19 May 2023
മാറുന്ന കുടുംബ സങ്കൽപങ്ങൾ
സീമ മോഹൻലാൽ
മാധ്യമപ്രവർത്തക
നാടും നഗരവും വളരുമ്പോൾ കുടുംബബന്ധങ്ങളിൽ വരൾച്ചയുണ്ടാകുന്നു. കുടുംബസങ്കല്പങ്ങൾ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. കാലികമായ വെല്ലുവിളികളെയും മൂല്യച്യുതിയെയും അതിന്റെ കാര്യകാരണങ്ങളെയും പ്രതിപാദിച്ചുകൊണ്ടുള്ള സമഗ്രമായ ഒരന്വേഷണ വിലയിരുത്തൽ നടത്തുകയാണ് മാധ്യമപ്രവർത്തകയായ ലേഖിക.
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. മുത്തച്ഛനും മുത്തശ്ശിയും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും അടങ്ങുന്ന കുടുംബത്തിലെ സ്നേഹാന്തരീക്ഷം കണ്ടു വളർന്നവരാണ് നമ്മുടെ പഴയ തലമുറക്കാർ. ആ കൂട്ടായ്മയിലും പരസ്പര സഹകരണത്തിലും വീട്ടിലെ പ്രശ്നങ്ങൾ ആ നാലു ചുവരുകൾക്കുള്ളിൽ തന്നെ പരിഹരിക്കപ്പെട്ടു. സന്ധ്യാ നേരങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നുള്ള പ്രാർഥനയും അടുക്കള വരാന്തയിൽ ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലുമൊക്കെ അന്നത്തെ കുടുംബ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കി.
എന്നാൽ, ഇന്ന് കൂട്ടുകുടുംബം അണു കുടുംബത്തിലേക്ക് ചേക്കേറിയതോടെ ഗൃഹാന്തരീക്ഷത്തിലും മാറ്റമുണ്ടായി. സന്ധ്യാ പ്രാർഥനയുടെ സമയം സ്വീകരണമുറിയിലെ സീരിയലുകൾ കവർന്നെടുത്തു. ഉദ്യോഗസ്ഥരായ ദമ്പതികൾക്ക് യാന്ത്രികമായ ജീവിതത്തിരക്കിനിടയിൽ പരസ്പരം സംസാരിക്കാനുളള സമയം ഇല്ലാതായി. ഒന്നിച്ചിരിക്കാൻ കിട്ടുന്ന സമയത്തുപോലും വാട്സ്ആപ്പും ഇൻസ്റ്റയുമൊക്കെ അവർക്കിടയിൽ ഏറെ പ്രിയമുളളതായി മാറിക്കഴിഞ്ഞു. അടുത്തിടെ ഒരു ബന്ധുവീട് സന്ദർശനത്തിനിടയിൽ വാട്സ്ആപ്പിലും ഫേസ്ബുക്കിലും സമയം ചെലവഴിക്കുന്ന ഭാര്യയെയും ഭർത്താവിനെയുമാണ് കാണാൻ കഴിഞ്ഞത്. അവരുടെ എട്ടു വയസുകാരൻ ഫോണിൽ മുഴുകിയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തിരുന്നു ടിവിയിലെ ഇഷ്ട കാർട്ടൂൺ കാണുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആ ദമ്പതികൾ പറഞ്ഞത് ഈ നഗരത്തിലെ ഈ ഫ്ളാറ്റിൽ ഇതല്ലാതെ എന്തു ചെയ്യാനാണെന്നാണ്. അതേ, ഇന്ന് കുടുംബ ബന്ധങ്ങളിൽ, കുടുംബ സങ്കൽപങ്ങളിൽ ഏറെ മാറ്റം വന്നിരിക്കുന്നു. നമ്മൾ പാശ്ചാത്യ സംസ്‌കാരത്തിന്റെ പുറകെ പായുമ്പോൾ നിസ്സാര കാര്യങ്ങൾപോലും താങ്ങാൻ കഴിയാതെ വിവാഹമോചനത്തിലേക്കോ, ആത്മഹത്യയിലേക്കോ അഭയം പ്രാപിക്കേണ്ടിവരുന്ന പുതുതലമുറയാണ് ഇവിടെ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാതാപിതാക്കളുടെ പിടിവാശി ജയിക്കുമ്പോൾ അനാഥമാക്കപ്പെടുന്ന, അല്ലെങ്കിൽ ആരുടെ കൂടെ പോകണമെന്നറിയാതെ വിഷമിക്കുന്ന പിഞ്ചു ബാല്യങ്ങളുടെ നൊമ്പരം നാം കണ്ടില്ലെന്നു നടിക്കരുത്.
ദാമ്പത്യം മധുരമുള്ളതാക്കാം
മാതാപിതാക്കൾക്കൊപ്പം വളരുന്ന ഏതൊരു യുവാവും യുവതിയും സ്വപ്നം കാണുന്നത് സന്തുഷ്ടമായ ഒരു കുടുംബ ജീവിതംതന്നെയായിരിക്കും.
മഴവിൽ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കൽപങ്ങളുമുണ്ടാകും. പക്ഷേ, ഇന്നു പലരുടെയും വിവാഹബന്ധം സ്വരച്ചേർച്ചയില്ലായ്മ മൂലം പരാജയത്തിന്റെ വക്കിലെത്തി നിൽക്കുന്നു. നിസ്സാരകാരണങ്ങളുടെ പേരിൽ വിവാഹമോചിതരാകുന്ന യുവദമ്പതികളുടെ എണ്ണം കൂടിവരുകയാണ്. മക്കളുടെ ജീവിതത്തിലേക്കു പ്രശ്‌നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. പരസ്പരവിശ്വാസം, വിട്ടുവീഴ്ച, ആത്മാർഥത, സ്‌നേഹം, കരുതൽ, സംരക്ഷണം... ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്.
പ്രതീക്ഷകളുമായെത്തുന്ന നവവധു
ഡോക്ടറേ, ഞാൻ ആഗ്രഹിച്ചതുപോലെയല്ല ഈ നീനു പെരുമാറുന്നത്...'' സൈക്യാട്രിസ്റ്റിന്റെ മുന്നിലിരുന്നു ഭാര്യയുടെ കുറ്റങ്ങൾ ഓരോന്നായി നിരത്തുകയാണ് നോയൽ. എന്നെ മനസ്സിലാക്കുന്ന ഒരാളാണ് നോയൽ എന്നു കരുതിയാണ് ഞാൻ സ്‌നേഹിച്ചത്. പക്ഷേ ഞാൻ പ്രതീക്ഷിച്ചതുപോലെയല്ല നോയലിന്റെ സംസാരവും പ്രവൃത്തിയും... എല്ലാറ്റിനും അമ്മയുടെ അഭിപ്രായം കിട്ടണം. ആ ജീവിതത്തിൽ എനിക്കൊരു സ്ഥാനവുമില്ല...എന്നോട് അല്പംപോലും സ്‌നേഹമില്ല...''- നിറകണ്ണുകളോടെ നീനു പറഞ്ഞു.
പ്രമുഖ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥരാണ് നീനുവും നോയലും. വിദ്യാസമ്പന്നരുടെ കുടുംബത്തിൽ നിന്നുള്ള പ്രതിനിധികൾ. നല്ല സാമ്പത്തികമുള്ള കുടുംബം. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. പക്ഷേ, വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ അവരുടെ ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ പുകയാൻ തുടങ്ങി.
പ്രശ്‌നങ്ങൾ വിവാഹമോചനത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നോയൽ നീനുവുമൊത്ത് മനഃശാസ്ത്രജ്ഞനെ കാണാനെത്തിയത്. ഭർത്താവിന് വിവാഹത്തിനുമുമ്പ് തന്നോടുണ്ടായിരുന്നത്ര സ്‌നേഹം ഇപ്പോഴില്ലെന്നതാണ് നീനുവിന്റെ പ്രശ്‌നം.
പ്രണയത്തിൽ കാണാതെ പോകുന്നത്
നീനുവും നോയലും പ്രണയത്തിൽ നിന്നാണ് വിവാഹജീവിതത്തിലേക്കു കടന്നത്. പ്രണയിക്കുമ്പോൾ കാമുകന് കാമുകി ആഗ്രഹിക്കുന്ന സ്‌നേഹം നൽകാൻ പറ്റുന്നു. എന്നാൽ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചപ്പോൾ ഭാര്യയും ഭർത്താവും ജീവിതത്തിൽ സ്‌നേഹം നിലനിർത്തിക്കൊണ്ടുതന്നെ നല്ല ഭാര്യയും നല്ല ഭർത്താവും ആകുന്നതിനോടൊപ്പം ഭർത്താവിന്റെ/ ഭാര്യയുടെ കുടുംബബന്ധങ്ങൾ, വിവിധതരത്തിലുള്ള ഉത്തരവാദിത്വങ്ങൾ തുടങ്ങിയവയൊക്കെ ഭാര്യ/ ഭർത്താവ് മനസ്സിലാക്കേണ്ടതുണ്ട്.
പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്കു കടന്നുവരുന്ന ഭാര്യയുടെ വികാരങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഇരുവരും ഇതു മനസ്സിലാക്കി ജീവിച്ചു തുടങ്ങുമ്പോൾ അസ്വാരസ്യങ്ങൾ ഒഴിവാകും. ഒരാൾ ഭർത്താവ് ആകുന്നതോടെ അമ്മയും മകനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം മുറിച്ചു കളയാൻ പാടില്ല. എന്നാൽ കുടുംബം എന്ന സങ്കല്പത്തിൽ ഏറ്റവും പ്രധാനകണ്ണികൾ ദമ്പതികൾ തന്നെയാണെന്ന സത്യം വിസ്മരിച്ചുകൂടാ.
നീണ്ടുപോകുന്ന ജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണ് വിവാഹം. അവിടെ നല്ല ഭാര്യയും നല്ല ഭർത്താവും ആയിരിക്കാൻ ദമ്പതികൾ എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രമാത്രം ദാമ്പത്യജീവിതം വിജയപ്രദമായിരിക്കും.
