കടലാസിലുണ്ട്, പ്ലേറ്റിലില്ല!

21 Mar 2023

ജോൺസൺ പൂവന്തുരുത്ത് ന്യൂസ് എഡിറ്റർ, രാഷ്ട്രദീപിക, കോട്ടയം ഭക്ഷ്യസുരക്ഷാ സംവിധാനത്തിലെ വീഴ്ചകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുമ്പോഴും നിയമങ്ങൾ ഇവിടെ കടലാസിൽ ഭദ്രമായി സുഷുപ്തിയിലാണ്ടിരിക്കുകയാണ്. യാതൊരുവിധ തുടർനടപടികളും സം ഭവിക്കുന്നില്ല. സമകാലിക സംഭവങ്ങൾ അക്കമിട്ടു നിരത്താൻ നിരവധിയുണ്ട്. തെളിവുകളും സാക്ഷികളും ഉണ്ടെങ്കിൽപോലും പലപ്പോഴും അവയെല്ലാം നാമമാത്ര നടപടികൾ എടുക്കുന്നുണ്ടെന്ന് വരുത്തിതീർ ക്കാൻ അന്നന്നയപ്പത്തിനുള്ള അന്നംതേടി കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരെയും തട്ടുകടക്കാരെയുമൊക്കെ ബലിയാടുകളാക്കി വമ്പൻ സ്രാവുകളെ സുരക്ഷിതരാക്കുന്ന പതിവുരീതികളാണ് കാണാൻ കഴിയുന്നത്. മാധ്യമകണ്ണിലൂടെ ഈ വിസ്മയ പ്രതിഭാസത്തെനോക്കിക്കാണുകയാണ് ലേഖകൻ. ''ഭക്ഷണം നിങ്ങളുടെ ഔഷധവും ഔഷധം നിങ്ങളുടെ ഭക്ഷണവുമാകട്ടെ'' - വിഖ്യാത ഗ്രീക്ക് ഭിഷ ഗ്വരൻ ഹിപ്പോക്രാറ്റസിന്റെ വാക്കുകളാണിത്. ഒരു വ്യക്തിയെ സംബന്ധിച്ചു ഭക്ഷണം അവന്റെ ജീവിത ത്തിൽ എന്താകണമെന്നും എന്തായിരിക്കണമെന്നും വ്യക്തമാക്കുന്ന ലളിതമായ ഒരു വാചകം ആണിത്. ഒരു മനുഷ്യൻ കഴിക്കുന്ന ഭക്ഷണം ഔഷധം പോലെയാണെന്നു പറയുമ്പോൾ ആ ഭക്ഷണം എത്ര ത്തോളം ഗുണപരമായിരിക്കണമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നമ്മെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ഒരു ഔഷധംകൂടിയാവണം നമ്മൾ കഴിക്കുന്ന ഭക്ഷണമെന്നു ഹിപ്പോക്രാറ്റസ് പറയു മ്പോൾ ഭക്ഷണം എത്രത്തോളം ശുദ്ധമായിരിക്കണമെന്നും അനുയോജ്യമായിരിക്കണമെന്നതുമാണ് ഹിപ്പോക്രാറ്റസ് ചൂണ്ടിക്കാണിക്കുന്നത്. രോഗം മാറാനും രോഗം വരാതിരിക്കാനുമുള്ള മരുന്നായിരിക്കണം നമ്മുടെ ആഹാരം എന്നു ചുരുക്കം. എന്നാൽ, ഇന്നു നമ്മുടെ അവസ്ഥ എന്താണ് പ്രത്യേകിച്ചു കേരളത്തിലെ സ്ഥിതി എന്താണ്? ഔഷധം എന്നതു പോട്ടെ, ഭക്ഷണം എന്നുപോലും വിശേഷിപ്പിക്കാൻ കഴിയാത്ത രീതിയിൽ നമ്മുടെ വിഭവങ്ങൾ വിഷലിപ്തമായിരിക്കുന്നു എന്നതാണ് ദുരന്തപൂർണമായ യാഥാർഥ്യം. ആരോഗ്യം സംരക്ഷി ക്കുന്നതിനേക്കാൾ രോഗം ക്ഷണിച്ചുവരുത്തുന്ന ഒന്നായി നമ്മുടെ ഭക്ഷണവും ഭക്ഷ്യോത്പ ന്നങ്ങളും മാറി യിരിക്കുന്നു. മായവും മാലിന്യവും കലരാത്ത ഭക്ഷണം കിട്ടുക എന്നതുപോലും ദുഷ്‌കര മായിരിക്കുന്ന അന്തരീക്ഷത്തിലാണ് മലയാളിയുടെ ജീവിതം