1948 വരെ

20 Dec 2023

ഡോ. സൈമൺ ചിറമേൽ എം.സി.ബി.എസ് മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലെ ഏറെ തന്ത്രപ്രാധാന്യമുള്ള സ്ഥലത്താണ് പലസ്തീന സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ ഈ പ്രദേശത്തിന് വളരെ പ്രക്ഷുബ്ധമായ ചരിത്രമാണുള്ളത്. കാനാൻകാർ, ഈജിപ്ഷ്യർ, ഇസ്രായേൽക്കാർ, പേർഷ്യക്കാർ, യവനന്മാർ, ഹാസ്‌മോണയർ, റോമാക്കാർ, മുസ്ലീം ഖിലാഫത്തുകാർ, കുരിശുയുദ്ധക്കാർ തുടങ്ങിയ നിരവധി രാജ്യങ്ങളും ശക്തികളും പലസ്തീനിൽ ആധിപത്യം ഉറപ്പിച്ച് അതിനെ നിയന്ത്രിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഒട്ടോമൻ സാമ്രാജ്യവും പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യവും ഇവിടം ഭരിച്ചു.1948 മുതൽ ഈ പ്രദേശം തത്വത്തിലെങ്കിലും ഇസ്രായേൽ, പലസ്തീന എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. പലസ്തീനായുടെ രാഷ്ട്രീയ ചരിത്രത്തിന്റെ വളരെ പൊതുവായ ഒരു രൂപരേഖ മാത്രമാണ് താഴെ കൊടുക്കുന്നത്. അതിനാൽ ഇതിന് കൃത്യത കുറയും, പ്രത്യേകിച്ച് പ്രാചീന ചരിത്രത്തിലേക്ക് പോകുന്തോറും. കൂടാതെ, ബൈബിളിലെ (പഴയ നിയമത്തിലെ) സംഭവങ്ങളുടെ ചരിത്രാത്മകതയെ യഹൂദ ചരിത്രകാരന്മാർ പോലും അതേപടി അംഗീകരിക്കുന്നില്ലെന്നും ഓർക്കേണ്ടതാണ്. അതിനാൽ അവയെ കാലഘട്ടങ്ങളുടെ സൂചകങ്ങളായി മാത്രമേ ഇവിടെ പരിഗണിക്കുകയുള്ളൂ. 1) കാനാൻകാരുടെ കാലഘട്ടം വെങ്കലയുഗത്തിലാണ് (BCE 3300- 1200) പലസ്തീനായിൽ ഗ്രാമങ്ങളും നഗരങ്ങളും ഉത്ഭവിക്കുന്നത്. ഈജിപ്തിലും മെസപെട്ടോമിയായിലും സാമ്രാജ്യങ്ങൾ രൂപപ്പെട്ടപ്പോൾ പലസ്തീനായിൽ അവിടവിടെയായി ചിതറിയ ചെറിയ നഗരരാഷ്ട്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവ കനാന്യരുടെ നഗരരാഷ്ട്രങ്ങളായിരുന്നു. മധ്യകാല വെങ്കലയുഗമാകുമ്പോഴേക്കും (BCE 2000-1550) ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഫീനിഷ്യ, എന്നിവിടങ്ങളിലെ നാഗരികതകളാൽ ഈ നഗരരാഷ്ട്രങ്ങൾ സ്വാധീനിക്കപ്പെട്ടു. ഒരു ഗണം നാടോടികളുടെ നേതാവായി അബ്രാഹം മെസപെട്ടോമിയായിൽനിന്ന് എത്തുന്നതിനെ തുടർന്നുള്ള പൂർവ പിതാക്കന്മാരുടെ കാലം (BCE 1700) ഇതായിരുന്നിരിക്കാം. 