രക്തത്തിന്റെ ദൈവശാസ്ത്രവീക്ഷണം സ്‌നേഹവിപ്ലവം രക്തദാനത്തിലേക്ക്
14 Jul 2023
റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്
വികാരി, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, നെഹ്‌റു നഗര്‍, തൃശൂര്‍
രക്തദാനം മഹാദാനമെന്ന് പ്രഘോഷിക്കപ്പെടുമ്പോള്‍ ജീവന്റെ നിലനില്‍പ്പിന് അവശ്യം ആവശ്യമായ ചുവപ്പുനീരാണ് രക്തമെന്ന് ബോധ്യമാണ്. ഈ രക്തത്തിന്റെ ദൈവശാസ്ത്ര വീക്ഷണവും കേരളത്തിലെ രക്തദാനത്തിന്റെ നേര്‍ചിത്രവും ചരിത്രവും കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ഫൗണ്ടര്‍ പ്രസിഡന്റ് കൂടിയായ ലേഖകന്‍ വിശദീകരിക്കുന്നു.
രക്തം എന്ന പദം വിശ്വാസപരമായും വൈകാരികമായും അതിശ്രേഷ്ഠമായ പഴയകാല-പുതിയകാല ഓര്‍മയാണ്; വ്യക്തമായിപ്പറഞ്ഞാല്‍ ബൈബിളിലെ പഴയനിയമ-പുതിയ സംഭവങ്ങള്‍. അനാദികാലംമുതല്‍ ജീവികള്‍ക്കും ആദിമമനുഷ്യര്‍ക്കും രക്തം നഷ്ടപ്പെട്ടാല്‍ ജീവഹാനി സംഭവിക്കുമെന്ന് അറിയാമായിരുന്നു. തന്മൂലം രക്തം ജീവനാണെന്ന വിശ്വാസം നിലനിന്നുപോന്നു.
പഴയനിയമത്തില്‍ മൃഗങ്ങളെ ദൈവാലയങ്ങളിലെ ബലിഷ്ഠമായ ബലിവേദികളില്‍ നിഷ്ഠൂരമായി കൊന്ന് രക്തം വിശുദ്ധസ്ഥലങ്ങളിലും പ്രതിമകളിലും തളിക്കുന്നത് ദേവ പ്രീതിക്കുവേണ്ടിയുള്ള വിശുദ്ധപ്രവര്‍ത്തിയായി കരുതിപ്പോന്നിരുന്നു. ഇത് രക്തത്താലുള്ള ഉടമ്പടി (Covenant) ആയിട്ടായിരുന്നു കരുതപ്പെട്ടിരുന്നത്. ഉടമ്പടി എപ്പോഴും രണ്ടുവ്യക്തികള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ അടയാളമായിരുന്നു. ഇസ്രായേല്‍ എന്ന ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ രക്ഷയ്ക്കായി പെസഹാക്കുഞ്ഞാടിന്റെ രക്തം കട്ടിളപ്പടിയില്‍ തളിക്കുമ്പോള്‍ സംഹാരദൂതന്‍ നിരുപദ്രവമായി കടന്നുപോകുന്നത് സംരക്ഷണ ഉടമ്പടിയുടെ ഉദാഹരണമാണ്. പഴയനിയമത്തിലെ ലേവ്യരുടെ പുസ്തകം മുഴുവന്‍ മൃഗബലി പാപപരിഹാരാര്‍ഥമാണ് അര്‍പ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് (ATONE-MENT).
ക്രമേണ, പഴയനിയമ പൂര്‍ത്തീകരണത്തില്‍ ദൈവത്തിലെ രണ്ടാമാളായ യേശുവിന്റെ അവതാരത്തിന് മുമ്പായിത്തന്നെ ''നിങ്ങളുടെ ദഹനബലികളും അമാവാസി ആഘോഷങ്ങളും എനിക്ക് അസ്വീകാര്യമാണ്'' എന്ന് ഏശയ്യാ പ്രവാചകന്‍വഴി വെളിപ്പെടുത്തിയശേഷം സംശുദ്ധമായ ജീവിതസമര്‍പ്പണമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദൈവം വെളിപ്പെടുത്തിയതിനുശേഷമായിരിക്കണം മൃഗബലിയുടെ കാഠിന്യം കുറഞ്ഞുവന്നത്. യേശുക്രിസ്തുവിനെ ദൈവാലയത്തില്‍ സമര്‍പ്പിക്കാന്‍ മാതാപിതാക്കന്മാര്‍ ദൈവാലയത്തിലെത്തിയപ്പോള്‍ പാരമ്പര്യ ആചാരമനുസരിച്ച് ചങ്ങാലികളെയും പ്രാവുകളെയുമാണല്ലോ സമര്‍പ്പിച്ചത്. ബലിയേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് കരുണയാണ് എന്ന യേശുവിന്റെ തിരുവചനം ഈ നിലപാടിനെ സാധൂകരിക്കുകയും ചെയ്യുന്നു.
എങ്കിലും വധത്തിലൂടെ ആദിമാതാപിതാക്കന്മാരുടെ മൂത്ത മകനായ കായേന്‍ അസൂയമൂത്ത് സഹോദരന്‍ ആബേലിനെ വധിച്ചപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട്, ''കായേന്‍, നിന്റെ സഹോദരന്‍ ആബേല്‍ എവിടെ എന്ന ചോദ്യത്തിലും നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്നഭൂമി ശപിക്കപ്പെട്ടതാകട്ടെ'' (ഉത്പ 4:10) എന്ന ശാപവാക്കിലും വധിക്കുന്നതും രക്തം ചിന്തുന്നതും തനിക്ക് സ്വീകാര്യമല്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായല്ലൊ. ഈ പ്രഖ്യാപനത്തില്‍ ദൈവമാണ് ജീവന്റെയും മരണത്തിന്റെയും നാഥനെന്ന് പ്രഖ്യാപിച്ചു. പത്തുപ്രമാണങ്ങളിലൂടെയും ദൈവത്തിന്റെ സന്ദേശം വ്യക്തമാണ്- കൊല്ലരുത്. വധവും രക്തച്ചൊരിച്ചിലും ദൈവം അംഗീകരിക്കുകയില്ല, പ്രമാണലംഘനം ശിക്ഷ ക്ഷണിച്ചുവരുത്തുമെന്ന് ഇവിടെയും ദൈവം വ്യക്തമാക്കുന്നു. യാഹോവയുടെ സാക്ഷികള്‍ എന്ന വിഭാഗം ഇപ്പോഴും രക്തത്തെ അതി വിശുദ്ധമായി കരുതുന്നു. ചികിത്സാര്‍ഥംപോലും അവര്‍ രക്തം നല്‍കുകയോ ചികിത്സിക്കുകയോ ചെയ്യാറില്ലല്ലോ.
