡിക്ട് മാർപ്പാപ്പ. കാലത്തിന്റെ പോക്കിൽ ആധുനികവും നവീനവും അറിയുകയും പഠിക്കുകയും അവയോടു നിരന്തരം സംവദിക്കുകയും ചെയ്ത് ബൗദ്ധികനും കർമയോഗിയും ആയിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പ. തന്റേതല്ലാത്ത ദർശനങ്ങൾ ആത്മാവിൽ പേറിയവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാൻ അദ്ദേഹത്തിന് ഒരു പ്രയാസവും ഉണ്ടായില്ല. അതേ സമയം സ്വന്തം ഭാഷയിലും സംസ്‌കാരത്തി ലും ഭക്ഷണരീതിയിലും വിശ്വാസപാരമ്പര്യങ്ങളിലും അടിയുറച്ചു ജീവിച്ച, അതിന്റെ വളർച്ചയോടൊത്ത് വളർന്ന, ക്രിസ്തുവിന്റെ പ്രതിപുരുഷനുമായിരുന്നു ബനഡിക്ട് പതിനാറാമൻ പാപ്പ.
ബാല്യവും വിദ്യാഭ്യാസവും
1927 ഏപ്രിൽ 16-ന് ജർമനിലെ ബാവേറിയ സംസ്ഥാനത്തിൽ മാർക്ക്‌ട്ടെല്ലിൽ (Marktel) ലാണ് ജനനം. അന്നൊരു ദുഃഖശനിയാഴ്ചയായിരുന്നു. ജനിച്ച അന്നുതന്നെ ജോസഫിനെ മാർക്ക്‌ട്ടെൽ പള്ളിയിൽ വച്ച് മാമ്മോദീസ നല്കി.
പിതാവ് ജോസഫ് പൊലീസുകാരനും മാതാവ് മരിയ വീട്ടമ്മയും ആയിരുന്നു. മൂന്നു മക്കളിൽ മൂത്തവൾ മരിയ (1921-1991); രണ്ടാമത്തേത് ജോർജ് (1924-2020); മൂന്നാമനും ഇളയവനുമായിരുന്നു ജോസഫ് അലൊയിസിയുസ് (1927-2022).
സഹോദരി വിവാഹിതയാകാതെ സഹോദരൻ ജോസഫിന്റെ കുശിനിക്കാരിയായി ജീവിച്ചു.
പുരോഹിതനും പ്രഫസറും മെത്രാപ്പോലീത്തയും കർദിനാളും വിശ്വാസതിരുസംഘത്തിന്റെ തലവ നുമായി പടിപടിയായി വ്യത്യസ്ത ഉത്തവരവാദിത്തങ്ങൾ ഏറ്റെടുത്ത സഹോദരന്റെ വളർച്ചയിൽ സന്തോ ഷിച്ച പ്രിയ സഹോദരിയായി അവൾ അധികം അറിയപ്പെടാതെ ജീവിച്ചു. ജോർജിനെയും മരിയ വീട്ടു ജോലിയിൽ സഹായിച്ചു. താൻ ഊട്ടിവളർത്തിയ സഹോദരൻ മാർപ്പാപ്പ ആകുന്നതു കാണാനുള്ള ഭാഗ്യം മരിയക്ക് ഉണ്ടായില്ല. ജോസഫിന്റെ ഏകസഹോദരൻ ജോർജും കത്തോലിക്കാ പുരോഹിതനായി. അവർ പൗരോഹിത്യം സ്വീകരിച്ചതും ഒരേ ദിവസം, 1951 ജൂൺ 29 -ന്.
മാർപ്പാപ്പ വരെയുള്ള വിവിധ പ്രവർത്തനമണ്ഡലങ്ങളിൽ ജോസഫ് കർമനിരതനായപ്പോൾ ജോർജ് ഗായകനും റെഗൻസ്ബർഗ് കത്തീഡ്രലിലെ ലോകപ്രശസ്തമായ ക്വയറിന്റെ മാസ്റ്ററുമായി പ്രവർത്തിച്ചു. സഹോദരി മരിയ അവിവാഹിതയായി സഹോദരനെ ശുശ്രൂഷിക്കാൻ തയ്യാറായതോടെ ആ കുടുംബത്തിലെ മൂന്നു മക്കളും കത്തോലിക്കാ സഭയുടെ ശുശ്രൂഷകരും ദൈവരാജ്യത്തിന്റെ പ്രഘോഷകരും ആയി ജീവിച്ചു എന്ന് അനുമാനിക്കാം.