കടന്നുപോകുന്നത്. കണ്ണുംപൂട്ടി കഴിക്കുന്നവർ ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നിലവാരമുള്ള ആരോഗ്യപരിപാലന സംവിധാനങ്ങളുമൊക്കെയുണ്ടെന്നു മേനി നടിക്കുന്ന മലയാളിതന്നെയാണ്. പക്ഷേ, ആരോഗ്യകരമായ ഒരു ഭക്ഷ്യസംസ്‌കാരം രൂപപ്പെടുത്തുന്നതിലും സ്വന്തമാക്കുന്നതിലും അമ്പേ പരാജയ പ്പെട്ടിരിക്കുന്നു. ഫലമോ ഇന്ത്യയിൽത്തന്നെ ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോ ഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങൾ ഏറ്റവും കൂടുതൽ അലട്ടു ന്ന ജനതയായി വിഷമിക്കുന്നു. കാൻസർ പോലെയുള്ള അതീവ ഗുരുതരമായ രോഗങ്ങൾ ബാധി ക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുന്നു. യുവത്വം വിടുന്നതിനു മുമ്പേ വാർധക്യസഹജമായ രോഗങ്ങളാൽ പലരും ക്ലേശിക്കുന്നു. വലിയൊരു വിഭാഗത്തിനു മരുന്നില്ലാതെ ജീവിക്കാൻ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുന്നു. വിശ്വസിച്ച് ഒന്നും ക ഴിക്കാൻ കഴിയില്ല എന്നതാണ് കേരളത്തിലെ സ്ഥിതി. അതു പാൽമുതൽ പലചരക്കുവരെ, മത്സ്യം മുതൽ മത്തങ്ങവരെ മായത്തിലും മാലിന്യത്തിലും മുങ്ങിയെത്തുന്നുവെന്നതാണ് സ്ഥിതി. ഒരു വിഭവത്തെ ഏറ്റവും രുചിയുള്ളതാക്കി മാറ്റുന്നത് അതിൽ അടങ്ങിയിരിക്കുന്ന രുചിക്കൂട്ടുകൾ മാത്ര മല്ല, കഴിക്കുന്നയാൾക്ക് ആ ഭക്ഷണത്തിലുള്ള വിശ്വാസ്യത കൂടിയാണ്. അങ്ങനെ നോക്കിയാൽ മലയാ ളിക്ക് ശരിയായ രുചിയോടും സംതൃപ്തിയോടുംകൂടി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർ ഥ്യം. അതായത് കണ്ണുംപൂട്ടി കഴിക്കുക എന്നതാണ് ഇന്നു മലയാളി ചെയ്തുകൊണ്ടിരിക്കുന്നത്. വിശപ്പടക്കാൻ കഴിച്ച ഭക്ഷണം ജീവൻ തന്നെയെടുക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ കൂട്ടത്തോ ടെ ആശുപത്രിയിലാകുന്നു. ഹോട്ടലുകളിൽനിന്നും ഫ്രീസറുകളിൽനിന്നും പഴകിയതും അഴുകിയതുമായ ഭക്ഷ്യോത്പന്നങ്ങൾ കണ്ടുകെട്ടുന്നു. മികച്ച ഭക്ഷണം നൽകുന്നുവെന്നു കരുതുന്ന ഹോട്ടലുകളുടെ പിന്നാ മ്പുറങ്ങളിൽപോലും അറപ്പുളവാക്കുന്ന കഥകളും കാഴ്ചകളും റിസ്‌ക് എടുത്തു ഭക്ഷണം കഴിക്കേണ്ട അവസ്ഥ. മലയാളിയെ ഈ അവസ്ഥയിൽ എത്തിച്ച ഘടകങ്ങൾ പലതാണ്. നിറം മങ്ങിയ കൃഷി കേരളത്തിൽ കൃഷി ഇടങ്ങൾ കുറഞ്ഞതും കൃഷി ലാഭകരമല്ലാതായി മാറിയതും പച്ചക്കറിയും അരിയും അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കു കേരള ത്തെ എത്തിച്ചു. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് അപകടകാരിയായ കീടനാശിനികൾ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ തളിച്ചും മുക്കിയും വളർത്തിയെടുക്കുന്ന പച്ചക്കറികൾ പണം കൊടുത്തുവാങ്ങേണ്ട ഗതികേടിലേക്ക് മലയാളി എത്തി. നിരോധിത കീടനാശിനികൾ കോരിയൊഴിച്ചു വളർത്തിയെടുക്കുന്നതാണെന്ന ബോധ്യമുണ്ടെങ്കിലും മറ്റു പോംവഴികളില്ലാത്തതിനാൽ അത്തരം പച്ചക്കറികൾ വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലായി നമ്മൾ. അടുക്കളത്തോട്ടം പോലെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു കേരളത്തിലെ പച്ചക്കറി ഉത്പാദനം വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും നമ്മുടെ ആവശ്യത്തിന് മതിയായ അളവിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. വന്യമൃഗശല്യം അടക്കം കൂടുതൽ കർഷകരെ പിന്തിരിപ്പിക്കുമ്പോൾ നമ്മുടെ മറുനാടൻ ആശ്രയത്വം ഇനിയും കൂടാനാണ് സാധ്യത. അല്ലെങ്കിൽ സ്വന്തം ആവശ്യത്തിനു സ്വന്തം പച്ചക്കറി എന്ന ചിന്തയിലേക്കും പ്രവൃത്തിയിലേക്കും മലയാളി കൂട്ടത്തോടെ തിരിയേണ്ടി വരും. അന്യസംസ്ഥാനങ്ങളിൽ മാത്രമല്ല, നമ്മുടെ നാട്ടിലും നിരോധിത കീടനാശിനികളുടെ ഉപയോഗം പല മേഖലകളിലും ശക്തമായി തുടരുന്നുണ്ട്. മറ്റുള്ളവരുടെ ആരോഗ്യം നശിച്ചാലും കുഴപ്പമില്ല നമ്മുടെ പോക്കറ്റ് നിറഞ്ഞാൽ മതിയെന്ന സ്വാർഥതയും സമീപനവുമാണ് പലരെ യും നയിക്കുന്നത്. സമൂഹത്തോടു പ്രതിബദ്ധത പുലർത്തേണ്ടതിന്റെ ആവശ്യകത സ്‌കൂൾകാലം തൊട്ടേ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. മാറുന്ന ഭക്ഷണരീതികൾ അത്യാവശ്യം ആരോഗ്യകരമായ ഒരു ഭക്ഷ്യസംസ്‌കാരം നിലനിന്നിരുന്ന നാടായിരുന്നു നമ്മുടേത്. കൂടുതലും സ്വന്തം പറമ്പുകളിൽനിന്നു ലഭിച്ചിരുന്ന കപ്പയും ചക്കയും ചേമ്പും ചേനയും കാച്ചിലുമൊക്കെ നമ്മുടെ ഭക്ഷ്യമേശകളെ സമ്പന്നമാക്കിയിരുന്നു. നാടൻ കോഴിയും നാട്ടുമീനുമൊക്കെ ആഹ്ലാദത്തോടെ യും സംതൃപ്തിയോടെയും കഴിച്ചിരുന്നവരാണ് നമ്മുടെ പഴയ തലമുറകൾ. ഭക്ഷണത്തിൽ മായം കലർന്നിട്ടുണ്ടോയെന്ന ആശങ്ക അവരെ ഒരുകാലത്തും അലട്ടിയിരുന്നില്ല. എന്നാൽ, കാലം മാറിയതോടെ ശീലങ്ങളും മാറി. അതിർത്തി കടന്നെത്തിയ വിഭവങ്ങൾ നാടൻ വിഭവങ്ങളെ തുരത്തി. മറുനാടൻ മാംസവി ഭവങ്ങൾ മെനു ലിസ്റ്റുകളിൽ മുഖ്യസ്ഥാനം നേടി. അത്തരം വിഭവങ്ങൾ മാത്രം വിളമ്പുന്ന നൂറുകണക്കിനു ഭക്ഷണശാലകൾ കേരളത്തിലെമ്പാടും ഇടംനേടി. പരിചയ സമ്പന്നരും