അസ്മാകം ഭക്ഷണം വിഷമയം ചേദ്
21 Mar 2023
ജോസ് ക്ലെമന്റ്
ഭക്ഷണം ആരോഗ്യപരിപാലനത്തിനും ജീവൻ നിലനിർത്തുന്നതിനും വേണ്ടിയാണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണം വിഷമായാൽ ആരോഗ്യകരമായ ദുരവസ്ഥ സംജാതമാകുകയും ജീവന് ഭീഷണിയാവുകയും ചെയ്യും. ഇത് നമ്മുടെ ഭക്ഷണത്തിലെ മായം മാത്രമല്ല, ജീവിതപരിസ്ഥിതികളിലെ മറിമായ കാഴ്ചകൾ അപഗ്രഥനം ചെയ്താൽ പ്രകൃതിയെതന്നെ വിഷലിപ്തമാക്കിയിരിക്കുന്ന അവസ്ഥയാണിന്ന്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ജീവിത പരിസരങ്ങളും വിഷലിപ്തമാകുമ്പോൾ ജീവിതത്തെ ആശങ്കയോടെ നോക്കിക്കാണുന്നവരുടെ സംസാരങ്ങൾക്ക് കാതോർത്തൊരക്ഷര ഭാഷ്യം.
നമ്മുടെ നാട്ടിൽ ഭക്ഷണവും വായുവും ജലവും മലിനമായത് നാമോരോരുത്തരുടെയും നമ്മുടെ മാറിമാറി വന്ന ഭരണക്കാരുടെയും കെടുകാര്യസ്ഥതകൊണ്ടാണെ മുഖവുരയാണ് കൊച്ചി തുറമുഖ അസിസ്റ്റന്റ് വാർഫ് സൂപ്രണ്ടും സാഹിത്യകാരനുമായ ഷാലൻ വള്ളുവശേരിയ്ക്ക് പങ്കുവയ്ക്കാനുള്ളത്. നമ്മു ടെ പരമ്പരാഗത കൃഷിയിൽ നിന്ന് പിന്മാറി ഉദ്യോഗസ്ഥരായി, പ്രവാസികളായി ഉപ്പുതൊട്ട് കർപ്പൂരംവരെ അന്യസംസ്ഥാനത്തെ ആശ്രയിക്കാൻ തുടങ്ങിയപ്പോഴാണു ദുരയുടെ വെറി മൂത്ത അന്യസംസ്ഥാന കൃഷിക്കാർ നമുക്കായിമാത്രം വിഷമടിച്ചുല്പാദിപ്പിക്കുന്ന പച്ചക്കറികളുൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ നമ്മുടെ വിപണിയിൽ എത്തിക്കാൻ തുടങ്ങിയത്. അവരുടെ നാട്ടിലുള്ളവർക്ക് ശുദ്ധമായ ഭക്ഷ്യ വസ്തുക്കൾ നൽകുകയും ചെയ്യുന്നു. ഇപ്പറഞ്ഞത് സാധാരണ ഇടത്തരം കൃഷിക്കാർ ചെയ്തു പോരുന്നതാണ്. ഇനി മറ്റൊരു വമ്പൻ വിഷമടിക്കാരുണ്ട്. അവരൊക്കെ അവരുടെ പരസ്യങ്ങളിൽ മുടക്കിയ പണത്തിന്റെ പളപളപ്പിൽ പൊതുജനം ഏറ്റുവാങ്ങിയവരാണ്.