ബഹുസ്വരതയുടെ ലോകത്തിലെ സഭാപ്രതിസന്ധി
20 Dec 2023
വിൻസന്റ് കുണ്ടുകുളം
ഏതാനും ദശാബ്ദങ്ങളായി എഴുത്തുകളിലും പ്രഭാഷണങ്ങളിലും പരക്കെ ഉപയോഗിക്കപ്പെടുന്ന പദമാണ് ബഹുസ്വരത. ഈ വാക്കിന്റെ ആന്തരാർത്ഥങ്ങൾ സമകാലിന മനുഷ്യന്റെ പൊതുബോധത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ടെങ്കിലും അതിനെ ഗൗരവപൂർവം കണക്കിലെടുക്കാൻ ക്രിസ്തീയ സമൂഹങ്ങൾക്കു സാധിച്ചിട്ടുണ്ടോ എന്നത് സംശയാസ്പദമാണ്. ബഹുസ്വരതയുടെ ആത്മീയത ആത്മാർഥമായി ഉൾക്കൊണ്ടിരുന്നെങ്കിൽ സീറോമലബാർ സഭയിലെ ആരാധനക്രമപ്രതിസന്ധി ഇത്രമാത്രം രൂക്ഷമാവുകയില്ലായിരുന്നുവെന്ന് തോന്നുന്നു.
ദൈവം ഉള്ള കാലം മുതലേ ഉള്ളതാണ് വൈവിധ്യതയും. കാരണം, ഒരു ദൈവമേ ഉള്ളൂ എന്ന് വിശ്വസിക്കുമ്പോഴും ആ ദൈവത്തിൽ മൂന്ന് ആളുകൾ ഉണ്ടെന്നാണല്ലോ ക്രിസ്തു നമുക്കു വെളിപ്പെടുത്തിയിട്ടുള്ളത്. സഭയുടെ സാർവത്രിക മതബോധനവും അതാണ്. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിലാകെ വൈവിധ്യങ്ങളാണ്. വ്യത്യസ്തങ്ങളായ ഭൂപ്രദേശങ്ങൾ, സസ്യലതാദികൾ, പക്ഷിമൃഗാദികൾ. മനുഷ്യന്റെ കാര്യം പറയുകയും വേണ്ട. തന്റെ ഒരേ ഛായയിലാണ് ദൈവം സൃഷ്ടികർമം നിർവഹിച്ചതെങ്കിലും പുരുഷനും സ്ത്രീയുമായാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചത് (ഉത്പ 1:27).
ദൈവസൃഷ്ടിയായ മനുഷ്യൻ നിർമിക്കുന്നതിനെല്ലാം ബഹുത്വത്തിന്റെ സ്വഭാവമാണുള്ളത്. ഭാഷ, കല, സാഹിത്യം, വേഷം, ആഹാരം, സംസ്‌കാരം, ദർശനം, വിശ്വാസം, പാരമ്പര്യം, ആചാരം, അങ്ങനെ എല്ലാം എല്ലാം ബഹുസ്വരതയുടെ നിദർശനങ്ങളാണ്. എന്നാൽ അവയെ മുഴുവൻ സ്വാംശീകരിക്കുകയും ആഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്ന വിശുദ്ധ ബലിയർപ്പണം സാരാംശത്തിൽ മാത്രമല്ല വിശദാംശങ്ങളിലും ഏകതാനമായിരിക്കണം എന്ന നിർബന്ധം ദൈവികസത്തേക്കോ ദൈവഹിതത്തിനോ ചേരുന്നതാണോ?
വൈവിധ്യത്തെ ഉൾക്കൊള്ളാനാവാത്തതൊന്നും നിലനിന്നിട്ടില്ല, നിലനില്ക്കുകയുമില്ല. കാരണം, അത് ദൈവത്തിന്റെയും പ്രകൃതിയുടെയും നിയമമാണ്. വ്യത്യസ്തതകളെ ചേർത്തുനിർത്തുന്നതാണ് വളർച്ചയുടെ ലക്ഷണം. ആഴം കൂടുന്നതിനനുസരിച്ച് മനുഷ്യൻ പാർശ്വങ്ങളിലേക്കു വളരുന്നു. വൻ മരങ്ങളെ കണ്ടിട്ടില്ലേ? അവയുടെ വേരുകൾ എത്രമാത്രം ആഴത്തിലേക്കു യാത്ര ചെയ്യുന്നുവോ അത്രമാത്രം അവ ഉയരങ്ങളിലേക്കും പാർശ്വങ്ങളിലേക്കും പന്തലിക്കും.
പാരമ്പര്യങ്ങൾ മനുഷ്യന്റെ പൈതൃകമാണ്; സംസ്‌കൃതിയുടെ വേരുകളാണ്. അവ പരിരക്ഷിക്കപ്പെടേണ്ടവ തന്നെ. എന്നാൽ വളവും വെള്ളവും വലിച്ചെടുക്കാനുള്ള ശേഷി ചില വേരുകൾക്ക് നഷ്ടപ്പെടുമ്പോൾ മരം സ്വാഭാവികമായി പുതിയ വേരുകൾക്കു ജന്മം നല്കുന്നു. ഇല്ലെങ്കിൽ മരങ്ങൾ കടപുഴകി വീഴും. സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും അങ്ങനെതന്നെ. ഏതുവിധത്തിലുള്ള സാംസ്‌കാരിക പരിസരങ്ങളെയും രൂപാന്തരപ്പെടുത്തി ജീവദായകമാക്കാൻ ശേഷിയുള്ളവയെയാണ് യഥാർഥ പാരമ്പര്യങ്ങളായി കണക്കാക്കുന്നത്. ജീവത്തായ പാരമ്പര്യങ്ങൾ (living tradition) എന്ന് പണ്ഡിതലോകം അവയെ വിളിക്കുന്നു.
