ഇസ്രായേലിൽ വളച്ചൊടിച്ച ക്രിസ്തീയത

20 Dec 2023

സജി മർക്കോസ് 1896-ൽ സയണിസത്തിന്റെ ആധികാരിക പുസ്തകമായ 'The Jewish State' തെയദോർ ഹെർസെൽ പ്രസിദ്ധീകരിക്കുന്നതിന് പന്ത്രണ്ട് കൊല്ലം മുൻപ്, അതായത് 1884-ൽ, റവ. വില്യം ഹെച്ചലർ എന്ന ആംഗ്ലിക്കൻ പുരോഹിതൻ 'The Restoration of the Jews to Palestine' എന്നൊരു പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. ഹെച്ചലറും യേശുവിന്റെ മടങ്ങിവരവും യേശുവിന്റെ മടങ്ങിവരവിനുള്ള മുൻകൂർ വ്യവസ്ഥയായി ജൂതന്മാർ പലസ്തീനിലേക്ക് മടങ്ങണമെന്നത് ബൈബിൾ അടിസ്ഥാനത്തിൽ ഒരു അനിവാര്യതയാണ് എന്നദ്ദേഹം വാദിച്ചു, അതുകൊണ്ട്, യഹൂദരെ സ്‌നേഹിക്കുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്നും പ്രബന്ധം വിശദീകരിക്കുന്നു. വില്യം ഹെച്ചലർ ജനിച്ചത് ഇന്ത്യയിൽ ബനാറസിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് CMS സഭയുടെ പ്രചരണാർത്ഥം ഇന്ത്യയിലെത്തിയ ഒരു ക്രിസ്ത്യൻ പുരോഹിതനായിരുന്നു. റവ. വില്യം ഹെച്ചലറിന്റെ കുറിപ്പുകൾ പിന്തുടർന്നിരുന്ന തെയദോർ ഹെർസെൽ അദ്ദേഹത്തെ കണ്ടുമുട്ടുന്നത് 1896 ൽ അതായത് The Jewish State പ്രസിദ്ധീകരിച്ച അതെ വർഷമാണ്. ഇത്തരം ഇവാഞ്ചലിക്കൽ സഭകളുടെ ആവിർഭാവത്തോടെയാണ് പുതിയ തരം ദൈവശാസ്ത്രം ഉയർന്നു വരുന്നത്. എപ്പിസ്‌കോപ്പൽ സഭകൾ അടുത്തകാലം വരെ ബൈബിളിന്റെ അവസാന പുസ്തകമായ വെളിപാടിന് വലിയ പ്രാധാന്യം നല്കിയിരുന്നില്ല. പക്ഷേ, ഇവാഞ്ചലിക്കൽ സഭകളുടെ ആവിർഭാവത്തോടെ ബൈബിളിലെ അക്ഷരം കുഴിച്ച് നോക്കുകയും, മുഴുവൻ ടെക്സ്റ്റും അങ്ങിനെ തന്നെ നടന്നതാണെന്നും, ഭാവിയിൽ ബൈബിൾ പ്രവചനങ്ങൾ പോലെ ലോക സംഭവങ്ങൾ നടക്കുമെന്നും വ്യാഖ്യാനിച്ച് തുടങ്ങി. വെളിപ്പാട് പുസ്തകത്തിന്റെ ഭാഷ ദുർഗ്രഹവും ഉപമാനോപമേയങ്ങൾ നിറഞ്ഞതായതുകൊണ്ടും ഏതു തരത്തിലുള്ള വ്യാഖ്യാനത്തിനും വഴങ്ങുന്നതായിരുന്നു. അങ്ങനെ പുതിയ അന്ത്യകാലശാസ്ത്രം (Escatology) പുതിയ അർത്ഥങ്ങൾകണ്ടെത്തി. ഇത് ക്രിസ്ത്യാനികളുടെ ഇടയിൽ, പ്രത്യേകിച്ച് യൂറോപ്പിൽ അന്നുവരെ നിലനിന്നിരുന്ന ജൂത വിരോധം (Antisemitism) മാറി ജൂത അനുകൂല ചിന്താഗതി ഉണ്ടാകുന്നതിനു കാരണമായി എന്നു പറയാം. ലൂഥറും ജൂതവിശ്വാസവും പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉപജ്ഞാതാവായിരുന്ന മാർട്ടിൻ ലൂഥർ 1543-ൽ എഴുതിയ 'ജൂതന്മാരും അവരുടെ നുണകളും' (On the Jews and Their Lies) എന്ന പുസ്തമായിരുന്നു ജൂതവിരോധം യൂറോപ്പിൽ വളരാൻ കാരണമായ ആദ്യ എഴുതപ്പെട്ട പുസ്തകം. യഹൂദന്മാരുടെ സിനഗോഗുകൾ ഇടിച്ച് നിരത്തണം എന്നും, ബാക്കിയുള്ളവ മാലിന്യമിട്ട് മൂടണം എന്നും ആ പുസ്തകത്തിൽ പറയുന്നുണ്ട്. ക്രിസ്തുഘാതകർ എന്ന നിലയിൽ അവർ ഏറ്റവും വെറുക്കപ്പെടെണ്ടവർ ആണെന്ന് പ്രചാരണം വളർന്നു വന്നു. ഏതാണ്ട് നാനൂറുകൊല്ലം കഴിഞ്ഞപ്പോൾ അറുപത്തി അഞ്ചു ലക്ഷം ജൂതന്മാർ കൊല്ലപ്പെടുന്ന ക്രൂരകൃത്യത്തിന്റെ വേരുകൾ തിരഞ്ഞു ചെന്നാൽ അത് മാർട്ടിൻ ലൂഥറിലെത്തും എന്നത് പുറം ലോകം മറന്നു പോയ ഒരു പഴങ്കഥയാണ്. പക്ഷേ, മാർട്ടിൻ ലൂഥർ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് മൂവ്‌മെന്റ് പിന്നീട് കാൽവിൻ തുടങ്ങിയ മറ്റു സുവിശേഷകരിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ ആധ്യാത്മിക ചിന്തയുടെ വഴിക്കു നീങ്ങി. അതിൽ നിന്നുമാണ് യൂറോപ്പിൽ ഇവാഞ്ചലിക്കൽ സഭകളുണ്ടാകുന്നതും അതുവഴി ക്രിസ്താനികളുടെ ഇടയിൽ ജൂത അനുകൂലികൾ ഉണ്ടാകുന്നതും. ഇതിനിടയിൽ ക്രിസ്ത്യൻ സയണിസ്റ്റ് മൂവ്‌മെന്റുകളുണ്ടാകുകയും അവരുടെ ശുപാർശപ്രകാരം ക്രിസ്ത്യാനികളെ ജൂതാനുകൂലികളാക്കി മാറ്റുകയും ചെയ്യുന്നതിന് ഇസ്രായേൽ ഒരുക്കിയ ഒരു വൻപദ്ധതിയാണ് 'വിശുദ്ധനാട് തീർത്ഥയാത്ര.' 90 രാജ്യങ്ങളിൽ ഓഫീസുകളുള്ള International Christian Embassy Jerusalem എന്ന ക്രിസ്ത്യൻ സയനിസ്റ്റ് സംഘടനയും മറ്റു സമാന സംഘടനകളും ചേർന്ന് വല്യ തോതിൽ യേശു ജീവിച്ചിരുന്ന നാട് സന്ദർശനത്തിനുള്ള സംവിധാനമൊരുക്കി. ഹരിദ്വാറിൽ പോകുന്ന ഹൈന്ദവർ ഗംഗാജലം കൊണ്ടുവരുന്നതുപോലെ വിശുദ്ധനാട് സന്ദർശിച്ചവർ ഇസ്രായേലിലെ ഒരു പിടി മണ്ണ് കൊണ്ടുവരുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങി. അവിടെ സന്ദർശിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ഇസ്രയേലിനോട് അനുകൂല മനോഭാവം ഉണ്ടാക്കുന്നിന് ഇതുമൂലം സാധിച്ചു. (പുതിയനിയമ വിശ്വാസ പ്രകാരം ഭൂമിയിൽ വിശുദ്ധനാട് ഇല്ല. രണ്ടോ മൂന്നു പേർ എന്റെ നാമത്തിൽ കൂടുന്നിടത്ത് ഞാൻ വരും എന്നതാണ് പുതിയനിയമ ഡോക്റിൻ. അത് വഴിവക്കിലായാലും ബെഡ്റൂമിൽ ആയാലും പള്ളിയിൽ ആയാലും ക്രിസ്തു വരുന്നയിടമാണ് വിശുദ്ധ സ്ഥലം, ഇസ്രായേൽ അല്ല). എങ്കിലും എണ്ണത്തിൽ ഇവാഞ്ചലിക്കൽ വിശ്വാസികൾ യൂറോപ്പിൽ കുറവായിരുന്നു എന്നതിനാൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. യൂറോപ്പിൽ നാൾക്കുനാൾ ജൂതവിരോധം കൂടിക്കൂടി വന്നു. പരദേശികളായി അന്യദേശത്ത് പാർക്കുന്നതുകൊണ്ടുള്ള പ്രശ്‌നമാണ് തങ്ങൾക്കെതിരെയുള്ള