2) ഈജിപ്ഷ്യൻ ആധിപത്യം BCE 1550-1400 കാലഘട്ടത്തിൽ കനാന്യ നഗരരാഷ്ട്രങ്ങൾ ഈജിപ്തിന്റെ സാമന്തന്മാരായിത്തീർന്നു. അത് അഹ്‌മോസ് ഒന്നാമന്റെയും തുത്‌മോസ് ഒന്നാമന്റെയും കാലമായിരുന്നു. തന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ സെറ്റി ഒന്നാമൻ ഫറവോയും (c. 1294-1290 BCE) കനാന്യരെ കീഴടക്കാനായി ഒരു മുന്നേറ്റം നടത്തി ബേത്-ഷേയാൻ വരെ കീഴടക്കുകയും സാമന്തരാജാക്കന്മാരെ വാഴിക്കുകയും ചെയ്തു. എന്നാൽ, വെങ്കലയുഗത്തിന്റെ അവസാനമാകുമ്പോഴേക്കും ഈജിപ്തുകാർ പലസ്തീനായിൽ നിന്ന് പിൻവാങ്ങി. 3) ഇസ്രായേൽക്കാരും ഫിലിസ്തീനികളും ഈജിപ്തുകാരുടെ പിൻവാങ്ങലിനുശേഷം കാനാൻ ഇസ്രായേല്യരുടെയും ഫിലിസ്ത്യരുടെയും വാസസ്ഥലമായ മാറി. BCE 1209-ൽ ഫറവോൻ മെർനെപ്റ്റാ സ്ഥാപിച്ച ശിലാഫലകത്തിലാണ് ഇസ്രായേൽ എന്ന പേര് ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. തെക്ക് യൂദായിലെ കുന്നുകൾ മുതൽ വടക്ക് സമരിയായിലെ കുന്നുകൾ വരെ നീണ്ടുകിടക്കുന്ന മധ്യപർവതപ്രദേശങ്ങളിൽ ഇസ്രായേല്യർ താമസമാക്കി. എന്നാൽ, ഫിലിസ്ത്യർ പലസ്തീനായുടെ തെക്കൻ തീരപ്രദേശങ്ങളിലാണ് വാസമുറപ്പിച്ചത്. 12-ാം നൂറ്റാണ്ടിൽ ഈജിയൻ മേഖലയിൽ നിന്ന് കുടിയേറിയവരായിരുന്നു ഫിലിസ്ത്യർ. 4) ഇസ്രായേലും യൂദായും ഇസ്രായേൽക്കാർക്ക് പലസ്തീനായിൽ ഫിലിസ്ത്യൻകാരെയും കാനാൻകാരെയും നേരിടേണ്ടിവന്നു. ആ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ഗോത്രഭരണരീതി രാജഭരണത്തിന് വഴിമാറിയത്. സാവൂളിനുശേഷം വന്ന ദാവീദ് (BCE 1004-965) ജറുസലെം കീഴടക്കി തലസ്ഥാനമാക്കി. പിന്നീട് സോളമനും രാജ്യം ശക്തിപ്പെടുത്തി. അതിനുശേഷം രാജ്യം രണ്ടായി പിളർന്നു: വടക്ക് ഇസ്രായേലും തെക്ക് യൂദായും. എന്നാൽ, 830-കളിൽ അരാം-ഡമാസ്‌കസിലെ രാജാവ് ഹസായേൽ ഇസ്രായേലിന്റെ ഫലഭൂയിഷ്ഠവും തന്ത്രപ്രധാനവുമായ വടക്കൻ ഭാഗങ്ങൾ കീഴടക്കി. അത് ഇസ്രായേലിന്റെ തകർച്ചയ്ക്ക് കാരണമായി. അങ്ങനെ ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യേഹൂ രാജാവിന്റെ കാലത്ത് ഇസ്രായേൽ അസീറിയയുടെ സാമന്ത രാജ്യമായിത്തീർന്നു. 5) അസ്സീറിയൻ ആധിപത്യം അസ്സീറിയൻ രാജാവ് തിഗ്ലത്ത് പിലേസറും അദ്ദേഹത്തിന്റെ പിൻഗാമികളും BCE 734 മുതൽ 645 വരെയുള്ള കാലഘട്ടത്തിൽ പലസ്തീന കീഴടക്കി. തലസ്ഥാനമായ സമറിയാ വീണതോടെ 720-ൽ ഇസ്രായേൽ രാജ്യം അസീറിയക്കാരുടെ അധീനതയിലായി. BCE 715-ൽ ഹെസക്കിയ അധികാരത്തിൽ വന്നപ്പോൾ യൂദാ ഈജിപ്തുമായും അഷ്‌കലോണുമായും സഖ്യമുണ്ടാക്കുകയും അസീറിയക്കെതിരെ കലാപം ഉയർത്തുകയും ചെയ്തു. അതിന് മറുപടിയായി, അസീറിയയിലെ സെനഖേരിബ് രാജാവ് യൂദായിലെ നഗരങ്ങളെ ആക്രമിച്ചു. 