തടവറ പ്രേഷിതത്വം എരിഞ്ഞടങ്ങാത്ത മുൾച്ചെടി

08 Apr 2023

ഫാ. മാർട്ടിൻ തട്ടിൽ സംസ്ഥാന ഡയറക്ടർ, ജീസസ് ഫ്രട്ടേണിറ്റി കുറ്റം ചെയ്തവരും കുറ്റാരോപിതരായവരും തടവിലായിക്കഴിഞ്ഞാൽ തെളിക്കപ്പെടുന്നതുവരെ പൊതുസമൂഹത്തിനും നിയമത്തിനും മുന്നിൽ അവർ 'പ്രതികളും' 'ജയിൽ പുള്ളി' കളുമാണ്. ഇവരെ സമൂഹം അവജ്ഞയോടെയാണ് വീക്ഷിക്കുക. ഇവരെയൊക്കെ 'സഹോദരാ, സഹോദരി' എന്നുവിളിച്ച് ചേർത്തുപിടിക്കുന്ന ഒരു സമൂഹം തടവറയ്ക്കു പുറത്ത് കാത്തുനിൽക്കുന്നുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട് കലങ്ങിയ മന സ്സും കണ്ണുമായി പുറത്തിറങ്ങുന്ന ഇവർക്ക് പ്രതീക്ഷയുടെ വഴിവിളക്കുകളാകുന്നവരാണ് തടവറ പ്രേഷിതർ അഥവാ ജീസസ് ഫ്രട്ടേണിറ്റി പ്രവർത്തകർ. കരുതലിന്റെ കാരുണ്യവാഹകരെക്കുറിച്ചൊരു ലേഖനം. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് വൈദിക പരിശീലന കേന്ദ്രത്തിലെ അർഥികളായിരുന്ന ബ്രദർ വർഗീസ് കരിപ്പേരിയുടെയും ബ്രദർ ഫ്രാൻസിസ് കൊടിയന്റെയും മനസ്സിൽ രൂപപ്പെട്ട ഒരാശയം നാലുപതിറ്റാണ്ടു പിന്നിട്ടപ്പോൾ ഒരു മഹാപ്രസ്ഥാനമായി വ്യത്യസ്തമായൊരു ശുശ്രൂഷയുടെ തിളങ്ങുന്ന മുഖമായി മാറിയിരിക്കുന്നു. 1981 ഡിസംബറിലെ അമലോത്ഭവ തിരുനാൾ ദിനത്തിൽ ഈ ഇരു വൈദികാർഥികൾ മനസ്സുകൊണ്ടാരംഭിച്ച ഒരു തീർഥാടനം ഇന്ന് കേരളത്തിലെ ഇരുണ്ട തടവറകൾക്കുള്ളിൽ മുഴുവൻ പ്രകാശം വിതറി നിൽക്കുകയാണ്. ജീസസ് ഫ്രട്ടേണിറ്റി കത്തുന്ന മുൾപ്പടർപ്പിലും എരിഞ്ഞടങ്ങാത്ത മുൾച്ചെടിയായി ആത്മാവിൽ വളർന്ന്, തടവറകൾക്കുള്ളിൽ ലോകത്തിന്റെ പ്രകാശമായവനെ തേടിയിറങ്ങുന്ന തീർഥാടനമെന്ന ആശയം പകർന്നുനൽകിയ വെളിച്ചമാണ് തടവറമക്കളെ ചേർത്തുപിടിക്കുന്ന ജീസസ് ഫ്രട്ടേണിറ്റി എന്ന സമൂഹത്തിന് ജീവൻ നൽകിയത്. ഈ ആത്മീയ ചിന്ത നൽകിയ ദിശാബോധമാണ് അഴികൾക്കുള്ളിൽ അകപ്പെട്ടുപോയവർക്ക് അഭയമേകുന്ന സ്‌നേഹാശ്രമങ്ങൾ രൂപപ്പെടാനിടയാക്കിയത്. പരിശുദ്ധാത്മാവ് പകർന്നുനൽകിയ ഈ പ്രചോദനം സ്വീകരിച്ച് ഈ രണ്ടു സഹോദരന്മാരും റെക്ടറച്ചന്റെ അനുവാദത്തോടെ മറ്റു സഹോദരങ്ങളുമായി ഈ ആശയം പങ്കുവച്ചു. ആത്മാർഥമായി പ്രാർഥിച്ച് ഒരുങ്ങി തടവറമക്കളെ ഹൃദയത്തിലേറ്റുന്ന നൂതനമായ ഒരു ജീവിതശൈലിക്കുതന്നെ അവർ രൂപംനൽകി. 