വിഷമയമാക്കപ്പെടുന്ന മണ്ണ്
21 Mar 2023
റവ. ഡോ. ജോസഫ് ഒറ്റപ്ലാക്കൽ
ദേശീയ ചെയർമാൻ, INFAM
വായുവും വെള്ളവും ഭക്ഷണവും മാത്രമല്ല ഇന്ന് വിഷമയമായിക്കൊണ്ടിരിക്കുന്നത്. മണ്ണുപോലും വിഷലിപ്തമാക്കിതീർക്കുമ്പോൾ മനുഷ്യന്റെ ആരോഗ്യവും ജീവജാലങ്ങളുടെ നിലനിൽപ്പും ചോദ്യചിഹ്നമാകുന്നു. കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് ലാഭക്കണ്ണും അത്യാർത്തിയും കാർഷികരംഗത്തെയും വിഷമയമാക്കിത്തീർത്തിരിക്കുകയാണ്. മണ്ണിനെയും കർഷകരെയും സ്‌നേഹിക്കുകയും അവർക്കായി സുദീരം ശബ്ദമുയർത്തുകയുംചെയ്യുന്ന ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റി (INFAM) ന്റെ ദേശീയ ചെയർമാൻ പ്രതികരിക്കുന്നു.
ആദിയിൽ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എല്ലാം നല്ലതെന്ന് അവിടുന്ന് അരുൾ ചെയ്തു. സർവ്വ ജീവജാലങ്ങൾക്കും മനുഷ്യനും വസിക്കാൻ തക്കവിധം ദൈവം പ്രപഞ്ചത്തെ മനോഹരമായി സൃഷ്ടിച്ചു. അരുതാത്തതൊന്നും ചെയ്യരുത് എന്നും ആഹ്വാനം ചെയ്തു. എന്നാൽ ആദ്യ മനുഷ്യൻ ദൈവ കല്പന ലംഘിച്ചു ലോകത്തിൽ പാപം കടന്നുകൂടി.
ആർത്തിസംസ്‌കാരം
കൂടുതൽ സുഖവും സമ്പത്തും ലഭിക്കാൻ മനുഷ്യൻ വെമ്പൽ കൊണ്ടു, ആർത്തി സംസ്‌കാരത്തിന് ആരംഭം കുറിച്ചു. തുടർന്നുവന്ന കാർഷിക വിപ്ലവവും വ്യാവസായിക വിപ്ല വവും ഭൂപ്രകൃതിയിൽ വമ്പിച്ച രൂപമാറ്റം ഉണ്ടാക്കി.പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനും മനുഷ്യന് മാത്രമാണ് കഴിയുന്നത്. സൃഷ്ടിയുടെ മകുടമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഈ പ്രകൃതിയുടെമേൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. പ്രകൃതിയിലെ നന്മ സംരക്ഷിക്കാനും വളർത്താനുമുള്ള ഉത്തരവാദിത്വം നൽ കപ്പെട്ട മനുഷ്യൻ ത ന്റെ സ്വാർഥതയുടെ പേരിൽ ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന വിഡ്ഢിയായി മാറുന്നു. പുൽമേടുകൾ നശിപ്പിക്കുന്നതും വനവിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്യുന്നതും വനത്തിലെ നിർമാണ പ്രവർത്തനങ്ങളും ഒക്കെ സസ്യ-വൃക്ഷ സമ്പത്തിന് കടുത്ത ഭീഷണിയാണ്.
പ്രകൃതി മനുഷ്യന് കനിഞ്ഞേകുന്ന, അവന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ശുദ്ധ വായു, ശുദ്ധജലം, മാലിന്യമേശാത്ത ഭക്ഷണം ഇതെല്ലാം ഇന്ന് മനുഷ്യന്റെ അത്യാർത്തിയാൽ മലിനപ്പെട്ടു. ശുദ്ധ വായുവിന്റെ ഉറവിടങ്ങളായ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിൽ അല്ല മുറിച്ചു മാറ്റുന്നതിനാണ് മനുഷ്യൻ വെമ്പൽ കൊള്ളുന്നത്. ഭൂമിയുടെ ഉള്ളറകളിലേക്ക് ഇറങ്ങി അവിടുത്തെ നീരുറവകളെ ചൂഷണം ചെയ്യുന്ന തുമൂലം ഭൂമിയുടെ ജല സമ്പത്ത് അനുദിനംകുറഞ്ഞുവരുന്നു. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താ ണ്ടുന്ന പാവപ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കഷ്ടപ്പാടുകൾ നാം മറക്കരുത്.
വിഷം കലർന്ന ജീവിതരീതി
ജീവിതത്തിന്റെ സമസ്തമേഖലകളിലും ശാസ്ത്രവും അതിന്റെ പ്രായോഗിക ജ്ഞാനമായ സാങ്കേതി കതയും വിജയകോടി പാറിച്ചു കഴിഞ്ഞു. കൃഷിയിലും ഭക്ഷ്യ സംസ്‌കാരത്തിലും ആധുനിക ശാസ്ത്ര ത്തിന്റെ മികവും പ്രാവീണ്യവും തെളിയിക്കപ്പെട്ടതാണ്. മികച്ച വിളകൾ ലഭിക്കാനും അവയെ സംഭരി ക്കാനും ആവശ്യമായ അറിവ് മനുഷ്യനുണ്ട്. എന്നാൽ ഈ ലക്ഷ്യം നേടാൻ ഉപയോഗിക്കേണ്ട അറിവിനെ തികച്ചും ഹീനമായ ലക്ഷ്യസാധ്യതയ്ക്ക് വേണ്ടി അവൻ ഉപയോഗിക്കുന്നു. രാസവളങ്ങളും വിഷപ്ര യോഗങ്ങളും കൊണ്ട് മണ്ണിനെയും ആരോഗ്യത്തെയും ജീവജാലങ്ങളെയും നശിപ്പിക്കുന്ന ലോകമാണിത്. സാമ്പത്തിക ലാഭം എന്ന ഏക ലക്ഷ്യത്തിനുവേണ്ടി മനുഷ്യൻ അവന്റെ അന്നത്തിൽ തന്നെ വിഷം കലർത്തുന്നു. നാം ഇന്ന് മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന എല്ലാ ഭക്ഷണപദാർഥങ്ങളിലും തന്നെ മാരക മോ ലഘുവോ ആയ കലർപ്പുകൾ ഉള്ളതാണ്. ബിസിനസ് ആവശ്യത്തിനും വീട്ടാവശ്യത്തിനും വെവ്വേറെ കൃഷിയും പച്ചക്കറിപരിപാലനയും നടത്തുന്ന ആളുകൾ ഉണ്ട്. എത്രമാത്രം ക്രൂരമാണ് ഈ തീരുമാനം. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഞാൻ വിളയിക്കുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ഫലവർഗങ്ങളും വിഷം കലർത്താതെയും കീടനാശിനികൾ ഉപയോഗിക്കാതെയും ഞാൻ പരിപാലിക്കുന്നു. കടയിൽ കൊടുത്ത് വില വാങ്ങാൻ ഞാൻ നടുന്നവയെല്ലാം വിഷത്തിൽ മുക്കി സംരക്ഷിക്കുന്നു, അയൽക്കാരന്റെ ജീവിതവും ആരോഗ്യവും നശിപ്പിച്ചിട്ട് ഞാൻ ധനികനാകുന്നു. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രം പരസ്യമാക്കിയ ഭാരതീയനും ഹ്യൂമിനിസം പ്രസംഗിക്കുന്ന വിദേശിയും ഇതുതന്നെ ചെയ്യുന്നു.നമ്മുടെ ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണങ്ങളിലും അടുക്കളയിൽ ഉപയോഗി ക്കുന്ന കറി പൗഡറുകളിലും പായ്ക്കറ്റുകളിൽ ലഭിക്കുന്ന രുചി വിഭവങ്ങളിലും വിഷം നിറഞ്ഞിട്ടുണ്ട് ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങൾ മാത്രമല്ല, സ്വദേശി ഉത്പന്നങ്ങളിലും സ്വാശ്രയ യൂണിറ്റുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന വസ്തുക്കളിലും മായമുണ്ട് അടുത്തകാലത്ത് കേരളത്തിലെ ചില കറി പൗഡർ വ്യവസായങ്ങളുടെ മായം കലർന്ന ഉത്പന്നങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവ ന്നെങ്കിലും ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ മനപ്പൂർവം വാർത്തകൾ തമസ്‌കരിച്ചു. വലിയ പരസ്യങ്ങൾ കൊണ്ട് ദുർമേദസ് മുറ്റിയ മാധ്യമങ്ങളുടെ കണ്ണുകൾ ഇത്തരം വാർത്തകൾക്ക് നേരെ കണ്ണ് തുറക്കില്ല.
രുചിപകരാൻ വിഷക്കൂട്ട്
എവിടെയും വിഷം കലർന്ന സാഹചര്യമാണ്. ജലത്തിലും, ഭക്ഷണപദാർത്ഥങ്ങളിലും, ശ്വസിക്കുന്ന വായുവിലും, മലിനമായ അന്തരീക്ഷത്തിലും വിഷം കലർന്നിരിക്കുന്നു. പഴയകാലത്തെ നാടൻ ഭക്ഷണ ങ്ങളെ അവഗണിച്ച്, പുതിയ വിഷം ചേർത്ത ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ ഇടംപിടിച്ചു. രാത്രികാ ലങ്ങളിലെ ഭക്ഷണശാലകളും ഫാസ്റ്റ്ഫുഡ് കോർണറുകളും നാടുമുഴുവൻ വ്യാപിച്ചു. നല്ല രുചിക്കും, പഴകിപോകാതിരിക്കാനും ഭക്ഷണങ്ങളിൽ വിഷം കലർത്തൽ വളരെ വ്യാപകമായി. ഉദാ. ഷവർമ, അൽഫാം, അറേബ്യൻ ഫുഡ്,ചൈനീസ് ഫുഡ്, മുതലായവ... ഭക്ഷ്യസുരക്ഷാ വകുപ്പ് 2013- 14 കാല ഘട്ടത്തിൽ ദില്ലിയിലും യുപിയിലും നടത്തിയ ഒരു സർവേയുടെ ഫലം കാണിക്കുന്നത് മായം ചേർക്കൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തോതിൽ വ്യാപകമായിട്ടുണ്ട്. പാലും പാലുല്പന്നങ്ങളും മധുരപലഹാരങ്ങളും ഭക്ഷ്യ എണ്ണകളും അടക്കം 48,300 ഓളം ഇനം ഭക്ഷണ വസ്തുക്കൾ പരി ശോധിച്ചതിൽ 21 -22% മായം കലർന്നവയോ നിരോധിക്കപ്പെട്ടവയോ ആയിരുന്നു എന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു.
ജൈവകൃഷി
3.22 കോടി ഹെക്ടർ ഭൂമി ജൈവകൃഷി പിന്തുടരുന്നു. അതിൽ 0.8 മാത്രമേ ജൈവകൃഷി പിന്തുടരു ന്നുള്ളൂ. IFOAM ജൈവ കൃഷിയുടെ ലക്ഷ്യത്തെ ഇങ്ങനെ നിർവചിക്കുന്നു: ''മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ് ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന് പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സംയോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു.'' ഈ ശൈലി നമ്മൾ സ്വീകരിക്കേണ്ടതാണ്.
ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റിന്റെ (INFAM) നേതൃത്വത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും അശ്രാന്ത പരിശ്രമം ചെയ്തിട്ടുണ്ട്. അത് തുടരുന്നുമുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഇൻഫാം മുന്നോട്ടുവച്ച് പ്രായോഗിക തലത്തിലാക്കുന്നുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കർഷകർക്ക് ന്യായമായ വില നേടിക്കൊടുക്കാനും കാർഷികവകുപ്പ് ക്രിയാത്മകമായ സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പദ്ധതികൾ പലതുണ്ടെങ്കിലും അതൊന്നും കർഷകർക്ക് ഗുണംചെയ്യുന്നില്ലെന്നതാണ് വാസ്തവം. വരുമാനമില്ലാതെ കർഷകന്റെ ജീവിതം ദുരിതപൂർണമാക്കുന്ന സാഹചര്യം കാർഷികവകുപ്പ് വിലയിരുത്തേണ്ടതുണ്ട്.