പഴയ സാഹചര്യം മാറി
മുമ്പ് പെണ്ണുകാണൽ ചടങ്ങിൽ പരസ്പരം കണ്ട യുവതിയും യുവാവും പിന്നീട് കാണുന്നത് വിവാഹത്തിന്റെ അന്നാണ്. സോഷ്യൽ മീഡിയയുടെ വരവോടെ ഇന്ന് ആ സാഹചര്യം മാറി. മാതാപിതാക്കൾ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആണെങ്കിലും പരസ്പരം പരിചയം ഉണ്ടാക്കിയിട്ടാണ് മിക്കവരും ദാമ്പത്യത്തിലേക്ക് കടക്കുന്നത്. ആ പരിചയത്തിലൂടെ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകുന്നു. അപരിചിതത്വത്തിന്റെ തോട് പൊട്ടിക്കാനുള്ള അവസ്ഥ ഇന്നുണ്ട്. ഈ പരിചയപ്പെടലിലൂടെ തനിക്ക് പറ്റാത്ത ബന്ധം ആണെങ്കിൽ അത് വേണ്ടെന്ന് വയ്ക്കാനുള്ള സാഹചര്യവും സംജാതമാകുന്നുണ്ട്. വിവാഹം നിശ്ചയിച്ച ശേഷം വരന്റെ വീടു കാണാൻ പോകുന്ന പെൺകുട്ടികളും കുറവല്ല.
പരിചയപ്പെടലിലൂടെ സാധ്യമാകുന്നത്
വിവാഹം നിശ്ചയിച്ചതിനുശേഷമുള്ള പരിചയപ്പെടലിൽ വധൂവരന്മാർ യഥാർഥ മുഖം കാണിക്കണമെന്നില്ല. ദാമ്പത്യത്തിലെ പൊരുത്തം നോക്കുന്നതിനേക്കാൾ മറ്റു പല സാമൂഹിക ഘടകങ്ങളുടെ തുറന്നു പറച്ചിൽ പലപ്പോഴും മറച്ചുവയ്ക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിവാഹ പൂർവ മാസങ്ങളിലോ ആ കാലയളവിലോ കാണുന്ന വ്യക്തിയെ ആയിരിക്കില്ല യഥാർഥത്തിൽ ദാമ്പത്യബന്ധത്തിൽ എത്തുമ്പോൾ കാണുന്നത്.
വിവാഹം ആലോചിക്കുന്ന ഘട്ടത്തിലും നിശ്ചയിച്ച ശേഷവും സത്യസന്ധമായിട്ടു നമ്മൾ എന്താണെന്നുള്ള തുറന്നു പറച്ചിലും വരാനിടയുള്ള പൊരുത്തവും പൊരുത്തക്കേടും മുൻകൂട്ടി കണ്ട് എങ്ങനെ പരിഹരിക്കാമെന്നുള്ള ആസൂത്രണവും ഉണ്ടാകണം. വ്യക്തിത്വത്തെക്കുറിച്ചുള്ള അപരിചിതത്വം ഉണ്ടെങ്കിൽ വിവാഹത്തിനു മുമ്പു തന്നെ പരസ്പര ധാരണയിലെത്തണം. നൂതന ആശയ വിനിമയ മാർഗങ്ങളുടെ വരവോടെ അതിനുള്ള സാഹചര്യം ഇന്നുണ്ട്. വരനെ അല്ലെങ്കിൽ വധുവിനെ കൂടുതൽ അടുത്തറിയാനും ചേർച്ചക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാനുമുള്ള അവസരമായിട്ട് അത് ഉപയോഗിക്കണം.
പൊരുത്തവും പൊരുത്തക്കേടും തുറന്നു പറയാം. കല്യാണത്തിനു മുമ്പ് സിനിമാശൈലിയിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്. ഇതിനെയെല്ലാം റൊമാൻസിനോ വിവാഹത്തിന്റേതായ ത്രില്ലിനോ മാത്രമായി കാണാതെ പരസ്പരം അടുത്ത് അറിയാനുള്ള വിവേകം ഉണ്ടാകണം.
പ്രണയ വിവാഹത്തിലായാലും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ ആയാലും ഭാര്യ ഭർതൃവേഷത്തിലേക്കു മാറുമ്പോൾ നല്ലൊരു ശതമാനം ആളുകളും സ്വഭാവ വിശേഷങ്ങൾ പാലിക്കാറില്ല. പരസ്പരം ഇടപെടുമ്പോഴുള്ള സത്യസന്ധതയില്ലായ്മ പരമാവധി ലഘൂകരിക്കണം. ഒരു വിവാഹവും നൂറു ശതമാനം പൊരുത്തം ഉള്ളതല്ലെന്ന വസ്തുത ഓർമിക്കണം. പൊരുത്തക്കേടുകളെ സമർഥമായി കൈകാര്യം ചെയ്ത് രണ്ടു പേരും മസ്സസു തുറന്ന് ആശയ വിനിമയം ചെയ്ത് നല്ല ബന്ധം ഉണ്ടാക്കാനുള്ള വൈഭവമാണ് വിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതാണ് ദാമ്പത്യത്തിന്റെ വിജയവും. പൊരുത്തക്കേടുകളെ സമർഥമായി കൈകാര്യം ചെയ്യലാണ് നല്ല ദാമ്പത്യത്തിൽ ഉണ്ടാകേണ്ടത്.
ഇതു ശ്രദ്ധിക്കാം
കുറച്ചു കാലം കഴിയുമ്പോഴുണ്ടാകുന്ന വൈരസ്യത്തെ മറികടക്കാനുള്ള വൈഭവവും പങ്കാളികളിൽ ഇരുവർക്കും വേണം. വ്യക്തിയെന്ന രീതിയിലും ലൈംഗികതയിലും ഉണ്ടാകുന്ന വൈരസ്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നല്ല ദാമ്പത്യബന്ധത്തിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മനസ്സു തുറന്നുള്ള ആശയ വിനിമയം, പരസ്പരമുള്ള മനസ്സിലാക്കൽ, പങ്കാളിയുടെ ഭാഗത്തു നിന്നുള്ള ചിന്തിക്കൽ, പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ യാതൊരു മടിയും കൂടാതെ പ്രോത്സാഹിപ്പിക്കൽ, പരസ്പര വിശ്വാസം, കുറ്റപ്പെടുത്തൽ ഒഴിവാക്കുക ഇവയെല്ലാം ശ്രദ്ധിച്ചാൽ ദാമ്പത്യബന്ധം മധുരമുള്ളതാക്കാം.
യുവതിയും യുവാവും ഭാര്യയും ഭർത്താവുമാകുമ്പോൾ
വ്യക്തിബന്ധങ്ങളാണു സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ശിലകൾ. വ്യക്തിബന്ധങ്ങൾ കുടുംബജീവിതത്തിൽ നിന്ന് രൂപം കൊള്ളുകയും കുടുംബങ്ങളിലൂടെ വളരുകയും ചെയ്യുന്നു. സഹജീവികളുമായി സഹകരിക്കാനും ജീവിതം പങ്കുവയ്ക്കാനും വ്യക്തിബന്ധങ്ങൾ സഹായിക്കുന്നു. അമ്മ, അച്ഛൻ, സഹോദരങ്ങൾ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാം നമ്മുടെ സാമൂഹികജീവിതത്തിന്റെ ആദ്യകണ്ണികളാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ കുടുംബത്തിനു പുറത്തുള്ളവരുമായും നാം വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്. സഹജീവികളുമായി ഇടപഴകാനും പരസ്പരം മനസ്സറിഞ്ഞ് പ്രവത്തിക്കാനുമുള്ള മനുഷ്യന്റെ ഈ കഴിവിനെ നമുക്ക് 'സാമൂഹ്യ ബന്ധി' എന്നു വിശേഷിപ്പിക്കാം. കൂട്ടായും യോജിച്ചുമുള്ള പ്രവർത്തനത്തിനും സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ബുദ്ധിയുടെ വികാസവും അനുപേക്ഷണീയമാണ്.
വ്യത്യസ്തമായ ചുറ്റുപാടുകളിൽ വളർന്നവരും വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ളവരുമായ രണ്ടുപേരാണ് വിവാഹബന്ധത്തിലൂടെ ഒന്നാകുന്നത്. ഒരു യുവതിയും യുവാവും ഭാര്യയും ഭർത്താവുമാകുമ്പോൾ എന്തെല്ലാം മാറ്റങ്ങളുണ്ടാകുന്നുവെന്ന് അറിയാം...
വ്യക്തിവികാസം
മനുഷ്യൻ സാമൂഹിക ജീവിയാണ്. നിരവധി പേരുമായി ഇടപഴകിയാണ് നാം ജീവിക്കുന്നത്. ബന്ധങ്ങളുടെ എണ്ണം വർധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹിക ജീവിതം വിപുലീകരിക്കപ്പെടുന്നു. സാമൂഹ്യബന്ധങ്ങളുടെ ഗുണനിലവാരം നമ്മുടെ വ്യക്തിപരമായ അനുഭവങ്ങളെ സ്വാധീനിക്കുകയും ചെയ്യും. സാമൂഹിക ജീവിതത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയുടെ മാറ്റുകുറയാതെ നോക്കാനും നമുക്കു കഴിയണം.
പുതിയ വ്യക്തിബന്ധങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കണം. സ്വന്തം താൽപര്യവും മറ്റൊരാളുടെ താൽപര്യവും എല്ലായ്‌പ്പോഴും ഒന്നു തന്നെയോ ഓരോ ദിശയിലുള്ളതോ ആയിക്കൊള്ളണമെന്നില്ലല്ലോ. പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി ഇരുവരുടെയും ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുത്ത് പെരുമാറുകയാണ് അഭികാമ്യം. വിട്ടുവീഴ്ചാ മനോഭാവത്തിന്റെ പ്രസക്തി എടുത്തുപറയാതെ വയ്യ.
ആരു ജയിക്കും, ആരു വിചാരിച്ചപോലെ കാര്യങ്ങൾ നടത്തിയെടുക്കാൻ പറ്റും എന്ന ചിന്ത നമ്മെ പലപ്പോഴും ഭരിക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാൽ അതു കിടമത്സരത്തിനും 'ഞാൻ', 'നീ' എന്നീ വിശേഷണങ്ങളിലും കാര്യങ്ങളെ കൊണ്ടെത്തിക്കും. പലപ്പോഴും ഒരാളുടെ അഭിപ്രായപ്രകാരം മുന്നോട്ടുപോകേണ്ടി വരും. അതായിരിക്കും പ്രായോഗികമായ ഏകമാർഗം.
