സുവിശേഷം മതപരിവർത്തനമല്ല

20 Dec 2023

ജെ. നാലുപറയിൽ ഷെയ്സൺ പി. ഔസേപ്പിന്റെ 'The Face of the Faceless!' ഈ സിനിമയുടെ രണ്ടാം പകുതിയിലെ ഒരു മുഹൂർത്തം. സിസ്റ്റർ റാണി മരിയയുടെ പ്രൊവിൻഷ്യൽ റാണിയെ വന്നു കാണുന്നതാണ് സന്ദർഭം. 'Sr. Rani Maria, this is your last warning' എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. സിസ്റ്റർ ചെയ്തു കൊണ്ടിരിക്കുന്ന അനഭിലഷണീയമായ പ്രവൃത്തികൾ തുടർന്നാൽ നടപടിയുണ്ടാകുമെന്നാണ് മദറിന്റെ മുന്നറിയിപ്പ്. അപ്പോൾ റാണി മരിയയുടെ കൂടെയുള്ള ഒരു സിസ്റ്റർ, റാണി ചെയ്യുന്ന അനഭിലഷണീയ പ്രവർത്തികളെ എണ്ണിപ്പറയാൻ തുടങ്ങി: 'സിസ്റ്റർ റാണി മരിയയ്ക്ക് മഠത്തിനേക്കാൾ കൂടുതൽ താല്പര്യം ആദിവാസികളോടാണ്. നേരം വെളുത്താൽ ആളെ മഠത്തിൽ കാണില്ല. ചിലപ്പോൾ മൺവെട്ടിയും കുട്ടയുമായി പോയി ഗ്രാമത്തിൽ കിണർ കുത്തുന്നുണ്ടാവും. അല്ലെങ്കിൽ കർഷകരുടെ കൂടെ കൃഷി ചെയ്യുന്നുണ്ടാവും. അതുമല്ലെങ്കിൽ ആദിവാസികളുടെ കൂടെ ആട്ടവും പാട്ടും... ആദിവാസികളുടെ കൂടെക്കൂടി അധികാരികളോടും നാട്ടിലെ പ്രമാണിമാരോടും കലഹിക്കുന്നു...' തുടർന്ന് പറയുന്നത് ഇൻഡോറിലെ പത്രക്കാരുടെയും സാമൂഹ്യപ്രവർത്തകരുടെയും അഭിപ്രായമാണ്. അവരുടെ അഭിപ്രായത്തിൽ, 'പുഴുക്കളെപ്പോലെ ചവിട്ടിയരയ്ക്കപ്പെട്ട ഈ മണ്ണിന്റെ മക്കൾ സിസ്റ്റർ റാണി കാരണം അവരുടെ സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ പഠിച്ചത്രേ. അതിനും പുറമെ, പിള്ളേർക്ക് വിദ്യാഭ്യാസം, അധഃകൃതർക്ക് കുടിക്കാൻ വെള്ളം, സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെയുള്ള ജീവിതം, ചുഷണം ചെയ്യുന്ന ജന്മിമാർക്ക് എതിരെ ശബ്ദമുയർത്താൻ തുടങ്ങിയ കർഷകർ...' തീയറ്ററിലിരുന്ന് ഇത് കേട്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നത്, യേശുവിന്റെ നസ്രത്തിലെ പ്രസംഗമാണ്: ''കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും...'' (ലൂക്കാ 4:18). സംവിധായകൻ ഷെയ്സൺ പി. ഔസേപ്പ് അഭിമുഖത്തിൽ പറയുന്നൊരു കാര്യമുണ്ട്: 'ഈ കഥയ്ക്ക് സവിശേഷമായ ഒരു സ്ട്രെങ്ത് ഉണ്ട്. സമൂഹത്തിലെ അധസ്ഥിതർക്ക് വേണ്ടി ഫൈറ്റ് ചെയ്ത ഒരു യുവതി എന്ന നിലയ്ക്ക്. അതോടൊപ്പം യേശു വിഭാവനം ചെയ്ത സുവിശേഷവേല എന്താണെന്നും സിസ്റ്റർ റാണി മരിയ അടയാളപ്പെടുത്തുന്നു... യേശു കൊണ്ടുവന്ന സുവിശേഷമാണ്, എന്തിന് യേശുവിന്റെ ജീവിതം തന്നെയാണ് റാണി മരിയയുടെ സ്റ്റോറിയിൽ റിഫ്‌ലെക്ട് ചെയ്യുന്നത്.' ഛാന്ദാ രൂപതയിലെ അച്ചന്മാരുടെ വാർഷികധ്യാനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയായിരുന്നു ഞാൻ റാണി മരിയയുടെ സിനിമ കാണാൻ പോയത്. ഛാന്ദാ ധ്യാനത്തിന്റെ അവസാന ദിവസം ഒരു സത്സംഗ് ക്രമീകരിച്ചിരുന്നു. സഭാഷണത്തിനുള്ള സമയമാണത്. ആർക്കും തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാം. ഇത്തവണ പൊന്തിവന്ന പ്രധാന വിഷയം 'സുവിശേഷവത്ക്കരണം' ആയിരുന്നു. കൂട്ടത്തിലെ തലമൂത്ത ഓസ്വാൾഡ് അച്ചനാണ് തുടക്കമിട്ടത്: 'ഇപ്പോൾ പഴയപോലെ ആരും സുവിശേഷ വേല ചെയ്യുന്നില്ല!' അതോടെ, എന്താണ് യഥാർഥ സുവിശേഷ വേല എന്നതായി ചർച്ച. യേശുക്രിസ്തു ആണ് ലോകത്തിന്റെ ഏകരക്ഷകൻ. അതിനാൽ, മറ്റ് മതസ്ഥരോട് അത് പ്രസംഗിച്ച് അവരെ രക്ഷയിലേക്ക് കൊണ്ടു വരുന്നതാണ് യഥാർഥ സുവിശേഷ വേല എന്നായി ഒരു പക്ഷം. മതം മാറ്റമല്ല, മറിച്ച് ജീവിതസാക്ഷ്യത്തിലൂടെയും ആകർഷണത്തിലൂടെയുമുള്ള മാനസാന്തരമാണ് നമ്മൾ അനുവർത്തിക്കേണ്ടതെന്ന് മറുപക്ഷം വാദിച്ചു. ഇതിനിടെ ഒരാൾ ഫ്രാൻസീസ് പാപ്പായെ ഉദ്ധരിച്ചു. ഫ്രാൻസീസ് പാപ്പാ 2019 സെപ്റ്റംബറിൽ മൊസാമ്പിക്കിലെ ഈശോസഭക്കാരോട് പറഞ്ഞു: 'പലരും ക്രിസ്തുവിനെ പ്രസംഗിക്കുന്നുണ്ടെങ്കിലും അവർ കൊടുക്കുന്ന സന്ദേശം ക്രിസ്തീയമല്ല.' എന്നിട്ട് പാപ്പാ ഒരു സംഭവം വിവരിച്ചു - തന്നെ കാണാൻ വന്ന ഒരു ഭക്ത സ്ത്രീയുടെ കഥ. അവൾ രണ്ട് ചെറുപ്പക്കാരെയും കൂടെ കൊണ്ടുവന്നിരുന്നു. അവൾ പറഞ്ഞു: 'ഇവൻ ഒരു ഹിന്ദുവായിരുന്നു, ഇപ്പോൾ അവൻ മതംമാറി കത്തോലിക്കാനായി. ഈ പെൺകുട്ടി ആംഗ്ലിക്കൻ ആയിരുന്നു. ഇപ്പോൾ കത്തോലിക്കയാണ്.' പാപ്പാ പറഞ്ഞു - അവൾ ഒരു ട്രോഫി കാണിക്കുന്ന പോലെയാണ് അവരെ എന്റെ മുമ്പിൽ പ്രദർശിപ്പിച്ചത്. ഞാൻ അവരോട് പറഞ്ഞു, 'മാഡം, സുവിശേഷവല്ക്കരണമെന്നാൽ മതം മാറ്റമല്ല.' എന്നിട്ട് പാപ്പാ അസ്സീസിയുടെ ക്ലാസിക് മാതൃക ചൂണ്ടിക്കാട്ടി: 'അസീസ്സിയിലെ ഫ്രാൻസീസ് തന്റെ സഹോദരങ്ങളോട് പറഞ്ഞു: നിങ്ങൾ ലോകത്തിലേക്ക് പോകുക, സുവിശേഷം പ്രഘോഷിക്കുക. പക്ഷേ, അത്യാവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക.' അവസാനം ഫ്രാൻസീസ് പാപ്പാ കൂട്ടിച്ചേർത്തു: 'ദൗർഭാഗ്യമെന്ന് പറയട്ടെ, ചില ക്രിസ്ത്യൻ സെക്ടുകളിൽ മാത്രമല്ല, കത്തോലിക്കാ സഭയിലും ഇത്തരം തീവ്രവാദ ഗ്രൂപ്പുകളുണ്ട്. സുവിശേഷവത്ക്കരണത്തെക്കാൾ പ്രാധാന്യം അവർ മതം മാറ്റത്തിനാണ് കൊടുക്കുന്നത്.' സിസ്റ്റർ റാണി മരിയ ചെയ്തതും, യേശു തന്റെ നസ്രത്ത് പ്രസംഗത്തിൽ മുമ്പോട്ടു വച്ചതു തന്നെയല്ലേ? മറ്റൊരു അർഥത്തിൽ നമ്മുടെ ഭാരണഘടനയുടെ ആമുഖത്തിൽ പറയുന്ന അടിസ്ഥാന മാനുഷിക മൂല്യങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ. അങ്ങനെയെങ്കിൽ, ഈ രാജ്യത്തിന്റെ സുവിശേഷമെന്ന് പറയാവുന്നതല്ലേ നമ്മുടെ ഭരണഘടനയും അത് മുമ്പോട്ടു വയ്ക്കുന്ന മൗലികാവകാശങ്ങളും? അത്തരമൊരു തിരിച്ചറിവിലേക്ക് ക്രൈസ്തവർ മാറുകയും അത്തരമൊരു കാഴ്ചപ്പാടിലേക്ക് സുവിശേഷവേല രൂപാന്തരപ്പെടുകയും ചെയ്യുമ്പോഴല്ലേ സുവിശേഷവല്ക്കരണം ഇന്ത്യയിലെ സാഹചര്യത്തിലേക്ക് അനുരൂപപ്പെടുകയുള്ളൂ?