പ്രമാണങ്ങളും കല്പനകളും പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും ന്യായാധിപന്മാരുടെയും വാക്കുകളിലൂടെ ദൈവം മനുഷ്യന് നല്‍കിയിട്ടും മനുഷ്യര്‍ അത് ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. അവസാനനാളുകളില്‍ ദൈവം സ്വപുത്രനെ മനുഷ്യരൂപത്തില്‍ ഈ ലോകത്തിലേക്ക് അയച്ചാല്‍ അവരില്‍നിന്ന് മനുഷ്യന്‍ ദൈവസ്‌നേഹവും ദൈവത്തിന്റെ പദ്ധതികളും സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ തന്റെ ഏകജാതനെ മനുഷ്യരുടെ പാപപരിഹാരാര്‍ഥം ലോകത്തിലേക്കയക്കാന്‍ തീരുമാനമെടുക്കുന്നു (ഹെബ്രായര്‍ക്കുള്ള ലേഖനം). ഇതിന്റെ ആരംഭമാണ് മംഗളവാര്‍ത്ത. ഇതോടെ പുതിയ സ്‌നേഹത്തിന്റെ നിയമം അനാവൃതമാകുന്നു. മനുഷ്യരൂപത്തില്‍ ത്രിത്വത്തിലെ രണ്ടാമാളായ പുത്രന്‍ തമ്പുരാന് പിറന്നുവീഴാന്‍ ഒരു മനുഷ്യസ്ത്രീയെ- പരിശുദ്ധ കന്യകാമറിയത്തെ ദൈവം തെരഞ്ഞെടുത്ത് സര്‍വപാപങ്ങളില്‍നിന്ന് വിശുദ്ധീകരിച്ച് പുതിയ വാഗ്ദാന പേടകമാക്കി സജ്ജീകരിച്ചു.
ഇത് രക്തത്തെക്കുറിച്ചുള്ള ദൈവശാസ്ത്രത്തിലും സമാന്തരമായി വൈദ്യശാസ്ത്രത്തിലും വിപ്ലവാത്മകമായ പഠനങ്ങള്‍ക്ക് വിധേയമായ കാലഘട്ടമായിരുന്നു. പഴയനിയമ സങ്കല്പത്തിന് ബദലായി ബലിയര്‍പ്പകനും ബലിവസ്തുവും യേശുക്രിസ്തുവായിമാറി. ഇത് സഹനത്തിന് രക്ഷാകരമായ മൂല്യംനല്‍കി. അന്ത്യഅത്താഴവേളയില്‍ യേശുക്രിസ്തു അപ്പവും വീഞ്ഞും ശിഷ്യന്മാര്‍ക്ക് ആശീര്‍വദിച്ച് നല്‍കിയപ്പോള്‍ മൊഴിഞ്ഞ തിരുവചനം- ''ഇത് പാവമോചനത്തിനായി വിഭജിക്കപ്പെടുന്ന എന്റെ ശരീരവും ചിന്തപ്പെടുന്ന രക്ത''വുമാണെന്നാണ്, ഇത് ഉള്‍ക്കൊള്ളുന്നവര്‍ക്ക് യേശു നിത്യജീവനും വാഗ്ദാനം ചെയ്തു. യേശുവിന്റെ തിരുരക്തം അവിടുത്തെ കുരിശിലെ രക്തബലിക്കുശേഷം മനുഷ്യന്റെ പാപപരിഹാരത്തിനുള്ള ഒറ്റമൂലിയായി മാറി. നിരവധി ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തുമൂല്യങ്ങള്‍ കാത്തുപരിപാലിക്കാനുള്ള ശ്രമങ്ങളില്‍ ജീവന്‍ സമര്‍പ്പിക്കപ്പെടുന്നവര്‍ ക്രിസ്തുവിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകളായി ഗണിക്കപ്പെടുന്നു. സ്‌നേഹിതനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് കുരിശിലെ രക്തസാക്ഷിത്വം വഴി യേശു ലോകത്തെ പഠിപ്പിച്ചു. ദിവ്യകാരുണ്യ സ്വീകരണംവഴി മനുഷ്യന്‍ ക്രിസ്തുവില്‍ ഒന്നാകുന്നു. യേശു ശിഷ്യന്മാര്‍ക്ക് ഈ മഹാരഹസ്യം മനസ്സിലാകാതിരുന്നതുപോലെ ഈ മഹാസത്യം സ്വീകരിക്കാത്തവരും ഭാഗികമായി അംഗീകരിക്കുന്നവരും ക്രൈസ്തവര്‍ക്കിടയില്‍ ഇന്നും ഉണ്ട്. പുരാതന സംസ്‌കാരകാലത്ത് ഒരു പ്രത്യേക പ്രവര്‍ത്തിവഴിയാണ് സ്‌നേഹത്തിന്റെ ഉടമ്പടി മനുഷ്യര്‍ ഉറപ്പിച്ചിരുന്നത്. രണ്ടുവ്യക്തികള്‍ വിരല്‍ത്തുമ്പില്‍ സൂചികൊണ്ടോ മൂര്‍ച്ചയുള്ള ആയുധംകൊണ്ടോ മുറിവേല്പ്പിച്ച്, രക്തം പുറത്തുവരുത്തുന്നു. ഇറ്റിറ്റ് വരുന്ന രക്തത്തുള്ളികള്‍ കൂട്ടിച്ചേര്‍ത്ത് ഒരിക്കലും പിരിയുകയില്ല എന്ന് പ്രതിജ്ഞയെടുക്കുന്നു. ഇതായിരുന്നു രക്തത്താല്‍ അടയാളപ്പെടുത്തുന്ന ഉടമ്പടി. അതുതന്നെയാണ് പരിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ തിരുരക്തം സ്വീകരിക്കുന്നതുവഴി ഇന്ന് വിശ്വാസികള്‍ ചെയ്യുന്നത് എന്ന കാര്യം മനസ്സിലാക്കിയാല്‍ യേശുവെന്ന ശക്തിയും വ്യക്തിയുമായുള്ള അലംഘ്യമായ ഉടമ്പടിയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കി ദിവ്യകാരുണ്യ ഭക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു.