അവർ ഏറ്റവും കുറഞ്ഞ വിലയിൽ ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കുകയും വിലകൂടികിട്ടും വരെയും അവ നശിച്ചു പോകാതിരിക്കാനായും വിഷമടിച്ചു സൂക്ഷിച്ചു വൻലാഭം കൊയ്യുന്നവരാണ്. മനുഷ്യശരീരത്തിലേക്ക് വിഷമടിച്ചു കേറ്റുന്നതിൽ പ്രമുഖ പങ്ക് ഇവർക്കാണ്. കേരം തിങ്ങും കേരളനാടെന്ന് പാടിപ്പുകഴ്ത്തിയ നമ്മൾ തേങ്ങ വരെ മറ്റു സംസ്ഥാനത്തെ ആശ്രയിച്ചുവാങ്ങാൻ തുടങ്ങി. മത്സ്യം കേടുവരാതിരിക്കാനായി ഉപയോഗിക്കുന്ന ഐസിൽ ഫോർമാലിൻ പോലുള്ള മാരകവിഷം ചേർത്തുവരുന്നുണ്ട്. ഈ വിഷം മത്സ്യമാംസത്തിൽ കയറുകയും തദ്വാര അത് കഴിക്കുന്നവരുടെ ശരീരത്തിലെത്തുകയും ചെയ്യുന്നു. ഇറച്ചിക്കോഴികളുടെ വളർച്ചയ്ക്കു വേണ്ടി കുത്തി വയ്ക്കുന്നതു മുതൽ അതിന്റെ ഭക്ഷണങ്ങളിലെല്ലാമുള്ള മായം അതു ഭക്ഷിക്കുന്ന മനുഷ്യശരീ രത്തിലേക്ക് ടാർജറ്റ് ചെയ്യുന്നു. ഫ്രൂട്‌സ് ഐറ്റങ്ങളിലടിക്കുന്ന കീടനാശിനികളും മനുഷ്യശരീരത്തിലെ ത്തുന്നു. പൈനാപ്പിളിലും ചക്കയിലും തണ്ണിമത്തനിലുംവരെയുള്ള കീടനാശിനികൾ അടിഞ്ഞുകൂടാനുള്ള ഒരിടമായി മാറുകയാണിന്നു മനുഷ്യശരീരം. മനുഷ്യശരീരത്തിനെന്തു പറ്റിയാലും വേണ്ടില്ല ലാഭേഛമാത്ര മാണ് കൃഷിക്കാരുടെയും കച്ചവടക്കാരുടെയും വ്യവസായികളൂടെയുമുള്ളിൽ. വാഹനാധിക്യം മൂലമുള്ള വിഷപ്പുകയും ഹാനികരമായി ഏറ്റുവാങ്ങുന്നത് മറ്റു ജീവജാലങ്ങളോടൊപ്പം മനുഷ്യരുമാണ്.
ഹോട്ടലുകളിലെ ശുചിത്വത്തിന്റെ ശോചനീയാവസ്ഥയും പഴയഭക്ഷണം വിളമ്പലും മൂലം അവർ ഇടയ്ക്കിടെ വരുത്തുന്ന 'ഭക്ഷ്യക്കൊല'കളൊക്കെ തന്നെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ടും കണ്ണടയ്ക്കൽ കൊണ്ടും ഏറെ അന്വേഷണങ്ങളൊന്നുമില്ലാതെ അവസാനിക്കുന്നത് കാണാം. ഇതൊക്കെ അഴിമതിയല്ലാതെ മറ്റൊന്നും കൊണ്ടല്ല. നമ്മുടെ നദികളിലേക്കൊഴുക്കുന്ന രാസമാലിന്യങ്ങൾക്കു തടയിടാ ൻ കഴിയാത്തതിനു പിന്നിലും മറ്റെന്താണുള്ളത്. കമ്പനികൾ മാലിന്യം പുഴയിലേക്ക് പുറംതള്ളുന്നതിനു പകരം സംസ്‌കരണപ്ലാന്റുകൾ കോടികൾ മുടക്കി അവർ നിർമിക്കാതെ പുഴയിലേക്ക് ഒഴുക്കാൻ അവർ ക്കെങ്ങനെ കഴിയുന്നു? ആലോചിക്കേണ്ട വിഷയമാണിത്. അതിനുള്ള പിൻബലം എവിടുന്നാണ് ലഭിക്കു ന്നത്? ഷാലൻ വള്ളുവശ്ശേരിയുടെ ഗദ്ഗദം നിറഞ്ഞ ചോദ്യങ്ങൾ നീളുകയാണ്.