പീഡനമുണ്ടാകുന്നത് എന്ന നിഗമനത്തിൽ തെയദോർ ഹെർസെൽ എത്തിച്ചേർന്നു. അക്കാലത്ത് (1894-ൽ) ഫ്രാൻസിലെ ആർമി ക്യാപ്ടനായിരുന്ന ആൽഫ്രെഡ് ഡ്രൈഫസ് (Alfred Dreyfus) സൈനിക രഹസ്യങ്ങൾ ജർമനിയ്ക്ക് ചോർത്തി നല്കി എന്ന വലിയൊരു പ്രശ്‌നമുണ്ടായി. ആദ്യം ആർമിയുടെ പലരും അദ്ദേഹത്തിന് അനുകൂലമായിരുന്നെങ്കിലും ഒരു ജൂതനായതു കൊണ്ട് ആൽഫ്രെഡ് രാജ്യദ്രോഹം ചെയ്യാനിടയുണ്ടെന്ന പ്രചാരണത്തിന് മേൽക്കൈ നേടാനായി. രാഷ്ട്രീയവും സാമൂഹികവും സൈനീകവുമായ ഒട്ടേറെ പ്രാധാന്യമുള്ള ഒരു പ്രശ്‌നമായി ഇത് മാറി. 1906 ൽ കുറ്റങ്ങളെല്ലാം തള്ളി ആൽഫ്രഡിനെ തിരികെ ആർമിയിൽ തിരിച്ചെടുത്തുവെങ്കിലും ഫാൻസില് നിലവിലുണ്ടായിരുന്ന ജൂതവിരോധം വർധിക്കുന്നതിനും ജൂതന്മാർ രണ്ടാംതര പൗരന്മാരായി എന്നും കരുതപ്പെടുന്നതിനും ഈ സംഭവം കാരണമായി. ഹെർസലും യൂദരാജ്യവും ഇതെല്ലാം തെയദോർ ഹെർസെലിനെ സ്വന്തമായ ഒരു ജൂത രാജ്യം എന്ന ചിന്തയിലേക്ക് നയിക്കാനിടവന്നു, സയണിസം എന്ന രാഷ്ട്രീയ ആശയം ശക്തമാവുകയും, അത് 'The Jewish State' എന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ജൂതരാജ്യത്തെക്കുറിച്ചുള്ള ചിന്തകൾ The Jewish State നു മുൻപും പലരും എഴുതിയിട്ടുണ്ടായിരുന്നു. കാറൾ മാർക്സിന്റെ സഹപ്രവർത്തകൻ മോസസ് ഹെസ് എഴുതിയ Rom und Jerusalem (1862), ഇഗ്‌ളീഷ്‌കാരനായിരുന്ന Benjamin Disraeli എഴുതിയ 'നോവൽ' എന്ന പുസ്തകം തുടങ്ങിയവയെല്ലാം ഈ നിലയിൽ പ്രസിദ്ധമായിരുന്നു. മൗറീസ് (Maurice baron de Hirsch) എന്ന അതിസമ്പന്നനായ കച്ചവടക്കാരൻ ഹെർസെലിനെ കാണുകയും ജൂതന്മാർക്ക് അർജന്റീനയിൽ ഒരു രാജ്യം സ്ഥാപിക്കുന്നത് ഉചിതമാണെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനിടയിൽ ജൂത സെറ്റിൽമെന്റ് ആയിരുന്ന കെനിയ -ഉഗാണ്ട- ഉറുണ്ടി പ്രദേശങ്ങളെ ഉൾപ്പെടുത്തി ഉഗാണ്ട പദ്ധതി എന്നൊരു നിർദ്ദേവവും ഉയർന്നു വന്നു. ഇവയെല്ലാം തള്ളിക്കളഞ്ഞു, പലസ്തീനിലേയ്ക്ക് കുടിയേറണമെന്ന് നിർദ്ദേശം വയ്ക്കുന്നത് ബ്രിട്ടീഷ് താല്പര്യം കൂടിയായിരുന്നു. അത് ബാൽഫർ വിളംമ്പരം വഴി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ബാൽഫർ വിളംബരം 1917-ൽ ബ്രിട്ടൻ പലസ്തീനിൽ ഒരു national home for the Jewish people വേണം എന്നു പ്രഖ്യാപിച്ചും അതിനു വേണ്ടി വർഷാവർഷം നിശ്ചിത എണ്ണം ജൂതന്മാർ, അന്ന് ബ്രിട്ടന്റെ അധീനത യിലായിരുന്ന പലസ്തീനിലേയ്ക്ക് കുടിയേറാൻ അനുമതിയും നല്കി. ബാൽഫർ വിളംമ്പരത്തിലെ national home for the Jewish people എന്നതിന്റെ രൂപവും ഘടനയും എന്തായിരിക്കും എന്ന് വിളംമ്പരത്തിൽ വ്യക്തമായിരുന്നില്ല. അതൊരു രാജ്യമാണോ, ഓട്ടോണമസ് ബോഡിയാണോ, മറ്റൊരു കോളനിയാണോ എന്നൊന്നും വ്യാഖ്യാനിച്ചിരുന്നില്ല. പക്ഷേ, ബാൽഫർ വിളമ്പരത്തിന്റെ ഒന്നാം ഡ്രാഫ്റ്റിൽ അത് വ്യക്തമാക്കിയിരുന്നു. 