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ശാസ്ത്രത്തിന്റെ സകലമേഖലകളിലും ഗവേഷണങ്ങള്‍ ഊര്‍ജിതമായിരുന്നു. രക്തത്തിലാണ് ജീവന്‍ ഒളിച്ചിരിക്കുന്നതെന്നത് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസിന്റെ കാലം മുതല്‍ വൈദ്യശാസ്ത്രപണ്ഠിതര്‍ മനസ്സിലാക്കിയിരുന്നു. അവര്‍ക്കൊന്നും രക്തത്തിന്റെ ഘടനയെക്കുറിച്ച് അറിവില്ലായിരുന്നു. 1400 കളില്‍ പോപ്പ് സ്ഥാനം വഹിച്ചിരുന്ന ഇന്നസെന്റ് പാപ്പയുടെ രോഗത്തിന് കാരണം 'രക്തദൂഷ്യ' മാണെന്ന് വിധിച്ച വൈദ്യന്മാര്‍ ഈ രക്തം മാറ്റി പുതിയ രക്തം കുത്തിവച്ചാല്‍ പോപ്പിന് പൂര്‍ണസൗഖ്യം ലഭിക്കുമെന്ന് തീര്‍പ്പാക്കി. ഒരു ഭാഗത്തുനിന്ന് പോപ്പിന്റെ രക്തം ഊറ്റിയെടുക്കുകയും മറുഭാഗത്തിലൂടെ ബലിചെയ്യാന്‍ ശുദ്ധമാക്കി നിര്‍ത്തിയിരുന്ന കുഞ്ഞാടിന്റെ രക്തം കയറ്റുകയും ചെയ്തു. ഫലമോ രക്തദാതാവും സ്വീകാരിയും മരണപ്പെട്ടു. പക്ഷേ, ഈ പരീക്ഷണംമൂലം എല്ലാവരിലും കാണുന്ന രക്തം മൂലം എല്ലാവരിലും കാണുന്ന രക്തം ഒരുപോലെയല്ലെന്നും മനുഷ്യ-ഇതര ജീവിരക്തം ചേര്‍ന്നുപോകുകയില്ലെന്നും മനസ്സിലാക്കാന്‍ ഉപകരിച്ചു. ഗവേഷണങ്ങള്‍ക്ക് പൂര്‍ണലക്ഷ്യം കൈവരിക്കാനായത് 1900-ല്‍ മാത്രം. ജര്‍മന്‍ ശാസ്ത്രജ്ഞനായ കാള്‍ലാന്‍ സ്റ്റെയ്‌നര്‍ മാംസ്യത്തിന്റെയും ചില ജൈവവസ്തുക്കളുടെയും അടിസ്ഥാനത്തില്‍ നാല് മുഖ്യജനങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞു. ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്ര ചരിത്രത്തിലുണ്ടാക്കിയ മുന്നേറ്റങ്ങള്‍ ചെറുതല്ല. A,B.AB.O എന്നിവയാണ് മുഖ്യഇനങ്ങള്‍. പിന്നീട് ഇവക്ക് 'പോസിറ്റീവ്', 'നെഗറ്റീവ്' എന്ന വിഭാഗങ്ങളുണ്ടെന്ന് മനസ്സിലായി. പിന്നെയും ചെറിയ ഉപവിഭാഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. സങ്കീര്‍ണതകൊണ്ട് അക്കാര്യങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. എന്തായാലും ശസ്ത്രക്രിയ, മറ്റ് ചികിത്സകള്‍ എന്നിവകളിലെ മരണനിരക്ക് വളരെയധികം കുറക്കാന്‍ കഴിഞ്ഞു. പിന്നീടാ രാജ്യാന്തരമായി ഗവേഷണങ്ങള്‍ തുടര്‍ന്നതിന്റെ തെളിവുകളാണ് ആധുനിക രക്തബാങ്കുകളില്‍ രോഗാണുവിമുക്തമായ രക്തലഭ്യത, രക്തഘടകങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കല്‍ എന്നിവ.