നഗരങ്ങളിലെ അശാസ്ത്രിയമായ ഓട നിർമാണമാണ് മറ്റൊന്ന്. മലിനജലം കടലിലേക്ക് എളുപ്പം ഒഴുകിപ്പോകാൻ എല്ലാ ഓടകളും പടിഞ്ഞാറോട്ടു ലക്ഷ്യമാക്കി ചെരുവോടെ ഒഴുക്കുന്നതിനു പകരം അവ നഗരത്തിൽ കൊതുക് കൃഷി നടത്തിക്കൊണ്ട് ചുറ്റിത്തിരിയുകയാണ്. പടിഞ്ഞാട്ടു ഒഴുകിയിരുന്ന പഴയ തൊടുകൾ വേണ്ടത്ര ആസൂത്രണമില്ലാതെ നികത്തി അവിടെ വില്ലകളും ഫ്‌ളാറ്റുകളും ഉയർന്നപ്പോൾ ഓടകളിൽ മലിനജലം മാസങ്ങളോളം കെട്ടികിടക്കുന്നു. പുഴ പളുങ്കു പോലെ തെളിഞ്ഞൊഴുകും മഴക്കാ ലത്ത് കാവി നിറത്തിലൊഴുകും. എന്നാൽ ഇവിടെ കനാലുകൾ ടാർ ആയി ഒഴുകുന്നതുമൂലം -ദുർഗന്ധ വാഹിനികളായി. ഇതിനാൽ ഇവിടുണ്ടായിരുന്ന ബ്രാൽ, കരിമീൻ, തിരുത തുടങ്ങിയ ശുദ്ധജല മത്സ്യങ്ങൾ അപ്രത്യക്ഷമായി. അഴുക്കിൽ വളരുന്ന, എവിടെ നിന്നോ കൊണ്ടു വന്ന തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങൾ മാത്രമായി നഗരകാനാലുകളിലും കായലുകളിലും. നഗരവികസനത്തിൽ നല്ലവരായ നാട്ടു കാർ പ്രാരാബ്ധം മൂലം ഉള്ള സ്ഥലം വിറ്റു പലായനം ചെയ്തപോലെ ഇവിടുണ്ടായിരുന്ന നല്ല മത്സ്യങ്ങളും മാലിന്യാധിക്യ ത്താൽ ഇവിടന്ന് പലായനം ചെയ്തു. ഈ വിഷം കലർത്തൽ ഇവ്വിധം തുടർന്നാൽ മത്സ്യങ്ങൾ പാലായനം ചെയ്യപ്പെട്ടതുപോലെ മനുഷ്യരാശിയും ഈ ഭൂമിയിൽ നിന്ന് തന്നെ പലായനം ചെയ്യപ്പെടേണ്ടി വരുന്ന കാലം അത്ര വിദൂരത്തല്ല. ഇക്കാര്യം നമ്മുടെ ഭരണകർത്താക്കൾ ആത്മാർഥമായും ദീർഘവീക്ഷണ ത്തോടെയും ഓർമിക്കേണ്ടതാണെന്ന താക്കീതും ഈ തുറമുഖ ഉദ്യോഗസ്ഥന്റെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നു.
ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ
1899-ൽ ബോംബെയിലാണ് ആദ്യമായി മായം ചേർക്കൽ തടയുന്നതിനുവേണ്ടിയുള്ള നിയമം ഉണ്ടാക്കിയത്. 1931-ൽ തിരുവിതാംകൂറിൽ 'ദി ട്രാവൻകൂർ പ്രിവൻഷൻ ഓഫ് അഡൾട്ടറേഷൻ ആക്ട്, എന്ന നിയമം നിലവിൽവന്നു. പിന്നീട് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം പ്രത്യേകം നിയനനിർമാണം നടന്നു. 1954-ൽ ഓരോ സംസ്ഥാനങ്ങളിലെയും നിയമാവലികൾ ക്രോഡീകരിച്ചുകൊണ്ട് ഒരു കേന്ദ്രനിയമ നിർമാണം ഉണ്ടായി. അതാണ് 1954 സെപ്തംബർ 29-ന് രൂപംകൊണ്ട 'ദി പ്രിവൻഷൻ ഓഫ് ഫുഡ് അഡൾട്ടറേഷൻ ആക്ട് (The Prevention of Food Adultaration Act, 1954). ഇത് പ്രാബല്യത്തിൽ വന്നത് 1955 ജൂണിലാണ്. ഇതിനുവേണ്ടുന്ന നിയമാവലി 1955-ൽ പ്രിവൻഷൻ ഓഫ് ഫുഡ് അഡൾട്ടറേഷൻസ് റൂൾസ് എന്ന പേരിൽ നിലവിൽവന്നു. ഈ ആക്ട് PFA Act എന്ന പേരിലാണറിയപ്പെടുന്നത്. കാലാകാലങ്ങളിൽ ഈ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നെങ്കിലും ഈ നിയമങ്ങളൊക്കെ പുസ്തകത്താളുകളിൽ മയങ്ങുമ്പോൾ ഇവിടെ ഭക്ഷ്യവിഷബാധയുടെ പെരുപ്പം വർധിച്ചുകൊണ്ടിരിക്കുകയാണ്. എത്രമാത്രം നിയമങ്ങൾ ശക്തമാക്കുന്നുവോ അത്രയ്ക്കധികം ശക്തിയോടെ തന്നെ മായം ചേർക്കലും വിഷം കലർത്തലുമൊക്കെ ഇവിടെ നിർബാധം തുടരുന്നുവെന്നാണ് വീട്ടമ്മയും അധ്യാപികയുമായ ബിന്ദു വർഗീസിന് പറയാനുള്ളത്.
