ഭരണഘടന തരുന്ന മതസ്വാതന്ത്ര്യം
20 Dec 2023
യൂജിൻ പെരേര
'ജനാധിപത്യം സംരക്ഷിക്കൂ ഭരണഘടനയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്താൻ പറ്റിയ ഏറ്റവും അനുയോജ്യമായ അവസരമാണ് ഇന്ത്യ ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യം. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള സന്ന്യസ്തരുടെ വേദി (Forum of Religious for Justice and Peace) ഈ വിഷയംതന്നെ ചർച്ചക്ക് എടുത്തതിനെ ഞാൻ അഭിനന്ദിക്കുന്നു.
ഇന്ത്യൻ സഭ ഇന്ത്യയിലെ സാമൂഹ്യ യാഥാർഥ്യങ്ങളോടൊത്ത് സ്പന്ദിക്കുകയും ഈ രാജ്യത്തെ പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെ മഹാനായ വക്താവും ഒരു ജീവിതം മുഴുവൻ ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി വ്യയം ചെയ്ത ആളുമായിരുന്നു ഫാ. സ്റ്റാൻ സ്വാമി. അതേപോലെ, സിസ്റ്റർ റാണി മരിയയോടൊപ്പം ആ നിരയിൽ പെടുന്നവർ നിരവധിയുണ്ട്.
ഫാ. ടോം കോച്ചേരിയും സിസ്റ്റർ ഫിലെമിൻ മേരിയും മറ്റനേകരും കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനുമായി രക്തവും വിയർപ്പും ഒഴുക്കിയിട്ടുണ്ട്. ഈയടുത്ത കാലത്തു 140 ദിവസം നീണ്ടതും ഇപ്പോഴും തുടരുന്നതുമായ വിഴിഞ്ഞം സമരവും അതുപോലെയുള്ള ഒരു പോരാട്ടമാണ്. കടൽ, കടൽത്തീരം, സമുദ്രസമ്പത്ത് എന്നിവ പൊതുസ്വത്താണ് - എല്ലാവർക്കും അനുഭവിക്കാനുള്ള ഈ പൊതുസ്വത്തിനെ സ്വകാര്യവത്ക്കരിച്ച് കുത്തകക്കാരെ ഏല്പ്പിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് ഈ സർക്കാർ.
ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് ചിന്തിക്കുമ്പോൾ ഈയടുത്തകാലത്ത് നടന്നതും ഇവയോടു ബന്ധപ്പെട്ടതുമായ ചില സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1) 2023 സെപ്തംബർ 19-ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് എല്ലാ എംപിമാർക്കും ഓരോ കിറ്റ് വിതരണം ചെയ്തിരുന്നു. അതിൽ ഇന്ത്യൻ ഭരണഘടനയുടെ ഓരോ കോപ്പിയും ഉണ്ടായിരുന്നു. എന്നാൽ അതിൽ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിലെ സുപ്രധാനമായ രണ്ടുവാക്കുകൾ - 'സോഷ്യലിസ്റ്റ്,' 'സെക്കുലർ' - ഒഴിവാക്കപ്പെട്ടിരിക്കുന്നു! പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലെ മനഃപൂർവമായ ഈ ഒഴിവാക്കൽ കൈമാറുന്ന സന്ദേശം വിപുലവും ആശങ്കാജനകവുമാണ്.
2. 2018 ജനുവരി 18-ന് ഇന്ത്യൻ സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ - ജസ്റ്റിസ് ജാസ്റ്റി ചെലമേശ്വർ, ജസ്റ്റിസ് രജ്ഞൻ ഗൊഗോയ്, ജസ്റ്റിസ് മദൻ സി.ലൊക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് - ഇന്ത്യൻ ചരിത്രത്തിലാദ്യമായി ഒരു പത്രസമ്മേളനം വിളിക്കുകയും 'ജനാധിപത്യം അപകടത്തിൽ' എന്ന് ഈ രാജ്യത്തെ ജനങ്ങളോട് വിളിച്ചുപറയുകയും ചെയ്തു. 'ഈ സ്ഥാപനം സംരക്ഷിക്കപ്പെടുകയും ഇതിന്റെ സമതുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നില്ലെങ്കിൽ ജനാധിപത്യം ഇന്ത്യയിൽ അതിജീവിക്കുകയില്ല.' ഇന്ത്യൻ ചീഫ് ജസ്റ്റിസിന് ഇവർ മുൻപ് തിയതി വയ്ക്കാതെ എഴുതിയ കത്തും മറ്റുകാര്യങ്ങൾ പറഞ്ഞതിനൊപ്പം സൂചിപ്പിക്കുകയുണ്ടായി. 'അനഭലഷണീയമായ പലതും കഴിഞ്ഞ കുറച്ചു മാസങ്ങളിൽ നടന്നുകഴിഞ്ഞു' എന്ന് ജസ്റ്റിസ് ചെലമേശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ പ്രകോപനത്തിന്റെ ഏറ്റവും അടുത്ത കാരണം നമുക്ക് അറിയാമല്ലോ- ജസ്റ്റിസ് ബ്രിജ് ഗോപാൽ ഹരികൃഷ്ണൻ ലോയയുടെ കൊലപാതകം.
ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് കോടതിയുടെ സ്വാതന്ത്ര്യം. എന്നാൽ, അതിനെ ദുരുപയോഗം ചെയ്യുകയും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കാര്യം നമുക്ക് ബോധ്യമുള്ളതാണ്.
3) സർക്കാരിന്റെ (executive) അനവധി ഇടപെടലുകൾ ഈയടുത്തകാലത്തെ കോടതിവിധികളിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ വൈദികർ, പാസ്റ്റർമാർ, വിശ്വാസികൾ എന്നിവർക്ക് എതിരെ കള്ളക്കേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകരുടെ നിയമവിരുദ്ധമായ കരുതൽ തടങ്കലുകൾ ഓരോ ദിവസവും വർധിക്കുകയാണ്. നല്ല വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തിൽപോലും സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നു. ഒരു പ്രകടനത്തിനും മാർച്ചിനും മറ്റും അനുവാദത്തിനുവേണ്ടി ഭീമമായ തുക അടക്കണമെന്ന നിയമം നടപ്പിലായിരിക്കുന്നു.
4) ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളിൽ എക്സിക്യൂട്ടിവിന്റെ നിരവധിയായ ഇടപെടലുകൾ ഈയടുത്ത കാലത്തായി കാണാവുന്നതാണ്. News Click -ന്റെ സ്ഥാപകൻ പ്രഭീറിനെ ഭീകര വിരുദ്ധനിയമ (Anti Terror Law) ത്തിന്റെ കീഴിൽ അറസ്റ്റു ചെയ്തത് ഈയിടെയാണ്. 'ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (World Press Freedom Index) 180 രാജ്യങ്ങളിൽ 161-ാം സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്. ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് 'ദി ഹിന്ദു' ന്യൂസ് പേപ്പറിന്റെ എഡിറ്റോറിയലിൽ അപാർ ഗുപ്ത ഇങ്ങനെ എഴുതി: 'ഇന്ത്യ ഇപ്പോൾ ഒരു താൽക്കാലിക അടിയന്തരാവസ്ഥയിലൂടെ (transitory emergency) കടന്നുപോകുകയാണ്.' അതേപോലെ, ഡിജിറ്റൽ മേഖലയിൽ സ്വേഛാധിപത്യത്തിന്റെയും. ഇതിനെതിരെ പ്രവർത്തിക്കാൻ ഉന്നതനീതിപീഠം പോലും തയ്യാറല്ലെന്നു തോന്നിപ്പിക്കുന്നു.
ഈയടുത്തകാലത്തെ പാർലമെന്റിലെ പല നിയമനിർമാണങ്ങളിലും ജനാധിപത്യമൂല്യങ്ങളും ഫെഡറ ൽ സംവിധാനത്തിന്റെ തത്ത്വങ്ങളും പാളം തെറ്റിയതായി കാണാം. പാർലമെന്റിൽ സിംഹഭൂരിപക്ഷം ഉണ്ടെന്ന പേരിൽ, കൃത്യമായ ചർച്ചയോ, ജനാധിപത്യപരമായ വോട്ടെടുപ്പോ ഇല്ലാതെ ബില്ലുകൾ പാസാക്കപ്പെടുകയാണ്. ചില ഉദാഹരണങ്ങൾ ഇവയാണ്. മൂന്ന് കർക്കശമായ കൃഷിനിയമങ്ങൾ പാസാക്കപ്പെട്ടത് കൃത്യമായ ചർച്ചകൾ കൂടാതെയും കർഷകരെ വിശ്വാസത്തിലെടുക്കാതെയുമാണ്. നാലു തൊഴിൽ നിയമങ്ങൾ പാസാക്കപ്പെട്ടത് പാർലമെന്റിലെ കൃത്യമായ ചർച്ചകൾ ഇല്ലാതെയാണ്. ലോകം മുഴുവൻ കോവിഡ് 19 പകർച്ച വ്യാധിയുടെ ആശങ്കയിൽ ആയിരുന്ന സമയത്താണ് ഈ നിയമങ്ങൾ പാസാക്കപ്പെട്ടത് എന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത.