രക്തദാനം ഇന്ന്
മനുഷ്യരക്തത്തെക്കുറിച്ചുള്ള അറിവ് വര്‍ധിക്കുന്നതിന് സമാന്തരമായി രക്തം ദാനം ചെയ്യുന്നതിനെക്കുറിച്ച് മനുഷ്യന് ഭീതി ക്രമാതീതമായി വര്‍ധിച്ചു. സ്വന്തം മാതാപിതാക്കന്മാരും ഉറ്റ ബന്ധുക്കള്‍ക്കുപോലും രക്തം നല്‍കാന്‍ ആരും സ്വമേധയാ മുമ്പോട്ട് വരാതായി. ഈ അവസരം മുതലെടുത്ത് രക്തം നല്‍കുന്നതിന് 'ധീരന്മാരായ' ചിലര്‍ മുമ്പോട്ടുവന്നു. രക്തവില്പ്പനക്കാര്‍ അഥവാ Professional Donors എന്നറിയപ്പെട്ട ഇവര്‍ വന്‍തുകയ്ക്ക് സ്വന്തം രക്തം വില്പന നടത്തിയാണ് ശസ്ത്രക്രിയ രംഗം നിയന്ത്രിച്ചിരുന്നത്. രക്തദാനത്തിലുള്ള ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിരുന്നു. രക്തദാനത്തിന്റെ കാലയളവ് പതിനെട്ട് വയസ്സിനും 60 വയസ്സിനും ഇടയിലുള്ള പുരുഷന്മാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകള്‍ക്ക് നാലുമാസത്തിലൊരിക്കലും മാത്രമേ രക്തം ദാനം ചെയ്യാനാകൂ; രോഗാണുവിമുക്തമായിരിക്കണം, സര്‍ക്കാര്‍ അംഗീകാരമുള്ള യോഗ്യതയുള്ള ടെക്‌നീഷ്യന്മാര്‍, ബ്ലഡ് ബാങ്ക് റഫ്രിജറേറ്ററുകള്‍ എന്നിവ തുടങ്ങിയ നിബന്ധനകള്‍ പലയിടങ്ങളിലും പാലിക്കപ്പെട്ടിരുന്നില്ല.
ഈ കാലഘട്ടത്തില്‍ ലേഖകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്സിന് പഠിച്ചിരുന്ന കാലത്ത് നേരില്‍കണ്ട ഒരു സംഭവം കേരളത്തിന്റെ രക്തദാനപ്രസ്ഥാനത്തിന് പുതിയൊരു തുടക്കത്തിന് ഹേതുവായി (1978). മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കളിയും കുളിയും കഴിഞ്ഞ് കോളേജിന് മുമ്പിലുള്ള ദേവഗിരി കവലയില്‍ ചായ കുടിക്കാന്‍ പോകുമായിരുന്നു. ഒരു സിംഗിള്‍ ചായ. അന്ന് പലഹാരം വാങ്ങാനൊന്നുമുള്ള പണം മിക്കവരുടെ കൈയിലും ഉണ്ടാകാറുമില്ല. ഈ ചായ കുടിക്കുന്നതിനിടയില്‍ ആശുപത്രിയുടെ ഗേറ്റില്‍ നടന്നതാണ് ഇന്നും വേദനയോടെ ഓര്‍ക്കുന്ന ആ സംഭവം- മെലിഞ്ഞൊരു സ്ത്രീയുമായി രണ്ടുമൂന്ന് യുവാക്കള്‍ തര്‍ക്കിക്കുകയായിരുന്നു. ഞങ്ങള്‍ ഒന്നുരണ്ടുപേര്‍ കാര്യമറിയാനായി അടുത്ത് ചെന്നപ്പോള്‍ കാണുന്നത് ഗൗരവമായ കാര്യമാണ്. തര്‍ക്കത്തിനിടയില്‍ എന്റെ അമ്മയേക്കാള്‍ പ്രായംതോന്നുന്ന സ്ത്രീ തന്റെ കഴുത്തില്‍ ഒരു നൂലില്‍ കോര്‍ത്തിട്ടിരുന്ന വളരെ ചെറിയ താലി വലിച്ച് പൊട്ടിച്ച് ഈ ചെറുപ്പക്കാര്‍ക്കുനേരെ വലിച്ചെറിഞ്ഞ് ആശുപത്രി വാര്‍ഡിലേക്ക് കയറുന്നു. ഒരു സ്ത്രീ താലിപൊട്ടിച്ചെറിയുന്നത് ചെറിയ കാര്യമായിക്കാണാന്‍ എനിക്ക് കഴിഞ്ഞില്ല. ഇവര്‍ ശസ്ത്രക്രിയാനന്തര വാര്‍ഡില്‍ ഒരു കട്ടിലിനടുത്തിരുന്ന് പൊട്ടിക്കരയുകയാണ്. കുറച്ചധികം സമയം കഴിഞ്ഞാണ് ഇവരോട് ഒരുവാക്ക് സംസാരിക്കാനായത്. അപ്പോഴേക്കും എന്റെ കൂട്ടുകാര്‍ ഹോസ്റ്റലിലേക്ക് മടങ്ങി. ആ കട്ടിലില്‍ കിടക്കുന്ന രോഗിക്ക് സ്റ്റാന്‍ഡില്‍ തൂക്കിയിട്ടിരുന്ന കുപ്പിയില്‍നിന്ന് വലതുകൈയിലെ സിരയിലേക്ക് തുള്ളി തുള്ളിയായി രക്തം കയറ്റുന്നുണ്ടായിരുന്നു.
