മണിപ്പൂർ: വസ്തുതകൾ, പ്രതിസന്ധികൾ, പ്രതീക്ഷകൾ

07 Sep 2023

ഫാ. സിബി കൈതാരൻ MI നാഷണൽ കോ-ഓർഡിനേറ്റർ, കമില്ല്യൻ ടാസ്‌ക് ഫോഴ്‌സ് ഇന്ത്യ (CTF INDIA) സുന്ദരമായ നാടാണ് മണിപ്പൂർ. മണിപ്പൂർ താഴ്‌വരയിലേക്ക് പറന്നിറങ്ങുമ്പോൾ ജനാലകാഴ്ചകൾ ആരുടെയും മനം കവരും. മലനിരകൾക്കിടയിൽ കൃത്യമായി ചെത്തിവച്ചിരിക്കുന്ന ഒരു വലിയ കുളിസ്ഥലംപോലെ ഇംഫാൽ താഴ്‌വര. നെൽപ്പാടങ്ങളുടെയിടയിൽ പട്ടണങ്ങളും ഗ്രാമങ്ങളും - അതിനുചുറ്റും മനോഹരമായ മലനിരകൾ. മണിപ്പൂരിനെ കൂടുതലറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം 10% വരുന്ന ഇംഫാൽ താഴ്‌വരയും 90% വരുന്ന മലനിരകളും ചേർന്നതാണ് മണിപ്പൂർ. ഭൂമി ഇംഫാൽ താഴ്‌വരയിൽ കൂടുതലും അധിവസിക്കുന്നത് മെയ്‌തേയ് വിഭാഗക്കാരാണ്. ഏതാണ്ട് 32 ലക്ഷത്തിലധികം ജനങ്ങളാണ് മണിപ്പൂരിലുള്ളത്. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 24-ാം സ്ഥാനമാണ് മണിപ്പൂരിനുള്ളത്. ആകെ 22,327 സ്‌ക്വയർ കിലോമീറ്റർ ഭൂവിസ്തൃതിയുള്ള മണിപ്പൂർ വലുപ്പത്തിന്റെ കാര്യത്തിലും ഇന്ത്യൻ സംസ്ഥാനങ്ങളിൽ 24-ാം സ്ഥാനത്താണ്. ജനം പ്രധാനമായും മൂന്ന് വിഭാഗത്തിൽപ്പെട്ട ജനങ്ങളാണ് മണിപ്പൂരിൽ വസിക്കുന്നത്. ഈ മൂന്ന് വിഭാഗത്തിലും അവരുടെ ഉപവിഭാഗങ്ങൾ വേറെയുണ്ടുതാനും. ജനസംഖ്യയിൽ 53% വരുന്ന മെയ്‌തേയ് വിഭാഗത്തിൽ ഭൂരിഭാഗവും ഇംഫാൽ താഴ്‌വരയിലാണ് വസിക്കുന്നത്. ഗോത്രവിഭാഗക്കാരായ നാഗ, കുക്കി വിഭാഗക്കാർ ഒന്നുചേർന്ന് ജനസംഖ്യയുടെ 40% വും വരും. ഗോത്രവിഭാഗക്കാർ കൂടുതലും മലനിരകളിലും മലനിരകളോട് ചേർന്നുകിടക്കുന്ന താഴ്‌വാരഗ്രാമങ്ങളിലുമാണ് അധിവസിക്കുന്നത്. ഭാഷ താഴ്‌വരയിൽ താമസിക്കുന്ന മെയ്‌തേയ് വിഭാഗത്തിൽ ഏതാണ്ട് 29-ഓളം പ്രധാന ഗോത്രങ്ങളുണ്ട്. നാഗാവിഭാഗത്തിൽ അഞ്ചിലധികവും കുക്കി വിഭാഗത്തിൽ ഒൻപതിലധികവും ഉപവിഭാഗങ്ങളുണ്ട്. മണിപ്പൂരി ഭാഷയാണ് മെയ്‌തേയികളുടെയിടയിലെ പ്രധാനഭാഷ. ഏതാണ്ട് 54 ശതമാനത്തിലധികം ജനങ്ങൾ മണിപ്പൂരി സംസാരിക്കുന്നു. എന്നിരുന്നാലും എല്ലാ ഗോത്രത്തിനും അവരുടെ ഉപഗോത്രങ്ങൾക്കും അവരുടേതായ തനത് ഭാഷകളുണ്ട്. ഗോത്രങ്ങളുടെ ഉള്ളിൽ അവർ ആശയവിനിമയം നടത്തുന്നത് ഈ ഭാഷകൾ ഉപയോഗിച്ചാണ്. എന്നാൽ ഇംഗ്ലീഷ് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഭാഷയാണ്. മതം ഹിന്ദുയിസവും ക്രിസ്റ്റ്യാനിറ്റിയുമാണ് മണിപ്പൂർ ജനതയുടെ പ്രധാന മതങ്ങൾ. രണ്ടു വിഭാഗങ്ങളും ഏതാണ്ട് 41% വീതമുണ്ട്. എട്ട് ശതമാനത്തോളം മുസ്ലീം വിഭാഗവും 0.5 ശതമാനം സിക്ക് മതസ്ഥരും 0.25 ശതമാനം ബുദ്ധമതക്കാരും 0.06 ശതമാനം ജൈനമതസ്ഥരും മറ്റ് വിഭാഗങ്ങളിൽപെട്ട 8.19 ശതമാനം ജനങ്ങളും ഇവിടെ വസിക്കുന്നു. മെയ്‌തേയ് വിഭാഗം കൂടുതലും ഹിന്ദുമത വിശ്വാസികളും കുക്കി വിഭാഗം കൂടുതലും ക്രിസ്ത്യൻ മതവിശ്വാസികളുമാണ്. സംഘർഷങ്ങളുടെ നാട് ഇന്ന് നാം മണിപ്പൂരിൽ കാണുന്ന സംഘർഷങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. അതിൽ രാഷ്ട്രീയമുണ്ട്, മതമുണ്ട്, ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുണ്ട്, ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പകയുണ്ട്, വിഭജനത്തിന്റെ മുറിവുകളുണ്ട്, അയൽരാജ്യങ്ങളുടെ സ്വാധീനമുണ്ട്, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യമുണ്ട്. ഇവ കൂടാതെ മനുഷ്യാവകാശ ലംഘനങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ 100 കാര്യങ്ങളുണ്ട് മണിപ്പൂരിനെ അസ്വസ്ഥതപ്പെടുത്താൻ. ഏതെങ്കിലും ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ചാണ് നിങ്ങളുടെ മനസ്സ് മണിപ്പൂരിൽ ചെന്നിറങ്ങുന്നതെങ്കിൽ അതിനെ സാധൂകരിക്കാൻ മാത്രമുള്ള നിരവധികാരണങ്ങൾ നിങ്ങൾക്കവിടെ കണ്ടെത്താനാകും. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ വേരുകൾ മണിപ്പൂരിൽ പടർന്നുകിടക്കുന്നുണ്ട്. മണിപ്പൂർ ചരിത്രത്തിന്റെ ഏടുകളിൽ വായിച്ചുപോയ ഒരു കാര്യം ഓർമയിൽ തെളിയുന്നു. 1800 കളിൽ നാഗാ വിഭാഗത്തിന്റെ പ്രതിരോധങ്ങളെ അതിജീവിക്കാനും അവരോട് പൊരുതാനും ബ്രിട്ടീഷുകാർ ബർമപോലുള്ള സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്നതാണ് കുക്കിവിഭാഗത്തെ. ഇത്തരം നിതാന്ത വൈര്യങ്ങൾ ഈ ജനതതിയുടെ മനസ്സിൽ കനലായി അവശേഷിച്ചു. അതിന്റെ ആളിക്കത്തലുകൾ ചിലപ്പോഴൊക്കെ മണിപ്പൂരിന്റെ അഖണ്ഡതയെ ചാരമാക്കി. 1990 കളിൽ കുക്കി വിഭാഗവും നാഗാവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ അത്യന്തം രക്തരൂക്ഷിതമായിരുന്നു. മണിപ്പൂരിന്റെ പൗരബോധം ''മണിപ്പൂരിലെ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സാധാരണയായി കണ്ടുവരാറുള്ള ഉയർന്ന പോളിംഗ് ശതമാനവും ബന്ദ് പോലെയുള്ള സമരങ്ങളിൽ കാണപ്പെടുന്ന ബഹുജന പങ്കാളിത്തവും പൊതുമുതൽ കൈയേറിയും നശിപ്പിച്ചും ജനപ്രതിനിധികളെ ബന്ദികളുമാക്കിയുള്ള സമരമുറകളും പ്രശ്‌നപരിഹാരങ്ങൾക്കായി മണിപ്പൂർ ജനത അവലംബിക്കുന്ന അക്രമമാർഗങ്ങളും പ്രകടമാക്കുന്നത് മണിപ്പൂർ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നു എന്നല്ല. മറിച്ച്, മണിപ്പൂർ മണിപ്പൂരിനോടുതന്നെ യുദ്ധം ചെയ്യുകയാണ്. വികസനവും സമാധാനവും പുതിയ തലമുറയ്ക്ക് സാധ്യമാക്കാനുള്ള യുദ്ധം. മണിപ്പൂരിലെ സേവനദിനങ്ങൾക്കിടയിൽ എനിക്കൊരു പുസ്തകം സമ്മാനമായി കിട്ടി- MANIPUR - HOPE, PEACE, DEVELOPMENT എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തിലെ ആമുഖ വരികളാണ് മേലുദ്ധരിച്ചിരിക്കുന്നത്. ഈ പുസ്തകം രചിച്ചിരിക്കുന്നത് മണിപ്പൂരിലെ സെയ്തു (Saitu) നിയോജകമണ്ഡലം എം.എൽ.എ യും മുൻപ് രണ്ടുപ്രാവശ്യം ക്യാബിനറ്റ് മന്ത്രിയുമായിരുന്ന ശ്രീ. ഹാക്ക്‌ഹോളറ്റ് കിപ്‌ജെൻ (HAOKHOLET KIPGEN) ആണ്. അദ്ദേഹം കാംങ്ക് പോക്കി (Kang Pokki) ജില്ലയിലെ ഹെങ്ങ്ബുങ്ങ് (Hengbung) ഗ്രാമത്തിലെ ഗ്രാമത്തലവൻകൂടിയാണ്. വളരെ ഹൃദ്യമായിരുന്നു ശ്രീ. ഹാക്ക്‌ഹോളറ്റ് കിപ്‌ജെനുമായുള്ള കൂടിക്കാഴ്ച. പല സമയങ്ങളിലായി കുറെയേറെ നേരം അദ്ദേഹവുമായി ആശയസംവാദം നടത്താനിടയായി. മണിപ്പൂരിലെ പ്രശ്‌നങ്ങളും അവയുടെ കാരണങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളുമൊക്കെ ആ സംഭാഷണത്തിൽനിറഞ്ഞു. അദ്ദേഹത്തിന്റെ ഭാഷ്യത്തിൽ കുക്കി സമുദായത്തിൽപ്പെട്ട ഗോത്രവംശത്തിനാണ് ഏറ്റവും കൂടുതൽ ദുരിതങ്ങൾ ഈ കാലയളവിൽ നേരിടേണ്ടി വന്നിട്ടുള്ളത്. ഏതാണ്ട് 95 ശതമാനത്തിലധികം കുക്കി വംശജരും ക്രിസ്തീയ വിശ്വാസികളാണ്. ബാപ്റ്റിസ്റ്റ് മിഷനറിമാർ സ്ഥാപിച്ച പള്ളികളാണ് ഇതിൽ അധികവും. ഇക്കഴിഞ്ഞ മെയ്മാസത്തിൽ ഉടലെടുത്ത കലാപം മണിപ്പൂരിനെയാകെ അരാജകത്വത്തിലേയ്ക്കും അരക്ഷിതത്വത്തിലേക്കും തള്ളിവിട്ടു. കലാപത്തിന്റെ കാരണങ്ങൾ ഭൂമിയിന്മേലുള്ള അവകാശവാദങ്ങൾ മണിപ്പൂരിൽ എന്നും കലാപകാരണമായിട്ടുണ്ട്. താഴ്‌വരയിൽനിന്നുള്ള ഭൂരിഭാഗം വരുന്ന മെയ്‌തേയ് വിഭാഗത്തിന്റെ മലനിരകളിലേക്കുള്ള അധിനിവേശം എന്നും ഗോത്രവർഗക്കാർ ചെറുത്തുപോന്നു. നേരെ തിരിച്ചും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതുകൂടാതെ മലനിരകളിൽ ഗോത്രവർഗക്കാർ തമ്മിലും ഭൂമിക്കുവേണ്ടി രൂക്ഷമായ സംഘട്ടനങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. നിയമസംവിധാനങ്ങൾ നിയമസംവിധാനങ്ങളുടെ സുരക്ഷിതത്വം ഒട്ടുമില്ലാത്ത നാടാണ് മണിപ്പൂർ. പേരിന് പൊലീസ് സ്റ്റേഷനുകളുണ്ടെങ്കിലും ഓരോ വിഭാഗത്തിനും അവരുടേതായ സംരക്ഷണസംവിധാനങ്ങളുണ്ട്. ഇവ കൂടാതെ മുഴുവൻ സിസ്റ്റത്തെയും നിയന്ത്രിക്കുന്ന അധോലോക സംഘങ്ങൾ എവിടെയും സജീവമാണുതാനും. എല്ലാ ഗ്രൂപ്പിനെയും ചുരുക്കത്തിൽ നിയന്ത്രിക്കുന്നത് ഇത്തരം അധോലോകസംഘങ്ങളാണ് എന്നുവേണം കരുതാൻ. ആയുധമേന്തി റോന്ത് ചുറ്റുന്ന പുരുഷന്മാരെ നമുക്കെവിടെയും കാണാനാകും. ഓരോ ഗ്രാമങ്ങളിലെയും പുരുഷന്മാർക്ക് സ്വന്തം ഗ്രാമത്തെ സംരക്ഷിക്കേണ്ട ചുമതലകൂടിയുണ്ട്. ഊഴമിട്ട് ഊണും ഉറക്കവുമൊഴിച്ച് അവർ ജാഗ്രതയോടെ ഈ കർത്തവ്യം നിർവഹിക്കുന്നു. ഇന്ത്യയെപ്പോലുള്ള ഒരു വലിയ ജനാധിപത്യരാജ്യത്ത് ഇതുപോലെ സ്വന്തം ഗ്രാമത്തെ സംരക്ഷിക്കാൻ കാവലിരിക്കുന്ന അവസ്ഥ എത്രയോ ശോചനീയമാണ്. റിലീഫ് ക്യാമ്പുകളുമായി മണിപ്പൂരിലുടനീളം സഞ്ചരിക്കേണ്ടിവന്നപ്പോൾ കണ്ട കാഴ്ചകൾ മനസ്സിനെ നൊമ്പരപ്പെടുത്തി. തൊട്ടടുത്ത ഗ്രാമം മറ്റ് വിഭാഗത്തിൽപെട്ടവരുടേതാണെന്ന് കരുതുക. എങ്കിൽ കാര്യങ്ങൾ രണ്ട് ശത്രുരാജ്യങ്ങളുടേതുപോലെയായി. ശത്രുരാജ്യത്തിനെതിരെ അതിർത്തി കാക്കുന്ന സൈനികരെപ്പോലെ മണൽച്ചാക്കുകൾ അട്ടിയായി നിരത്തി അതിനുപിറകിൽ തോക്കുകളും മറ്റായുധങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്ന ആൾക്കൂട്ടം. എത്രയോ പൈശാചികമായാണ് അവിടെ മനുഷ്യക്കുരുതികൾ നടക്കുന്നത്. എതിർ വിഭാഗത്തെ കൂടുതൽ ഭയപ്പെടുത്താൻ മനുഷ്യനെ കൊന്ന് വികൃതമാക്കി പ്രദർശിപ്പിക്കുന്ന രീതിയിലേക്കും സ്ത്രീകളെയും കുട്ടികളെയുംപോലും മനുഷ്യത്വരഹിതമായ രീതിയിൽ ഉപദ്രവിക്കുന്നതിലേക്കും കാര്യങ്ങൾ എത്തിനില്ക്കുന്നു. ഭരണകൂടംപോലും ചില വ്യവസ്ഥാപിത താത്പര്യങ്ങൾക്കുവേണ്ടി ചലിക്കുന്ന കാഴ്ച നമ്മെ നൊമ്പരപ്പെടുത്തി. ഈ ജനതതിയുടെ ആഭ്യന്തരപ്രശ്‌നങ്ങളെ അവരെക്കൂടെ വിശ്വാസത്തിലെടുത്ത് വികസന പ്രക്രിയകളിലൂന്നി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ ഭിന്നിപ്പുകൾ മുതലെടുത്ത് അവ ആളിക്കത്തിച്ച് ഉന്മൂലനാശം വരുത്താൻ പ്രയത്‌നിക്കുന്ന ചിലരുടെ ചെയ്തികൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഭൂമിയുടെ അവകാശികൾ ആരാണ് മണിപ്പൂരിലെ ഭൂമിയുടെ യഥാർത്ഥ അവകാശികൾ? ഈ ചോദ്യത്തിന് ആരും പെട്ടെന്ന് തരുന്ന ഉത്തരമുണ്ട് - 10 ശതമാനം വരുന്ന ഇംഫാൽ താഴ്‌വര 52% ജനസംഖ്യയുള്ള മെയ്‌തേയ് വിഭാഗത്തിന്റേത്. 