ഇതിനെല്ലാം ഉപരിയായി, എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട്, രാജ്യത്തിനുവേണ്ടിയുള്ള 'The Blue Economy Policy' 2021 ഫെബ്രുവരി 17-ന് 'Ministry of Earth Science' ന്റെ വെബ്സൈറ്റിൽ ആരംഭം കുറിക്കുകയും വെറും പത്തുദിവസങ്ങൾ മാത്രം അഭിപ്രായങ്ങൾക്കുവേണ്ടി നല്കപ്പെടുകയും ചെയ്തു. തീരപ്രദേശങ്ങളിലെ ജനജീവിതത്തെയും ജീവസന്ധാരണ മാർഗങ്ങളെയും ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയെയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ബാധിക്കാവുന്ന ഒരു നയം നടപ്പാക്കപ്പെടുന്നത് നീതി ആയോഗ്, പ്രധാനമന്ത്രിയുടെ ഉപദേശക സമിതി, ഇന്ത്യൻ വ്യാപാരി-വ്യവസായി സംഘടനയുടെ ഫെഡറേഷൻ എന്നിവയുടെ മാത്രം ആലോചനയിലാണെന്നത് അത്ഭുതപ്പെടുത്തുന്നില്ലേ?
ഇന്ത്യയിൽ വളർന്നുവരുന്ന 'ചങ്ങാത്ത മുതലാളിത്തം' (Crony Capitalism) ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പ്രതിദിനം താളം തെറ്റിക്കുകയും ലക്ഷക്കണക്കിന് ആദിവാസികൾ, ദളിതർ, ചെറുകിട കൃഷിക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ തങ്ങളുടെ ജീവസന്ധാരണത്തിനായി വൻനഗരങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ചുരുക്കത്തിൽ, വികസനത്തിന്റെ പേരിൽ മണ്ണിന്റെയും മലയുടെയും കാടിന്റെയും തീരദേശത്തിന്റെയും മക്കൾക്ക് അവരുടെ ആവാസസ്ഥലങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നു.
ചരിത്രപ്രധാനമായ കർഷകരുടെ സമരകാലത്ത് ഇന്ത്യൻ മാധ്യമങ്ങൾ നിശബ്ദരാക്കപ്പെട്ടു. പക്ഷേ, രാജ്യാന്തര തലത്തിൽ പ്രശസ്തരായ പലരും അവസരത്തിനൊത്തുയരുകയും അവരുടെ സ്വരം ഉയർത്തുകയും ചെയ്തു. പോപ്പ് താരം റിഹാന ചോദിച്ചു: 'എന്തുകൊണ്ടാണ് നിങ്ങൾ കൃഷിക്കാരുടെ സമരത്തെക്കുറിച്ച് സംസാരിക്കാത്തത്?'
താപ്സീ പന്നു എന്ന ചലച്ചിത്ര നടി ഇങ്ങനെ പറഞ്ഞു: 'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യം തകർക്കുന്നുവെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസം തകർക്കുന്നുവെങ്കിൽ (Rattles), ഒരു പ്രദർശനം നിങ്ങളുടെ മതവിശ്വാസം തകർക്കുന്നുവെങ്കിൽ, നിങ്ങളുടെ മൂല്യശ്രേണിയാണ് നിങ്ങൾ മെച്ചപ്പെടുത്തേണ്ടത്. അല്ലാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ ഇറങ്ങുകയല്ല വേണ്ടത്.' ഗ്രേറ്റയും മീനാഹാരിസും ഈ സംഭവത്തിൽ പ്രതികരിച്ചു.
അതിനാൽ, വിവിധ പൗരസമൂഹങ്ങളുമായി കൈകോർക്കുകയും കൂട്ടായ്മ രൂപീകരിക്കുകയും ചെയ്യുക ഇന്നിന്റെ ആവശ്യമാണ്. സ്ത്രീ സംഘടനകൾ, തൊഴിലാളി സംഘടനകൾ, കർഷക സംഘടനകൾ, ദളിത് സംഘടനകൾ, മറ്റ് പിന്നാക്ക വിഭാഗസംഘടനകൾ (OBC), വക്കീലന്മാരുടെ സംഘടനകൾ മുതലായവയുമായി സഹകരിച്ച് ഇന്നത്തെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
(പരിഭാഷ : ഫാ. ദേവസ്യ കളപ്പുരയ്ക്കൽ എം.സി.ബി.എസ്)