അവരുടെ ജീവിത കഥ ആരുടേയും കരളലിയിക്കും. വയനാട്ടിലെ (കാക്കവയല്‍) നിര്‍ധന വീട്ടിലെ ഒരു മരം വെട്ടുകാരനാണ് കട്ടിലില്‍ കിടക്കുന്ന ഇവരുടെ ഭര്‍ത്താവ്. മരം വെട്ടുന്നതിനിടയില്‍ കലശലായ വയറുവേദന അനുഭവപ്പെട്ടപ്പോള്‍ ഒരുവിധം അദ്ദേഹം താഴോട്ടിറങ്ങി. സഹതൊഴിലാളികള്‍ ഇദ്ദേഹത്തെ കല്പറ്റ സര്‍ക്കാര്‍ ആശുപപത്രിയിലെത്തിച്ചു. കുടലിലുള്ള അള്‍സറില്‍നിന്ന് രക്തവാര്‍ച്ച ആരംഭിച്ചിരിക്കുന്നു (Perforation of Intestine). ഉടന്‍ ശസ്ത്രക്രിയവേണം. നിര്‍ഭാഗ്യവശാല്‍ അവിടെയുള്ള ഏക സര്‍ജന്‍ ലീവായിരുന്നു. സഹപ്രവര്‍ത്തകരും മനഃസാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്ത ചിലരും ചേര്‍ന്ന് പണം സ്വരൂപിച്ച് ഒരു കാറില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് രണ്ടുകുപ്പി O+ രക്തം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ പതിവുപോലെ ആശുപത്രി അടക്കിഭരിച്ചിരുന്ന 'രക്ത വില്പന സംഘം' അടുത്തുകൂടി. ഇരുപത്തിയഞ്ചു രൂപയാണത്രെ അഡ്വാന്‍സ് ചോദിച്ചത്. ബാക്കിയുള്ളത് രക്തം കൊടുക്കുമ്പോള്‍ നല്‍കണമെന്ന് വ്യവസ്ഥവച്ച് സംഘം രക്തദാതാക്കളെ തേടിയിറങ്ങികൊണ്ടുവന്നു; ശസ്ത്രക്രിയ നടന്നു. ബാക്കിയുള്ള പണം വാങ്ങാന്‍ എത്തിയവരായിരുന്നു തര്‍ക്കിച്ചുകൊണ്ടിരുന്ന യുവാക്കള്‍. ഇവര്‍ ആവശ്യപ്പെട്ട നാന്നൂറു രൂപകൊടുക്കാനില്ലാത്തതിനാല്‍ ഈ ഭാര്യക്ക് തന്റെ ചെറിയ നൂലില്‍ കോര്‍ത്തിട്ട താലി പൊട്ടിച്ചുകൊടുക്കേണ്ടി വന്നത്.
ഈ സംഭവം എന്നെ വല്ലാതെ പിടിച്ചുലച്ചു. അത്താഴത്തിനുശേഷം മെസ് ഹാളില്‍ ഞാന്‍ ഈ സംഭവം വിവരിച്ചു. രക്തവില്പ്പനക്കാരുടെ തന്ത്രങ്ങളെക്കുറിച്ചൊന്നും ഞങ്ങള്‍ക്കറിവില്ലായിരുന്നു. അര്‍ഹരായവര്‍ക്ക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ രക്തം നല്‍കാമെന്ന് മെന്‍സ് ഹോസ്റ്റലുകാര്‍ തീരുമാനമെടുത്തു. രക്തഗ്രൂപ്പ് ബ്ലഡ്ബാങ്ക് ഓഫീസര്‍ ഡോ. പി.എം.എസ് കരീമിനെ അറിയിച്ചു. വനിത വിദ്യാര്‍ഥികളും ഇപ്രകാരം തന്നെ ചെയ്തു; പിന്നാലെ ഞങ്ങളുടെ അധ്യാപകരായ ഡോക്ടര്‍മാരും അനധ്യാപകരും ഇതില്‍ ഭാഗഭാക്കായപ്പോള്‍ രണ്ടായിരത്തോളംപേരുള്ള രക്തദാനസേന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ത്തന്നെ രൂപീകൃതമായി. ഞങ്ങള്‍ ഇതൊരു സംഘടനയായി റജിസ്റ്റര്‍ ചെയ്തു-കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം. അതിന്റെ സ്ഥാപക പ്രസിഡന്റായി എന്നെത്തന്നെ അവര്‍ ചുമതലയേല്‍പ്പിച്ചു.
ഈ മാതൃക തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലേക്ക് വ്യാപിച്ചു (തൃശൂര്‍, കണ്ണൂര്‍, സ്വാശ്രയ കോളജുകള്‍ അന്നില്ലായിരുന്നു). മറ്റ് പല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. ഇക്കാര്യത്തില്‍ കേരളത്തിലെ പത്രങ്ങളുടെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു. അന്നത്തെ ഗവര്‍ണര്‍ പി. രാമചന്ദ്രന്‍, കേന്ദ്രമന്ത്രി (പിന്നീട് രാഷ്ട്രപതിയായ) കെ. ആര്‍ നാരായണന്‍, ആരോഗ്യമന്ത്രിയായിരുന്ന വി.എം സുധീരന്‍, പ്രഫ. സുകുമാര്‍ അഴീക്കോട്, പ്രഫ. എം. ലീലാവതി തുടങ്ങിയവരുടെ പിന്തുണ വിസ്മരിക്കാനാവില്ല. തക്കസമയത്ത് രക്തം നല്‍കി ജീവന്‍ രക്ഷിക്കാന്‍ സഹകരിച്ച നിസ്വാര്‍ഥ രക്തദാതാക്കളെയും മേലുദ്ധരിച്ച രക്ഷാധികാരികളെയും നന്ദിയോടെ ഓര്‍ക്കുന്നു. ഒരു നിസ്സഹായയായ സ്ത്രീയുടെ വേദനയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റതാണ് കേരളത്തിലെ ബ്ലഡ് ഡോണേഴ്‌സ് ഫോറം എന്ന പ്രസ്ഥാനം. രക്തദാനം ജനഹൃദയങ്ങള്‍ ഏറ്റെടുത്തതുകൊണ്ട് ഇപ്പോള്‍ സംഘടനാപരമായി വലിയ അധ്വാനമുള്ള പരിപാടികളൊന്നും ചെയ്യേണ്ടിവരുന്നില്ല. ദുഃഖവെള്ളി, വിശുദ്ധവാരം തുടങ്ങിയ ദിവസങ്ങളില്‍ കത്തോലിക്കായുവജന പ്രവര്‍ത്തകര്‍ രക്തം നല്‍കുന്നത് കര്‍മ്മോന്മുഖമായ ആധ്യാത്മികതയും കുരിശിലെ രക്തദാനത്തിന്റെ വിശുദ്ധ സ്മരണയുമാണ്.