'The re-constitution of Palestine into a Jewish Stae' എന്നായിരുന്നു അതിൽ. എങ്കിലും എഡ്വിൻ മോന്റെഗുവിനെപ്പോലെയുള്ള ജൂത ബ്രിട്ടീഷ് പാര്‌ലമെന്റേറിയന്മാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് അത് തിരുത്തി national home for the Jewish people എന്ന് മാറ്റിയെഴുതുകയായിരുന്നു അങ്ങനെ, ഒൻപത് ശതമാനം യഹൂദരും, എഴുപത്തി നാലു ശതമാനം അറബികളും പതിന്നാല് ശതമാനം ക്രിസ്ത്യാനികളും കുറച്ച് നൊമാഡുകളും ജീവിച്ചിരുന്ന പലസ്തീൻ എന്ന പ്രദേശത്ത് തദ്ദേശവാസികളുടെ അനുമതിയോ അറിവോ കൂടാതെ മറ്റൊരു രാജ്യം സ്ഥാപിക്കുന്നതിന് യൂറോപ്പിൽ, (മറ്റൊരു വൻകരയിൽ) ഇരുന്നു നടത്തിയ ബ്രഹത് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ബാൽഫർ വിളമ്പരം. അതിൻപ്രകാരം യൂറോപ്പിൽ നിന്നും ബ്രിട്ടന്റെ സഹായത്തോടെ വലിയ തോതിൽ കുടിയേറ്റം ആരംഭിച്ചു, ഒൻപത് ശതമാനം ഉണ്ടായിരുന്ന യഹൂദർ 1946 ആയപ്പോഴേയ്ക്കും 33 ശതമാനമായി ഉയർന്നു. അതിനനുസരിച്ച് അറബികൾക്ക് വീടും കൃഷി സ്ഥലങ്ങളും നഷ്ടമായിക്കൊണ്ടിരുന്നു. ഇസ്രായേൽ 1948-ൽ ഒരു രാജ്യമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഏഴര ലക്ഷം പലസ്തീനികൾ അഭയാർഥി ക്യാമ്പിലേയ്ക്ക് മാറ്റപ്പെട്ടു എന്നു ആംനസ്റ്റി ഇന്റർനാഷനലിന്റെ വെബ് സൈറ്റ് പറയുന്നു. ഒരാൾക്ക് വീട് കിട്ടാൻ രണ്ട് പേർക്ക് വീട് നഷ്ടപ്പെടുന്ന അവസ്ഥ. അന്ന് അഭയാർഥിക്യാമ്പിലേക്ക് പോയവർക്ക് പിന്നീടൊരിക്കലും തിരികെ പോകാനായില്ല. അവരുടെ രണ്ടാം തലമുറയിലെ കുഞ്ഞുങ്ങളാണ് ഇപ്പോൾ ബോംബ് വർഷത്തിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി ഒന്ന് വർഷമായി വർഷം ശരാശരി നൂറു പലസ്തീൻ കുഞ്ഞുങ്ങൾ ഇസ്രായേൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെടുന്നു. അഭയാർത്ഥി ക്യാമ്പിൽ ജനിച്ച്, അവിടെ ജീവിച്ച്, അതിനുളിൽ മരിച്ചു പോകുന്ന വീടും നാടും നഷ്ടപ്പെട്ട പലസ്തീനികൾ! ഇതിനിടയിൽ ഇരുവശത്തെയും ചെറുത്തു നില്പിനും ആക്രമണത്തിനും ഇടയിൽ മരിച്ചുവീണ പ്രിയപ്പെട്ടവരുടെ മുറിവുകൾ. പരിഹാരം കാലം ഉണ്ടാക്കുകയല്ലാതെ മറ്റു വഴികളില്ല.