അകത്തോലിക്കർക്കു കുഞ്ഞുങ്ങളുടെ തലതൊടാമോ?

21 Mar 2023

റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ ചാൻസലർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ, മൗണ്ട് സെന്റ് തോമസ്, കാക്കനാട് കത്തോലിക്കാസഭയിൽ അംഗമല്ലാത്ത ഒരു വ്യക്തിക്കു കത്തോലിക്കരുടെ മാമ്മോദിസ കർമത്തിൽ തലതൊടുന്നവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കുമോ? എന്റെ കുടുംബത്തിൽ കുഞ്ഞിന്റെ അമ്മയുടെ വീട്ടുകാർ ഓർത്തഡോക്‌സ് സഭയിലെ അംഗങ്ങളാണ്. അവരെക്കൊണ്ടു കുഞ്ഞിന്റെ തലതൊടണമെന്നു ഞങ്ങൾക്കും അത് ചെയ്യുന്നതിനു അവർക്കും ആഗ്രഹമുണ്ട്. സഭാനിയമം അതിന് അനുവദിക്കുന്നുണ്ടോ? ബെന്നി തോമസ് ,കോലഞ്ചേരി ഈ വിഷയം മറ്റൊരു തലത്തിൽനിന്നു നേരത്തെ വിശകലനം ചെയ്തിട്ടുണ്ടെങ്കിലും അടുത്തകാലത്തായി മിശ്രവിവാഹങ്ങളുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ ചോദ്യം പല രൂപത്തിൽ ഉന്നയിക്കപ്പെടുന്നതിനാൽ ബെന്നിയുടെ ചോദ്യം ഇത്തവണ എടുക്കാമെന്ന് വച്ചു. ചോദ്യത്തിലേക്ക് നേരിട്ടു കടക്കുന്നതിനുമുൻപ് തലതൊടുന്നവരുടെ ഉത്തരവാദിത്വം എന്തെന്നും തലതൊടുന്നവർക്കു ഉണ്ടാകേണ്ട യോഗ്യതകൾ ഏവയെന്നും സഭാനിയമങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കുന്നത് ആവശ്യമാണ്. സഭയുടെ അതിപുരാതനമായ പാരമ്പര്യമനുസരിച്ചു മാമ്മോദിസ സ്വീകരിക്കുമ്പോൾ തലതൊടുന്നവർ ഉണ്ടായിരിക്കേണ്ടതാണ് (CCEO c. 684§1). മാമ്മോദിസ സ്വീകരിക്കുന്ന വ്യക്തിയെ സഭയുടെ മുമ്പിൽ സമർപ്പിക്കുക, പുതിയതായി വിശ്വാസം സ്വീകരിച്ചവരെ സഭാജീവിതത്തിലേക്കു നയിക്കുകയും വിശ്വാസത്തിൽ പരിശീലിപ്പിക്കുകയും ചെയ്യുക എന്നിവയാണ് തലതൊടുന്ന വ്യക്തികളുടെ ഉത്തരവാദിത്ത്വങ്ങൾ (CCEO c. 684 §2). തലതൊടുന്നവർ ആരായിരിക്കണം എന്നതിനുള്ള ഉത്തരം അവർ നിർവഹിക്കേണ്ട ഉത്തരവാദിത്ത്വങ്ങളുമായി ബന്ധപ്പെടുത്തിയാണു സഭ നൽകുന്നത്. പൗരസ്ത്യ നിയമസംഹിതയും ലത്തീൻ കാനൻ നിയമവും തലതൊടുന്ന വ്യക്തിക്കു ഉണ്ടായിരിക്കേണ്ട യോഗ്യതകളെ എടുത്തുപറയുന്നുണ്ട് (CCEO c. 685, CIC c. 874). i) മാമ്മോദിസയും സ്‌ഥൈര്യലേപനവും വി. കുർബാനയും സ്വീകരിച്ച വ്യക്തിയായിരിക്കണം. ii) കത്തോലിക്കാ സഭാംഗമായിരിക്കണം. iii) തലതൊടുന്നവരെ തിരുസഭ ഏല്പിക്കുന്ന ഉത്തരവാദിത്ത്വങ്ങൾ നിർവഹിക്കുന്നതിനുള്ള സന്നദ്ധത ഉണ്ടായിരിക്കണം. iv) മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയോ, അയാളുടെ മാതാപിതാക്കളോ, മാതാപിതാക്കളില്ലെങ്കിൽ അവരുടെ സ്ഥാനത്ത് നിൽക്കുന്നവരോ, അങ്ങനെയാരുമില്ലെങ്കിൽ കാർമികനോ തലതൊടുന്നവരെ ഈ ഉത്തരവാദിത്വം ഏൽപ്പിക്കണം. v) തലതൊടുന്നവർ മാതാപിതാക്കളോ ജീവിതപങ്കാളിയോ ആകാൻ പാടില്ല. vi) സഭയിൽനിന്നു പുറത്താക്കപ്പെട്ടവരോ സഭാപരമായ ശിക്ഷയിൽ ഉൾപ്പെട്ടവരോ ആയിരിക്കരുത്. vii) തലതൊടുന്ന വ്യക്തികൾക്കു വ്യക്തിസഭകൾ നിശ്ചയിക്കുന്ന പ്രായം ഉണ്ടായിരിക്കണം. (സീറോമലബാർസഭയിൽ തലതൊടുന്ന വ്യക്തികൾക്കു 18 വയസ്സ് പൂർത്തിയായിരിക്കണം: Particular Law Art. 132§1. ലത്തീൻ സഭാനിയമപ്രകാരം 16 വയസ്സ് പൂർത്തിയായാൽ മതിയാകുന്നതാണ്: CIC c. 874). മാമ്മോദിസ സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസവളർച്ചയെ പരിപോഷിപ്പിക്കാൻ കടമയുള്ളവരാണ് തലതൊടുന്നവർ. അതിനാൽത്തന്നെ സഭാജീവിതം നയിക്കുന്നവരും കൂദാശകൾ സ്വീകരിക്കുന്നവരും ഉതപ്പില്ലാത്ത ജീവിതം നയിക്കുന്നവരുമാകണം തലതൊടുന്നവർ. ഇത് ഉറപ്പുവരുത്തുന്നതിനാണ്, തലതൊടുന്നവർ മാമ്മോദിസ നടക്കുന്ന ഇടവകയ്ക്കു പുറത്തുനിന്നുള്ളവരാണെങ്കിൽ തങ്ങളുടെ വികാരിയച്ചന്റെ കത്തു കൊണ്ടുവരണമെന്ന് സീറോമലബാർസഭയുടെ പ്രത്യേക നിയമം (Art. 132 §2) അനുശാസിക്കുന്നത്. പൗരസ്ത്യ നിയമമനുസരിച്ച് മാമ്മോദീസ വഴി ഉണ്ടാകുന്ന ആദ്ധ്യാത്മിക ബന്ധം രക്തബന്ധംപോലെ പ്രധാനപ്പെട്ടതാണ്. അതിനാൽ മാമ്മോദിസയിൽ തലതൊടുന്ന വ്യക്തിക്കു മാമ്മോദീസ സ്വീകരിക്കുന്ന ആളുമായും അയാളുടെ മാതാപിതാക്കളുമായും ആത്മീയബന്ധം ഉണ്ടാകുന്നതുകൊണ്ട് അവർ തമ്മിലുള്ള വിവാഹത്തിന് ഇൗ ബന്ധം തടസ്സമാണ് (CCEO c. 811 §1). ഇത്രയും പറഞ്ഞതിനുശേഷം ചോദ്യത്തിന്റെ ഉത്തരം പറയുന്നതിനുമുൻപ് ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്. മാമ്മോദിസായിൽ ഒരു കുഞ്ഞിന്റെ തലതൊടുന്നതിനു എത്ര വ്യക്തികൾ ഉണ്ടായിരിക്കണം എന്നതിന്റെ ഉത്തരം വളരെ പ്രധാനപ്പെട്ടതാണ്. തലതൊടുന്നവർ രണ്ടു പേർ ആയിരിക്കണമെന്നു നിയമം പറയുന്നില്ല. നിയമം പറയുന്നത് ഒരാളെങ്കിലും ഉണ്ടായിരിക്കണം (CCEO c. 684) എന്നാണ്. അതിനർഥം ഒന്നോ, രണ്ടോ, അതിൽ കൂടുതലോ ആകാം എന്നതാണ്. ഒരാളാണ് തലതൊടുന്നതെങ്കിൽ അതു പുരുഷനോ സ്ത്രീയോ ആകാം എന്നത് നിയമത്തിൽനിന്ന് അനുമാനിക്കാവുന്നതാണ്. ലത്തീൻ നിയമത്തിൽ രണ്ടു വ്യക്തികൾ തലതൊടുന്നുണ്ടെങ്കിൽ ഒരു പുരുഷനും ഒരു സ്ത്രീയുമായിരിക്കണമെന്ന് (CIC c. 873) പറയുമ്പോൾ അത്തരത്തിലുള്ള നിബന്ധനകളൊന്നും പൗരസ്ത്യ നിയമം മുന്നോട്ടുവയ്ക്കുന്നില്ല. ഇക്കാര്യത്തിൽ ഓരോ പ്രദേശത്തും നിലനിൽക്കുന്ന ആചാരമനുസരിച്ചു തീരുമാനിക്കാവുന്നതാണ്. നമ്മുടെ പതിവനുസരിച്ച് ഒരു സ്ത്രീയും ഒരു പുരുഷനുമാണ് തലതൊടുന്നവരായി നിശ്ചയിക്കപ്പെടുന്നത്. ഇനി ചോദ്യത്തിന് നേരിട്ടുള്ള ഉത്തരത്തിലേക്കു വരാം. അകത്തോലിക്കനായ ഒരു വ്യക്തിക്ക് ഒരു കത്തോലിക്കാ വ്യക്തിയുടെ മാമ്മോദിസയിൽ തലതൊടാൻ നിയമം