രക്തദാനഗ്രാമം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ബിരുദമെടുത്ത് വൈകാതെ വൈദികപരിശീലനത്തിന് ചേര്‍ന്നു. യേശുവിന്റെ ജീവദായകമായ കുരിശിലെ രക്തദാനത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് രക്തദാനം വൈദ്യശാസ്ത്രവിഷയത്തേക്കാള്‍ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവിലേക്ക് എത്തിയത്. മംഗലപ്പുഴ സെമിനാരിയിലെ ദൈവശാസ്ത്ര പരിശീലനത്തിനിടയില്‍ വീണുകിട്ടിയ നിമിഷങ്ങള്‍ കൂട്ടുകാരോട് രക്തദാനത്തെക്കുറിച്ച് സംസാരിച്ച് പൊതുതാല്പര്യം വളര്‍ത്തി. റെക്ടറച്ചന്മാരുടെ അനുവാദത്തോടെ ഇരുപത്തിയഞ്ചുപേരുടെ ഗ്രൂപ്പുണ്ടാക്കി അടുത്തുള്ള കോളജുകളിലും ഹൈസ്‌കൂളുകളിലും പരിശീലനം നല്കപ്പെട്ട ദൈവശാസ്ത്ര വിദ്യാര്‍ഥികള്‍ ഞങ്ങളുടെ ഒഴിവുദിവസമായ വ്യാഴാഴ്ചകളില്‍ ക്ലാസുകളെടുത്ത് 18 വയസുമുതല്‍ രക്തദാന രംഗത്തേക്ക് കടന്നുവരാനുള്ള പ്രേരണ നല്‍കി. അന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണി പ്രവര്‍ത്തകനായിരുന്ന ബ്രദര്‍ ജോസഫ് വടക്കനുശേഷം പുറത്തുപോയി രക്തദാനത്തിലൂടെയുള്ള സ്‌നേഹവിപ്ലവത്തെക്കുറിച്ച് പ്രസംഗിക്കാന്‍ അനുവാദം ലഭിച്ചത് എനിക്കാണെന്ന് അന്നത്തെ സെമിനാരി ഗുരുക്കന്മാര്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു.
1995-ല്‍ തിരുപ്പട്ടമേറ്റശേഷം 1997-ല്‍ തൃശൂര്‍ രൂപതയിലെ ഇരവിമംഗലം എന്ന ഗ്രാമത്തിലെ കൊച്ചുപള്ളിയില്‍ വികാരിയായിരുന്നപ്പോള്‍ മനസ്സിലുദിച്ച ആശയം അഖിലേന്ത്യാ ചര്‍ച്ചാവിഷയമായി. 'രക്തസാക്ഷരത' എന്ന വാക്ക് അക്കാലത്താണ് ഞാന്‍ രൂപം നല്‍കിയത്- 'Blood Literacy' എന്നാല്‍ സ്വന്തം രക്തഗ്രൂപ്പ് അറിയുക മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ അര്‍ഹിക്കുന്നവര്‍ക്ക് രക്തം ദാനം ചെയ്യുകയെന്നതുമാണ് പദത്തിന്റെ നിര്‍വചനമായി ഞാന്‍ നല്‍കിയത്. ഇത് വിജയിക്കാന്‍ കാരണം എന്റെ സംഘാടനത്തെക്കാള്‍ അവിടെയുള്ള ഗ്രാമീണരുടെ ഹൃദയവിശുദ്ധിയും സഹകരണവുമാണ്. പരിചയമില്ലാത്ത വാക്കുമായി എത്തിയ പള്ളിവികാരിയെ ജാതിമതഭേദമെന്യേ അംഗീകരിച്ച് അല്പം ദുഷ്‌ക്കരമായിരുന്ന പ്രൊജക്ട് വിജയകരമാക്കി.
രക്തസാക്ഷരതയില്‍ ആ ഗ്രാമത്തെ നൂറ് ശതമാനമാക്കാന്‍ എന്റെ ആയുസ്സിന്റെ നല്ലൊരു ശതമാനം ഞാന്‍ സമര്‍പ്പിച്ചു. നടത്തറ- പുത്തൂര്‍ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഇരവിമംഗലം ഇടവക. രാഷ്ട്രീയമായി ബോധവാന്മാരാണെങ്കില്‍ കൃഷിയെമാത്രം ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണര്‍ രക്തസാക്ഷരത എന്ന നൂതന ആശയത്തെ ഉള്‍ക്കൊള്ളാന്‍മാത്രം ശാസ്ത്രബോധമുള്ളവരായിരുന്നില്ല. പക്ഷേ, സ്‌നേഹത്തിലും പരസഹായത്തിലും ബഹുമാനത്തിലും വളരെ മുന്‍പിലായിരുന്നു. ഒരു കോണ്‍വന്റോ, ഹോട്ടലോപോലുമില്ലാത്ത ഈ പ്രദേശത്തെ ആദ്യ റസിഡന്റ് വികാരിയായി ചുമതലയേറ്റ എനിക്ക് ഭക്ഷണം നല്‍കാന്‍ ഇടവകാംഗങ്ങള്‍ മാത്രമല്ല ഹൈന്ദവ സഹോദരങ്ങളും മത്സരിക്കുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായിരുന്നതിനാല്‍ ജോലി കഴിഞ്ഞ് പല യുവസുഹൃത്തുക്കളും പള്ളിയിലെത്തും. ഒന്നോരണ്ടോപേര്‍ രാത്രി കൂട്ടിന് പള്ളി ഗസ്റ്റ് റൂമില്‍ താമസിക്കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ അനുകൂലമാണെന്ന് രണ്ടുമാസത്തിനുള്ളില്‍ എനിക്ക് ബോധ്യപ്പെട്ടു. രാഷ്ട്രീയ- സാമുദായിക നേതാക്കന്മാരുടെ നേതാക്കന്മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, പൊതുസ്വീകാര്യന്മാരായിരുന്ന റിട്ടയര്‍ ചെയ്ത അധ്യാപകര്‍, സത്യസന്ധരായ നേതൃത്വഗുണമുള്ള വ്യക്തികള്‍ എന്നിവരുടെ ആദ്യ യോഗം പള്ളിമേടയില്‍കൂടി. രക്തഗ്രൂപ്പ് നിര്‍ണയിക്കാന്‍ ആവശ്യമുള്ള ആന്റി സിറം (Antiserum) എന്ന മരുന്നിന് മാത്രം രണ്ടുലക്ഷത്തിലേറെ രൂപ വേണം. ഗ്രാമാവാസികള്‍ക്കോ ഇടവകക്കോ അതിനുള്ള സാമ്പത്തിക ശേഷിയില്ല. പ്രോജക്ടിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും ഇത് നന്മ ക്ഷണിച്ചുവരുത്തുന്ന ഒരു പദ്ധതിയാണെന്നും അച്ചനോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അവര്‍ ഉറപ്പുനല്‍കി. അപ്പോഴേക്കും തൃശൂര്‍ ആര്‍ച്ചുബിഷപ്പായി ചുമതലയേറ്റ മാര്‍ ജേക്കബ് തൂങ്കുഴിപ്പിതാവ് ഡോക്ടര്‍ കൂടിയായ എന്നെ മധ്യകേരളത്തിലെ പ്രശസ്തമായ അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ജൂബിലി മിഷന്‍ ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചത് പദ്ധതി നടപ്പാക്കുന്നതില്‍ നിര്‍ണായകമായ ചുവടുവയ്പ്പായി.