90% വരുന്ന മലനിരകൾ ജനസംഖ്യയുടെ 40 ശതമാനത്തോളം മാത്രം വരുന്ന കുക്കി, നാഗ ഗോത്രവർഗങ്ങൾക്കും അവരുടെ ഉപവർഗങ്ങൾക്കും അവകാശപ്പെട്ടത്. കുക്കികളും നാഗാസും ഗോത്രവർഗക്കാരായതുകൊണ്ട് അവർക്ക് മണിപ്പൂരിലെവിടെയും ഭൂമി വാങ്ങാനുള്ള അവകാശമുണ്ട്. എന്നാൽ ഭൂരിപക്ഷവിഭാഗമായ മെയ്‌തേയ് വിഭാഗത്തിന് മലനിരകളിൽ ഗോത്രവിഭാഗത്തിന്റെ ഭൂമി വാങ്ങാൻ അവകാശമില്ല. ഈ അവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളാണ് കലാപങ്ങൾക്ക് വഴിമരുന്നായത്. പ്രത്യക്ഷത്തിൽ ഈ വാദങ്ങൾ ശരിയാണെന്ന് തോന്നുമെങ്കിലും ഇവിടെ പതിയിരിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഒന്നാമതായി, വികസനം കൂടുതലും കടന്നെത്തിയിരിക്കുന്നത് ഈ 10% വരുന്ന ഇംഫാൽ താഴ്‌വരയിൽ മാത്രമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കോർപൊറേറ്റ് ആശുപത്രികളും ഗതാഗത സൗകര്യങ്ങളുമൊക്കെക്കൊണ്ട് സമ്പന്നമാണ് ഇംഫാൽ താഴ്‌വര. എന്നാൽ മലനിരകളിലേക്ക് യാത്രയാകുമ്പോൾ നമുക്ക് മനസ്സിലാകും അടിസ്ഥാന സൗകര്യങ്ങൾ എത്തിപോലും നോക്കാത്ത ഇടങ്ങളാണ് അവയെല്ലാമെന്ന്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഇതൊന്നുമല്ല. കുക്കി ഗോത്രവംശത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തികൾക്കല്ല. മറിച്ച് ഗ്രാമത്തിനും ഗ്രാമത്തലവനുമാണ്. ഉദാഹരണത്തിന് ഒരു കുക്കി ഗ്രാമമെടുക്കാം. ആ ഗ്രാമത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശവും ആ ഗ്രാമത്തലവനിൽ നിക്ഷിപ്തമായിരിക്കും. ഗ്രാമത്തിന്റേ താണ് സ്ഥലം. ഗ്രാമത്തലവനാണ് ഉടമസ്ഥൻ. ആകെ ആയിരം ഏക്കർ സ്ഥലം ഗ്രാമത്തിനുണ്ടെങ്കിൽ ഗ്രാമത്തലവൻ നിശ്ചയിക്കുന്നതനുസരിച്ച് ഓരോ കുടുംബത്തിനും നിശ്ചിതസ്ഥലം ഉപയോഗത്തിനായി ലഭിക്കും. അവർക്കവിടെ വീടുവയ്ക്കുകയും കൃഷിചെയ്ത് ജീവിക്കുകയുമാകാം. ഇനി എന്നെങ്കിലും ഗ്രാമത്തലവൻ ആ ഭൂമി തിരികെ ആവശ്യപ്പെട്ടാൽ അത് തിരികെ കൊടുക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്. ഗ്രാമത്തിൽ നിന്ന് തിരിച്ച് ഓരോ കുടുംബത്തിനും സംരക്ഷണം ലഭിക്കും. ഒന്നുചേർന്ന് കൂട്ടായി അവരുടെ സ്ഥലങ്ങൾ ആ ഗ്രാമക്കാർ തന്നെ സംരക്ഷിക്കും. ചുരുക്കിപ്പറഞ്ഞാൽ ആർക്കും ഒന്നും സ്വന്തമല്ലാത്ത ഒരവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. ഗ്രാമത്തിനും ഗ്രാമത്തലവനുംവേണ്ടി ജോലി ചെയ്യുന്ന അടിയാളന്മാരെന്നു വിളിക്കാവുന്ന കുറെ ജനങ്ങൾ. ഈ അവസ്ഥ ഇന്നും തുടരാൻ കാരണം നിയമസംവിധാനത്തിലെ അരക്ഷിതാവസ്ഥയാണ്. മറ്റുള്ളവരുടെ അധിനിേവശത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് ഗ്രാമമാണ്. ചെറുത്തുനിൽപ്പുകൾ ഗ്രാമത്തലവനാണ് സംയോജിപ്പിക്കുന്നത്. അതുകൊണ്ട് ഈ മുഖ്യധാരാ സംവിധാനത്തിൽനിന്ന് പുറത്തുകടക്കുക വ്യക്തികൾക്ക് പ്രയാസകരമായ കാര്യമാണ്. ഓരോരുത്തരും അവനവനുവേണ്ടുന്ന ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിച്ച് മിനിമം സൗകര്യങ്ങളോടെ ജീവിതം കഴിച്ചുകൂട്ടുന്ന അവസ്ഥ. പൊതുവായി കുക്കിഗോത്രത്തിന് മലനിരകളുണ്ടെന്ന് പറയപ്പെടുമ്പോഴും വ്യക്തികൾക്ക് സ്വന്തമായ ഭൂമിയോ വികസനമോ ഇല്ലാത്തതിന്റെ പ്രശ്‌നങ്ങൾ നാം മനസ്സിലാക്കേണ്ടതാണ്. വിദ്യാഭ്യാസവും വികസനവും സാമൂഹ്യരംഗത്ത് വികസനത്തിന്റെ കാലൊച്ചകൾ കടന്നുവന്നിട്ടില്ലെങ്കിലും വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യൻ മിഷനറിമാരുടെ ഇടപെടൽമൂലവും റിസർവേഷന്റെ ആനുകൂല്യം മൂലവും മികച്ച മുന്നേറ്റമുണ്ടാക്കാൻ കുക്കിസമുദായത്തിനായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കിട്ടിയ പലരും ജോലി സൗകര്യാർത്ഥവും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും തേടി താഴ്‌വരയിലേക്ക് വന്ന് താമസിക്കാനാരംഭിച്ചു. കുക്കികൾക്ക് എവിടെയും ഭൂമി വാങ്ങിക്കാനാവുന്നതുകൊണ്ട് തുടക്കത്തിൽ ഇത് വലിയ പ്രകമ്പനമൊന്നുമുണ്ടാക്കിയില്ല. എന്നാൽ കാലക്രമേണ കൂടുതൽപേർ താഴ്‌വരയിലേക്ക് താമസം മാറ്റാൻ ആരംഭിച്ചു. ഇത് ഭൂരിഭാഗംവരുന്ന മെയ്‌തേയ് വിഭാഗത്തെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു. ഒരവസരം വന്നാൽ തീ പാറുമെന്ന് ഉറപ്പായിരുന്നു. ഇതിനിടയിലാണ് ജനസംഖ്യാവർധനവിന്റെ അനുപാത കണക്കുകൾ പുറത്തുവരുന്നത്. മെയ്‌തേയ് വിഭാഗമാണ് ഭൂരിപക്ഷമെങ്കിലും അടുത്തകാലത്തെ സെൻസസുകൾ അനുസരിച്ച് വർധനയുടെ അനുപാതം ഗോത്രവർഗങ്ങളിലാണ് കൂടുതൽ പ്രകടമാകുന്നത്. കുറേക്കാലം കഴിയുമ്പോൾ ഈ അനുപാതം കൂടിയേക്കുമെന്ന് മെയ്‌തേയ്കൾ കണക്കുകൂട്ടി. ഇത്തരം ചർച്ചകൾ നിരന്തരം ഇവരുടെ ഇടയിലുണ്ടായിരുന്നു. റിസർവേഷൻ തങ്ങൾക്കില്ലാത്തതിന്റെ പരിണിതഫലമാണിതെല്ലാമെന്ന് മെയ്‌തേയ് വിഭാഗത്തിന്റെ വിഘടന ഗ്രൂപ്പുകൾ കണക്കുകൂട്ടി. കുക്കിവിഭാഗം ക്രിസ്ത്യൻ ഭൂരിപക്ഷമായതിനാൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ ഒരു പരിധിവരെ കുക്കികളുടെ വളർച്ചയെ സഹായിക്കുന്നു എന്ന ചിന്തയും അവരിൽ വളർന്നു. ഇതിന്റെയെല്ലാം പരിസമാപ്തിയായിരുന്നു ചില ചെറിയ സംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് വൻ അക്രമം അഴിച്ചുവിട്ട് ആസൂത്രിതമായി നടപ്പിലാക്കിയ കലാപം. കലാപാനന്തര മണിപ്പൂർ ഇനിയൊരു തിരിച്ചുവരവുണ്ടാവാത്ത തരത്തിൽ മെയ്‌തേയ് വിഭാഗവും കുക്കി ഗോത്രവിഭാഗവും എന്നെന്നേക്കുമായി അകന്നു എന്നതാണ് കലാപം സൃഷ്ടിച്ച ഏറ്റവും വലിയ അരക്ഷിതാവസ്ഥ. കലാപദിവസങ്ങളിൽ ഞൊടിയിടകൾക്കിടയിലാണ് താഴ്‌വരയിലെ കുക്കി സമൂഹം ആക്രമിക്കപ്പെട്ടത്. ആസൂത്രിതമായി തെരഞ്ഞുപിടിച്ച അക്രമമായിരുന്നു അതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ മതത്തിനെതിരെയുള്ള നേരിട്ടുള്ള അക്രമണമായിരുന്നില്ല ഇതെങ്കിൽക്കൂടി ഈ കലാപങ്ങൾക്കൊടുവിൽ ക്രൈസ്തവ മതത്തിന്റെ ഉന്മൂലനാശത്തിന് വഴിതെളിക്കുന്ന കുത്സിത ശ്രമങ്ങളുണ്ടാവുകയും വലിയൊരു പരിധിവരെ അത് വിജയിപ്പിച്ചെടുക്കുകയും ചെയ്തു എന്നതാണ് സത്യം. കുക്കി വിഭാഗങ്ങൾക്ക് അഭയമായ താഴ്‌വരയിലെ എല്ലായിടങ്ങളും തന്നെ അഗ്നിക്കിരയാക്കി. കുക്കികളെ തെരഞ്ഞുപിടിച്ച് അക്രമിച്ചു. 