701-ൽ സെനഖേരിബ് ജറുസലെമിനെ ഉപരോധിച്ചെങ്കിലും അതിനെ കീഴടക്കിയില്ല. 6) ബാബിലോണിയൻ ആധിപത്യം BCE 631-ൽ അഷുർബാനിപാൽ രാജാവിന്റെ മരണത്തെ തുടർന്നുണ്ടായ പിന്തുടർച്ചാവകാശത്തെച്ചൊല്ലിയുള്ള പോരാട്ടങ്ങൾ അസീറിയൻ സാമ്രാജ്യത്തെ ദുർബലപ്പെടുത്തി. ഈ അവസരം ഉപയോഗിച്ച് ബാബിലോൺ കലാപം ഉയർത്തുകയും അസീറിയയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുകയും ചെയ്തു. BCE 609-ൽ ഈജിപ്ഷ്യൻ ഫറവോയായ നെക്കോ രണ്ടാമൻ തന്റെ സൈന്യവുമായി വടക്കോട്ട് നീങ്ങി. അദ്ദേഹം യൂദാ രാജാവായ ജോസിയയെ ഈജിപ്ഷ്യൻ താവളമായ മെഗിദ്ദോയിൽ വച്ച് വധിക്കുകയും ഏതാനും മാസങ്ങൾക്ക് ശേഷം യെഹോയാക്കീമിനെ യൂദായുടെ രാജാവായി വാഴിക്കുകയും ചെയ്തു. BCE 601-ൽ നെബുക്കദ്നേസർ ഈജിപ്തിനെതിരെ ഒരു ആക്രമണം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. അങ്ങനെ ബാബിലോണിലേക്ക് പിൻവാങ്ങാൻ നിർബന്ധിതനായി. ഈ അവസരം മുതലെടുത്ത് യൂദാ ഉൾപ്പെടെയുള്ള ചില സാമന്ത രാജ്യങ്ങൾ ബാബിലോണിനെതിരെ തിരിഞ്ഞു. അത് യൂദ-ബാബിലോണിയൻ യുദ്ധത്തിലേക്ക് നയിച്ചു. പരിണതഫലമായി 597-ൽ യൂദായിലെ രാജാവായ യെക്കോണിയയെയും ജറുസലെമിലെ പുരോഹിതരെയും പ്രഭുക്കന്മാരെയും അടിമകളാക്കി ബാബിലോണിലേക്ക് നാടുകടത്തി. പിന്നീട് 587-ൽ നെബുക്കദ്നേസർ ജറുസലെമിനെ നശിപ്പിക്കുകയും ധാരാളം യഹൂദരെ ബാബിലോണിലേക്ക് നാടുകടത്തുകയും ചെയ്തു. 7) പേർഷ്യൻ ആധിപത്യം (BCE 538-332) BCE 539-ൽ പേർഷ്യൻ രാജാവായ സൈറസ് ബാബിലോൺ കീഴടക്കിയതിനെത്തുടർന്ന് പലസ്തീന പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ഈ പ്രദേശത്തെ അഞ്ച് പേർഷ്യൻ പ്രവശ്യകളിൽ - യഹൂദ്, സമരിയ, ഗാസ, അഷ്ദോദ്, അസ്‌കലോൺ - ഒന്നായി മാറി. 538-ൽ പ്രവാസികളായ യഹൂദരെ ജറുസലെമിലേക്ക് മടങ്ങാൻ അനുവദിച്ചു. അതിനെ തുടർന്നാണ് ബാബിലോണിയക്കാർ തകർത്ത ജറുസലെം ദൈവാലയം പുനർനിർമിക്കപ്പെടുന്നത്. ഈ കാലത്ത് യഹൂദരെ പോലെ തന്നെ യഹോവയെ ആരാധിക്കുകയും ഇസ്രായേല്യ വംശപരമ്പര അവകാശപ്പെടുകയും ചെയ്യുന്ന സമരിയാക്കാരാണ് സമരിയായിൽ അധിവസിച്ചിരുന്നത്. 