എല്ലാം ദൈവാനുഗ്രഹം തന്നെ, എന്റെ ഉറ്റസുഹൃത്തും പ്രശസ്ത ബയോമെഡിക്കല്‍ കമ്പനിയിലെ കേരള മാനേജരുമായിരുന്ന എ.വി തോമസെന്ന വ്യക്തി വളരെ താല്പര്യമെടുത്ത് കമ്പനി ജനറല്‍ മാനേജരെ ബോംബെയില്‍ നേരിട്ടുകണ്ട് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ താല്പര്യം തോന്നിയ അദ്ദേഹം ഇതിനാവശ്യമായ മുഴുവന്‍ ആന്റി സിറം കമ്പനി സ്‌പോണ്‍സര്‍ ചെയ്യാമെന്ന് സമ്മതിച്ചു- ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപ. ഇതോടെ പത്ത് വിഭാഗങ്ങളായി ഗ്രാമം വിഭജിച്ച് ഓരോ ടീമുകള്‍ക്ക് ചുമതല നല്കി ബോധവല്ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഗ്രാമീണര്‍ ജോലികഴിഞ്ഞെത്തി, വൈകിട്ട് ഏഴുമണിയോടെ ക്ലാസ്സുകള്‍ ആരംഭിക്കും. ഒന്നര മണിക്കൂര്‍ ഞാന്‍ ലളിതഭാഷയില്‍ ക്ലാസ്സെടുക്കും, അതിലേറെ സമയം സംശയനിവാരണവും. അങ്ങനെ ഒരു പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബറിലെ (1996) അവസാന രണ്ടുഞായറാഴ്ചകളിലായി മുഴുവന്‍ ഗ്രാമത്തിലെ കുഞ്ഞുകുട്ടികള്‍ മുതല്‍ മുഴുവന്‍ പേരുടെയും രക്തഗ്രൂപ്പ് നിര്‍ണയിച്ച് ഫാമിലി ബ്ലഡ് ഗ്രൂപ്പ് കാര്‍ഡുകള്‍ നല്‍കി.
തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ ആശുപത്രികളുടെയും ഉടമസ്ഥരുടെ സഹായത്തോടെ ഇതിനാവശ്യമായ ലാബ് ടെക്‌നീഷ്യന്മാരെ ലഭ്യമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാണുന്നതുപോലെ രക്തഗ്രൂപ്പ് നിര്‍ണയിക്കാന്‍ വീടുകളില്‍ സജ്ജമാക്കിയ ബൂത്തുകളില്‍ കാലത്ത് എട്ടരമണിമുതല്‍ നീണ്ടനിരകള്‍ കാണാമായിരുന്നു. മുത്തുക്കുടകള്‍, കാവടി, ചെണ്ടമേളം എന്നിവകൂടിയായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അതൊരു ഗ്രാമോത്സവമായി. അഞ്ചുമണിയോടെ ഗ്രൂപ്പിംഗ് തീര്‍ന്നു, ടാബുലേഷന്‍ തീരുമ്പോഴേക്കും വൈകിട്ട് ഏഴുമണിയായി. സംഘാടക സമിതി തയ്യാറാക്കിയ ബിരിയാണിയും കഴിച്ച് വലിയ ചാരിതാര്‍ഥ്യത്തോടെ വിടപറഞ്ഞു. രണ്ടാഴ്ചകൊണ്ട് മറ്റ് രേഖകളൊക്കെ വലിയ പുസ്തകങ്ങളാക്കി പള്ളിയിലും ഗ്രാമീണവായനശാലയിലും പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും പ്രധാന ആശുപത്രികളിലും സൂക്ഷിച്ചു.