200-ൽ അധികം ദൈവാലയങ്ങൾ താഴ്‌വരയിൽ മാത്രം അഗ്നിക്കിരയാക്കി. എന്തിന് പറയുന്നു സെമിനാരികളിലും മഠങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ കുക്കികളെ തിരക്കി കലാപകാരികളെത്തി. സൈനിക ക്യാമ്പുകളിലേക്ക് കുക്കിവംശജരെ മാറ്റിപാർപ്പിക്കാനുള്ള ഔചിത്യം ഉത്തരവാദിത്വപ്പെട്ടവർ കാണിച്ചില്ലായിരുന്നെങ്കിൽ ഇവർക്കൊക്കെയും ജീവൻ നഷ്ടപ്പെടുമായിരുന്നു. ഇത്തരം സംഭവങ്ങൾ മലയടിവാര ഗ്രാമങ്ങളിലും അരങ്ങേറി. പകരത്തിനുപകരമെന്ന നിലയിൽ അവിടെ മെയ്‌തേയ് വിഭാഗക്കാരും ആക്രമിക്കപ്പെട്ടു. ജനങ്ങൾക്ക് അവർ ജീവിച്ചിരുന്ന സ്ഥലങ്ങളിൽനിന്ന് മറ്റ് സുരക്ഷിതമായ ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഈ പലായനത്തിനിടയിൽ പലർക്കും ദുർഘടമായ വനങ്ങളിൽ ദിവസങ്ങളോളം താമസിക്കേണ്ടിവന്നു. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു. വളരെയേറെപേർക്ക് ജീവനും നഷ്ടപ്പെട്ടു. ഇന്ന് ഇംഫാൽ താഴ്‌വരയിൽ ഒരൊറ്റ കുക്കിവിഭാഗക്കാരൻ പോലുമില്ല. നേരെ തിരിച്ചും. ജനപ്രതിനിധികളോ മന്ത്രിമാരോ, പുരോഹിതരോ ആരുമായിക്കൊള്ളട്ടെ നിങ്ങൾ എതിർവിഭാഗത്തിൽപെട്ടവനാണെങ്കിൽ എപ്പോഴും കൊല്ലപ്പെടാം. അക്രമണത്തിനായി സർക്കാർ സംവിധാനത്തിലുള്ള ആയുധശാലകൾപോലും കൊള്ളയടിക്കപ്പെട്ടു. സർക്കാർ സംവിധാനങ്ങളും ഒരു പരിധിവരെ ഇത്തരം മൃഗീയതയ്ക്ക് കൂട്ടുനിന്നു എന്നുവേണം കരുതാൻ. ആർക്കും സ്വതന്ത്രമായി ഇന്ന് മണിപ്പൂരിലൂടെ സഞ്ചരിക്കാൻ സാധിക്കുകയില്ല. ഓരോ ഇടങ്ങളിലും ആയിരത്തോളം വരുന്ന സ്ത്രീകൾ കൂട്ടംകൂടി നിയന്ത്രിക്കുന്ന ചെക്‌പോസ്റ്റുകൾ കടന്നുവേണം യാത്രചെയ്യാൻ. ഓരോ ചെക്‌പോസ്റ്റിലും വണ്ടികൾ നിർത്തിച്ച് അവർ വിശദമായ പരിശോധന നടത്തും. ഐ.ഡി കാർഡുകളും ലഗേജ് ബാഗുകളുമൊക്കെ അവർ പരിശോധിക്കും. ഏതെങ്കിലും എതിർവിഭാഗക്കാരെ കണ്ടെത്തിയാൽ പിടിച്ചുകൊണ്ടുപോകും അവരെ നിഷ്ഠൂരം പീഡിപ്പിച്ച് ജീവഹാനി വരുത്തും. എന്തിനുപറയുന്നു എതിർ വിഭാഗത്തിന് മരുന്നോ സാധനസാമഗ്രികളോ എത്തിക്കാൻപോലും അനുവദിക്കുകയില്ല. അങ്ങനെ എന്തെങ്കിലുമാണ് കൊണ്ടുപോകുന്നതെന്നു കണ്ടാൽ ആ സാമഗ്രികളും വാഹനങ്ങളും അഗ്നിക്കിരയാക്കിയേക്കാം. സൈന്യത്തെപ്പോലും ഈ ചെക്‌പോസ്റ്റുകൾ കടത്തിവിടാറില്ല. സൈന്യത്തിന്റെ കോൺവോയ് വരുമ്പോൾ ആയിരക്കണക്കിന് സ്ത്രീകൾ അത് തടയും. അവരെ മറികടന്ന് ലക്ഷ്യസ്ഥാനത്തെത്തുക സൈന്യത്തിന് പലപ്പോഴും ദുഷ്‌കരമായ കാര്യമാണ്. അക്ഷരാർത്ഥത്തിൽ മരുന്നില്ലാതെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനം വലയുകയാണ്. മലനിരകളിൽ തമ്പടിച്ചിരിക്കുന്ന ജനങ്ങളുടെ ജീവിതമാണ് കൂടുതൽ ദുരിതപൂർണം. മെയ്‌തേയ് വിഭാഗക്കാർ പൂർണമായും പിൻവാങ്ങിയതുകൊണ്ട് മലനിരകളിൽ നിലവിലുള്ള ആതുരസംവിധാനങ്ങളിൽ നിലവിൽ ഡോക്ടർമാരോ നഴ്‌സുമാരോ മരുന്നുകളോ ഇല്ല. വിദ്യാഭ്യാസരംഗം നേരിടുന്നതാണ് മറ്റൊരു വലിയ പ്രതിസന്ധി. ആഴൊളിഞ്ഞുപോയ ഉത്സവപറമ്പുപോലെയായി പല വിദ്യാഭ്യാസസ്ഥാപനങ്ങളും. എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് പലായനം ചെയ്തപ്പോൾ എല്ലാ രംഗങ്ങളിലും അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഞങ്ങൾക്കിനി വേറിട്ട ഭരണസംവിധാനം മതി എന്നാണ് അവിടത്തുകാരുടെ ഇപ്പോഴത്തെ മുദ്രാവാക്യം. അതിനായുള്ള മുറവിളികൾ അധോലോക സംഘങ്ങൾ സജീവമാക്കി. ഒന്നിപ്പിക്കാൻ കഴിയാത്തവിധം ശത്രുതയുടെ മൂർധന്യത്തിലേക്ക് ഇരുവിഭാഗത്തെയും എത്തിച്ചു എന്നതാണ് കലാപത്തിന്റെ ബാക്കിപത്രം. സ്‌നേഹത്തിന്റെ ഇടപെടലുകൾ കമില്ല്യൻ ടാസ്‌ക് ഫോഴ്‌സ് (CTF) Camillian Task Force കമില്ല്യൻ ടാസ്‌ക് ഫോഴ്‌സ്, കമില്ല്യൻ സന്ന്യാസസമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു ദുരന്തനിവാരണ സംഘടനയാണ്. കമില്ല്യൻ ഡിസാസ്റ്റർ സർവീസ് ഇന്റർനാഷണൽ (CADIS International) എന്ന സംഘടനയുടെ ഇന്ത്യൻ പതിപ്പാണ് കമില്ല്യൻ ടാസ്‌ക് ഫോഴ്‌സ് (CTF). ഏതു തരത്തിലുള്ള ദുരന്തമേഖലകളിലും (പ്രകൃതി ദുരന്തങ്ങൾ, കലാപങ്ങൾ, യുദ്ധങ്ങൾ, പകർച്ചവ്യാധികൾ മുതലായവ). ഏറ്റവും വേഗത്തിലെത്തിച്ചേർന്ന് ദുരന്തബാധിതർക്ക് ആതുരശുശ്രൂഷ ഉറപ്പുവരുത്തുക എന്നതാണ് CTF ന്റെ പ്രാഥമിക ലക്ഷ്യം. ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സേവനസന്നദ്ധരായ സാമൂഹ്യപ്രവർത്തകരും പരിശീലനം സിദ്ധിച്ചിട്ടുള്ള കൗൺസിലേഴ്‌സും അടങ്ങുന്നതാണ് CTF ന്റെ സംഘം. മറ്റുള്ളവർക്ക് എത്തിപ്പെടാൻ സാധിക്കാത്തയിടങ്ങളിലേക്ക് എത്ര ബുദ്ധിമുട്ടിയാണെങ്കിലും എത്തിപ്പെടുകയും ദുരന്തത്തിലകപ്പെട്ടിരിക്കുന്നവർക്ക് പ്രാഥമികമായി എല്ലാ സഹായവും ചെയ്യുക എന്നതാണ് CTF ന്റെ പ്രഥമലക്ഷ്യം. ആതുരസേവനത്തോടൊപ്പം തന്നെ കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുകയും തുടർന്നങ്ങോട്ടും ദുരന്തത്തിനിരയായവർക്കുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും CTF ചെയ്തുവരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും അത്യാവശ്യമുള്ള സ്ഥലങ്ങളിൽ തുടർ പ്രൊജക്ടുകളും CTF ഏറ്റെടുത്ത് നടപ്പിൽ വരുത്താറുണ്ട്. ഏതാണ്ട് 15 വർഷത്തോളം പ്രവർത്തനപാരമ്പര്യമുള്ള CTF ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇതിനോടകം തന്നെ നിരവധി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കയിലെ സീറോലയോണിൽ എബോള മഹാമാരി പൊടിപ്പുറപ്പെട്ടപ്പോഴും നേപ്പാളിലെ ഭൂമികുലുക്ക ദുരന്തത്തിലും പാക്കിസ്ഥാനിലെ വെള്ളപൊക്കക്കെടുതിയിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ദുരന്തമേഖലകളിലും CTF ഇതിനോടകം പ്രവർത്തിച്ചുകഴിഞ്ഞു. കോവിഡ് സമയത്ത് ഇന്ത്യയിലുടനീളം വ്യാപകമായ പ്രവർത്തനങ്ങൾക്ക് CTF നേതൃത്വം നല്കി. ഉക്രൈൻ യുദ്ധഭൂമിയിൽ CTF ന്റെ മാതൃസംഘടന CADIS ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. കമില്ല്യൻസ് ഇന്ത്യയുടെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌നേഹദാൻ ഹോസ്പിറ്റലിലാണ് CTF ന്റെ ഇന്ത്യയിലെ ആസ്ഥാനം. CTF ന്റെ എല്ലാ പ്രവർത്തനങ്ങളും സ്‌നേഹദാൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടിയാണ് ആസൂത്രണം ചെയ്യുന്നത്. ഓരോ ദുരന്തമേഖലയിലേയ്ക്കും നിസ്വാർത്ഥമായി കമിറ്റ്‌മെന്റോടും കരുണയോടും കൂടി ജോലി ചെയ്യാൻ കടന്നുവരുന്ന