കുട്ടിക്കാലത്ത് സഹോദരങ്ങൾ തമ്മിൽ കിടമത്സരം ഉണ്ടാകുക പതിവാണ്. പലപ്പോഴും അല്പം അസൂയയും ഇതിന്റെ കൂടെയുണ്ടാവും. അമ്മ നവജാത ശിശുവിനെ ലാളിക്കുന്നതും ചെറിയ കുട്ടിയെ എപ്പോഴും എടുത്തുകൊണ്ടു നടക്കുന്നതും മൂത്ത കുട്ടിക്ക് ഒരല്പം നഷ്ടബോധവും അസൂയയും ഉളവാക്കിയെന്നുവരും. എന്നാൽ ജീവിത സാഹചര്യങ്ങൾ പങ്കുവയ്ക്കാൻ കുട്ടികൾ പിന്നീട് പഠിക്കും. ചേട്ടന്റെ പുസ്തകം, അനിയന്റെ പുസ്തകം എന്നിവയെല്ലാമാകാമെങ്കിലും പല സാമൂഹിക ജീവിത സാഹചര്യങ്ങൾ കൃത്യമായി വേർതിരിച്ചനുഭവിക്കാൻ പറ്റില്ലല്ലോ!
പലകാര്യങ്ങളും നമുക്ക് തുല്യമായി വീതം വച്ചെടുക്കാൻ കഴിയാത്തവയാണ്. വാത്സല്യം എന്ന സന്തോഷകരമായ അനുഭവം സഹോദരനു ലഭിക്കുമ്പോൾ നിങ്ങൾക്കെന്തിനാണ് അസ്വാസ്ഥ്യം? സന്തോഷം പങ്കുവയ്ക്കുമ്പോൾ വർധിക്കുകയും സന്താപം പങ്കുവയ്ക്കുമ്പോൾ കുറയുകയും ചെയ്യുമെന്നോർക്കുക. എന്റെ സന്തോഷം എനിക്കു ചുറ്റുമുള്ളവരുടെ സന്തോഷമായി വേർതിരിക്കാൻ പറ്റാത്ത പോലെ ബന്ധപ്പെട്ടിരിക്കുന്നു. നാം വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാതെ വരികയാണെങ്കിൽ അതുൾക്കൊണ്ട് അസഹിഷ്ണുത പ്രകടമാക്കാതെ ചിന്തിക്കുകയും പെരുമാറുകയും വേണം.
രണ്ടുപേർ ഒന്നിച്ച് സിനിമയ്ക്കു പോകാൻ തീരുമാനിച്ചുവെന്നിരിക്കട്ടെ. ഏതു സിനിമയാണ് കാണുന്നത് എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായാൽ എന്തു ചെയ്യും? ഒന്നിച്ച് ഒരു സിനിമയ്ക്ക് പോകുകയാണ് ലക്ഷ്യമെങ്കിൽ ഒരാളുടെ ഇഷ്ടത്തിനു മുൻതൂക്കം കിട്ടും. ഇതാരുടെയെന്ന കാര്യം തീരുമാനിക്കാൻ പറ്റാതെ സിനിമ കാണാതിരിക്കുകയോ രണ്ടുപേരും വേറെ വേറെ പോയി അവർക്കിഷ്ടപ്പെട്ട സിനിമ കാണുകയോ, അതുമല്ലെങ്കിൽ ഇക്കാര്യത്തെപ്പറ്റി ഒരു സംഘട്ടനം തന്നെയുണ്ടാവുകയോ ആവാം. സന്തോഷം വേണമോ സംഘട്ടനം വേണമോ എന്ന് തീരുമാനിക്കേണ്ടതും ബന്ധപ്പെട്ടവർ തന്നെ! ഒന്നിച്ചുപോയൊരു സിനിമ കണ്ടാൽ രണ്ടാളും സന്തോഷിക്കും. രണ്ടാളും ജയിക്കും. മറ്റെന്തു സംഭവിച്ചാലും രണ്ടാളും വിഷണ്ണരാവുകമാത്രം! അതും ആരേയും തോല്പിക്കാൻ നോക്കരുത്. മിതമായി പറഞ്ഞാൽ അതു വല്ലാത്ത ബുദ്ധിമോശമാണ്.
സ്ത്രീ- പുരുഷ ബന്ധങ്ങൾ
ഒരു യുവാവും യുവതിയും പരസ്പരം ആകൃഷ്ടരാകുകയും സ്‌നേഹബന്ധമുണ്ടാവുകയും പതിവാണ്. ചിലർ ഒരുമിക്കാനും വിവാഹിതരാവാനും ആഗ്രഹിക്കും. എന്നാൽ പലപ്പോഴും ഇത്തരം ആഗ്രഹങ്ങളും തീരുമാനങ്ങളും വൈകാരികതലത്തിൽ മാത്രം ഉടലെടുക്കുന്നവയാണ്. അങ്ങനെയുള്ള ബന്ധങ്ങൾ കെട്ടുറപ്പുള്ളതും സ്ഥായിയായതായും പരിണമിച്ചുകൊള്ളണമെന്നില്ല. വിവേകപൂർണമായ പരിപോഷണം ബന്ധങ്ങളെ ഊഷ്മളവും സന്തോഷകരവുമായി നിലനിർത്താൻ സഹായിക്കും. പറയാനെളുപ്പം, പ്രാവർത്തികമാക്കാൻ അത്ര എളുപ്പമല്ല !
'മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ കഴിയും, കഴിയണം' എന്നതു ശരിയാണ്. എന്നാൽ മനസ്സിന്റെ ഇംഗിതം പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നിടത്തെല്ലാം പറഞ്ഞു തന്നെ മനസ്സിലാക്കണം. സ്വന്തം ഇംഗിതം മറ്റൊരാൾക്ക് മനസ്സിലാകുന്ന രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് കൂട്ടായ്മ എളുപ്പമാകുന്നത്. മനസ്സറിയാനും മനസ്സറിയിക്കാനും ദമ്പതിമാർക്കാവും.
ദാമ്പത്യം എന്ന കൂട്ടായ്മ
പരസ്പരം അറിഞ്ഞും അറിയിച്ചും പ്രവർത്തിക്കാൻ നമുക്കു കഴിയും. പല കൂട്ടായ പ്രവർത്തനങ്ങളും നമുക്കു സാധിക്കുന്നത് ഇത്തരം കഴിവുപയോഗിച്ചുകൊണ്ടുതന്നെയാണ്. ഭാര്യയും ഭർത്താവും ദമ്പതിമാരായിരിക്കുമ്പോൾ തന്നെ, രണ്ടു വേറിട്ട വ്യക്തിത്വത്തിനുടമകളുമാണ്. ദമ്പതിമാർ ജീവിതത്തിൽ കൂടുതൽ സമയം ഒന്നിച്ചു ചെലവഴിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ പരസ്പരം അംഗീകരിച്ചും പിന്തുണച്ചും പ്രവർത്തിക്കേണ്ടവരാണ്.
എന്തുതന്നെയായാലും വിവാഹത്തിനുശേഷം ജീവിതരീതികളിൽ ചെറിയതോതിലെങ്കിലും ഒരുമാറ്റം ആവശ്യമായി വരും. ദാമ്പത്യബന്ധം കൂടുതൽ വ്യക്തിപരമായ അനുഭവമായി മാറുന്നത് വിവാഹത്തിനുശേഷം മാത്രമാണ്. പുതിയ ഈ ബന്ധം രണ്ടുപേരുടെയും ജീവിതത്തിൽ അത്ഭുതാവഹമായ അനുഭവങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. ഒരു പുതിയ ബന്ധം ഉണ്ടാകാൻ, അതു ഗാഢമാകാൻ, പക്വവും വിവേക സമ്പന്നവുമാക്കാൻ സമയവും പരിശ്രമവും വേണ്ടിവരും. ഈ പരിശ്രമം രണ്ടുപേരുടെയും ഭാഗത്തുണ്ടാകണം. അറിഞ്ഞോ അറിയാതെയോ അതുണ്ടാവുകതന്നെ വേണം. ഒന്നോർക്കുക, നമ്മുടെ പങ്കാളി (ഭാര്യ അല്ലെങ്കിൽ ഭർത്താവ്) ഇക്കാര്യത്തിൽ വേണ്ടത്ര പരിശ്രമിക്കുന്നുണ്ടോ എന്നു ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ജോലി എന്നു തെറ്റിധരിക്കരുത്. ഇതു നിങ്ങളുടെ ജോലിയോ ഉത്തരവാദിത്വമോ അല്ല. മറിച്ചു തികച്ചും അവഗണിക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്യേണ്ട ഒരു കാര്യമാണിത്. ഇനി പ്രധാനമായും പരിഗണിക്കപ്പെടേണ്ട കാര്യമെന്താണെന്ന് നോക്കാം.
എനിക്ക് ഈ ബന്ധം മെച്ചപ്പെടുത്താൻ, പരിപോഷിപ്പിക്കാൻ വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നതാണ് പ്രസക്തമായ കാര്യം.
ഭർത്താവിനു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അയാൾക്കും ഭാര്യ വിചാരിച്ചാൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർക്കും മാത്രമേ ചെയ്യാൻ പറ്റുകയുള്ളു എന്നതാണ് യാഥാർഥ്യം. ഭർത്താവു വിചാരിക്കുന്ന പോലെ ഭാര്യക്കും ഭാര്യ വിചാരിച്ച പോലെ ഭർത്താവിനും പെരുമാറാൻ പറ്റിയെന്നുവരില്ല. എന്നാൽ, അവനവൻ വേണമെന്നു വച്ചാൽ അതുപോലെ പെരുമാറാനും പ്രവർത്തിക്കാനും ഓരോരുത്തർക്കും പറ്റും. തനിക്കു ചെയ്യാൻ പറ്റുന്ന രീതിയിൽ ദാമ്പത്യബന്ധം പരിപോഷിപ്പിക്കാനായി പറ്റുന്ന കാര്യങ്ങൾ 'സ്വയം ചെയ്യുക' എന്നതിലാവാണം ശ്രദ്ധ. പങ്കാളിയുടെ സ്വഭാവം മാറ്റിയെടുക്കാനുള്ള പ്രയത്‌നത്തിലാണ് ദമ്പതിമാരിൽ ഒരാൾ ശ്രമിക്കുന്നത് എങ്കിൽ വിജയസാധ്യത കുറവാണ്.