16 മാസത്തെ ഒരുക്കത്തിനും പ്രാർഥനയ്ക്കും ശേഷം സെമിനാരിക്കാരുടെ ഒരു കൊച്ചുടീം ആദ്യമായി കോട്ടയം സബ്ജയിലിലേക്ക് 1985 ജൂലൈ 18-ന് കടന്നുചെന്നു. തടവറമക്കളുടെ ജീവിതം 'ചെളിക്കുഴിയിലെ മാണിക്യ' മാണെന്ന് തിരിച്ചറിഞ്ഞ വൈദികാർഥികൾ, കേരളത്തിലെ എല്ലാ ജയിലുകളും സന്ദർശിക്കുന്ന ഒരു മഹാതീർഥാടനത്തിന് പ്രാർഥിച്ചൊരുങ്ങി. 1986 മാർച്ച് 10 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ 'ആദ്യ അഖില കേരള തടവറ തീർഥാടനം' നടത്തപ്പെട്ടു. തടവറമക്കളുടെ കണ്ണീർ കണങ്ങളിൽ പുണ്യസ്‌നാനം ചെയ്ത വൈദിക വിദ്യാർഥികൾ ആത്മാവിനാൽ നവീകരിക്കപ്പെട്ടു. ജീവന്റെ സമൃദ്ധിയുള്ള പച്ചയായ പുൽത്തകിടിയിലേക്ക് ചുവടുവയ്ക്കാൻ ഈ സന്ദർശനം തടവറമക്കളെ ശക്തിപ്പെടുത്തി. നിരാശയിൽ നിപതിച്ചിരുന്നവർ ആദ്യമായി പ്രത്യാശയുടെ പൊൻകിരണം ദർശിച്ചു. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മാത്രം അനുഭവിച്ചിരുന്നവരിലേക്ക് വൈദിക വിദ്യാർഥികളുടെ വാക്കുകൾ ആശ്വാസത്തിന്റെ പുതുമഴയായി പെയ്തിറങ്ങി. 'പ്രതികൾ' എന്നും 'ജയിൽ പുള്ളികൾ' എന്നും വിളിക്കപ്പെട്ടിരുന്നവരെ സഹോദരാ, സഹോദരി എന്ന് വിളിച്ച് മാറോട് ചേർക്കുന്ന ഒരു സമൂഹം തടവറയ്ക്കുപുറത്തു കാത്തിരിക്കുന്നുവെന്ന ചിന്ത കണ്ണീരുണങ്ങിയ കണ്ണുകൾക്ക് പ്രതീക്ഷയുടെ നക്ഷത്രതിളക്കം നൽകി. ഒത്തിരി വൈദികാർഥികൾ ഈ പുതിയ പ്രാർഥനാശൈലിയിലേക്ക് ആകൃഷ്ടരായി. തടവറമക്കളുടെ കണ്ണീരൊപ്പാൻ അവർ തോളോട് തോൾ ചേർന്നു. തടവറ പ്രേഷിതത്വം ഇടവക സമൂഹങ്ങളിലേക്കും സന്ന്യാസസമൂഹങ്ങളിലേക്കും മറ്റു സെമിനാരികളിലേക്കും പറിച്ചു നടപ്പെട്ടു. തടവറ പ്രേഷിത പ്രവർത്തനങ്ങളുടെ പ്രസക്തിയും ആവശ്യകതയും തിരിച്ചറിഞ്ഞ കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) 1989 സെപ്തംബർ 8-ന് ജീസസ് ഫ്രട്ടേണിറ്റിയെ ജസ്റ്റിസ്, പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്റെ കീഴിൽ അംഗീകരിച്ച്, കോതമംഗലം രൂപതാംഗവും കോട്ടയം വടവാതൂർ സെമിനാരിയിലെ പ്രൊഫസറുമായിരുന്ന ഫാ. ജോസഫ് മക്കോളിലിനെ ജീസ്സസ് ഫ്രട്ടേണിറ്റിയുടെ പ്രഥ സംസ്ഥാന ഡയറക്ടറായി നിയമിച്ചു. ജീസസ് ഫ്രട്ടേണിറ്റിക്കായി 1990 ജൂൺ ഒന്നിന് കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സിയിൽ ഒരു ഓഫീസും അനുവദിച്ചു നൽകപ്പെട്ടു. സ്‌നേഹാശ്രമങ്ങൾ കുറ്റാരോപിതർ കുറ്റവിമുക്തരായി