ഭക്ഷ്യസുരക്ഷ
ഭക്ഷ്യസുരക്ഷയിൽ നാം സ്വയംപര്യാപ്തരാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഈ രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയും വിഷരഹിത ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും ശ്രദ്ധ പതിപ്പിച്ച് വിമുഖത വെടിയേണ്ടിയിരിക്കുന്നു. നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലയാണ് ഭക്ഷ്യസുരക്ഷ. മറ്റ് സംസ്ഥാനങ്ങളിൽനിന്നുവരുന്ന പച്ചക്കറികളും മറ്റ് ഭക്ഷ്യധാന്യങ്ങളും വിഷാംശങ്ങൾ നിറഞ്ഞതാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. നല്ല ആരോഗ്യം നല്ല ഭക്ഷണത്തിൽനിന്നുമാത്രമേ ലഭിക്കൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സൂപ്പർമാർക്കറ്റുകളിൽ എല്ലാം സുലഭമായി ലഭിക്കുമ്പോൾ 'കൈ നനയാതെ മീൻ പിടിക്കാം' എന്ന മനോഭാവത്തിനാണ് നാം ഇന്ന് പ്രസക്തി നൽകുന്നത്. ഈ ചിന്തയിൽനിന്നും മുക്തരായി വിഷരഹിത കാർഷിക മേഖലയെക്കുറിച്ച് അവബോധമുള്ളവരായി മണ്ണും വായുവും വെള്ളവും വിഷരഹിതമാക്കിത്തീർക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
സംരക്ഷകൻ ചൂഷകൻ ആകരുത്
യഥാർഥത്തിൽ നമുക്ക് വേണ്ടത് ഒരു ജീവിത സംസ്‌കൃതിയാണ്. Agriculture എന്ന പദം സൂചിപ്പിക്കുന്നത് കാർഷിക സംസ്‌കൃതി ഒരു ജനതയുടെ സംസ്‌കാരത്തെ നിർണയിക്കുന്ന ഒന്നാണ്. മണ്ണിനെയും ജൈവവ്യവസ്ഥയെയും ജീവജാലങ്ങളെയും മനുഷ്യ ഭാവിയെയും സ്‌നേഹിക്കുന്ന ഒരു സംസ്‌കൃതിയാണ് ഉണ്ടാക്കേണ്ടത്. മണ്ണിനെയും ജലത്തെയും വായുവിനെയും ആവാസവ്യവസ്ഥയെയും സ്‌നേഹിക്കുന്നവൻ സ്വാർഥ ലാഭത്തിനുവേണ്ടി അവയെ ദ്രോഹിക്കില്ല. ആവശ്യവും അനാവശ്യവും തമ്മി ലുള്ള വേർതിരിവ് കൈമോശം വരുന്ന ഈ കാലത്ത് മിതത്വവും ഔദാര്യവും തിരിച്ചുപിടിക്കേണ്ട മൂല്യ ങ്ങളാണ്. പ്രകൃതിയുടെയും ഭൂമിയുടെയും പരിപാലനയും വളർച്ചയുമാണ് മനുഷ്യനെ ഭരമേല്പിച്ചിരി ക്കുന്ന നിയോഗങ്ങൾ. സംരക്ഷകൻ ചൂഷകൻ ആകുമ്പോൾ തകർക്കപ്പെടുന്നത് ജീവനാളം ആണ്. പ്രകൃതിയിലേക്ക് മടങ്ങുക എന്നുവച്ചാൽ ജീവസംസ്‌കൃതിയുടെ ശൈലി അഭ്യസിച്ച് തുടങ്ങുക എന്നാണ് അർഥം.