രണ്ടുപേർ ഒരു താക്കോൽ മാത്രമുള്ള മുറിയിൽ ബുദ്ധിമുട്ടുകൂടാതെ താമസിക്കാൻ ശീലിക്കുമ്പോൾ അവശ്യം വേണ്ടിവരുന്ന നീക്കുപോക്കുകൾ ദാമ്പത്യത്തിലും വേണ്ടിവരും. പരസ്പര വിശ്വാസവും വിട്ടുവീഴ്ചാമനോഭാവവും സഹിഷ്ണുതയും ദാമ്പത്യത്തിന്റെ മാറ്റു കൂട്ടും.
കുടുംബജീവിതത്തിൽ സംസാരത്തിനുള്ള പ്രാധാന്യം
ഏതു ബന്ധവും വളരണമെങ്കിൽ ശരിയായ ആശയവിനിമയം ആവശ്യമാണ്. ഇതു കുടുംബജീവിതത്തിലും വിവാഹബന്ധത്തിലും അത്യന്താപേക്ഷിതമാണ്.
മനസ്സു തുറക്കാം
സ്ഥിരമായി (ദിവസവും) ഭാര്യ/ഭർത്താവുമായി സംസാരിക്കാൻ കുറച്ചു സമയം മാറ്റിവച്ചില്ലെങ്കിൽ ആ ബന്ധം വളരാൻ സാധ്യതയില്ല. അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ മെസേജ് അയയ്ക്കുന്നതോ ഹായ്, ഹലോ പറയുന്നതോ ഇതിൽ ഉൾപ്പെടില്ല. ശരിയായ ആശയ വിനിമയം ഒരു കലയാണ്. അതുപഠിക്കാൻ നാം തയ്യാറാവണം. നിങ്ങൾ വിവാഹം കഴിച്ചിട്ട് ഒരു വർഷമോ 50 വർഷമോ ആയാലും നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാൻ സമയം കണ്ടെത്തണം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിയാണെന്നറിയുക. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നാൽ ഇന്ന് ഭാര്യാഭർത്താക്കന്മാർ കൂടുമ്പോൾ ഭൂകമ്പമാണ്. അതുകൊണ്ടു നിങ്ങൾ സംസാരിക്കു മ്പോൾ പരസ്പരം കുറ്റം പറഞ്ഞും വഴക്കുപറഞ്ഞും ആ സമയം കളയാതെ, തന്റെ പങ്കാളിയെ കൂടുതൽ സ്‌നേഹിക്കാനും അറിയാനുമുള്ള ഒരവസരമായി ഇതിനെ മാറ്റുക. ഇന്ന് നിന്റെ ദിവസം എങ്ങനെ യുണ്ടായിരുന്നു എന്നു തുടങ്ങി സംസാരം ആരംഭിക്കാം. ഭാര്യയുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിയാം. പരസ്പരം പ്രോത്സാഹിപ്പിക്കാനും പിന്തുണ നൽകാനും ഈ സമയം വിനിയോഗിക്കാം. 'എന്റെ ഭാര്യ/ഭർത്താവ് ആണല്ലോ' എന്തുമാവാം എന്ന മനോഭാവത്തിൽ പങ്കാളിയെ സമീപിക്കാ തിരിക്കുക.
നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ശരീരഭാഷ, സംസാരത്തിന്റെ ശൈലി, ശബ്ദത്തിന്റെ ഘനം, ടോൺ, പറയുന്ന വാക്കുകൾ, ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾ എല്ലാം പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക. പരസ്പര ബഹുമാനമില്ലാത്ത സംസാരം ഒഴിവാക്കുക. കുടുംബത്തിലെ തീരുമാനങ്ങൾ രണ്ടുപേരും നന്നായി ചർച്ച ചെയ്തതിനുശേഷം മാത്രം എടുക്കുക. രണ്ടുപേർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന കാര്യം മറക്കരുത്.
കുറ്റപ്പെടുത്തൽ വേണ്ട
നമുക്കു യോജിക്കാത്ത കാര്യങ്ങൾ കൃത്യമായി, എന്നാൽ മൃദുവായി പറയാം. 'പണ്ടേ നീ ഇങ്ങനെയാ', എന്ന രീതിയിൽ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാം. നിങ്ങൾ ദേഷ്യപ്പെട്ടോ, നിരാശപ്പെട്ടോ ഇരിക്കുമ്പോൾ സംസാരം ഒഴിവാക്കുക. കാരണം അപ്പോൾ നിങ്ങൾ ആഗ്രഹിക്കാത്ത പലതും വായിൽ നിന്നും പുറത്തേക്കു വന്നേക്കാം. അതു പങ്കാളിയെ മുറിപ്പെടുത്താം. മറ്റെന്തിനേക്കാളും വാക്കുകളാണ് നിങ്ങളുടെ ബന്ധത്തെ മുറിപ്പെടുത്തുന്നതും വളർത്തുന്നതുമെന്നറിയുക. പങ്കാളിയുടെ വീട്ടുകാരെയും ബന്ധുക്കളെയും കുറ്റപ്പെടുത്തി സംസാരിക്കുന്നതും നിങ്ങളുടെ പങ്കാളിയെ മുറിപ്പെടുത്തുമെന്നറിയുക.
നല്ല കാര്യത്തെ പ്രശംസിക്കാം
പങ്കാളിയിലുള്ള നല്ല കാര്യങ്ങളെ മടികൂടാതെ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളെ മാറ്റി നിർത്തി, അൽപസമയം ഭാര്യയ്ക്കായി / ഭർത്താവിനായി മാത്രം ചെലവഴിക്കുക. നിങ്ങളുടെ ചിന്തകൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ എല്ലാം തുറന്നു പറയണം. കിടക്കാൻ പോകുന്ന സമയത്തോ, ഒരുമിച്ച് നടക്കാൻ പോകുമ്പോഴോ ഇങ്ങനെ ഉള്ളു തുറന്നു സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുമായി 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ സ്വകാര്യമായി സംസാരിക്കാൻ സമയം കണ്ടെത്തണം. കുറ്റങ്ങൾ മാത്രം പറയാതെ അവരുടെ ചില വീഴ്ചകളെ മറക്കാനും പങ്കാളിയെ സ്‌നേഹിക്കാനും സമയം കണ്ടെത്തുക. ഞാൻ നിന്നെ സ്‌നേഹിക്കുന്നു, എന്തുവന്നാലും ഞാൻ കൂടെയുണ്ട്, എന്ന് ദിവസവും പറയുക. ഇതു പറയുന്നത് ദിനചര്യകൾ പോലെ തന്നെ നമ്മുടെ ശീലമാക്കണം. എങ്കിൽ നിങ്ങളുടെ ബന്ധം കൂടുതൽ ഊഷ്മളവും ദൃഢവുമാകും.
പങ്കാളിയുമായി സംസാരിക്കുന്നതു കുറയുമ്പോഴാണ് പല വിവാഹേതര ബന്ധങ്ങളും ഉടലെടുക്കുന്നത്. നിങ്ങളുടെ ഭാര്യാ/ഭർത്താവ് നിങ്ങളുടെ ശ്രദ്ധ ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലാക്കി അവരെ പുകഴ്ത്താനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളി ഒരു നല്ല വസ്ത്രം ധരിച്ചാൽ 'ഇതു നന്നായി നിനക്കു ചേരുന്നുണ്ട്' എന്നു പറയാൻ മടി കാണിക്കരുത്. മറ്റാരേക്കാളും നിങ്ങളുടെ പ്രതികരണം വിലപ്പെട്ടതാണെന്നറിയുക. ഒരിക്കലും പങ്കാളിയോട് അശ്ലീല വാക്കുകൾ ഉപയോഗിക്കാതിരിക്കുക. 'നീ ഒരിക്കലും നേരെയാവില്ല' എന്ന രീതിയിൽ കുറ്റപ്പെടുത്താതിരിക്കുക.
പങ്കാളിയെ കേൾക്കാം
കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇടയ്ക്ക് മറ്റു കുടുംബാംഗങ്ങളെ ഇതിൽ ഉൾപ്പെടുത്താതിരിക്കുക. നിങ്ങൾ പങ്കാളിയുടെ അഭിപ്രായവുമായി വിയോജിക്കുമ്പോഴും അവരോട് സ്‌നേഹവും പിന്തുണയും പ്രഖ്യാപിച്ചു കൊണ്ടു വിയോജിക്കാം. നിങ്ങളുടെ ഭാഗം വ്യക്തമായി പറയുകയും ചെയ്യാം.
എല്ലാകാര്യത്തിലും എന്റെ ഇഷ്ടം നടക്കണം എന്ന സ്വാർഥചിന്ത ഒഴിവാക്കുക. പ്രതിപക്ഷ ബഹുമാനമില്ലാത്ത പദങ്ങൾ ഒഴിവാക്കണം. പങ്കാളി എന്തെങ്കിലും തെറ്റായ വാക്കുകൾ പറഞ്ഞാൽ തന്നെ അതു ക്ഷമിക്കാൻ തയ്യാറാവുക. ദേഷ്യം വരുമ്പോൾ പരസ്പരം പൊട്ടിത്തെറിക്കാതിരിക്കുക. പങ്കാളിയുടെ പഴയ തെറ്റുകളും വീഴ്ചകളും ഓർമിപ്പിച്ചു വഴക്കുണ്ടാക്കരുത്. പങ്കാളിയെ ദേഷ്യപ്പെടുത്തുന്നത് എന്താണെന്ന് കണ്ടറിഞ്ഞ് സംസാരിക്കുക.