പ്രഖ്യാപിക്കപ്പെട്ട് പുറത്തിറങ്ങുമ്പോഴും കുറ്റക്കാരായവർ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും അവരെ സമൂഹത്തിലേക്ക് പുനരാനയിക്കാൻ അവർക്ക് 'ഒരു കൈത്താങ്ങ്' ആവശ്യമുണ്ട്. ചിലർക്ക് സ്വന്തം ഭവനത്തിലേക്ക് തിരികെ പോകാൻ സാധിക്കാത്ത അവസ്ഥയുണ്ട്. സ്വദേശത്തേക്ക് മടങ്ങിച്ചെന്നാലും അംഗീകരിക്കപ്പെടാത്ത സാഹചര്യവുമുണ്ട്. അവഗണനയുടെ വിങ്ങൽ പലരെയും വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിച്ചിട്ടുണ്ട്. ഒരു ദുർബലനിമിഷത്തിൽ ചെയ്തുപോയ തെറ്റിനെപ്രതി ജീവിതം മുഴുവനും ഇരുട്ടിലാക്കപ്പെട്ടു പോകുന്നവരുടെ അവസ്ഥ ദയനീയമാണ്. ചേർത്തുപിടിക്കേണ്ടവർതന്നെ ആട്ടിയോടിക്കുമ്പോൾ; ആശ്വസിപ്പിക്കേണ്ടവർ തന്നെ ആക്രോശിക്കുമ്പോൾ എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഒരുവൻ അനുഭവിക്കുന്നത്. വ്യാജകേസുകളിൽ പ്രതിചേർക്കപ്പെട്ട് തടവറയിലേക്കുതന്നെ വീണ്ടും എത്തിപ്പെടുന്നവരുമുണ്ട്. ജീവിത സ്വപ്നങ്ങൾക്ക് നിറംപകരാൻ ആരും കൂടെയില്ലാതെവരുമ്പോൾ തടവറയുടെ ഇരുളിമ ആശ്വാസമായി കരുതുന്നവരുണ്ട്. ഇവരുടെ നിസ്സഹായമായ നിലവിളിക്ക് ദൈവം നൽകിയ പ്രത്യുത്തരമാണ് സ്‌നേഹാശ്രമങ്ങൾ. തടവറമക്കളുടെ പുനരധിവാസ കേന്ദ്രങ്ങളാണ് സ്‌നേഹാശ്രമങ്ങൾ. ജീവിതസായാഹ്നങ്ങളിൽ എത്തിപ്പെട്ടവർക്ക് സ്‌നേഹാശ്രമങ്ങൾ ഇന്നൊരു ആശ്വാസതീരമാണ്. വഞ്ചിക്കപ്പെട്ടവർക്ക് ഇതൊരു സ്‌നേഹകൂടാരമാണ്. അവഗണനയുടെ കടമ്പയിൽനിന്നും കയ്പ്പുനീർ മട്ടുവരെയും കുടിച്ചുതീർത്തവർക്ക് സ്‌നേഹാശ്രമങ്ങൾ സമ്മാനിക്കുന്നത് പരിഗണനയുടെ അമൃതൂട്ടാണ്. ചതിക്കപ്പെട്ട് താളംതെറ്റിയ മനസ്സുകൾക്ക് ശക്തമായ ചുവടോടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള കരുത്തു പകരുകയാണ് സ്‌നേഹാശ്രമങ്ങൾ. തകർന്നുടഞ്ഞുപോയ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ സ്‌നേഹാശ്രമങ്ങൾ അവരെ സഹായിക്കുന്നു. പ്രിസൺ മിനിസ്ട്രി ഇന്ത്യ പ്രിസൺ മിനിസ്ട്രി ഇന്ത്യ എന്ന പേരിലാണ് ജീസസ് ഫ്രട്ടേണിറ്റി ഇന്ന് മറ്റു സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ മൊത്തം ഇരുപത് സ്‌നേഹാശ്രമങ്ങൾ ഇതിനകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതിൽ എട്ടെണ്ണം കേരളത്തിലാണ്. തൃശൂർ ജില്ലയിലെ വെട്ടുകാട് എന്ന സ്ഥലത്താണ് 1991 ഒക്‌ടോബർ ഒന്നിന് പുരുഷന്മാർക്കു വേണ്ടിയുള്ള ആദ്യ സ്‌നേഹാശ്രമം സ്ഥാപിതമായത്. 