പത്ത് കല്പനകൾ മാതാപിതാക്കളറിയാൻ

19 May 2023

റവ. ഡോ. എ. ആർ. ജോൺ സൈക്കോളജിസ്റ്റ്, തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബത്തെ സ്‌നേഹോഷ്മളമാക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കാണുള്ളത്. കുടുംബബന്ധങ്ങളെ ക്രമീകരിക്കുന്നതിനും അവ പ്രായോഗിക തലത്തിലാക്കുന്നതിനും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 10 കല്പനകളെ പരിചയപ്പെടുത്തുന്നു. എല്ലാ സൗഹൃദങ്ങളും നാമുണ്ടാക്കുന്നു. എന്നാൽ ദൈവം മനുഷ്യനായി നൽകുന്ന സൗഹൃദമാണ് വിവാഹം. അത് ഞാൻ എന്റെ ഇണയെ കണ്ടെത്തി എന്ന് അവകാശപ്പെട്ടാലും ശരി, മാതാപിതാക്കൾ കണ്ടെത്തി നൽകിയത് അനുസരണയോടെ സ്വീകരിച്ചു എന്ന് പറഞ്ഞാലും ശരി. ഓർക്കണം, നിങ്ങൾ കണ്ടുമുട്ടും മുൻപ്, നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കായി കണ്ടെത്തും മുൻപ് ദൈവം നിങ്ങളെ കണ്ടെത്തി. ആ അർഥത്തിൽ നിങ്ങളുടെ ഇണയ്ക്ക് നിങ്ങളെ ചേരൂ. കാരണം ഇത് ദൈവം ചേർത്ത സൗഹൃദമാണ്. വലിയ ലേഖനമാക്കാതെ മാതാപിതാക്കളറിയുന്നതെല്ലാം കാച്ചിക്കുറുക്കി എഴുതുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇവിടെ കുടുംബങ്ങൾക്കുള്ളിൽ തങ്ങളുടെ മക്കളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പാലിക്കേണ്ട, അവസാനം വരെ മുറുകെ പിടിക്കേണ്ട പത്ത് കല്പനകൾ കുറിക്കുകയാണ്. ആമുഖം മതിയാക്കി ഇനി കല്പനകളിലേയ്ക്ക്. 1. കുടുംബത്തിന് ദൈവം തന്ന മഹത്തായ ദാനമാണ് മക്കൾ. അവരെ സ്‌നേഹിക്കുന്നതിലും ശിക്ഷണം നൽകുന്നതിലും കുറവു വരുത്തരുത്. അവർക്ക് പലപ്പോഴും ആശ്രയിക്കാവുന്ന, വിശ്വസിക്കാവുന്ന ഉത്തമ സ്‌നേഹിതരാണ് മാതാപിതാക്കൾ. കുറ്റങ്ങൾ മാത്രം കാണുന്ന പ്രവണതയിൽ നിന്നും അനാരോഗ്യകരമായ താരതമ്യപ്പെടുത്തലിൽ നിന്നും അകലം പാലിക്കുക. 2. കുടുംബത്തിന്റെ സുരക്ഷിതത്വവും ഐക്യവും വിശ്വസ്തതയും ധാർമികതയും സമൂഹത്തിന്റെയും നീതിവ്യവസ്ഥയുടെയും ആവശ്യമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വവും ആവശ്യവുമായി മാറിക്കൊണ്ടിരിക്കുന്നു. തങ്ങൾ ഒറ്റപ്പെടുമോ എന്ന ഭയം കുട്ടികളിലും തങ്ങൾക്ക് പിരിയേണ്ടി വരുമോ എന്ന ആശ മാതാപിതാക്കളിലുമുണ്ട്. അതിനാൽ മക്കൾക്ക് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ അധ്യാപനം സ്വന്തം മാതൃകവഴി പഠിപ്പിക്കുകയാണ്. മാതൃകകളായി മാതാപിതാക്കൾ മാറിയാൽ മക്കളെ മാറ്റിയെടുക്കാൻ അതുവഴി സാധിക്കും. 3. മക്കളുടെ സദ്പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുക. അവരുടെ കഴിവുകളും വാസനകളും കണ്ടെത്താൻ സഹായിക്കുക, നേട്ടങ്ങളിൽ അഭിമാനിക്കുക, അഭിനന്ദിക്കുക. അശ്ലീലത്തിന്റെ വ്യാപകമായ ഉപയോഗവും സ്വീകാര്യതയും നിസ്സാരവത്കരണവും ഒപ്പം പോർണോഗ്രഫിയുടെ സാമാന്യവത്കരണവും ഒരു പുതു സംസ്‌കാരമായി വളർന്നുവരുന്നു. മാതാപിതാക്കളുടെ ശ്രദ്ധ അനിവാര്യം. ആവശ്യത്തിന് ശ്രദ്ധയും അംഗീ കാരവും ലഭിച്ചില്ലെങ്കിൽ വഴി തെറ്റാൻ സാധ്യത കൂടുതലാണ്. 