8) യവന ആധിപത്യം (BCE 332 -63) BCE 330കളുടെ അവസാനത്തിൽ മഹാനായ അലക്‌സാണ്ടർ ഈജിപ്തിലേക്കുള്ള യാത്രാമധ്യേ പലസ്തീൻ കീഴടക്കി. അലക്സാണ്ടർ 323-ൽ മരിച്ചശേഷം അദ്ദേഹത്തിന്റെ രണ്ട് ജനറൽമാർ രാജ്യം വിഭജിച്ചെടുത്തു. പലസ്തീന BCE 200വരെ ടോളമി വംശത്തിന്റെ കീഴിലായിരുന്നു. പിന്നീട് സെലൂക്കസിന്റെ വംശക്കാർ പലസ്തീന കൈവശപ്പെടുത്തി. പേർഷ്യക്കാരിൽ നിന്ന് വ്യത്യസ്തമായി ഗ്രീക്കുകാർ അവരുടെ ഭാഷയും സംസ്‌കാരവും ആചാരങ്ങളും തത്വചിന്തയും ഇവിടെ പ്രചരിപ്പിക്കാൻ ശ്രമിച്ചു. അതിനെയാണ് യവനവത്ക്കരണമെന്ന് വിളിക്കുന്നത്. അവരുടെ മതരംഗത്തുള്ള ഇടപെടലുകളാണ് BCE 167-ൽ മക്കബായരുടെ വിപ്ലവത്തിന് കാരണമായതും തുടർന്ന് ഹസ്മൊണയ രാജ്യം സ്ഥാപിക്കാൻ ഇടയായതും. 9) ഹസ്മൊണെയരുടെ ഭരണം BCE 167-ൽ അന്ത്യോക്കസ് നാലാമൻ രാജാവ് സാബത്ത് ആചരണവും പരിച്ഛേദനവും ഉൾപ്പെടെയുള്ള യഹൂദമതത്തിന്റെ ആചാരങ്ങൾ നിരോധിക്കുന്ന ശാസന പുറപ്പെടുവിച്ചു. അതിനും പുറമെ, ജറുസലെം ദൈവാലയം ഗ്രീക്ക് ദേവനായ സിയൂസിന് പുനർപ്രതിഷ്ഠിച്ചു. ഹാസ്‌മൊണെയൻ കുടുംബത്തിലെ യൂദാസ് മക്കബിയൂസ് ഇതിനെതിരെ വിപ്ലവം നയിച്ചു. പിന്നീട് യൂദാസിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ സഹോദരൻ ജോനാഥൻ അധികാരമേറ്റു. BCE 157-ൽ സെലൂസിഡുകൾ ജോനാഥനുമായി ഒരു കരാറിലെത്തി അദ്ദേഹത്തെ പ്രധാന പുരോഹിതനായി നിയമിച്ചു. ഏകദേശം BCE 140-ൽ യൂദാ ഫലത്തിൽ ഒരു സ്വതന്ത്ര രാജ്യമായി നിലനിന്നു. അതേത്തുടർന്ന്, അവർ അയൽരാജ്യങ്ങൾ കീഴടക്കാൻ തുടങ്ങി. BC 100 ആകുമ്പോഴേക്കും വടക്ക് ഗലീലി മുതൽ തെക്ക് നെഗേവ് വരെയുള്ള മുഴുവൻ പ്രദേശങ്ങളും ഇവർ കീഴ്പ്പെടുത്തി. 10) റോമൻ കാലഘട്ടം (BCE 63 CE 324) BCE 63-ൽ ഹാസ്‌മൊണെയൻ കുടുംബത്തിലെ പിന്തുടർച്ചാവകാശ തർക്കം മുതലെടുത്ത് റോമൻ ജനറൽ പോംപി യൂദായെ റോമിന്റെ ഒരു ആശ്രിത രാജ്യമാക്കി മാറ്റി. ഹാസ്‌മൊണെയർ കീഴടക്കിയ ഭൂരിഭാഗം പ്രദേശങ്ങളും അദ്ദേഹം മറ്റ് രാജ്യങ്ങൾക്ക് വീതിച്ചു നല്കി. പിന്നീട്, ഓരോന്നിനും അതാതിന്റെ മത കൗൺസിലോട് കൂടിയ അഞ്ച് സ്വയംഭരണ ജില്ലകളായി (ജറുസലെം, സെഫോറിസ്, ജറിക്കോ, അമാത്തസ്, ഗദാര) റോമാക്കാർ രാജ്യത്തെ പുനർക്രമീകരിച്ചു. സാമന്തരാജാവാകാൻ പ്രാപ്തരായവർ വന്നപ്പോൾ റോമാക്കാർ ആ വഴി തെരഞ്ഞെടുത്തു. അങ്ങനെയാണ് ഹേറോദേസ് (BCE 37 4). ഇദ്ദേഹമാണ് ജറുസലെം ദൈവാലയത്തിന്റെ പുനർനിർമാണം ഉൾപ്പെടെ യൂദായിൽ ബൃഹുത്തായ നിരവധി നിർമ്മാണ പദ്ധതികൾ നടപ്പിലാക്കിയത്. ഹേറോദേസിന്റെ മരണത്തോടെ രാജ്യത്താകമാനം കലഹമായി. രാജ്യം അദ്ദേഹത്തിന്റെ മുന്ന് മക്കൾക്കായി വിഭജിക്കപ്പെട്ടു. CE 6-ൽ അർക്കലാവൂസിന്റെ ഭരണം അവസാനിച്ചതോടെ യൂദാ നേരിട്ടുള്ള റോമൻ ഭരണത്തിൻ കീഴിലാവുകയും ചെയ്തു. നേരിട്ടുള്ള റോമൻ ഭരണം പുനഃസ്ഥാപിച്ചതിന് ശേഷം യൂദായിൽ സംഘർഷത്തിനുള്ള പിരിമുറുക്കം വർദ്ധിച്ചു വന്നു. CE 66-ൽ ഒന്നാം യൂദ-റോമൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. നാല് വർഷം നീണ്ടുനിന്ന യുദ്ധം റോമൻ ചക്രവർത്തിമാരായ വെസ്പാസിയനും ടൈറ്റസും തകർത്തു. CE 70-ൽ റോമാക്കാർ ജറുസലെം നഗരം പിടിച്ചടക്കുകയും നഗരവും ദൈവാലയവും നശിപ്പിക്കുകയും ചെയ്തു. യഹൂദ ചരിത്രകാരനായ ജോസഫൂസ് ആണ് ഈ സംഭവങ്ങൾ വിവരിച്ചിരിക്കുന്നത്. ഈ യുദ്ധത്തിനു ശേഷവും യഹൂദന്മാർ പലസ്തീനിൽ ഗണ്യമായ അളവിൽ തുടർന്നു വന്നു. ഗലീലിയിലെ ജനസംഖ്യയുടെ 2/3 ഉം തീരപ്രദേശത്തിന്റെ 1/3 ഉം ജൂതന്മാരായിരുന്നു. സൈമൺ ബാർ കോഖ്ബായുടെ നേതൃത്വത്തിൽ CE 132-ൽ ജൂതന്മാർ വീണ്ടും റോമിനെതിരെ കലാപം നടത്തി. ഇത് മുന്ന് വർഷം നീണ്ടുനിന്നു. റോമാക്കാർ വിപ്ലവം അടിച്ചമർത്തുകയും ജറുസലെം നശിപ്പിച്ച് ആ സ്ഥാനത്ത് 'ഏലിയ കപ്പിത്തോളീന' എന്ന ഒരു പുതിയ പട്ടണം പണിതുയർത്തുകയും ചെയ്തു. യഹൂദർക്ക് ഊരുവിലക്കും പ്രഖ്യാപിച്ചു. ബൈസന്റൈൻ കാലഘട്ടം (CE 324-640) നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി (CE 313). ഈ മാറ്റത്തിന് കാരണക്കാരൻ റോമിന്റെ ആദ്യത്തെ ക്രിസ്ത്യൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ആയിരുന്നു. റോമാ സാമ്രാജ്യത്തിന്റെ ഈ മതംമാറ്റം പലസ്തീനായിൽ വലിയ മാറ്റങ്ങൾ ഉളവാക്കി. അതോടെ യേശുവിന്റെ ജനനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്ഥലങ്ങളിൽ വലിയ പള്ളികൾ ഉയർന്നുവന്നു. അന്ന് പലസ്തീനിലെ ഏറ്റവും വലിയ അറബ് സമൂഹമായിരുന്നു ക്രിസ്ത്യാനികളായ ഗസ്സാനിദ് അറബികൾ. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സമരിയക്കാർ സാമ്രാജ്യത്തിനെതിരെ നിരവധി കലാപങ്ങൾ നടത്തി. CE 602 -ൽ, ബൈസന്റൈൻ സാമ്രാജ്യവും അതിന്റെ കിഴക്കൻ എതിരാളിയായ പേർഷ്യൻ സാമ്രാജ്യവും തമ്മിലുള്ള അവസാന യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യഹൂദർ പേർഷ്യൻ പക്ഷത്തു ചേർന്നു. അടുത്ത വർഷം പേർഷ്യൻ-യൂദ സൈന്യം കേസറിയായും ജറുസലെമും പിടിച്ചെടുത്തു, അവിടുത്തെ പള്ളികൾ നശിപ്പിക്കുകയും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. അറബ് കാലഘട്ടം (CE 640-1099) ബൈസന്റൈൻ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയിരുന്നു. ഈ ഘട്ടത്തിൽ പ്രവാചകൻ മുഹമ്മദ് (എ.