മനോഹരമായി അലങ്കരിച്ചെത്തുന്ന ഭക്ഷ്യവിഭവങ്ങളുടെ മണവും രുചിയും കാഴ്ചയും ആരെയും ആകർഷിക്കും. പക്ഷേ, വിഷത്തിൽ പഞ്ചസാര പൊതിഞ്ഞുകൊണ്ടുവന്നിരിക്കുകയായിരുന്നുവെന്ന് തിരിച്ചറിയാൻ വൈകിപ്പോകും. അപ്പോഴേക്കും ഭക്ഷ്യവിഷബാധയിൽ പകച്ച് മനോധൈര്യം നഷ്ടമായിരിക്കും. ആഘോഷാവസരങ്ങളിലെ മഹാവിരുന്നുകൾ പലതും ഇന്ന് ഛർദിയിലും വയറിളക്കത്തിലും കലാശിക്കുമ്പോൾ ഇവിടെ ആരെ പഴിചാരാനാകുമെന്ന ആശങ്കയിലാണ് പൊതുസമൂഹം. ഭക്ഷണം പാകപ്പെടുത്തിയവരെയോ, ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്തവരെയോ, അത് ഉത്പാദിപ്പിച്ചവരെയോ, അതോ അതിനായി ഉപയോഗിച്ച വെള്ളം മുതൽ മറ്റ് അസംസൃത വസ്തുക്കൾ വിതരണം ചെയ്ത സർക്കാർ, സർക്കാരിത സംവിധാനങ്ങളെയോ? പലപ്പോഴും ഉത്തരംമുട്ടുന്ന അവസരങ്ങളാണിത്. ഈയിടെ തനിക്കനുഭവവേദ്യമായ ഒരു സൽക്കാരത്തിന്റെ ഞെട്ടിക്കുന്ന ഓർമകളുമായി ഇത് ബിന്ദു ടീച്ചർ പങ്കുവയ്ക്കുമ്പോൾ മേൽസൂചിപ്പിച്ച എല്ലാ ഘടകങ്ങളും ഒരു പരിധിവരെ ഇതിന്റെ ഉത്തരവാദികളാണെന്ന് സംശമില്ലാതെ പറയുകയാണ് ഈ അധ്യാപിക.
ഭക്ഷണത്തിലൂടെ ഉള്ളിൽ പ്രവേശിക്കുന്ന വിഷാംശം വൃക്കകളെയും കരളിനെയും മറ്റ് ആന്തരിക അവയവങ്ങളെയുമൊക്കെ ബാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. ഒരു വീട്ടമ്മ കൂടിയായ ഈ അധ്യാപിക വിഷമയമായ ഭക്ഷണത്തിനെതിരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൂണ്ടിക്കാട്ടാൻ മറക്കുന്നില്ല.