സംസാരിക്കുമ്പോൾ പങ്കാളിയുടെ ഭാഗവും കേൾക്കാൻ നാം തയ്യാറാകണം. ഞങ്ങൾ രണ്ടുപേരും ഒരു ടീം ആണെന്നുള്ള സുരക്ഷിതത്വബോധം ഉളവാക്കുന്ന രീതിയിൽ മാത്രം സംസാരിക്കുക. സംസാരിക്കുമ്പോൾ 'ഞാൻ തന്നെയാണ് ബോസ്' എന്ന രീതിയിൽ സംസാരിക്കരുത്. ഭർത്താക്കന്മാർ ഭാര്യമാരോട് പരുഷമായി, അവരെ തരം താഴ്ത്തുന്നതരത്തിൽ സംസാരിക്കാതിരിക്കുക. സ്ത്രീകൾ കൂടുതൽ വൈകാരികതലത്തിലുള്ള സംസാരം ആഗ്രഹിക്കുമെന്ന് മനസ്സിലാക്കുക. സംസാരിക്കുന്നതോടൊപ്പം സ്‌നേഹം പ്രകടിപ്പിക്കാനും മറക്കരുത്.
എന്നാൽ പുരുഷന്മാരാകട്ടെ ഭാര്യയിൽ നിന്ന് ബഹുമാനം, കൂട്ടായ്മ, പ്രോത്സാഹനം എന്നിവ ആഗ്രഹിക്കും. ഇതു ഭാര്യമാരും ശ്രദ്ധിക്കണം. ഭർത്താവിന്റെ സ്വാഭിമാനത്തിനു ക്ഷതം വരുത്തുന്ന രീതിയിൽ മറ്റുള്ളവരുടെ മുൻപിൽ സംസാരിക്കരുത്. പങ്കാളിയുടെ പഴയ തെറ്റുകൾ മറന്ന്, സ്വന്തം തെറ്റുകൾ ഏറ്റുപറയാം. 'എനിക്ക് ഏറ്റവും വലുത് നീയാണ്' എന്നു പറയുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഒരുമിച്ച് പ്രാർഥിക്കുക. ചർച്ച ചെയ്യുന്ന വിഷയങ്ങൾ വളരെ കരുതലോടെ തെരഞ്ഞെടുക്കുക.
ചിലപ്പോൾ നിങ്ങളുടെ പങ്കാളി വിഷമിച്ച് ചില കാര്യങ്ങൾ പറയുമ്പോൾ തിരിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ശ്രദ്ധയോടെ പ്രശ്‌നങ്ങൾ ശ്രവിച്ചാൽ മതി, അവരുടെ മനസ്സിനെ ശാന്തമാക്കാൻ.
പങ്കാളിയുടെ ശരീരത്തെ കുറ്റപ്പെടുത്തേണ്ട
പങ്കാളിയുടെ ബാഹ്യഭംഗിയെപ്പറ്റി പുകഴ്ത്താം. എന്നാൽ ശരീരത്തെ പറ്റി കൂടുതൽ വിമർശിക്കാതിരിക്കുക. സംസാരിക്കുമ്പോൾ മാന്യമായും സഹാനുഭൂതിയോടെയും ക്ഷമയോടെയും സംസാരിക്കണം. സംസാരിക്കുമ്പോൾ ക്ഷിപ്രകോപികളാകാതിരിക്കാൻ ശ്രദ്ധിക്കണം. ഭാര്യ / ഭർത്താവ് ക്ഷീണിച്ചു വരുമ്പോൾ വീട്ടിലെ സർവപ്രശ്‌നങ്ങളും തുറന്നു പറയാതിരിക്കുക. പ്രശ്‌നങ്ങൾ സാവധാനം സ്‌നേഹത്തിന്റെ ഭാഷയിൽ അവതരിപ്പിക്കണം. വീട്ടിലുള്ള മക്കളോടും മറ്റംഗങ്ങളോടും പങ്കാളിയുടെ കുറ്റം പറയരുത്. കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക.
പങ്കാളി നിങ്ങളോട് എങ്ങനെ സംസാരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും സംസാരിക്കുക. നിങ്ങളുടെ സംസാരം എതിർവശത്ത് പ്രതീക്ഷ നൽകുന്നതും പങ്കാളിയിൽ സന്തോഷമുണ്ടാക്കുന്നതുമാകട്ടെ.
വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങുമ്പോൾ ഭാര്യയോട് ഒരു I Love you പറയുന്നതിൽ മടിക്കേണ്ടതില്ല (സ്‌നേഹം കൂടുതലായതുകൊണ്ട് ഒരു ഭാര്യയും വഷളായിട്ടില്ല). അതു ആ ദിവസം മുഴുവൻ അവളിൽ പുതിയ ഒരു ഊർജം നിറയ്ക്കും. പങ്കാളിയുടെ പിറന്നാൾ, നിങ്ങളുടെ വിവാഹ വാർഷികം എന്നിവ ആഘോഷിക്കുക. പ്രത്യേകമായി ആശംസിക്കുക.
വാക്കുകൾ വിവേകത്തോടെ
ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ 'ഞാൻ നിന്നെ വിശ്വസിക്കുന്നു' എന്ന് ബോധപൂർവം പറഞ്ഞു നോക്കൂ. ഇതു നിങ്ങളുടെ ബന്ധത്തിൽ ഒരു പ്രത്യേക അടുപ്പം കൊണ്ടുവരും. വിവേകത്തോടെ വാക്കുകൾ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഭാര്യ പുതിയ ഒരു വസ്ത്രം ധരിക്കുമ്പോൾ ഇതു നിനക്കു ചേരില്ല, തടി കൂടുതലാണ് എന്നു വെട്ടിത്തുറന്നു പറയാതെ 'ഇതു നല്ലതാണ്, എങ്കിലും മറ്റേതിൽ നീ കൂടുതൽ സുന്ദരിയാണെ'ന്നു പറയുക. ഭർത്താവ് വൈകിട്ട് വീട്ടിൽ വരുമ്പോൾ 'ഇന്നത്തെ ദിവസം എങ്ങനെ യുണ്ടായിരുന്നു എന്നും' 'നിങ്ങൾ നന്നായി കഷ്ടപ്പെടുന്നു' എന്നും ഭാര്യ പറയാൻ ശ്രമിച്ചാൽ അവിടെ പോസിറ്റീവായ ഒരു പുതിയ സംഭാഷണം തുടങ്ങുകയായി.
ഭർത്താവ് വൈകിട്ട് തളർന്നു ക്ഷീണിച്ചു വരുമ്പോൾ ഭർതൃവീട്ടുകാരുടെ കുറ്റവും വീട്ടിലെ പ്രശ്‌നങ്ങളും അടുക്കളയിലേക്ക് വാങ്ങിക്കാനുള്ള സാധനങ്ങളുടെ പട്ടികയും നിരത്താതിരിക്കുക. പങ്കാളിയെ മറ്റുള്ളവരുടെ പങ്കാളികളുമായി താരതമ്യപ്പെടുത്താതിരിക്കുക.
ഇടയ്ക്ക് പങ്കാളിക്ക് സ്‌നേഹത്തോടെയുള്ള സന്ദേശങ്ങൾ ഫോൺവഴി അയയ്ക്കുക. വൈകുന്നേരം ഒരു ചിരിയോടെ പങ്കാളിയെ സ്വീകരിക്കുക. നിങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിലാണ് നിങ്ങളുടെ വീടിന്റെ സന്തോഷം നിലനിൽക്കുന്നതെന്നും തിരിച്ചറിഞ്ഞ് സംസാരിക്കുക. ചിലപ്പോൾ ചില വാക്കുകൾ കടിച്ചമർത്തി വയ്‌ക്കേണ്ടി വരും. എന്നാൽ അതു വീടിന്റെ സമാധാനം നിലനിൽക്കാൻ നല്ലതാണെന്നറിയുക. സ്‌നേഹത്തോടും സഹാനുഭൂതിയോടുമുള്ള സംഭാഷണങ്ങൾ നിങ്ങളുടെ കുടുംബത്തെ ഭൂമിയിലെ സ്വർഗമാക്കും. തീർച്ച.
ഇരുമെയ്യാണെങ്കിലും മനമൊന്നായ്...
ഭാര്യ- ഭർതൃബന്ധത്തിൽ ഏറ്റവും പവിത്രമായ ഒന്നുതന്നെയാണ് ലൈംഗികത. പരസ്പരം സ്‌നേഹം പങ്കുവയ്ക്കലാണ് ആരോഗ്യകരമായ ലൈംഗികതയുടെ അടിത്തറ. ലൈംഗികത മാത്രമല്ല ജീവിതമെന്നും ഓർമിക്കുക. എന്നാൽ ലൈംഗികജീവിതമില്ലാതെ ദാമ്പത്യജീവിതം പൂർണമാകുന്നില്ല.
ഭാവനയെ പുറത്തുനിറുത്താം
സുഹൃത്തുക്കളിൽനിന്നു കേട്ട വിവരണങ്ങളും സുഹൃത്തുക്കൾക്കൊപ്പം കണ്ട വീഡിയോകളുടെ സ്വാധീനവും വിവാഹിതരായ കൂട്ടുകാർ നൽകുന്ന അതിശയോക്തി കലർന്ന അനുഭവങ്ങളും ചേർന്ന ഭാവനയുടെ ചിറകിലേറിയാണ് പലരും ദാമ്പത്യ ജീവിതത്തിലേക്കു കടക്കുന്നത്. അതൊന്നും യാഥാർഥ്യമല്ലെന്നു തിരിച്ചറിയാൻ സമയമെടുക്കും. അതിനാൽ ഭാവനയെ പുറത്തു നിറുത്തിവേണം കിടപ്പറയിലെത്താൻ.
തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിൽ വളർന്ന രണ്ടു വ്യക്തികൾ ഒന്നായി ഇണങ്ങിച്ചേരാൻ സമയമെടുക്കുമെന്ന യാഥാർഥ്യം ആദ്യമേ മനസ്സിലാക്കണം. ശരീരങ്ങൾ സൗഹൃദത്തിലാവുന്നതുവരെ വിവാഹിതർ കാത്തിരിക്കുക എന്നതു ലൈംഗികതയിൽ പ്രധാനപ്പെട്ടതാണ്.
പരസ്പരം മനസ്സിലാക്കാം
പരസ്പരം മനസ്സിലാക്കുക എന്നതാണു ലൈംഗിക ജീവിതത്തിൽ ഏറ്റവും പ്രധാനം. പരസ്പരമുള്ള പരിഗണനയിൽ നിന്നാണ് ആസാദ്യകരമായ ലൈംഗികത സാധ്യമാകുക. അന്യോന്യം എങ്ങനെ തൃപ്തിപ്പെടുത്താനാവുമെന്നും ആഗ്രഹങ്ങളും ബലഹീനതകളും രുചികളുമൊക്കെ പങ്കാളിയോടു തുറന്നു പറയാം. പലപ്പോഴും പങ്കാളിയുടെ മാനസിക-ശാരീരിക അവസ്ഥകൾ ലൈംഗികതയെ ബാധിക്കാറുണ്ട്. കഠിനമായ ജോലിയും ദീർഘയാത്രകളും ഓഫീസിലെ പ്രശ്‌നങ്ങളും പരിഹാരം കാണാൻ സാധിക്കാത്ത വീട്ടിലെ നിരവധി പ്രശ്‌നങ്ങളും ലൈംഗികതയെ ബാധിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ പങ്കാളിയുടെ താത്പര്യമില്ലായ്മയെ കുറ്റപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കുക. പങ്കാളിയുടെ മൂഡ് മനസ്സിലാക്കുക എന്നതാണു ലൈംഗികതയിലെ പരിഗണന.
കിടപ്പറ പോർക്കളമല്ല
ലൈംഗികതയെ ഗുസ്തിയായി കണക്കാക്കുന്ന ചിലരെങ്കിലും ഉണ്ടാകും. ആ പ്രവണത ശരിയല്ല. സ്‌നേഹത്തിലേക്കുള്ള വഴിയാണ് ലൈംഗികത. പരസ്പരം അംഗീകരിച്ചും സഹകരിച്ചും മാത്രമേ അതിൽ വിജയിക്കാനാവൂ. രണ്ടു മനസ്സുകളും ശരീരവും പരസ്പരം ലയിച്ച് ഒന്നാവുന്ന സന്തോഷത്തിന്റെ നിമിഷങ്ങൾ മാത്രമാവണം ലൈംഗികതയിൽ ഉണ്ടാവേണ്ടത്.
ഇന്റർനെറ്റും അശ്ലീല സൈറ്റുകളും ഒരിക്കലും ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ അവബോധം വർധിപ്പിക്കുന്നില്ല. അതൊക്കെ കൗതുകത്തിനു മാത്രമാകാം. ഒരിക്കലും അത് ലൈംഗികതയുടെ പാഠപുസ്തകമാവരുത്. ഒറ്റരാത്രിക്കൊണ്ട് സുഖാനുഭൂതിയുടെ തീരമണയാം എന്നു കരുതുമ്പോഴാണ് ചെറിയ പരാജയങ്ങൾ പോലും ലൈംഗിക ജീവിതത്തിൽ കനത്ത ക്ഷതമേൽപ്പിക്കുന്നത്.
പരിഗണന അതു മറക്കരുത്
ഭർത്താവിൽ നിന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് എന്തെന്ന് ചോദിച്ചാൽ 95 ശതമാനം സ്ത്രീകളും പറയുന്ന ഉത്തരം പരിഗണന എന്നതായിരിക്കും. എപ്പോഴും എവിടെയും പങ്കാളിയെ പരിഗണിക്കാൻ സാധിക്കണം. ഒരു നോക്കിലൂടെയും വാക്കിലൂടെയും തലോടലിലൂടെയും ഞാൻ നിനക്കൊപ്പമുണ്ട് എന്നു പങ്കാളിയെ ബോധ്യപ്പെടുത്താൻ സാധിക്കണം. ആ നിശബ്ദമായ പിന്തുണയാണ് ഓരോ സ്ത്രീയും പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നതും. കിടപ്പറയിലും ആ പരിഗണന സ്ത്രീ ആഗ്രഹിക്കും. അതിനാൽ പങ്കാളിയെ ലൈംഗികതയിൽ പരിഗണിക്കൂ. മറകളില്ലാതെ സ്‌നേഹിക്കൂ.
കുറ്റപ്പെടുത്തല്ലേ...
ലൈംഗിക ജീവിതത്തിൽ പങ്കാളികൾ പരസ്പരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം. പങ്കാളിയിൽ നിന്ന് കുറവുകൾ ഉണ്ടെങ്കിൽ അത് തുറന്നുപറയാം; പക്ഷേ, കുറ്റപ്പെടുത്തുന്ന രീതിയിലാവരുതെന്നു മാത്രം.
രോഗം ലൈംഗികാനന്ദത്തിന് തടസ്സമാകുന്നു
രോഗംകൊണ്ട് ആരും ഭക്ഷണം ഒഴിവാക്കുന്നില്ല. ചില നിയന്ത്രണങ്ങൾ പാലിക്കുന്നു. അതുപോലെതന്നെയാണ് ലൈംഗികതയുടെ കാര്യവും. രോഗം വന്നാൽ ചില നിയന്ത്രണങ്ങളോടെ ലൈംഗികത ആസ്വദിക്കാൻ സാധിക്കും. രക്തസമ്മർദവും പ്രമേഹവും ലൈംഗിക ജീവിതത്തിനു തടസം സൃഷ്ടിക്കുന്നവയാണ്. ഇവയെ നിയന്ത്രിക്കണം. ഹൃദ്രോഗം ലൈംഗികതയ്ക്കു തടസമാകുന്നില്ലെങ്കിലും അധികം ആയാസമുള്ള ലൈംഗികരീതികൾ ഉപേക്ഷിക്കേണ്ടിവരും. എങ്കിലും രോഗങ്ങൾ ലൈംഗികത അവസാനിപ്പിക്കാനുള്ള സിഗ്നലുകളല്ല. ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ ലൈംഗികത ആസ്വദിക്കുകയാണു വേണ്ടത്. ഇങ്ങനെ ചില നിയന്ത്രണങ്ങൾകൊണ്ടും പങ്കാളിയുടെ സഹകരണം കൊണ്ടും ലൈംഗികജീവിതം തുടരാൻ രോഗാവസ്ഥയിലും സാധിക്കുന്നതാണ്.
പ്രായം പ്രശ്‌നമല്ല
അയ്യോ ഈ പ്രായത്തിലോ എന്ന് നാണിക്കാൻ ലൈംഗികതയിൽ യാതൊന്നുമില്ല. ഏതു പ്രായത്തിലും ലൈംഗികത ആസ്വദിക്കാം. ലൈംഗികതയുടെ അടിസ്ഥാനം പ്രായമല്ല, മനസ്സാണ്. ശരീരത്തിന്റെ ഇഷ്ടങ്ങളെ അടക്കിവയ്ക്കാതെ, പിരിമുറുക്കം അയച്ചുവിടുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം കൂടിയാണ് ലൈംഗികത. ഉറക്കം, ഭക്ഷണം എന്നിവയ്‌ക്കൊപ്പം മൈഥുനം കൂടിയാണു ശരീരത്തിന്റെ ആരോഗ്യത്തെ നിലനിറുത്തുന്നതെന്ന് ആയുർവേദം പറയുന്നു.
മുപ്പതുവയസിൽ ലൈംഗികജീവിതം ആസ്വദിക്കുന്നതുപോലെ ഇരുപതുവർഷങ്ങൾക്കു ശേഷം ലൈംഗികജീവിതം ആസ്വദിക്കണമെന്ന് വാശിപിടിക്കുന്നതിലും കാര്യമില്ല. അത് അതൃപ്തിക്കും നിരാശയ്ക്കും വഴിതെളിക്കുകയേയുള്ളു. മാറ്റങ്ങളെ സന്തോഷത്തോടെ ഉൾക്കൊണ്ടാൽ നിരാശപ്പെടേണ്ടി വരില്ല.
പ്രായം കൂടുമ്പോൾ കൂടുതൽ പക്വമായ ലൈംഗികതയിലേക്കു മാറണം. ഇരുവരുടെയും ശാരീരികമായ ന്യൂനതകൾ പങ്കാളികൾ ഇരുവരും മനസ്സിലാക്കണം. അതനുസരിച്ച് കൂടുതൽ പരിഗണനയും വേണം. പങ്കാളിയെ നിരാശപ്പെടുത്താതെ, തന്റെ ആനന്ദങ്ങളോടു ചേർത്തുനിർത്താൻ ശ്രദ്ധിക്കണം. ഇങ്ങനെയായാൽ പ്രായത്തിനും ആരോഗ്യത്തിനും അനുഗുണമായ രീതിയിൽ ഏതു പ്രായത്തിലും ലൈംഗികത ആസ്വദിക്കാം.
ആരോടു പറയണം
ലൈംഗികതയെ സംബന്ധിച്ച സംശയങ്ങളും ചോദ്യങ്ങളും ആരോടു ചോദിക്കണം. എവിടെനിന്ന് ശരിയായ ഉത്തരം ലഭിക്കും. ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണിത്. ദാമ്പത്യജീവിതം വേർപിരിയലിന്റെ വക്കിലെത്തുന്നതുവരെ സ്വന്തം വീട്ടുകാരോടു പോലും പറയാതെ പലരും മറച്ചുവയ്ക്കുന്നു. ദാമ്പത്യബന്ധത്തിന്റെ തകർച്ചയ്ക്കു കാരണം ലൈംഗികപ്രശ്‌നങ്ങളാണെങ്കിൽ ജീവിതം തകർന്നാലും അക്കാര്യം സ്വന്തം വീട്ടുകാരോടുപോലും തുറന്നുപറയാൻ പലർക്കും മടിയാണ്.
ചിലപ്പോൾ അബദ്ധധാരണകളോ, കൗമാര-യൗവനങ്ങളിൽ ലഭിച്ച പാഠങ്ങളോ, കൂട്ടുകാരിൽ നിന്നു ലഭിച്ച തെറ്റായ ഉപദേശങ്ങളോ ആവാം വികലമായ ലൈംഗികതയ്ക്കും ജീവിതത്തിലെ അസ്വാരസ്യത്തിനും കാരണം. ശരിയായ ഉപദേശം ലഭിച്ചിരുന്നെങ്കിൽ, ഇവർക്കൊരുപക്ഷേ തങ്ങളുടെ തെറ്റുകളെ ഒഴിവാക്കാൻ സാധിക്കുമായിരിക്കും. നിർഭാഗ്യവശാൽ പലർക്കും അത്തരമൊരു അവസരം ലഭിക്കുന്നില്ല.