ഡി 570-632) ഇസ്ലാം മതം സ്ഥാപിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും അറേബ്യയിലെ ഗോത്രങ്ങളെ ഒരു മതരാഷ്ട്രമാക്കി രൂപാന്തരപ്പെടുത്തി. അറബ് ആക്രമണത്തിൽ 'യാർമുഖ്' യുദ്ധത്തിൽ വച്ച് പലസ്തീന CE 636-ൽ വീണു. CE 638-ൽ ഖാലിഫ് ഒമാർ (634-44) ജറുസലെമിന്റെ കീഴടങ്ങൽ സ്വീകരിച്ചു. യഹൂദരെയും ക്രിസ്ത്യാനികളെയും അവരവരുടെ മതം പിന്തുടരാൻ അദ്ദേഹം അനുവദിച്ചു. യഹൂദർക്കെതിരെ ജറുസലെമിൽ ഏർപ്പെടുത്തിയിരുന്ന ഊരുവിലക്ക് നീക്കി. CE 656-ൽ ഖലീഫ ഉഥ്മാൻ വധിക്കപ്പെട്ടതിനെ തുടർന്ന് CE 661 -ൽ ഉമയ്യാദുകൾ ഖിലാഫത്തിന്റെ രാജവംശമായി മാറി. ഖിലാഫത്തിന്റെ തലസ്ഥാനം അവർ ഡമാസ്‌കസിലേക്ക് മാറ്റി. ജറുസലെമിലെ ടെമ്പിൾ മൗണ്ടിൽ രണ്ടു കെട്ടിട സമുച്ചയങ്ങൾ അവർ പണിതു; അൽ-അക്‌സ മോസ്‌കും ഡോം ഓഫ് ദ് റോക്കും. ഖിലാഫത്തിലെ ഭൂരിഭാഗം മുസ്ലീങ്ങളും അറബികളല്ലായിരുന്നു. അറബികൾ അവരെ രണ്ടാം തരം മുസ്ലീങ്ങളായി കണക്കാക്കി. തൻമൂലം ഉളവായ അസംതൃപ്തി മുതലെടുത്ത് അബസീദ് വംശം 750-ൽ ഉമയാദുകളെ അട്ടിമറിച്ചു. അവർ തലസ്ഥാനം 752-ൽ ബാഗ്ദാദിലേക്ക് മാറ്റി. അതോടെ പലസ്തീന്റെ പ്രാധാന്യം നഷ്ടമാകുകയും അത് വെറുമൊരു പ്രവിശ്യയായി മാറുകയും ചെയ്തു. 9-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അബസീദുകൾക്ക് അവരുടെ പടിഞ്ഞാറൻ പ്രവിശ്യകളുടെ നിയന്ത്രണം നഷ്ടപ്പെടാൻ തുടങ്ങി. ചുരുങ്ങിയ കാലത്തേക്കാണെങ്കിലും തുളുനിദുകളും ഇഖ്ഷിദീഥുകളും ഇവിടെ ആധിപത്യം പുലർത്തി. ഫത്തിമിദി വംശം 969-ൽ ഇക്ഷിദിദ് വംശത്തെ തോല്പിച്ച് പലസ്തീന്റെ ഭരണം ഏറ്റെടുത്തു. ഖലീഫ അൽ-ഹക്കീം തന്റെ മതപീഡനങ്ങളുടെ ഭാഗമായി 1009-ൽ യേശുവിന്റെ കബറിട പള്ളി (Holy Sepulchre) ഉൾപ്പെടെയുള്ള എല്ലാ പള്ളികളും തകർക്കാൻ ഉത്തരവിട്ടു. പതിനൊന്നാം നൂറ്റാണ്ടിൽ (1071 -1073) സെൽജുക് തുർക്കികൾ പലസ്തീന ആക്രമിച്ചു കീഴ്പ്പെടുത്തി. പിന്നീട് 1098-ൽ ഫാത്തിമിദുകൾ സെൽജൂക്കുകളിൽ നിന്ന് ജറുസലെം തിരിച്ചുപിടിച്ചു. കുരിശുയുദ്ധക്കാരും - ലത്തീൻ രാജ്യവും (CE 1099 -1291) വിശുദ്ധ നാട് തിരിച്ചുപിടിക്കുന്നതിനായി യൂറോപ്യൻ ക്രിസ്ത്യാനികൾ മാർപാപ്പയുടെ ആശീർവാദത്തോടെ നടത്തിയ സൈനിക നീക്കങ്ങളായിരുന്നു കുരിശുയുദ്ധങ്ങൾ. കുരിശുയുദ്ധക്കാർ CE 1099-ൽ ജറുസലെം കൈവശപ്പെടുത്തി, പട്ടണത്തിലെ മുസ്ലീം അന്തേവാസികളെ അവർ വധിച്ചു. ഒന്നാം കുരിശുയുദ്ധക്കാർ വടക്ക് തുർക്കി മുതൽ തെക്ക് സിനായി വരെയുള്ള മെഡിറ്ററേനിയൻ തീരം മുഴുവൻ പിടിച്ചെടുത്തു. പിടിച്ചെടുത്ത പ്രദേശത്ത് സ്ഥാപിതമായ രാജ്യങ്ങളിൽ ഒന്നായ ജറുസലെം രാജ്യം (1110) പലസ്തീനിന്റെ ഭൂരിഭാഗവും ലബനോനും ഉൾപ്പെടുന്നതായിരുന്നു. ഈജിപ്ഷ്യൻ ആസ്ഥാനമാക്കിയ അയ്യൂബിദ് രാജവംശത്തിലെ സലാദീൻ കുരിശുയുദ്ധക്കാരെ തോല്പിച്ച് CE 1187-ൽ ജറുസലെം ഉൾപ്പെടെയുള്ള പലസ്തീൻ പിടിച്ചെടുത്തു. അതിനെ തുടർന്ന് വന്ന കുരിശുയുദ്ധത്തിലൂടെ (1192) ഭൂരിഭാഗം തീരപ്രദേശങ്ങളും തിരിച്ചുപിടിക്കാൻ അവർക്ക് കഴിഞ്ഞെങ്കിലും ജറുസലെം പിടിച്ചെടുക്കാനായില്ല. അങ്ങനെ പതിമൂന്നാം നൂറ്റാണ്ടിന്റെ ഭൂരിഭാഗം സമയവും ലത്തീൻ രാജ്യം തീരപ്രദേശത്ത് ഒതുങ്ങി. ഒടുവിൽ കുരിശുയുദ്ധക്കാരുടെ അവസാന കോട്ടയായ അക്കോ 1291-ൽ മാമലൂക്കുകൾ പിടിച്ചെടുത്തു. കുരിശുയുദ്ധക്കാരുടെ കാലത്ത് പലസ്തീനായിൽ ആയിരത്തോളം യഹൂദ കുടുംബങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1099-ൽ ജറുസലെമിലും 1100-ൽ ഹൈഫയിലും യഹൂദർ മുസ്ലീങ്ങൾക്കൊപ്പം നിന്ന് കുരിശുയുദ്ധക്കാർക്കെതിരെ പോരാടി. അയൂബിദ് - മാമലൂക്ക് കാലഘട്ടം (എ.ഡി 1250-1517) അയൂബിദുകൾ പലസ്തീനായിൽ യഹൂദ, ഓർത്തഡോക്‌സ് ക്രിസ്ത്യൻ വാസസ്ഥലങ്ങൾ അനുവദിച്ച. ഡോം ഓഫ് റോക്ക് വീണ്ടും ഒരു ഇസ്ലാമിക ആരാധനാ കേന്ദ്രമാക്കി മാറ്റി. ഏഴാം കുരിശുയുദ്ധത്തിൽ ഈജിപ്ത് കീഴടക്കാനുള്ള ഫ്രാൻസിന്റെ ശ്രമത്തെ തുടർന്നാണ് മാമലൂക്ക് സുൽത്താനേറ്റ് (1250-1517) സൃഷ്ടിക്കപ്പെട്ടത്. ഇവർ അയൂബിദ് രാജവംശത്തെ അട്ടിമറിക്കുകയും 1517-ൽ ഓട്ടോമൻമാർ ഈജിപ്ത് കീഴടക്കുന്നതുവരെ നിലനിൽക്കുകയും ചെയ്തു. ഓട്ടോമൻ തുർക്കികൾ 1516-ൽ അവരെ അട്ടിമറിക്കുന്നതുവരെ പലസ്തീനയിലെ ഇസ്ലാമിക നിയന്ത്രണം തുടർന്നത് മാമലൂക്കുകളായിരുന്നു. മംഗോളിയൻ അധിനിവേശങ്ങൾക്ക് എതിരെയുള്ള മാമലൂക്കുകളുടെ വിജയം ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്. ഓട്ടോമൻ ആധിപത്യം (1517-1918) ഓട്ടോമൻ തുർക്കികൾ 1453-ൽ കോൺസ്റ്റാന്റിനോപ്പിളും 1517 -ൽ ഈജിപ്തും കീഴടക്കി. ഓട്ടൊമൻകാർ 401 വർഷം പലസ്തീനിൽ ഭരണം നടത്തി. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും ഏറെ പ്രാധാന്യമുള്ള പ്രദേശമായി പലസ്തീന തുടർന്നു. സുലൈമാൻ ദ് മാഗ്‌നിഫിസന്റ് (1520-66) ആണ് ജറുസലെമിന്റെ ചുറ്റുമതിൽ ഇന്നത്തെ നിലയിൽ പുനർനിർമിച്ചത്. ഈ കാലത്ത് മൂന്ന് പലസ്തീനിയൻ ജില്ലകളിലെ ജനസംഖ്യ ഏകദേശം 600,000 ആയിരുന്നു. അവരിൽ 10 ശതമാനം ക്രിസ്ത്യാനികളും ബാക്കിയുള്ളവർ കൂടുതലും സുന്നി മുസ്ലീങ്ങളും ആയിരുന്നു. യഹൂദരുടെ എണ്ണം ഏകദേശം 25,000 ആയിരുന്നു; ഭൂരിപക്ഷവും അഗാധമായ മതവിശ്വാസികളായിരുന്നു. സയണിസത്തിന്റെ ആവിർഭാവം വരെ പലസ്തീനികളും ജൂതന്മാരും തമ്മിലുള്ള ബന്ധം സുസ്ഥിരവും സമാധാനപരവുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ പാശ്ചാത്യ ശക്തികൾ പലസ്തീന ആക്രമിച്ചപ്പോൾ ഇവിടെ അരാജകത്വം പടർന്നു പിടിച്ചു. 1917-ൽ ഒന്നാം ലോക മഹായുദ്ധത്തിൽ എല്ലാ മുന്നണികളിലും യുദ്ധം നടന്നു. തെക്കൻ മുന്നണിയിൽ പല സ്ഥലങ്ങളും നഷ്ടപ്പെട്ട ഓട്ടോമൻ സൈന്യം പിൻവാങ്ങാൻ തുടങ്ങി. അങ്ങനെ 1917 മാർച്ച് 11-ന് ബാഗ്ദാദ് വീണു. 1917 ഡിസംബർ 11-ന് ജറുസലെമും വീണു. ബ്രിട്ടീഷ് കാലഘട്ടം (എ.ഡി 1918-1948) ഒന്നാം ലോകയുദ്ധത്തിൽ തുർക്കികൾ ജർമനിയുടെ കൂടെയായിരുന്നു. തോറ്റവരുടെ സാമ്രാജ്യം വീതിക്കപ്പെട്ടപ്പോൾ പലസ്തീന ഭരിക്കാൻ ബ്രിട്ടീഷുകാർക്ക് അവസരമായി. യൂദരുടെ കുടിയേറ്റം ഏറ്റവും ശക്തിപ്പെട്ട കാലഘട്ടമാണിത്. ബ്രിട്ടന്റെയും പടിഞ്ഞാറൻ ശക്തികളുടെയും പിന്തുണ ഉണ്ടായിരുന്നു. വരത്തരായ യൂദരും സ്വദേശികളായ പലസ്തീനക്കാരും തമ്മിൽ ആഭ്യന്തരയുദ്ധത്തിന്റെ വക്കുവരെയെത്തി കാര്യങ്ങൾ. ബ്രിട്ടീഷുകാർ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയ്ക്ക് വിട്ടു. 1947-ൽ പലസ്തീന യൂദർക്കും അറബികൾക്കുമായി വീതിക്കാൻ യു.എൻ.ഒ നിർദേശം വച്ചു. ഇസ്രായേൽ, പലസ്തീനാ (1948- 2005) 1948 മെയ് 14-ന് ബ്രിട്ടീഷുകാർ പിൻവാങ്ങി. യുദ്ധം പൊട്ടിപുറപ്പെട്ടു. ജൂലൈ പതിനെട്ടിന് വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ പടിഞ്ഞാറെ തീരവും പഴയ ജറുസലെം പട്ടണവും മാത്രം യോർദ്ദാന്റെ കൈയിൽ. ബാക്കിയെല്ലാം ഇസ്രായേലിന്റെ കൈവശം.