രണ്ടാഴ്ചകളിലായി നടന്ന ലോകത്തില്‍ ആദ്യമായി നടന്ന ഗ്രാമരക്ത സാക്ഷര പരിപാടി വാര്‍ത്താമാധ്യമങ്ങള്‍- കേരളത്തിലെയും പുറമെനിന്നുള്ള മാധ്യമപ്പട ഒപ്പിയെടുത്ത് 'രക്തസാക്ഷരത' എന്ന പുതിയ വാക്ക് സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കി. ബോംബെയില്‍നിന്ന് ഇറങ്ങിയ ഇംഗ്ലീഷ് പത്രത്തില്‍ 'ഇരവിമംഗലം മോഡല്‍' എന്ന് വായിച്ചപ്പോള്‍ ഗ്രാമം സന്തോഷിച്ചു. ഡിസംബറിലെ രണ്ടാമത്തെ ഞായറാഴ്ച വൈകിട്ട് ഗ്രാമീണവായനശാല മൈതാനത്ത് ഞങ്ങള്‍ വീണ്ടും ഒത്തുകൂടി. കേരള ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ത് മുഖ്യാതിഥിയായി സംബന്ധിച്ച് ചടങ്ങില്‍ പ്രഫ. സുകുമാര്‍ അഴീക്കോട് ഇരവിമംഗലം ഗ്രാമത്തിലെ പ്രഥമ രക്തസാക്ഷരഗ്രാമമായി വിളംബരം ചെയ്തു. തിരുപ്പട്ട സ്വീകരണത്തിനുശേഷം എന്റെ ആത്മീയ-സാമൂഹിക ജീവിതത്തിലെ ഏറ്റവും പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയ സംഭവമാണ് ഇത്. ഇരവിമംഗലം കേന്ദ്രമായ ഗ്രാമീണ വായനശാലാ മൈതാനത്ത് ഞങ്ങള്‍ വീണ്ടും ഒത്തുകൂടി. കേരള ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ദ് മുഖ്യാതിഥിയായി സംബന്ധിച്ച ചടങ്ങില്‍ പ്രഫ. സുകുമാര്‍ അഴീക്കോട് ഇരവിമംഗലം ഗ്രാമത്തെ പ്രഥമരക്തസാക്ഷര ഗ്രാമമായി വിളംബര് ചെയ്ത് തിരുപ്പട്ട സ്വീകരണത്തിനുശേഷം എന്റെ ആത്മീയ-സാമൂഹിക ജീവിതത്തിലെ ഏറ്റവും പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയ സംഭവമാണിത്. ഇരവിമംഗലം കേന്ദ്രമായ ഗ്രാമീണവായനാശാല മൈതാനത്തില്‍ ചരിത്രസംഭവത്തിന്റെ സ്മാരകമായി ഒരു ശില്പം പണിതീര്‍ത്തിട്ടുണ്ട്. രക്തഗ്രൂപ്പ് അറിയുക, രക്തം ദാനം ചെയ്യുക എന്ന സന്ദേശം എല്ലാവരെയും ഓര്‍മിപ്പിച്ചുകൊണ്ട്.
'സ്‌നേഹവിപ്ലവം രക്തദാനത്തിലൂടെ' എന്ന കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ആപ്തവാക്യം ഉദ്ധരിച്ച് കേരള രക്തദാന ചരിത്രത്തെ വിശകലനം ചെയ്തത് അനുബന്ധത്തോടെ ഉപസംഹരിക്കുമ്പോള്‍ 77 പേര്‍ക്ക് ഈ ലേഖകന്റെ AB+ രക്തം ദാനം ചെയ്യാന്‍ കഴിഞ്ഞതിന്റെ ചാരുതാര്‍ഥ്യംകൂടി പങ്കുവയ്ക്കുകയാണ്.
അനുബന്ധം
കേരള സഭയിലെ യുവജനങ്ങള്‍ക്ക് പ്രായോഗിക വിശ്വാസമായി ഉയര്‍ത്തിപ്പിടിക്കാവുന്ന സുകൃതമാണ് രക്തദാനം. സഭയുടെ സല്‍പേരിന് ഇത് വഴിതെളിയിക്കും ശ്രീലങ്കയിലെ ബുദ്ധസന്ന്യാസികളാണല്ലോ നേത്രദാന പ്രസ്ഥാനത്തിന് പ്രാരംഭം കുറിച്ചത്. സാമുദായിക സൗഹാര്‍ദത്തിനും ഇത് ഹേതുവാകും.
1. വൈദികര്‍ക്ക് ഇക്കാര്യത്തില്‍ മാതൃക നല്കാവുന്നതാണ്. അങ്ങനെ സഭയെ ലോകത്തിന്റെ സൗജന്യ രക്തബാങ്കാക്കി മാറ്റാനാവും.
2. ഇടവകയിലെ സര്‍വരുടെയും രക്തഗ്രൂപ്പ് നിര്‍ണയിക്കാന്‍ സൗകര്യമൊരുക്കുക. പള്ളിക്കോ ചില വ്യാപാര സ്ഥാപനങ്ങള്‍ക്കോ ഈ പരിപാടി സ്‌പോണ്‍സര്‍ ചെയ്യാം.
3. രക്തദാതാക്കളുടെ അന്തര്‍ദേശീയ ദിനമായ ജൂണ്‍ 14, ദേശീയ രക്തദാന ദിനമായ ഒക്‌ടോബര്‍ ഒന്ന് എന്നീ ദിനങ്ങള്‍ സമുചിതമായി ആചരിക്കാം. മൂന്നു പ്രാവശ്യമെങ്കിലും രക്തദാനം ചെയ്തവരെ പരസ്യമായി ആദരിക്കുന്നത് രക്തദാനപ്രോത്സാഹനമാണ്.
4. തിരുഹൃദയത്തിലെ വിലാവിലൂടെ തന്റെ അവസാന തുള്ളി രക്തംവരെ നമുക്കായി ചിന്തിയ യേശുവിന്റെ തിരുഹൃദയ മാസം രക്തദാനമായി ആചരിക്കാവുന്നതാണ്.
5. വിദ്യാര്‍ഥികള്‍ക്ക് (ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി) ലേഖന-പ്രസംഗ, ചിത്രരചന, മുദ്രാവാക്യ രൂപീകരണ മത്സരങ്ങള്‍ നടത്താവുന്നതാണ്.
6. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്തഗ്രൂപ്പ് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി സ്‌കൂള്‍ അങ്കണത്തില്‍ ജാഥ സംഘടിപ്പിക്കാം.
7. അധ്യാപകര്‍ രക്തദാനദിനത്തിലോ അധ്യാപകദിനത്തിലോ രക്തദാനം ചെയ്യുക. ദാനം ചെയ്ത അധ്യാപകരെ വിദ്യാര്‍ഥികള്‍ക്ക് അസംബ്ലിയില്‍ ആദരിക്കാവുന്നതാണ്.
8. ഡോക്ടര്‍മാരുടെ സഹായത്തോടെ രക്തദാന ബോധവല്ക്കരണ ക്ലാസ്സുകള്‍ ഏറെ ഗുണംചെയ്യു.