എന്റെ ഗുരുനാഥൻ

08 Apr 2023

രേഖ വെള്ളത്തൂവൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കുറ്റവാളികളായി അവരോധിക്കപ്പെടുന്നവരും പ്രത്യേക സാഹചര്യത്തിൽ കുറ്റവാളികളാകുന്നവരും അലിവും അനുകമ്പയും ഇല്ലാത്ത കരുണവറ്റിയ വ്യക്തികളാണെന്ന് അടച്ചാക്ഷിപേക്ഷിക്കാനാവില്ല. പലരിലും നന്മയുടെ ചെരാതുകൾ അണയാതെ തെളിഞ്ഞുനിൽക്കുന്നുണ്ടാകും. അയാളെന്നെ പാഠം പഠിപ്പി ച്ചു. സർവീസിലിരിക്കേ കണ്ടുമുട്ടിയ ഒരു കുറ്റവാളിയുടെ അനുഭവം പങ്കുവയ്ക്കുന്നു. അയാളെന്റെ അധ്യാപകനായി മാറിയത് എത്ര വേഗമാണ്! പേര് വർഗീസ്. മറ്റൊരു വിളിപ്പേരുണ്ട്. അത് ഇവിടെ പറഞ്ഞ് ഗുരുവിനെ വേദനിപ്പിക്കുന്നില്ല. ഉദ്ദേശം 40 വയസ്സ് പ്രായം. നര കലർന്ന കുറ്റിമുടി. തുറ്റ് മുടിയുണ്ട്. ചീകിയൊതുക്കിയാൽ ആരും കൊതിക്കുന്ന മുടിക്കരുത്ത്. പക്ഷേ, ചീകാറില്ല. എന്തിന്? അയാളുടെ ജോലിക്ക് അതിന്റെ ആവശ്യവുമില്ല. ജോലി എന്താണെന്നു പറഞ്ഞാൽ ചിരി വരും. കള്ളുകുടി, ചീട്ടുകളി, തല്ലു പിടുത്തം. ഉള്ളതു പറയണമല്ലൊ, മോഷണമില്ല. ടൗണിൽ ചുമട് ഉൾപ്പടെ എന്തു ജോലിയും ചെയ്യും. ഒരു ടൗൺ ജീവി. മുന്നിലെ പല്ലുകളില്ല. തടിച്ചു കരി വാളിച്ച ചുണ്ടിൽ സദാ നേരവും ഒരു ബീഡിയുണ്ടാകും. പൊലീസിനെ കണ്ടാൽ ബീഡി ദൂരെ എറിഞ്ഞ് മുണ്ടിന്റെ കുത്ത് അഴിച്ചിട്ട് തൊഴുതുനില്ക്കും.പിന്നെ വളർത്തു പൂച്ചകളെപ്പോലെയാ- അടുത്തു നിന്നു മാറില്ല. എന്തു പറഞ്ഞാലും എന്തു ചെയ്താലും ചിരിച്ചു കൊണ്ടിരിക്കും. ഞാൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആയി ചാർജെടുക്കാൻ ചെന്നപ്പോൾ അവിടെ പിടിച്ചു കൊണ്ട് നിർത്തിയിരുന്ന മുഷിഞ്ഞ വേഷക്കാരുടെ കൂടെ വർഗീസുമുണ്ടായിരുന്നു. ഞാൻ ചെന്നിറങ്ങിയതെ വർഗീസ് ഓടിയെത്തി എന്റെ പെട്ടിയും ബാഗും റൂമിൽ കൊണ്ടു വച്ചു. ഞാ ൻ തടയാൻ ചെന്നപ്പോൾ പാറാവ് നിന്ന പൊലീസുകാരൻ പറഞ്ഞു: 'കുഴപ്പമില്ല സാറെ, ആള് ഇവിടത്തെ സ്ഥിരം കക്ഷിയാ.' ചിരിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നപ്പോൾ ആ പൊലീസുകാരൻ തുടർന്നു പറഞ്ഞു: 'എന്നു കരുതി കൂടുതൽ അടുപ്പിക്കണ്ടാട്ടൊ. തൊട്ടാലൊട്ടുന്ന