ശരീരത്തിന് അസുഖം വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ തന്നെയാണ് മനസ്സിന് അസുഖം വരുമ്പോൾ മനഃശാസ്ത്രജ്ഞന്റെയോ കൗൺസലറുടെയോ സഹായം തേടുന്നത്. അതിൽ ലജ്ജിക്കേണ്ടതായി യാതൊന്നുമില്ല. വീട്ടുകാരോടോ, സുഹൃത്തുക്കളോടോ തുറന്നുപറയാനാവാത്ത കാര്യങ്ങൾ സംസാരിക്കാനൊരു അവസരം എന്നുമാത്രം കരുതിയാൽ മതി.
ദാമ്പത്യജീവിതത്തിൽ വാട്സ്ആപ്പ് വില്ലനാകുമ്പോൾ
ഇന്നു സോഷ്യൽ മീഡിയ പല കുടുംബബന്ധങ്ങളേയും തകർത്തുകൊണ്ടിരിക്കുന്നു. നാം പറയുന്നതും ചെയ്യുന്നതുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ചർച്ച ചെയ്തുകൊണ്ടിരിക്കും. ഇതു ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നറിയാൻ വലിയ ബുദ്ധിമുട്ടില്ല.
പണ്ടൊക്കെ കമിതാക്കൾ തമ്മിൽ തങ്ങളുടെ സ്നേഹം കൈമാറിയിരുന്നത് നീണ്ട പ്രേമലേഖനങ്ങളിലൂടെയായിരുന്നു. എന്നാൽ ഇന്ന് വിരൽത്തുമ്പിൽ വാട്സ്ആപ്പുള്ളപ്പോൾ ഒരു നിമിഷംകൊണ്ട് ഒന്നിൽ കൂടുതൽ കമിതാക്കൾക്ക് സന്ദേശമയച്ച് രസിക്കുന്നത് ഒരു ശീലമാക്കി യുവതലമുറ. പണ്ടൊക്കെ ഗൾഫിലുള്ള ഭർത്താവ് തന്റെ ഭാര്യയോട് I Miss You എന്നു പറയാൻ എഴുതിയിരുന്ന കത്തുകൾ ഭാര്യമാർ നിധിപോലെ സൂക്ഷിച്ചിരുന്നു. ഇന്ന് കാര്യങ്ങളൊക്കെ വാട്സ്ആപ്പിലൂടെ എളുപ്പമായതോടെ സ്നേഹത്തിന്റെ തീവ്രതയും സത്യസന്ധതയും കുറഞ്ഞു. എന്നാൽ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന സംശയരോഗവും ഏറിവന്നു.
ഭർത്താവു വിദേശത്തിരിക്കെ, അവരുടെ ഭാര്യമാർ വാട്സാപ്പിലൂടെ മറ്റുബന്ധങ്ങൾ തേടി പല കെണികളിൽ ചെന്നുപെടാറുണ്ട്. ഇതുപേടിക്കുന്ന ഭർത്താക്കന്മാരാകട്ടെ ഭാര്യമാരെ നിരന്തരമായി ശ്രദ്ധിക്കാൻ തുടങ്ങും. പണ്ടൊക്കെ ഭർത്താവ് അയയ്ക്കുന്ന കത്തിനായി ഭാര്യമാർ നാട്ടിൽ കാത്തിരിക്കും. ആ കാത്തിരിപ്പ് ചിലപ്പോൾ ഒന്നോ രണ്ടോ മാസം വരെ നീളും. എന്നാൽ ഇന്ന് തന്റെ പങ്കാളി തനിക്ക് ഉടൻ തന്നെ വാട്സ്ആപ്പിൽ മറുപടി തന്നില്ലെങ്കിൽ പിന്നെ അസ്വസ്ഥതയായി, രണ്ടുപേരും പിരിഞ്ഞു പോകുമോ എന്നുവരെ ഭയപ്പെടുന്ന ഒരു സാഹചര്യം തന്നെ സംജാതമായിരിക്കുന്നു.
പങ്കാളിക്കും ഒരു സ്വകാര്യതയുണ്ട്
ഇന്ന് ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം വിശ്വസിക്കാനാകാത്ത ഒരു സ്ഥിതിയാണ് കാണപ്പെടുന്നത്. ഇടയ്ക്ക് വാട്സ്ആപ്പിൽ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്ത് സ്ഥിരമായി ബന്ധം പുലർത്തണമെന്ന് ചിലർക്കു നിർബന്ധമുണ്ട്. എന്നാൽ, തന്റെ പങ്കാളിക്കും ഒരു സ്വകാര്യതയുണ്ടെന്നും പരസ്പരമുള്ള വിശ്വാസമാണ് കുടുംബജീവിതത്തിനാധാരമെന്നും നാം തിരിച്ചറിയുന്നില്ല.
വാട്സ്ആപ്പിൽ പലരുമായി സംസാരിച്ചു നടന്നിട്ട് വിവാഹം കഴിക്കുമ്പോഴും ഈ സംശയം തന്നെ നിങ്ങളുടെ ദാമ്പത്യത്തിൽ വില്ലനാകും.
ശ്രദ്ധിക്കാൻ ഏറെയുണ്ട്
വാട്സ്ആപ്പിൽ പലപ്പോഴും നാം നേരിട്ടറിയാത്ത പലരുടെയും സന്ദേശം വരാം. അവരുമായി സംസാരിക്കരുത്. ഒരിക്കലും നിങ്ങളുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറരുത്. വീഴ്ചയിലേയ്ക്കുള്ള പടി വളരെ അടുത്തായിരിക്കാം. നിങ്ങളുടെ പങ്കാളിയിൽ നിന്നും കിട്ടാത്തതൊന്നും നിങ്ങൾക്ക് വാട്സാപ്പിലൂടെ ലഭ്യമാകില്ല.
പല പുരുഷന്മാരും, സ്നേഹം അഭിനയിച്ച് വാട്സ് ആപ്പിൽ സന്ദേശമറിയിക്കും. പിന്നെ നഗ്‌നചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിക്കും. അപ്പോൾ ഇതു ചതിക്കുഴിയാണെന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാവണം. ഒരിക്കലും നിങ്ങളുടെ സ്വകാര്യത വാട്സ്ആപ്പിൽ പങ്കുവയ്ക്കരുത്. ഉദാ: ഭർത്താവിന്റെ ജോലി, എത്ര കുട്ടികളുണ്ട്, അവർ എവിടെ പഠിക്കുന്നു, നിങ്ങളുടെ വീട് എവിടെ സ്ഥിതി ചെയ്യുന്നു തുടങ്ങിയവ ഒരിക്കലും അപരിചിതരുമായി പങ്കുവയ്ക്കരുത്.
ഭാര്യയ്ക്കും ഭർത്താവിനും ഒരേയൊരു വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാകുന്നതാണ് അഭികാമ്യം. എന്നാൽ ചിലപ്പോൾ ഇതു പ്രായോഗികമല്ല. നിങ്ങളുടെ പങ്കാളി എപ്പോഴാണ് വാട്സ്ആപ്പിൽ പ്രത്യക്ഷമാകുന്നത് എന്നുനോക്കി എപ്പോഴുമിരിക്കരുത്. പങ്കാളി അറിയാതെ അവരുടെ വാട്സ്ആപ്പ് സന്ദേശങ്ങളും ഗ്രൂപ്പുകളും തിരഞ്ഞു നടക്കുന്നത് നിങ്ങളുടെ ബന്ധത്തെ ശിഥിലമാക്കുകയേള്ളു.
ഭാരിച്ച ജോലിയുമായി ഓഫീസിൽ ഇരിക്കുന്ന ഭർത്താവിന് തുടർച്ചയായി ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ ആരോടെല്ലാം വാട്സ്ആപ്പിൽ സംസാരിക്കുന്നുണ്ടെന്ന് നിങ്ങളുടെ പങ്കാളി അറിയണം. നിങ്ങളുടെ പങ്കാളിക്കു രസിക്കാത്ത സംസാരങ്ങളും സന്ദേശങ്ങളും ഒരിക്കലും ആരോടും വേണ്ട. വാട്സ്ആപ്പിലൂടെ മാത്രം പങ്കാളിയോട് ആശയവിനിമയം ചെയ്യുന്നവർ വളരെ വേഗത്തിൽ തന്നെ അകലാൻ സാധ്യതയുണ്ട്. ദൂരെയായിരിക്കുന്ന പങ്കാളികൾ തമ്മിലുള്ള വാട്സ്ആപ്പ് ആശയവിനിമയം കൂടുതൽ തെറ്റിധാരണകളും അസ്വസ്ഥതകളും വളർത്തുകയേയുള്ളു. ദിവസവും തമ്മിൽ നേർക്കുനേർ നോക്കി സംസാരിക്കണം. ദൂരെയുള്ള പങ്കാളിയെ ഫോൺ വിളിച്ചു സംസാരിക്കണം.
നിങ്ങളുടെ പങ്കാളിക്ക് വേണ്ട സമയം നൽകുന്നുണ്ടോ?
യഥാർഥ ജീവിതത്തിൽ ഭാര്യയ്ക്കോ ഭർത്താവിനോ കൊടുക്കേണ്ട സമയം നിങ്ങൾ വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്തു കളയുന്നുണ്ടോ. നിങ്ങൾ സന്ദേശമറിയിക്കുന്ന പലരും നിങ്ങളുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആവാം. എന്നാൽ സുദൃഢമായ ദാമ്പത്യ ബന്ധത്തിനായി നിങ്ങൾ യഥാർഥ ജീവിതത്തിൽ സമയം കണ്ടെത്തണം. സ്ഥിരമായി നിങ്ങളുടെ പങ്കാളിയുമായി വാട്സ്ആപ്പിലൂടെ സന്ദേശം കൈമാറുന്നവർക്ക് വളരെ ശിഥിലമായ ഒരു ബന്ധമേ ഉണ്ടാകുകയുള്ളു.
നിങ്ങളുടെ പങ്കാളിയല്ലാത്ത, പലരുമായി ചിലപ്പോൾ വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറാൻ സാധ്യതയുണ്ട്. ഇത് അമിതമായാൽ പങ്കാളിയുമായി സ്ഥിരമായി വഴക്കിലേർപ്പെടാനിടയാകും.
എന്താണ് പരിഹാരം?