അനുവദിക്കുന്നുണ്ടോ? ഉപാധികളോടെ അനുവദിക്കുന്നുണ്ട് എന്നതാണ് ഉത്തരം. ഈ വിഷയത്തിൽ പൗരസ്ത്യ കാനൻ നിയമവും ലത്തീൻ കാനൻ നിയമവും തമ്മിൽ അല്പം വ്യത്യാസമുണ്ട്. CCEO c. 685 §3 പ്രകാരം i) അകത്തോലിക്കനായ വ്യക്തിയെ തലതൊടുന്നതിനായി തിരഞ്ഞെടുക്കുന്നതിന് കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ന്യായീകരിക്കാവുന്ന കാരണങ്ങൾ ഉണ്ടായിരിക്കണം (ബന്ധം, കുടുംബ സുഹൃത്ത് തുടങ്ങിയവ). ii) പൗരസ്ത്യ അകത്തോലിക്കാസഭകളിൽപെട്ടവർക്കു മാത്രമേ തലതൊടുവാൻ സാധിക്കുകയുള്ളൂ. iii) ഇങ്ങനെയുള്ള സഭയിൽപെട്ട വ്യക്തി തനിയെ തലതൊടാൻ നിയമം അനുവദിക്കുന്നില്ല. iv) മറ്റൊരു കത്തോലിക്കാ വിശ്വാസിയുടെകൂടെ മാത്രമേ പൗരസ്ത്യസഭാ വിഭാഗത്തിൽപ്പെട്ട അകത്തോലിക്കരെ തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആയി ചുമതലപ്പെടുത്താൻ സാധിക്കുകയുള്ളു. ഈ കാനൻ പ്രകാരം പൗരസ്ത്യ കത്തോലിക്കാസഭയിലെ ഒരു കുഞ്ഞിന്റെ മാമ്മോദിസയിൽ തലതൊടുന്ന ദൗത്യം ഏറ്റെടുക്കാൻ ഭാരതത്തിൽ യാക്കോബായ സഭ, ഓർത്തഡോക്‌സ് സഭ, കിഴക്കിന്റെ സഭകൾ (ദി അസീറിയൻ ചർച് ഓഫ് ദി ഈസ്റ്റ്), മാർത്തോമാസഭ, മലബാർ സ്വതന്ത്ര സുറിയാനിസഭ എന്നീ പൗരസ്ത്യ അകത്തോലിക്കാസഭകളിൽപെട്ടവരെ മാത്രമേ സഭാനിയമം അനുവദിക്കുന്നുള്ളു. സ്വാഭാവികമായും ഈ സഭകളിൽനിന്നുള്ളവർ തലതൊടുന്നതിനായി വരുമ്പോൾ അവരുടെ വികാരിയുടെ കത്തു കൊണ്ടുവരേണ്ടതാണ്. ലത്തീൻ കാനൻ നിയമ (c. 872 §2) പ്രകാരം ഏതു അകത്തോലിക്ക സഭാസമൂഹത്തിൽപെട്ട വ്യക്തിക്കും മാമ്മോദിസയിൽ പങ്കെടുക്കാം. അകത്തോലിക്ക പൗരസ്ത്യസഭാംഗം ആയിരിക്കണമെന്നില്ല. അകത്തോലിക്കനായ വ്യക്തിയെ ഇപ്രകാരം നിയോഗിക്കുന്നതിനു പ്രത്യേക കാരണം കാണിക്കേണ്ട ആവശ്യം ഇല്ല. ഒരു കത്തോലിക്കാ വ്യക്തി കൂടെ ഉണ്ടായിരിക്കണം എന്നതു നിർബന്ധമാണ്. എന്നാൽ അകത്തോലിക്ക വ്യക്തിയുടെ ദൗത്യം ഒരു സാക്ഷി എന്ന നിലയിൽ മാത്രമായിരിക്കും, തല തൊടുന്ന വ്യക്തി എന്ന നിലയിൽ ആയിരിക്കില്ല. മാമ്മോദിസായിലൂടെ ലഭിക്കുന്ന ദൈവകൃപയെ വളർത്താനും വർധിപ്പിക്കാനും മാമ്മോദിസ സ്വീകരിക്കുന്ന വ്യക്തിയെ സഹായിക്കാനുള്ള ഗൗരവകരമായ ദൗത്യമാണ് തലതൊടുന്നവരുടേത്. തലതൊടുന്നവരെ തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധയുള്ളവരായിരിക്കണം. മാമ്മോദിസ സ്വീകരിച്ച വ്യക്തിയുടെ വിശ്വാസജീവിതത്തിൽ തലതൊടുന്നവരുടെ പങ്കു മനസ്സിലാക്കുമ്പോൾ അനുയോജ്യരായ വ്യക്തികളെ കണ്ടെത്താൻ സാധിക്കും. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അംഗീകാരവും ചടങ്ങിൽ പങ്കാളിത്തവും കൊടുക്കുന്നതിനുവേണ്ടി തലതൊടുന്നവരുടെ സ്ഥാനത്തെ കുറച്ചുകാണാതിരിക്കാൻ സവിശേഷമായ ശ്രദ്ധയുണ്ടാകണം.