1992 ഒക്‌ടോബർ 11-ന് തിരുവനന്തപുരം മൺവിളയിൽ സ്ത്രീകൾക്കുവേണ്ടിയും 1994 ജൂലൈ മൂന്നിന് കാഞ്ഞിരപ്പള്ളിയിലെ ഇഞ്ചിയാനിയിൽ കുട്ടികൾക്കുവേണ്ടിയും സ്‌നേഹാശ്രമങ്ങൾ സ്ഥാപിക്കപ്പെട്ടു. പ്രാരംഭപരിശീലനത്തിനുശേഷം അവരെ രണ്ടാം ഘട്ടം ആശ്രമത്തിലേക്ക് പ്രവേശിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചിയും പഠനയോഗ്യതയും അനുസരിച്ച് അവരെ ജോലി കണ്ടെത്താൻ ഈ ഘട്ടത്തിൽ സഹായിക്കുന്നു. ജീവിതത്തിൽ ചിട്ടയായ പരിശീലനം നേടിയശേഷം ധാരാളംപേർ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്നുണ്ട്. നിരാലംബരായ സ്‌നേഹാശ്രമ മക്കളുടെ വിവാഹവും നടത്തിക്കൊടുക്കാറുണ്ട്. ഇങ്ങനെ സ്‌നേഹാശ്രമങ്ങളിൽനിന്നും കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചവർ ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലുമായി സന്തോഷത്തോടെ കുടുംബസമേതം കഴിയുന്നുണ്ട്. സമൂഹത്തിലെതന്നെ സുമനസുകളാണ് ഇതിനുവേണ്ട സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുന്നത്. മതം മാറ്റമല്ല; മനം മാറ്റവും ജീവിത നവീകരണവുമാണ് പ്രിസൺ മിനിസ്ട്രി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ദൈവകരുണയുടെ മുഖമാകാം; തടവറ പ്രേഷിതരാകാം (ബോക്‌സ്) . തടവറമക്കൾക്കുവേണ്ടി ദിവസവും മുടങ്ങാതെ തീക്ഷ്ണതയോടുകൂടി, 'തടവറ മക്കളുടെ ജീവിതനവീകരണം' നിയോഗംെവച്ചു പ്രാർഥിക്കുന്നവർ തടവറ പ്രേഷിതരാണ്. . തടവറ സന്ദർശിച്ച് അവർക്ക് സന്മാർഗബോധവും പ്രചോദനവും കൗൺസലിങ്ങും നൽകാൻ സാധിക്കുന്നവരും സൗകര്യമുള്ളവരും തടവറപ്രേഷിതരാണ്. ആഗ്രഹമുള്ളവർ അറിയിച്ചാൽ അവരെ അടുത്തുള്ള ജീസസ് ഫ്രട്ടേണിറ്റി യൂണിറ്റുമായി ബന്ധിപ്പിച്ച് അതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. താല്പര്യം ഉള്ളവർ 9447964663 എന്ന നമ്പറിൽ ബന്ധപ്പെടുക. . തടവറ പ്രവർത്തനങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ സാമ്പത്തിക സഹായം നൽകിയും ഈ പ്രേഷിതശുശ്രൂഷയിൽ പങ്കുചേരാം. ദൈവസ്‌നേഹത്തിൽനിന്നും ശക്തി ഉൾക്കൊണ്ട് ദൈവകരുണയുടെ മുഖമായി തടവറമക്കളിലേക്ക് ഇറങ്ങിച്ചെന്ന് അവരിൽ ഈശോയെ കണ്ടെത്താൻ ശ്രമിക്കുക.