നിങ്ങളുടെ സുഹൃത്തുക്കളുമായി സന്ദേശങ്ങൾ കൈമാറാം. എന്നാൽ വാട്സ്ആപ്പിന്റെ ഉപയോ ഗത്തിനായി ഒരു നിശ്ചിതസമയം ക്രമീകരിക്കണം. കുടുംബവുമായി ചിലവഴിക്കേണ്ട സമയം നിങ്ങൾ മറ്റൊന്നിനും കൊടുക്കരുത്. നിങ്ങളുടെ കുട്ടികളെ (18 വയസിനു താഴെ) ഒരിക്കലും വാട്സ്ആപ്പ് ഉപയോഗിക്കാൻ സമ്മതിക്കരുത്.
പങ്കാളിയുടെ വാട്സ്ആപ്പ് തിരയാതിരിക്കുക.
തുടരെയായി വരുന്ന സന്ദേശങ്ങൾ ഒഴിവാക്കുക. പങ്കാളിയുമായി എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നതു ശീലമാക്കണം. വീട്ടിൽ വന്നതിനുശേഷം വാട്സ്ആപ്പ് ഉപയോഗിക്കാതിരിക്കുക. നിങ്ങൾക്കു പരിചയമില്ലാത്തവരുമായി ചാറ്റ് ചെയ്യരുത്. അവശ്യഘട്ടങ്ങളിൽ കൗൺസലിംഗും സ്വീകരിക്കാം. പങ്കാളിയെ വിശ്വസിക്കുക. നിങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് വാട്സ്ആപ്പിലൂടെയാകരുത്. പങ്കാളിയുമായി നൂറുശതമാനം വിശ്വസ്തരായിരിക്കുമെന്ന് തീരുമാനമെടുക്കണം.
നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുന്നതിനിടയ്ക്ക് ഫോൺ ഉപയോഗിക്കരുത്. സ്ഥിരമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നത് വഴി നിങ്ങൾ അതിന്റെ അടിമത്വത്തിലാണെങ്കിൽ അതു തിരിച്ചറിഞ്ഞ് കൗൺസലിങ്ങും തെറപ്പിയും സ്വീകരിക്കണം. ഓർക്കുക, ദാമ്പത്യ ജീവിതം വളരെ പവിത്രമാണ്. നിങ്ങളുടെ ജീവിതത്തിൽ വാട്സ്ആപ്പ് വില്ലനാകാതിരിക്കട്ടെ...
ആത്മഹത്യയിൽ അഭയം തേടുന്നവർ
അനുദിനം വർധിച്ചുവരുന്ന ആത്മഹത്യ വാർത്തകൾ ആശങ്കയുളവാക്കുന്നതാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിൽ സംഭവിക്കുന്ന പരാജയങ്ങളാണ് മിക്ക ആത്മഹത്യകൾക്കും കാരണമാകുന്നത്. പരാജയങ്ങൾ അഭിമുഖീകരിക്കാൻ ശേഷിയില്ലാത്ത സമൂഹമായി നാം മാറി. ഒരു വർഷം ഏകദേശം എട്ടു ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് എല്ലാ 40 സെക്കൻഡിലും ഈ ലോകത്തിൽ എവിടെയൊ ഒരാൾ ആത്മഹത്യ ചെയ്യുന്നുവെന്ന് അർഥം.
വിജയകരമായ ഓരോ ആത്മഹത്യയോടൊപ്പം ഇരുപതിൽ പരം പേർ മരണത്തിൽ കലാശിക്കാതെ പോയ ആത്മഹത്യാശ്രമങ്ങളും നടത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ഓരോ രണ്ടു സെക്കൻഡിലും ലോകത്തിലെവിടെയോ ഒരു ആത്മഹത്യാശ്രമം നടക്കുന്നുവെന്ന്. ഈ ഓരോ ശ്രമങ്ങളും പത്തിലധികം ആൾക്കാരെ വിഷമ വൃത്തത്തിലാക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഉയർന്ന ആത്മഹത്യ പ്രവണത ഒരു സാമൂഹ്യപ്രശ്‌നമാണ്. വേഗത്തിൽ ഉത്തരം കണ്ടെത്തേണ്ട, മാനവരാശിയുടെ ഭാവിയെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഒരു മഹാവിപത്താണ് ഇത്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല
പ്രതിവർഷം ഏകദേശം 8000 പേർ നമ്മുടെ കൊച്ചു കേരളത്തിലും ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ഒരു ദിവസം ഏകദേശം 25 പേർ, ഒരു മണിക്കൂറിൽ ഒരാൾ. അതിന്റെ 20 ഇരട്ടി അതായത് മൂന്നു മിനിറ്റിൽ ഒരാൾ ആത്മഹത്യാശ്രമം നടത്തുന്നു. ഇതിൽ 60 ശതമാനവും ഏറ്റവും സജീവമായ 30-നും 59 വയസിനും ഇടയിലുള്ളവരാണെന്നതാണ് ഭീതിജനകമായ വസ്തുത. 15-നും 40-നും ഇടയിൽ പ്രായമുള്ളവരിൽ ഏറ്റവും സാധാരണ മരണ കാരണമാണ് ആത്മഹത്യ. വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന വാഹനാപകട മരണങ്ങൾ ഇതിനോട് താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല. കേരള പൊലീസിന്റെ കണക്കു പ്രകാരം 2018-ൽ 4300 ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. ഒരു ദേശീയ ആത്മഹത്യാ നിവാരണ പദ്ധതി ഇന്ത്യയിൽ ഇന്നുമില്ല. ഉയർന്ന ആത്മഹത്യാ നിരക്കുകൾ ഇന്നും ഒരു പ്രശ്‌നമായി നാം അംഗീകരിച്ചിട്ടില്ല.
മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിന്റെ പേരിൽ വഴക്കു പറഞ്ഞതിനോ പഠിക്കാൻ പറഞ്ഞതിനോയൊക്കെ പത്തും പന്ത്രണ്ടും വയസുള്ള കുഞ്ഞുങ്ങൾ പോലും ആത്മഹത്യയിൽ അഭയം തേടുന്നുവെന്ന വാർത്ത നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. എല്ലാം ഹൈടെക് ആയതോടെ ചെറിയൊരു വിഷമം വന്നാൽ പോലും അത് താങ്ങാനുള്ള കരുത്ത് യുവതലമുറയ്ക്ക് ഇല്ലാതാകുന്നുവെന്നത് മാറുന്ന കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെയാണ് സൂചിപ്പിക്കുന്നത്. മക്കളെ അതിജീവനത്തിന് പ്രാപ്തരാക്കുന്നതിനു പകരം അമിത ലാളനയ്ക്ക് പാത്രമാക്കുന്ന മാതാപിതാക്കളാണ് ഏറെയും. യേസ് മാത്രം കേട്ടു ശീലിച്ച തലമുറയ്ക്ക് പലതും താങ്ങാനുള്ള കരുത്തില്ലാതായി. സാമ്പത്തിക ബാധ്യതയോ ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകളോ മൂലം കുടുംബത്തെ മുഴുവനായി ഇല്ലാതാക്കുന്നവരും ഇന്ന് വിരളമല്ല.
സ്ത്രീയാണ് ധനമെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഇവിടെ സ്ത്രീധനമരണങ്ങൾ ആവർത്തിക്കപ്പെടുന്നു. ഉത്തര, വിസ്മയ, അർച്ചന എന്നീ പെൺകുട്ടികളുടെ മരണത്തിനു പിന്നിലും സ്ത്രീധനം എന്ന വിപത്തായിരുന്നു. കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 13 വർഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട് 212 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പ്രണയ പകയേറുന്നു
പ്രണയിനിയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് യുവതീ യുവാക്കൾക്കു മുന്നിൽ അത് അന്യമാണ്. പ്രണയമെന്നാൽ ചാറ്റും വീഡിയോ കോളും അതിലപ്പുറം ലൈംഗിക സുഖം പകരുന്ന ഒന്നുമാത്രമാണെന്ന ചിന്തയിലേക്ക് യുവത്വം എത്തിയിരിക്കുന്നു. വിശുദ്ധ പ്രണയവും വിരഹ വേദനയുമൊക്കെ പണ്ടെങ്ങോ സിനിമകളിൽ മാത്രം കണ്ട ഒന്നായി മാറി. പ്രണയം പകയും ചതിയുമാകുമ്പോൾ ചിറകറ്റുവീഴുന്നവർ നിരവധിയാണ്. പ്രണയനൈരാശ്യവും ഒഴിവാക്കലും നിസ്സാരമായി കാണുന്ന ഇക്കാലത്ത് ഷാരോൺ രാജ് എന്ന ചെറുപ്പക്കാരൻ മലയാളിക്കു മുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കത്തിച്ചും കത്തിമുനയിൽ കോർത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രണയികൾ ഇല്ലാതാക്കിയത് 15 പെൺകുട്ടികളെയാണ്. അതു നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണെന്ന കാര്യം മറക്കരുത്. വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും കൂട്ടുകൂടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ കാമുകന്മാർക്കൊപ്പം ഒളിച്ചോടി ചതിക്കുഴിയിൽപ്പെടുന്ന വാർത്തകൾ ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പുകയുന്ന യുവത്വം
കേരളം ലഹരിമാഫിയുടെ ഇടത്താവളമായി മാറിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് ഇന്ന് പുറത്തുവരുന്നത്. നാഷണൽ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനം കൊച്ചിക്കാണ്. കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്ന് ഇടപാടുകൾ തന്നെയാണ്. പിടിക്കപ്പെടില്ല എന്ന ധാരണയിൽ പെൺകുട്ടികളാണ് പലപ്പോഴും ലഹരി വാഹകരായി മാറുന്നതും. സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനമാണ് ഇതിലേറെയും. കേരളത്തിലെ 75 ശതമാനം വിദ്യാർഥികളും ജീവിതത്തിൽ ഒരു തവണയെങ്കിലും ലഹരിയുടെ ആനന്ദം അനുഭവിച്ചരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ.സി.ജെ ജോൺ, ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം, ഡോ.നതാലിയ എലിസബത്ത് ചാക്കോ, സൈക്യാട്രിസ്റ്റ്, കിംസ് ഹോസ്പിറ്റൽ, കോട്ടയം