അല്ലാത്തവരുമായ പലരും ഇത്തരം വിഭവങ്ങളുടെ ഷെഫ് വേഷമിട്ടു. രുചി കൂട്ടാൻ കൃത്രിമ നിറങ്ങളും മണങ്ങളും ഒഴുകിയിറങ്ങി. നിറത്തിലും മണത്തിലും മതിമയങ്ങി മലയാളി ആർത്തിയോടെ ഇവ അകത്താക്കി. വഴിയോര തട്ടുകടകളിൽ വരെ ഇത്തരം വിഭവങ്ങൾ നിരന്നു. ലാഭക്കൊതി മൂത്തപ്പോൾ പാചകരീതികളും മാനദണ്ഡങ്ങളുമൊക്കെ കാറ്റിൽ പറന്നു. ഒറ്റ ദിവസംകൊണ്ട് ഉപയോഗിച്ചു തീർക്കേണ്ട വിഭവങ്ങൾ ആഴ്ചയൊന്നുകഴിഞ്ഞും ഫ്രീസറുകളിൽ കയറിയിറങ്ങി. പഴകിയ തും അഴകുചാർത്തി പ്ലേറ്റുകളിൽ വിശ്രമിച്ചു. ഫലമോ, ഭക്ഷ്യവിഷബാധയും ആരോഗ്യപ്രശ്‌നങ്ങളും പതി വു വാർത്തകളായി. കേരളത്തിലെ തനതു ഭക്ഷ്യസംസ്‌കാരം നിലനിന്ന കാലത്ത് ഭക്ഷ്യവിഷബാധ എന്നത് അത്യപൂർവ സംഭവമായിരുന്നെന്ന് മുഖ്യമന്ത്രിതന്നെ ചൂണ്ടിക്കാട്ടി. കടലാസിലെ വൃത്തി ഭക്ഷണത്തിന്റെയും അവ വിളമ്പുന്നതിന്റെയും കാര്യത്തിൽ നിയമങ്ങൾക്ക് ഒട്ടും കുറവില്ലാത്ത നാടാണ് കേരളം. ഹോട്ടൽ നടത്തിപ്പിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനുമെല്ലാം നിരവധി നിയമങ്ങളും ചട്ടങ്ങളുമൊക്കെയുണ്ട്. പക്ഷേ, പലപ്പോഴും ഇതെല്ലാം കടലാസിൽ മാത്രം ഒതുങ്ങുന്നതാണ് കണ്ടുവരുന്നത്. അടുത്ത കാലത്ത് ഭക്ഷ്യവിഷബാധയിലൂടെ കേരളത്തിൽ ഏറ്റവുമധികം കുപ്രസിദ്ധമായ വിഭവങ്ങളിലൊന്നാണ് ഷവർമ. മസാലപുരട്ടി കമ്പിയിൽ കോർത്ത ഇറച്ചി തീജ്വാലയിൽ അരിഞ്ഞു നൽകുന്ന വിഭവം യുവതലമുറയ്ക്കിടയിൽ വളരെപ്പെട്ടെന്നാണ് ഹരമായി മാറിയത്. അന്നന്നത്തെ ഇറച്ചി മാത്രമേ ഷവർമയ്ക്ക് ഉപയോഗിക്കാവൂയെന്നും വൃത്തിയായി നൽകണമെന്നുമൊക്കെ ചട്ടവും നിർദേശങ്ങ ളുമുണ്ട്. എന്നാൽ, മിച്ചംവരുന്ന ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ചശേഷം പിറ്റേന്നു വീണ്ടും ഷവർമയാക്കി നൽകുന്നവർ ഈ നാട്ടിലുണ്ട്. തുറസായ വഴിയരികിൽ പൊടിയും പുകയുമേറ്റ് ഷവർമ ഇറച്ചി ആവശ്യ ക്കാരെ കാത്തുനിൽക്കുന്ന കാഴ്ച കേരളത്തിൽ സർവസാധാരണം. ബാർബി ക്യൂ, അൽഫാം തുടങ്ങിയ വിഭവങ്ങളൊക്കെ യാതൊരു സംവിധാനങ്ങളുമില്ലാത്ത തട്ടുകടകളിൽവരെ നിരത്തിവച്ചിരിക്കുന്നതു കാണാം. സംവിധാനങ്ങളില്ല കൃത്യമായ പരിശോധനകളും നിരീക്ഷണങ്ങളുമുണ്ടെങ്കിൽ ഭക്ഷ്യരംഗത്തെ നിയമവിരുദ്ധമായ പ്രവണ തകൾക്ക് ഒരു പരിധിവരെ തടയിടാൻ കഴിയും. എന്നാൽ, അതു കാര്യക്ഷമമായി നടക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. എവിടെയെങ്കിലും ഭക്ഷ്യവിഷബാധയോ മരണമോ ഒക്കെ ഉണ്ടാകുമ്പോൾ മാധ്യമങ്ങളിൽ വലിയ വാർത്തയാകും. ഇതോടെ പരിശോധനയുമായി ഉദ്യോഗസ്ഥർ ചാടിയിറങ്ങും. ഒന്നോ രണ്ടോ ആഴ്ച റെയ്ഡും ബഹളങ്ങളുമൊക്കെ കഴിയുമ്പോൾ എല്ലാം പതിയെപ്പതിയെ പഴയപടിയാകും. നടക്കുന്നതും നടക്കേണ്ടതും 2021 ഓണക്കാലത്ത് കുമളി ചെക്ക് പോസ്റ്റ് വഴി അന്യസംസ്ഥാനത്തുനിന്ന് പാലുമായി കടന്നുവന്നത് 51 ടാങ്കറുകളാണ്. ഏകദേശം 6,71,996 ലിറ്റർ പാൽ. പാലിലെ മായം പരിശോധിക്കാൻ ചെക്ക് പോസ്റ്റിൽ സംവിധാനം ഏർപ്പെടുത്തിയെന്നു പ്രഖ്യാപനമുണ്ടായിരുന്നു. ആധുനിക പരിശോധനാ സങ്കേതങ്ങൾ ഉപയോഗിച്ചാലും ശരാശരി 20 മിനിറ്റ് എങ്കിലും ചെലവഴിച്ചു മാത്രമേ പാലിലെ മായം പരിശോധിക്കാനാ കുമെന്നു പറയുന്നു. അതും പ്രാഥമിക പരിശോധന. കൂടുതൽ കൃത്യമായ പരിശോധന നടത്തണ മെങ്കിൽ സാമ്പിൾ കാക്കനാട്ടെ റീജണൽ ലാബിലേക്ക് എത്തിക്കേണ്ടി വരും. എത്ര ടാങ്കറുകളിലെ പാൽ കൃത്യ മായി പരിശോധിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, പലപ്പോഴും ഓണക്കാലം പോലെയുള്ള ഉത്സവ സീസണുകളിൽ മാത്രമാണ് അല്പമെങ്കിലും കാര്യക്ഷമമായ പരിശോധനകൾ നടക്കുന്നത്. 2022 ആഗസ്റ്റിൽ മീനാക്ഷിപുരം ക്ഷീരവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ 12,750 ലിറ്റർ മായം കലർന്ന പാൽ പിടികൂടി. യൂറിയ കലർന്ന പാൽ എന്നായിരുന്നു റിപ്പോർട്ട്. വൻതോതിൽ മായംകലർന്ന പാൽ സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട കേസുകളിൽ മാത്രമേ പിടിവീഴുന്നുള്ളൂ. അതു തന്നെ പലപ്പോഴും കേസ് തെളിയിക്കാനാകാതെ പോവുകയാണ് പതിവ്. പിടിച്ചിട്ടും തർക്കം അടുത്ത കാലത്ത് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ 15,300 ലിറ്റർ മായംകലർന്നതെന്നു പറയുന്ന പാൽ ക്ഷീരവകുപ്പ് പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറി. പാൽ കേടാകാതിരിക്കാനുള്ള ഹൈഡ്ര ജൻ പെറോക്‌സൈഡ് ചേർത്തെന്നായിരുന്നു ക്ഷീരവകുപ്പിന്റെ വാദം. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കു ശേഷം ഇങ്ങനെയൊന്നു കണ്ടെത്താനായില്ലെന്നു പറഞ്ഞു. ഇതോടെ വകുപ്പുകൾ തമ്മിൽ തർക്കമായി. കൃത്യമായ സമയപരിധിക്കുള്ളിൽ പരിശോധന നടത്താത്തതുകൊണ്ട് കണ്ടെത്താൻ കഴിയാഞ്ഞതെന്നായിരുന്നു ഒരു വാദം. പാലിൽ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാ ൽ അഞ്ചു ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവും വിധിക്കാൻ പര്യാപ്തമായ കുറ്റമാണ്. വാഹനവും പിടിച്ചെടുക്കും. എന്നാൽ, ഇതുവരെ എത്രപേർക്ക് ഇങ്ങനെയൊരു ശിക്ഷ കേരളത്തിൽ ലഭിച്ചതായി കേട്ടി ട്ടുണ്ട്. അതിന്റെ അർഥം കേരളത്തിലേക്ക് വ്യാജപാൽ എത്തുന്നില്ല എന്നാണോ? നമ്മുടെ പരിശോധനാ സംവിധാനങ്ങളുടെയും ക്രമീകരണങ്ങളുടെയും പോരായ്മയിലേക്കു വിരൽ ചൂണ്ടുന്ന താണിത്. പാൽ മാത്രമല്ല, പച്ചക്കറി, കോഴി, അറവുമാടുകൾ എന്നിങ്ങനെ കൃത്യമായ ആരോഗ്യ പരിശോധനയില്ലാതെ ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് ഒഴുകിയെത്തുകയാണ്. അതിന്റെ കൂടെയാണ് നമ്മുടെ നാട്ടിൽത്തന്നെ നടക്കുന്ന മായംകലർത്തൽ. സഹോദരനോടു ചെയ്യുന്നത് സ്വന്തം സഹോദരനോടു ചെയ്യുന്ന ക്രൂരതയാണ് ഭക്ഷണത്തിൽ മായം ചേർക്കുക എന്നതും പഴകിയ ഭക്ഷ്യവിഭവങ്ങൾ വിളമ്പുക എന്നതും വൃത്തിരഹിതമായി ഭക്ഷണം നൽകുകയെന്നതും. സമൂഹത്തോടും രാജ്യത്തോടും പ്രതിബദ്ധതയുള്ള ആർക്കും ഈ ക്രൂരതയ്ക്കു കൂട്ടുനിൽക്കാൻ കഴിയില്ല. ഒരു തരത്തിൽ നോക്കിയാൽ ഇതൊരു കൊലക്കുറ്റമാണ്. ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്നതിനു തുല്യം. മനഃസാക്ഷി യുള്ള ആർക്കും ഇതു ചെയ്യാൻ കഴിയില്ല. എന്നാൽ, നമ്മുടെ നാട്ടിൽ ഇതൊക്കെ സാധാരണ കാര്യമെന്ന മട്ടിലാണ് പലരും ചെയ്തുകൂട്ടുന്നത്. ചെറുപ്പംകാലം മുതൽത്തന്നെ ഭക്ഷണത്തിന്റെ ശുദ്ധതയെക്കുറിച്ചു ള്ള അവബോധവും അതിൽ മായം ചേർക്കുന്നതു അതീവഗുരുതരമാണെന്നുള്ള തിരിച്ചറിവും കുട്ടികൾക്കു ലഭ്യമാക്കണം. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കാൻ കഴിഞ്ഞാൽ കുറെയൊക്കെ മാറ്റംവരുത്താം. ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ട ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആൾ ബലം വിരലിൽ എണ്ണാവുന്നതു മാത്രമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. നൂറുകണക്കിനു ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും ഉത്പന്നകേന്ദ്രങ്ങളുമൊന്നും പരിശോധിക്കാൻ തക്ക സംവിധാനം നമുക്കില്ല. ഈ രംഗത്ത് അടിയന്തരമായി സർക്കാർ ശ്രദ്ധ ചെലുത്തണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം. കൂടുതൽ ലാബുകളും മറ്റു പരിശോധനാ സംവിധാനങ്ങളും ഒരുക്കണം. മനുഷ്യജീവന്റെ കാര്യമാണ്. കാൻസറും മറ്റു മാരകരോഗങ്ങളും ചികിത്സിക്കാൻ സർക്കാരും സമൂഹവും ചെലവഴിക്കുന്ന പണം കണക്കിലെടുക്കുമ്പോൾ ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ മുടക്കുന്ന പണം ഒരിക്കലും ഒരു നഷ്ടമാവുകയില്ല.