ഇനമാ...' മുറിയിൽ ചെന്നപ്പോ ഴേക്കും വർഗീസ് മുറി വൃത്തിയാക്കി, പെട്ടിയെല്ലാം കൃത്യമായി വച്ചിരിക്കുന്നു. ഞാൻ ചോദിക്കാതെ തന്നെ പറഞ്ഞു: 'സാറെ, എന്റെ പേര് വർഗീസെന്നാ. സാറമ്മാരൊക്കെ വിളിക്കുന്നത് ... എന്നാ. എന്നെ എല്ലാരും അറിയും. സാറമ്മാർക്കൊക്കെ എന്നെ വല്ല്യ കാര്യാ... അയാളുടെ വേഷവും രീതികളും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. പോക്കറ്റിൽ നിന്നും ഒരു 50 രൂപയെടുത്ത് കൊടുത്ത് ആളെ ഒഴിവാക്കി. ആഴ്ചകൾ കടന്നു പോയതറിഞ്ഞില്ല. പുതിയ സാഹചര്യങ്ങളൊക്കെ പൊരുത്തപ്പെട്ട് വരുമ്പോഴാണ് ആ കേസ് ഉണ്ടായത് -അൺ നാച്വറൽ ഡത്ത്. ടൗണിന് ഏതാണ്ട് 2 കി.മീ. മാറി ഒരു മലയിൽ പാറക്കെട്ടി നോട് ചേർന്നുള്ള കാട്ടിൽ ഒരു സ്ത്രി തൂങ്ങി മരിച്ചു നില്ക്കുന്നു. സബ് ഇൻസ്‌പെക്ടർ സ്ഥലത്തു വന്ന് കണ്ട് എല്ലാം ബോധ്യപ്പെട്ട് നിർദ്ദേശങ്ങൾ തന്നിട്ട് മറ്റൊരു അത്യാവശ്യ ജോലിക്ക് പോയി. എനിക്ക് സഹായത്തിന് രണ്ടു പൊലീസുകാരുമുണ്ട്. എന്തൊ ചെറിയ വഴക്കുണ്ടായി ഈ സ്ത്രീ വീട്ടിൽ നിന്നും ഇറങ്ങി പോയതാണ്. മുൻപും ഇതുപോലെ പോയിട്ടുണ്ട്. ഏ തെങ്കിലും ബന്ധുവീട്ടിൽ ഒരാഴ്ച നിന്നിട്ട് തിരിച്ചുവരും. അതായിരുന്നു പതിവ്. അതുകൊണ്ട് വീട്ടുകാർ അത്രയങ്ങ് ഗൗരവമായി കണ്ടതുമില്ല. ഏതാണ്ട് 35 വയസ്സ് പ്രായം വരും. അവിവാഹിത. കൂലിപ്പണി ചെയ്ത് സഹോദരങ്ങളുമായി താമസിക്കുന്ന സാധാരണ സാധു കുടുംബം. മൃതദേഹത്തിന് നാലഞ്ചു ദിവസം പഴക്കം വരും. ചീഞ്ഞ് വീർത്ത് ഈച്ചയാർത്ത് ഒരു മരക്കൊമ്പിൽ തൂങ്ങി നില്ക്കുന്നു. അടു ത്തടുക്കാൻ വയ്യാത്ത ദുർഗന്ധം. അതുകൊണ്ട് കണ്ടവർ കണ്ടവർ വളരെ ദൂരത്താണ് നില്ക്കുന്നത്. സാ ക്ഷികളായി അടുത്തു നിർത്തിയവർ പോലും ദൂരേയ്ക്കു പോയി. അവരെ തെറ്റു പറഞ്ഞിട്ട് കാര്യമില്ല - നമ്മൾ തേച്ചുമിനുക്കി സ്‌പ്രേ അടിച്ചു പൊന്നുപോലെ കൊണ്ടുനടക്കുന്ന ഈ ശരീരമുണ്ടല്ലൊ... ചീഞ്ഞുനാറിയാൽ ഒന്നും പറയണ്ട - ഏഴയലത്ത് പോലുംഅടുക്കാനാവില്ല. മൃതദേഹം താഴെയിറക്കണം. സഹായത്തിന് പലരേയും വിളിച്ചു. സ്ഥലം പഞ്ചായത്തു മെമ്പർ ശ്രമിച്ചിട്ടു പോലും ആരെയും കിട്ടിയില്ല. അപ്പോഴാണ് വർഗീസിന്റെ കാര്യം ആരോ പറഞ്ഞത്. ഉടനെ ആളെ അയച്ചു. അരമണിക്കൂറു കഴിഞ്ഞപ്പോൾ ദാ വർഗീസ് വരുന്നു. ആൾക്കൂട്ടത്തിന് നടുവിലൂടെ ഒരു കോമാളിയെപ്പോലെ വർഗീസ് വന്നു. നല്ല പൂസ്സായിരുന്നു. എന്നെ കണ്ടതെ മുണ്ടിന്റെ കുത്തഴിച്ചിട്ട് ചുണ്ടത്തെ ബീഡി വലിച്ചെറിഞ്ഞ് കൈകൂപ്പി നിന്നു. ഞാൻ ആവശ്യം പറയുന്നതിനു മുമ്പേ വർഗീസ് മരത്തിൽ കയറി. എറിഞ്ഞു കൊടുത്ത കയർ മൃതദേഹത്തിന്റെ കക്ഷത്തിലൂടെ എടുത്ത് മുറുക്കി കെട്ടി. മറ്റേ അറ്റം ബലമുള്ള കമ്പേൽ കോർത്ത് താഴേക്ക് ഇട്ടു. രണ്ടു പേരെ കയറേൽ പിടിക്കാൻ താഴെ നിർത്തിയിട്ടുണ്ടായിരുന്നു. 'സാറെ... ചെത്തട്ടെ...?' മുകളിൽ നിന്ന് വർഗീസ് ഉറക്കെ ചോദിച്ചു. ഞാൻ തലയാട്ടിയപ്പോൾ മൃതദേഹം തൂങ്ങി നിന്ന കയർ മെല്ലെ കണ്ടിച്ചു. ഇപ്പോൾ താഴെ നിന്ന് കയർ പിടിച്ചിരിക്കുന്നവരുടെ ബല ത്തിലാണ് മൃതദേഹം നിൽക്കുന്നത്. അപ്പോഴേക്കും വർഗീസ് താഴെയിറങ്ങി. പതിയെ താഴ്ന്നു വന്നുകൊ ണ്ടിരുന്ന മൃതദേഹം വർഗീസ് രണ്ടു കൈയും ചേർത്ത് കെട്ടിപ്പിടിച്ച് വളരെ ഉത്തരവാദിത്തത്തോടെ തറയിൽ കിടത്തി. അതിനു ശേഷം വർഗീസ് ചിരിച്ചുകൊണ്ട് നിവർന്നു നിന്നപ്പോഴുള്ള രൂപം വിവരിച്ചാൽ നിങ്ങൾ ഛർദ്ദിക്കും. ബോഡി അമർന്ന ഭാഗത്തൊക്കെ അഴുകിയ മാംസവും, ഒരു തരം വെളുത്ത പുഴുക്ക ളും കൊണ്ട് വർഗീസ് മറ്റൊരു മൃതദേഹമായി തോന്നിച്ചു. അടുത്തു നില്ക്കുന്ന ഇലകൾ പറിച്ചെടുത്ത് പൊടിമണ്ണ് തൂക്കുന്ന ലാഘവത്തോടെ വർഗീസ് ചിരിച്ചുകൊണ്ട് കൈയും മുഖവും തുടയ്ക്കുന്നുണ്ടായി രുന്നു. അന്ന് ഞാൻ മനസ്സറിഞ്ഞ് ഒരു തുക വർഗീസിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു. പഞ്ചായത്ത് മെമ്പറും പൈസ കൊടുത്തു. പിന്നീടൊരിക്കൽ മറ്റൊരു കേസ്സിന്റെ അന്വേഷണത്തിനായി സഞ്ചരിച്ചപ്പോൾ യാദൃശ്ചികമായി വർഗീസിന്റെ വീട് കണ്ടു. നിങ്ങൾ വീട് സങ്കൽപ്പിച്ചെടുക്കാൻ വരട്ടെ. ഒരു കോളനിയിൽ വലിയ ഒരു കല്ലിന്റെ ചുവട്ടിൽ കമ്പുകൾ വച്ചുകെട്ടി പഴയ ബാനറുകളും തുരുമ്പിച്ച തകിടുകളും പിന്നെ എന്തൊക്കെയൊ കൊണ്ട് മേഞ്ഞ ഒരു കളിവീട്. അവിടെ വർഗീസും അമ്മയുമാണ് താമസിക്കുന്നത്. മറ്റാ രും വർഗീസിനില്ല. കല്യാണം