സന്നദ്ധപ്രവർത്തകരാണ് CTF ന്റെ ശക്തി. വിവിധ സന്ന്യാസസഭകളിൽനിന്നുള്ള ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സാണ് സന്നദ്ധപ്രവർത്തനത്തിനായി എത്തുന്ന ഭൂരിഭാഗവും. ബഹുമാനപ്പെട്ട വൈദികരും യുവജന അല്മായ സുഹൃത്തുക്കളും CTF ന്റെ പ്രവർത്തനത്തെ കൂടുതൽ ശക്തമാക്കുന്നു. ജാതിമതവർഗദേശഭേദങ്ങളില്ലാതെയാണ് CTF ന്റെ ഓരോ പ്രവർത്തനവും. ദുരന്തഭൂമിയിലേക്ക് സഹജീവികളോടുള്ള കരുണാർദ്രമായ സ്‌നേഹം പകർന്നുകൊടുക്കാൻ നിരവധിയായ ത്യാഗങ്ങൾ സഹിച്ച് ദുർഘടമായ പാതകളിലൂടെ സഞ്ചരിച്ച് സ്‌നേഹം ചൊരിയുന്ന ഈ സന്നദ്ധപ്രവർത്തകരാണ് CTF നെ മുന്നോട്ടു നയിക്കുന്നത്. കമില്ല്യൻ സന്ന്യാസസമൂഹത്തിന്റെ ഇന്ത്യയിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ബിജോയ് ജോർജ് ആണ് CTF ന്റെ നാഷണൽ ഡയറക്ടർ. സ്‌നേഹദാൻ ഹോസ്പിറ്റലിന്റെ ഡയറക്ടർ ഫാ. ടെജി തോമസ് CTF ന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ദേശീയതലത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഫാ. സിബി കൈതാരൻ ആണ് CTF ന്റെ നാഷണൽ കോ-ഓർഡിനേറ്റർ. മണിപ്പൂരിൽ ഇംഫാൽ അതിരൂപതയോടും കുക്കിമേഖലയിലെ Feeds Foundation നോടും ചേർന്നാണ് CTF ന്റെ പ്രവർത്തനങ്ങൾ. അസമിലെ ഗോഹാട്ടിയിലുള്ള CTF ന്റെ North East Regional Unit ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഫാ. സൗവാരി സുന്ദർ രാജ് ആണ് CTF നോർത്ത് ഈസ്റ്റ് കോ-ഓർഡിനേറ്റർ. ഇംഫാൽ അതിരൂപതാ ആർച്ചുബിഷപ് അഭിവന്ദ്യ ഡൊമിനിക് പിതാവും വികാർ ജനറൽ ബഹുമാനപ്പെട്ട വർഗീസച്ചനും ഞങ്ങൾക്കുവേണ്ട നിർദേശങ്ങൾ തരികയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. FEEDS ന്റെ അസോസിയേറ്റ് ഡയറക്ടർ ബഹുമാനപ്പെട്ട മാത്യു ചന്ദ്രൻകുന്നേൽ സി.എം.ഐ അച്ചനും CTF ന്റെ മണിപ്പൂരിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ആവശ്യസ്ഥലങ്ങളിലേക്ക് ടീമിനെ നയിക്കുകയും ചെയ്യുന്നു. കാംക്‌പോക്കി ജില്ലയിലെ SFS സ്‌കൂളിലെ ബഹുമാനപ്പെട്ട റോയിയച്ചൻ കാംക് പോക്കിയിലെ പ്രവർത്തനങ്ങളെ കോ-ഓർഡിനേറ്റ് ചെയ്യുന്നു. കാരുണികനിലെ ബഹുമാനപ്പെട്ട ജേക്കബ് നാലുപറയിലച്ചൻ മണിപ്പൂർ സന്ദർശിക്കുകയും CTF ന്റെ പ്രവർത്തനങ്ങളെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. CTF ന്റെ മെഡിക്കൽ ടീം മണിപ്പൂരിൽ ഇപ്പോഴും തുടരുകയാണ്. നിരവധിയായ ആവശ്യങ്ങളിലേക്ക് CTF ന്റെ പ്രവർത്തനങ്ങൾ ഇനിയും ഏകോപിപ്പിക്കേണ്ടതുണ്ട്. മണിപ്പൂരിൽ സന്നദ്ധസേവനത്തിന് തയ്യാറുള്ളവർ മറ്റ് റിലീഫ് മെറ്റീരിയലുകൾ കൃത്യമായ ആളുകളിലേക്കെത്തിക്കാനും എല്ലാവരുടെയും സഹായസഹകരണങ്ങൾ ഇനിയും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. മണിപ്പൂരിനെ, പോരാട്ടങ്ങളുടെ ആവേശങ്ങൾ നെഞ്ചിലേറ്റുന്ന ഈ ജനതയെ നമുക്ക് ചേർത്തുപിടിക്കാം. അവരെ സ്‌നേഹത്തിൽ ഒന്നിപ്പിക്കാനുള്ള പ്രയത്‌നങ്ങൾക്ക് തുടക്കമിടാം. കാരുണികനും മാംഗ്ലൂർ ബാംഗ്ലൂർ രൂപതകളും CHAI കർണ്ണാടക സെൻട്രൽ യൂണിറ്റുകളുടെ ഫാ. മുല്ലേഴ്‌സ് മെഡിക്കൽ കോളജും COPD യും മണിപ്പൂരിലെ പ്രവർത്തനങ്ങളിൽ CTF നൊപ്പം കൈകോർക്കുന്നു.