പരമാവധി വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുക. അധിക നാൾ സൂക്ഷിച്ചു വയ്ക്കുന്ന ഭക്ഷണം ഉപയോഗിക്കുന്ന ശീലം കുറയ്ക്കുക. രാസവസ്തുക്കൾ ചേർന്ന ഭക്ഷണം ഒഴിവാക്കുക. ശരിയായ താപനി ലയിൽ ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുക. ഏറെ സൂക്ഷ്മതയോടെ ഭക്ഷണം തിരഞ്ഞെടുക്കുക. ശുദ്ധജലത്തിന്റെ ദൗർലഭ്യമാണ് പലപ്പോഴും ജനങ്ങളുടെ ജീവന് ഭീഷണിയായിത്തീരുന്നത്. ശുദ്ധജല ക്ഷാമം ഒരു പരിധിവരെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ട്. ശുദ്ധജലക്ഷാമത്തിൽ വലയുന്ന ജനങ്ങ ളിൽ ഒട്ടേറെപ്പേർ ഛർദ്ദിയും വയറിളക്കവുമായി ആശുപത്രിയിൽ ചികിത്സ തേടുന്നു. ഭക്ഷ്യവിഷബാധയുടെ ഇരയായ താൻ അസുഖബാധിതയായി അനേക ദിവസങ്ങൾ അവശയായി കഴിയേണ്ടി വന്ന പ്പോൾ തന്നെ ആശ്രയിച്ചു നിലകൊള്ളുന്ന കുടുംബാംഗങ്ങളുടെ നിലനിൽപ് ഏറെ പ്രതികൂലാ വസ്ഥയി ലായിരുന്നു. ആധുനിക സുഖസൗകര്യങ്ങൾക്കു വേണ്ടിയുള്ള മനുഷ്യന്റെ പരക്കംപാച്ചിലിൽ മറ്റു പലതും നമുക്ക് നഷ്ടമാകുന്നു എന്നത് ഒരു യാഥാർഥ്യം തന്നെയാണെന്നാണ് ബിന്ദു വർഗീസിന്റെ നിരീക്ഷണം.
കാറ്ററിംഗിലെ അശ്രദ്ധ
വിവാഹമോ മറ്റ് ഇതര അടിയന്തിരവാശ്യങ്ങൾക്കോ ഇന്ന് ആശ്രയിക്കുന്നത് കാറ്ററിംഗ് ടീമുകളെയാണ്. ഇവരുടെ വ്യത്യസ്തമായ വിഭവങ്ങളിൽനിന്നും വിഷബാധയേൽക്കുന്നത് ഏതിൽനിന്നാണെന്ന് കണ്ടെത്തുക വലിയ പ്രയാസവുമാണ്. ഇങ്ങനെ അടിയന്തിര സ്ഥലങ്ങളിൽനിന്ന് ഒരു സംഭവമുണ്ടായാൽ അത് മാന്യമര്യാദയോടെ കാറ്ററിംഗ് നടത്തുന്ന വലിയൊരു സമൂഹത്തിന് ദുഷ്‌പേരുണ്ടാകും. എന്താണ് ഇതിന്റെ നിജസ്ഥിതിയെന്ന് അന്വേഷിക്കാൻ പലപ്പോഴും ആരും തയ്യാറാകില്ല. കാറ്ററിംഗുകാരെ അടച്ച് കുറ്റക്കാരാക്കാറാണ് പതിവുരീതി. നഗരത്തിലെ ഒരു ഉന്നത കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമ തന്റെ പേരുവെളിപ്പെടുത്താതെതന്നെ ഇതിന്റെ മറുവശം വ്യക്തമാക്കുകയുണ്ടായി. പലപ്പോഴും മത്സ്യ-മാംസങ്ങൾ പാചകത്തിനായി പാചകശാലയിലെത്തിക്കുമ്പോൾ അവ സുരക്ഷിതമായി ശീതികരിച്ചുവയ്ക്കാൻ വലിയ സൗകര്യങ്ങളില്ലാത്തവർ അലക്ഷ്യമായി അവ നിക്ഷേപിക്കുമ്പോൾ ഒരു സമയപരിധി കഴിഞ്ഞ് പാചകത്തിനെടുക്കുമ്പോൾ ഇവ അഴുകിത്തുടങ്ങുകയും വിഷമയമായിത്തീരുകയും ചെയ്തിട്ടുണ്ടാകും. ഇത് പാചകംചെയ്ത് വരുമ്പോഴുണ്ടാകുന്ന അസ്വാഭാവികതകൾ മറച്ചുപിടിക്കാൻ അരുതാത്ത രസക്കൂട്ടുകൾ അമിതമായി ചേർ ക്കുമ്പോൾ വിഷാംശം ഇരട്ടിയായി ആ ഭക്ഷ്യവസ്തുവിൽ നിക്ഷേപിക്കപ്പെടുകയായി. ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഉപയോഗിക്കുന്ന വെള്ളത്തിന്റെ പ്രാധാന്യവും പാചകത്തിൽ വലിയ ഘടകമാണ്. നാടും നഗരവും കുടിവെള്ളക്ഷാമത്താൽ വലയുമ്പോൾ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ അന്വേഷിക്കാനൊന്നും ആരും മുതിരാതെ ലഭിക്കുന്ന വെള്ളം ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഭൂഗർഭജലം അതും മനുഷ്യശരീരത്തെ ബാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.