കഴിച്ചതുമില്ല. ഞാൻ കാണുമ്പോൾ വർഗീസ് വയ്യാത്ത അമ്മയ്ക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു. വയ്യായ്ക എന്ന് മേനിക്ക് പറഞ്ഞതാണ്. അമ്മയ്ക്ക് തനി ഭ്രാന്ത് തന്നെ യാണ്. ആരേയും ഉപദ്രവിക്കുകയുമില്ല, വീടുവിട്ട് പോവുകയുമില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ട് വീടിനുള്ളിലൊ മുറ്റത്തോ ഇരിപ്പുണ്ടാവും. വർഗീസ് വാരിക്കൊടുക്കുന്ന ചോറ്, നല്ല അനുസരണയോടെ കഴിക്കുന്നുണ്ട്. വർഗീസിന്റെ തൊട്ടടുത്ത് ഒരു കില്ലപ്പട്ടി വാലാട്ടിയിരുന്ന് വർഗീസ് ഇട്ടുകൊടുക്കുന്ന ചോറ് നന്ദിയോടെ കഴിക്കുന്നതു കണ്ടു. അയാൾ അമ്മയ്ക്ക് നൽകുന്ന കരുതലും സ്‌നേഹവും കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി. എന്തൊക്കെയൊ ആണെന്നും, ആയെന്നും അഹ ങ്കരിച്ചിരുന്ന ഞാൻ ഇവിടെ ഒന്നുമല്ലെന്നും, ഒന്നുമായിട്ടുമില്ലന്നും ഒരു നിമിഷംകൊണ്ട് വർഗീസ് എന്നെ പഠിപ്പിച്ചു തന്നു; ആ വലിയ ഗുരുനാഥൻ. ആ ശരീരം ആർക്കും ഏതു നേരവും കൊട്ടാവുന്ന ചെണ്ടയായിരുന്നു. ഏതു നാറുന്ന ജോലി ചെയ്തും സ്വന്തം അമ്മയെ പൊന്നുപോലെ സംരക്ഷിക്കുന്ന ഒരു മകനെ കണ്ടു. ഈ ഭൂമിയിൽ കെട്ടി ഉയർത്തുന്ന കെട്ടിടങ്ങളൊക്കെ പാഴ്‌വേലയാണെന്നും ഭൂമിക്കു ഭാരമാണെന്നും വർഗീസിന്റെ വീട് എന്നെ പഠിപ്പിച്ചു.അയാളുടെ പുറം ശരീരം അറപ്പുണ്ടാക്കുന്നതാണ്. എന്നാൽ അകം തൂവെണ്മയുള്ളതായിരുന്നു. എന്റെ പുറം സുന്ദരവും അകം ദുഷിച്ചതുമായിരുന്നല്ലൊ. വർഗീസ് എത്ര വേഗമാണ് എന്റെ അകം വൃത്തിയാക്കിയത്? അതാണ് ശരിയായ അധ്യാപകന്റെ ജോലി. വർഗീസിന് ആരോടും പരിഭവമൊ പരാതിയൊ ഉണ്ടായിരുന്നില്ല. സ്വന്തം വേദനകൾക്ക് പുഞ്ചിരിയുടെ വലിയൊരു കുപ്പായം തയ്ച്ചിട്ട് സഞ്ചരിക്കുന്ന ഒരു കോമാളി. ശവം എടുത്തു കിടത്താനും, തിരിച്ചു കിട ത്താനും, അനാഥക്കുഴിയിൽ മൂടാനും നിനക്ക് ഒരു കോടിശ്വരനേയും 'മാന്യനേ'യും കിട്ടില്ലന്നും അതി നെല്ലാം നിങ്ങൾ അടിയും ഇടിയും നൽകി നായ്ക്കളെപോലെ പിന്നാമ്പുറത്തേക്ക് തള്ളിയ ഞങ്ങളൊ ക്കെയെ ഉണ്ടാകൂ എന്നും വർഗീസ് എന്ന വലിയ ഗുരുനാഥൻ എന്നെ പഠിപ്പിച്ചു. ആ ഗുരുപാദങ്ങളിൽ എന്റെ വലിയ നമസ്‌ക്കാരം.