പൊലിസുകരനായ പിതാവിന് പലപ്പോഴും സ്ഥലമാറ്റം ഉണ്ടായിരുന്നതുകൊണ്ട് ബാല്യം പല സ്ഥലങ്ങളിലായാണ് ജോസഫ് ചിലവഴിച്ചത്. പിതാവിന്റെ പെൻഷന് ശേഷം റാറ്റ്‌സിംഗർ കുടുംബം ബവേറിയയിലെ Traunstein എന്ന സ്ഥലത്ത് വീട് വാങ്ങി സ്ഥിരതാമസമാക്കി. ചെറുപ്പത്തിലേ അൾത്താരബാലനായി ദൈവാലയ കർമങ്ങളിൽ ഏറെ തല്പരനായി ജോസഫ് ജീവിച്ചു. പിന്നീട് മ്യൂണിക് രൂപതയുടെ കീഴിലുള്ള Traunstein - ൽ ഭാവി വൈദികരെ ഉദ്ദേശിച്ചുള്ള സെമിനാരിയിൽ (ഹോസ്റ്റൽ) താമസിച്ചു 13 -ാമത്തെ ക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കി. 13-മത്തെ ക്ലാസ് പാസ്സായ ശേഷമാണ് അന്നും ഇന്നും ജർമനിയിൽ യൂണിവേഴ്‌സിറ്റിയിലെ പഠനം. ഓർഗൻ വായിക്കാനും പാട്ടുപാടാനും എന്നും ഇഷ്ടപ്പെട്ടിരുന്നു ജോസഫ്. എന്നാൽ ജോർജായിരുന്നു പൗരോഹിത്യത്തോടൊപ്പം സംഗീതം പ്രൊഫഷൻ ആയി സ്വീകരിച്ചത്. 1941 - ൽ പതിനാലുകാരനായ ജോസഫ് ചെറുപ്പമായിരിക്കെ ഹിറ്റ്‌ലറിന്റെ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടു. 1944 -ൽ ബുള്ളറ്റിൽ നിന്നും ഭാഗ്യം കൊണ്ടാണ് ജോസഫ് രക്ഷപെട്ടത്. ഹിറ്റ്‌ലർ മരിച്ചശേഷം 1945 ജൂൺ 19 -ന് മാത്രമാണ് ജോസഫിന് സൈന്യത്തിൽ നിന്നും വിട്ടുപോരാനായത്.
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും അതിനെ തുടർന്നാണ്. ദൈവശാസ്ത്ര പഠനം പൂർത്തിയാ ക്കിയ ശേഷം 1951 ജൂൺ 29 -നു ജോസഫും സഹോദരൻ ജോർജും മ്യുണിക്കിന്റെ ആർച്ച്ബിഷപ്പാ യിരുന്ന കർദിനാൾ മിഷായേൽ ഫവുൾഹാബറിൽ (Michael Faulhabar) നിന്നും പൗരോഹിത്യം സ്വീകരിച്ചു.
1953-ൽ വിശുദ്ധ അഗസ്തീനോസിന്റെ ദൈവശാസ്ത്രത്തിലെ 'സഭ ദൈവജനം' എന്ന വിഷയത്തിൽ ഡോക്റ്റർ ബിരുദം നൂറു ശതമാനം മാർക്കോടെ കരസ്ഥമാക്കി. തുടർന്ന് 1957-ൽ വിശുദ്ധ ബൊനവഞ്ചറിന്റെ ദൈവ ശാസ്ത്രത്തിൽ ഹബിൽ (Habilitation) കരസ്ഥമാക്കി. ജർമനിയിൽ അങനെയാണ്.
യുണിവേർസിറ്റിയിൽ പഠിപ്പിക്കുന്നതിനുള്ള യോഗ്യത രണ്ടാമതൊരു ഡോക്റ്ററേറ്റ് അല്ലെങ്കിൽ ഏതാണ്ട് അതിന് അടുത്ത് എത്തുന്ന യോഗ്യതയായ ഹബിൽ നിഷ്‌കർഷിക്കുന്നു.
അതുവഴി ജോസഫ് അഗസ്റ്റീനിയൻ ദർശനത്തിലും പാരമ്പര്യത്തിലും സ്‌കോളാസ്റ്റിക് ദർശനത്തിലും പാരമ്പര്യത്തിലും ഒരേപോലെ അഗാധ പാണ്ഡിത്യം നേടി.
1955-ൽ പ്രായാധിക്യത്താൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇളയ മകനായ ജോസഫിന്റെ കൂടെ താമസമാക്കി. തന്റെ പുത്തൻകുർബാനയും പൗരോഹിത്യ രജതജൂബിലിയും സുവർണ ജൂബിലിയും Trau nstein സെന്റ് ഓസ്വാൾഡ് ദേവാലയത്തിൽ നടത്തി. 1937 മുതൽ 1951 വരെ ജോസ്ഫ് റാറ്റ്‌സിംഗർ താമ സിച്ചത് Traunstein ലാണ്.