വിവിധങ്ങളായ പ്രാദേശിക സമ്പ്രദായങ്ങളെയും അനുഷ്ഠാനങ്ങളെയും ഒരുപക്ഷേ, പ്രത്യക്ഷത്തിൽ സമാനതയില്ലെന്ന് തോന്നുന്നവയെക്കൂടി സഹവർത്തിത്വത്തിൽ നയിച്ചുകൊണ്ടുപോകാൻ കെൽപ്പുള്ളവയാണ് ജീവത്തായ പാരമ്പര്യങ്ങൾ. മറിച്ചുള്ളവ സമൂഹങ്ങളുടെ വിഭജനത്തിനേ കാരണമാകൂ. യഹൂദസംസ്‌കാരത്തിലെ ജീവദായകമായ പാരമ്പര്യങ്ങളെയാണ് യേശു ശരിവച്ചത്. മറ്റുള്ളവയെ ദൈവപുത്രനായ മിശിഹാ പൊളിച്ചെഴുതി. ജീർണിച്ചുപോയ യഹൂദപാരമ്പര്യങ്ങളുടെ ശുദ്ധീകരണത്തിലൂടെയാണ് ദൈവരാജ്യത്തിന്റെ പുതുസുവിശേഷം അവൻ രൂപപ്പെടുത്തിയത്. ആ സുവിശേഷം പിന്തുടർന്നാലേ ഏതൊരു വിശ്വാസസമൂഹത്തിനും സഭ എന്ന വിശേഷണം സ്വായത്തമാകൂ. മറിച്ചുള്ളവയ്ക്ക് ഫരിസേയ സമുദായത്തിനോടോ ഭാരത്തിലെ ചാതുർവർണ്യ വ്യവസ്ഥിതിയിലെ ജാതിസമുദായത്തോടോ ആയിരിക്കും പൊരുത്തം.
സീറോമലബാർ സഭാവിശ്വാസികളുടെ സംസ്‌കാരത്തിന് ഏകശിലാസ്വഭാവമില്ല. കേരളത്തിലെ തന്നെ തെക്കു-മധ്യ-വടക്കു ഭൂപ്രദേശങ്ങളിൽ വസിക്കുന്നവർ തമ്മിൽ സംസ്‌കാരത്തിന്റെ അടരുകളിലെല്ലാം വൈവിധ്യങ്ങളുണ്ട്. ദൈവം നിക്ഷേപിച്ചവയാണവ. ഇന്ന് സീറോമലബാർ സഭ കേരളത്തിനുപുറത്ത് കടന്ന് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ലോകത്തിലെ വിവിധ വൻകരകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണല്ലോ. അവിടെയെല്ലാമുള്ള പ്രാദേശിക ആവശ്യങ്ങളോടും ഭാഷാഗോത്രവർഗ വൈവിധ്യങ്ങളോടും സർഗാത്മകമായി പ്രതികരിക്കാതെ ഈ സഭയ്ക്ക് യേശുവിന്റെ ദൗത്യം തുടരാനാവില്ലല്ലോ!
വൈവിധ്യാത്മകമായ സംസ്‌കാരങ്ങളോട് സഭ ഭാവാത്മകമായി സംവദിക്കണമെന്ന് പറയുന്നതിനർത്ഥം സഭയുടെ സ്വത്വത്തിൽ അടിസ്ഥാനമാറ്റങ്ങൾ വരുത്തണമെന്നല്ല. ഇപ്പോൾ സീറോമലബാർ സഭയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി സഭയുടെ തനിമയെ ബാധിക്കുന്ന അടിസ്ഥാനഘടകത്തെ ചൊല്ലിയല്ല എന്ന് എല്ലാവർക്കും അറിയാം. അങ്ങനെ തെറ്റിധരിച്ചിരിക്കുന്നവർ സ്വത്വ നിർമിതിയെപ്പറ്റിയുള്ള ശാസ്ത്രീയവും സഭാത്കമവുമായ കാഴ്ചപ്പാട് മനസ്സിലാക്കേണ്ടതാണ്. സത്താപരമായ കാര്യങ്ങളിൽ ഐക്യവും അവയുടെ പ്രകാശനത്തിൽ വൈവിധ്യവും അംഗീകരിക്കാൻ തയ്യാറാകുന്നതിനാലാണല്ലോ കത്തോലിക്കാസഭ 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയായി വർത്തിക്കുന്നത്. ബലിയർപ്പണനേരത്ത് എങ്ങോട്ട് തിരിഞ്ഞുനില്ക്കണമെന്ന കേവലം നിസ്സാരമായ ഒരു വിഷയത്തിൽപോലും വിവിധങ്ങളായ രീതികൾ അംഗീകരിക്കാനാകുന്നില്ലെങ്കിൽ ഈ സഭക്ക് എങ്ങനെ കാലത്തെ അതിജീവിക്കാനാകുമെന്നും ദൈവത്തിന്റെ സഭയായിരിക്കാനാകും എന്നുമുള്ള ചിന്ത എന്നെ അസ്വസ്ഥതപ്പെടുത്തുന്നു.