4. മാതാപിതാക്കൾ മക്കളുടെമേൽ തുല്യ ഉത്തരവാദിത്വം ഏറ്റെടുക്കുക, എന്നാൽ രണ്ടുപേരും ഒരേസമയം പൊലീസുകാർ'ആകരുത്. കുട്ടികളെ തിരുത്തുമ്പോൾ മാതാപിതാക്കൾ പരസ്പരം കുറ്റം ചാരുകയോ പക്ഷം പിടിക്കുകയോ അരുത്. 5. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ കുട്ടികളെ കൊച്ചാക്കുകയോ അവഗണിക്കുകയോ അരുത്. തങ്ങൾക്ക് കുടുംബത്തിൽ സ്ഥാനമില്ലെന്നും തങ്ങൾ നിസ്സാരരെന്നും അവർക്ക് തോന്നും. മക്കളെ ഉത്തരവാദിത്വത്തോടെ സ്വയംപര്യാപ്തരാക്കി പ്രായാനുസൃതം വളർത്തണം. 6. കൈസർ ഫാമിലി ഫൗണ്ടേഷന്റെ പഠനമനുസരിച്ച് ഒരു ശരാശരി അമേരിക്കൻ വിദ്യാർഥി ഏഴര മണിക്കൂർ ഇലക്‌ട്രോണിക് മാധ്യമ ലോകത്ത് ചിലവഴിക്കുന്നു. നമ്മുടെ കാര്യവും മറ്റൊന്നായിരിക്കില്ല. ഇന്ന് മക്കളാൽ കഷ്ടപ്പെടുന്ന മാതാപിതാക്കളെയും മാതാപിതാക്കളാൽ ബുദ്ധിമുട്ടുന്ന കുട്ടികളെയും കാണാൻ കഴിയും. ഇതിന് കാരണം ഒരു പരിധിവരെ സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു കയറ്റമാണ്. തകരുന്ന കുടുംബങ്ങളിലെ തകരുന്ന കുഞ്ഞുങ്ങൾ സമൂഹത്തിന്റെ ഒരു വലിയ ദുഃഖമാണ്. വിവാഹമോചനം ഒരു പാപമെന്നാണ് ഫ്രാൻസിസ് പാപ്പ പഠിപ്പിക്കുന്നത്. അതിനാൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവബോധം നൽകി അവരെ അനുധാവനം ചെയ്യുക, അല്ലെങ്കിൽ അവർ വഴിതെറ്റും എന്നതിൽ സംശയമില്ല. 7. കുട്ടികളുടെ സുഹൃത്തുക്കളോട് നിങ്ങളും സൗഹൃദം പുലർത്തുക. അവരെ വീട്ടിൽ സ്‌നേഹപൂർവം ക്ഷണിക്കുക. അർഹിക്കുന്ന സാന്നിധ്യവും സ്വാതന്ത്ര്യവും ഭവനത്തിനുള്ളിൽ കൊടുക്കുക. അവരെ സൽക്കരിക്കുക. ഉല്ലാസത്തിലും വിനോദത്തിലും ഏർപ്പെടാൻ അനുവദിക്കുക. തോൽക്കാനും കളിയാക്കപ്പെടാനും നൽകാനും സ്വീകരിക്കാനും പഠിച്ച് യാഥാർഥ്യബോധമുള്ള ഔദാര്യശീലരായി അവർ വളരട്ടെ. 8. കുട്ടികളുടെ കഴിവിനപ്പുറം പ്രതീക്ഷിക്കരുത്. പരീക്ഷയേക്കാൾ ജീവിതവും വിജയത്തേക്കാൾ വിശ്വസ്തതയും പ്രധാനമെന്ന് പഠിപ്പിക്കണം. 9. മാതാപിതാക്കളും മക്കളും ഒത്തുചേർന്ന് എപ്പോഴും സകുടുംബം മൂന്ന് ആലയങ്ങളുമായി ഗാഢമായ ബന്ധം പുലർത്തണം. ഒന്ന് വിദ്യാലയം, രണ്ട് ദൈവാലയം മൂന്ന് ആതുരാലയം. ജീവകാരുണ്യ പരോന്മുഖ പ്രവർത്തനങ്ങളിൽ കുടുംബം ഒന്നു ചേർന്ന് താല്പര്യപൂർവം പങ്കുചേരണം. 10. ദൈവത്തിൽ നിന്നും ഒരിക്കലും അകലരുത്. ദിവ്യബലിയിലുള്ള കുടുംബ സാന്നിധ്യം, മതപഠനക്ലാസ്സുകളിലുള്ള പരിപൂർണ പങ്കാളിത്തം, ദൈവീക ജ്ഞാനം നൽകുന്ന വായനകൾ ഒപ്പം കുടുംബത്തെ പ്രാർത്ഥനകൊണ്ടും ഹൃദ്യതകൊണ്ടും സ്‌നേഹംകൊണ്ടും ആലയമാക്കാനുള്ള ആത്മാർഥമായ പരിശ്രമവും വേണം. മാറ്റങ്ങളുടെ ലോകത്ത് മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും മാറാത്ത മൂല്യങ്ങളെ മുറുകെ പിടിക്കുക. കാച്ചിക്കുറുക്കിപ്പറഞ്ഞാൽ കുടുംബങ്ങളെ ദൈവാലയമാക്കുന്നതാണ് മാതാപിതാക്കളുടെ ആത്മീയത. സ്വർഗംപോലെ സുന്ദരമാണ് കുടുംബജീവിതം, ജീവിക്കേണ്ടപോലെ ജീവിച്ചാൽ. അതിന് കുടുംബവും കുടുംബാംഗങ്ങളും വ്യത്യസ്തരാകാൻ ധൈര്യം കാണിക്കണം. ഇത് ഒരു ദിവസത്തിന്റെ അല്ല എല്ലാ ദിവസത്തിന്റെയും കാര്യമാണ്.