പ്രൊഫസ്സർ, ആർച്ച്ബിഷപ്, കർദ്ദിനാൾ 1958-ൽ 31-മതെ വയസിൽ ഫ്രയ്‌സിങ്ങിലും (Freising ) 1959 മുതൽ ബോണിലും 1963 മുതൽ മ്യുസ്റ്ററിലും 1966-മുതൽ സമകാലികമായ ട്യൂബിങ്ങണിലെ പ്രൊഫസർ ഹാൻസ് കുങിന്റെ ശുപാർശയിൽ ബാഡൻ വ്യൂട്ടൻബെർഗിലെ ട്യൂബിങ്ങനിലും 1969 മുതൽ ബവേറിയയിലെ റേഗൻസ്ബർഗിലും പ്രൊഫസറായിരുന്നു.
1977 മാർച്ച് 25 -ന് പോൾ ആറാമൻ മാർപ്പാപ്പ ജോസഫ് റാറ്റ്‌സിംഗറെ ബിഷപ്പായി നിയോഗിച്ചു.
1977 മെയ് 28-നു മ്യൂണിക്കിൽ പ. മറിയത്തിന്റെ നാമധേയത്തിലുള്ള ഡോമിൽ (കത്തീഡ്രലിൽ) വച്ചായിരുന്നു അഭിഷേകം.
1977 ജൂൺ 27 -ന് പോൾ ആറാമാൻ മാർപ്പാപ്പ ബിഷപ്പ് ജോസഫ് റാറ്റ്‌സിങ്ങറെ കർദിനാളായി നാമനിർദേശം ചെയ്തു. അന്നുതന്നെയാണ് പോളണ്ടിലെ ക്രക്കാവോയിലെ ആർച്ച്ബിഷപ്പും പിന്നീട് 1978 ഒക്ടോബർ 16-നു ജോൺ പോൾ രണ്ടാമൻ മാർപാപ്പയായ കരോൾ വോയിറ്റിവയും കർദിനാൾ ആകുന്നത്.
നാലു വർഷം മ്യൂണിക്കിൽ ആർച്ച് ബിഷപ്പായിരുന്ന ജോസഫ് റാറ്റ്‌സിംഗർ നീണ്ട 24 വർഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ അടുത്ത സഹപ്രവർത്ത കനും വിശ്വാസതിരുസംഘത്തിന്റെ തലവനും ആയിരുന്നു. തികച്ചും സംഭവ ബഹുലമായിരുന്നു ഈ ദീർ ഘമായ കാലഘട്ടം. ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ഇഗ്‌ളീഷ്, ലാറ്റിൻ തുടങ്ങിയ നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് കഴിഞ്ഞിരുന്നു!
ബനഡിക്ട് പതിനാറാമൻ പാപ്പയെ മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ കൃതികൾ വായിക്കണം. ഏഴു പതിറ്റാണ്ടു കാലം എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ബനഡിക്ട് പതിനാറാമൻ പാപ്പ സുവിശേഷം പ്രഘോഷിച്ചു.
മരണംവരെ ദൈവശാസ്ത്രജ്ഞനായി ജീവിച്ച മഹാത്മാവാണ് ബനഡിക്ട് പതിനാറാമൻ പാപ്പ. ദൈവിക കാര്യങ്ങളെക്കുറിച്ചുള്ള വായനയും പഠനവും മനനവും ധ്യാനവും ചർച്ചയും വിചിന്തനവും അദ്ദേ ഹത്തിന്റെ ജീവിതചര്യയും ജീവിതവീക്ഷണവും ആയിരുന്നു. രൂപതാമെത്രാനെന്ന നിലയിലും വിശ്വാസ തിരുസംഘസത്തിന്റെ തലവനെന്ന നിലയിലും പാപ്പാ എന്ന നിലയിലും ഭാരിച്ച ഉത്തര വാദിത്തങ്ങൾ പേറിയിരുന്നുവെങ്കിലും ദൈവശാസ്ത്രജ്ഞനെന്ന തന്റെ ദൗത്യം മുടങ്ങാതെ നിറവേറ്റിയ മഹത്വ്യക്തി ത്വമായിരുന്നു ബനഡിക്ട് പതിനാറാമൻ.
റവ. ഡോ. ജോസഫ് പാണ്ടിയപ്പിള്ളിൽ mcbs
യൂക്കരിസ്റ്റിക് കൗൺസിലർ,
പരംപ്രസാദ് പ്രൊവിൻസ്